< സദൃശവാക്യങ്ങൾ 28 >
1 ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിൎഭയമായിരിക്കുന്നു.
ആരും ഓടിക്കാനില്ലാതെതന്നെ ദുഷ്ടർ ഓടിപ്പോകുന്നു, എന്നാൽ നീതിനിഷ്ഠർ ഒരു സിംഹത്തെപ്പോലെ ധൈര്യസമേതം നിലകൊള്ളുന്നു.
2 ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാർ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീൎഘമായി നില്ക്കുന്നു.
ഒരു രാജ്യം കലഹപൂർണമാകുമ്പോൾ നിരവധി പ്രഭുക്കന്മാർ ഉണ്ടാകുന്നു, എന്നാൽ വിവേകവും പരിജ്ഞാനവുമുള്ള ഭരണാധികാരി സുസ്ഥിരഭരണം കാഴ്ചവെക്കുന്നു.
3 അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ വിളവിനെ വെച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.
അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രർ വിളയൊന്നുംതന്നെ ശേഷിപ്പിക്കാതെ നശിപ്പിക്കുന്ന പേമാരിപോലെയാണ്.
4 ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോടു എതിൎക്കുന്നു.
നിയമം ഉപേക്ഷിക്കുന്നവർ ദുഷ്ടരെ പുകഴ്ത്തുന്നു, എന്നാൽ നിയമം അനുസരിക്കുന്നവർ ദുഷ്ടരോട് എതിർക്കുന്നു.
5 ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.
ദുഷ്ടർ നീതി എന്തെന്നു തിരിച്ചറിയുന്നില്ല, എന്നാൽ യഹോവയെ അന്വേഷിക്കുന്നവരെല്ലാം അതു സമ്പൂർണമായി മനസ്സിലാക്കുന്നു.
6 തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാൎത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
വഴിപിഴച്ച ധനികരെക്കാൾ സത്യസന്ധരായി ജീവിക്കുന്ന ദരിദ്രരാണ് ശ്രേഷ്ഠം.
7 ന്യായപ്രമാണത്തെ പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; അതിഭക്ഷകന്മാൎക്കു സഖിയായവനോ അപ്പനെ അപമാനിക്കുന്നു.
വിവേകമുള്ള സന്തതി നിയമം പാലിക്കുന്നു, എന്നാൽ അമിതഭക്ഷണപ്രിയരുടെ സഹചാരി തന്റെ പിതാവിന് അപമാനം.
8 പലിശയും ലാഭവും വാങ്ങി സമ്പത്തു വൎദ്ധിപ്പിക്കുന്നവൻ അഗതികളോടു കൃപാലുവായവന്നു വേണ്ടി അതു ശേഖരിക്കുന്നു.
ഉയർന്ന പലിശയിലൂടെ ദരിദ്രരിൽനിന്നു ലാഭംകൊയ്യുന്നവരുടെ ധനം ദരിദ്രരോടു ദയാലുക്കളായവർക്കുവേണ്ടി ശേഖരിക്കപ്പെടുന്നു.
9 ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാൎത്ഥനതന്നേയും വെറുപ്പാകുന്നു.
ന്യായപ്രമാണത്തിനെതിരേ ചെവി കൊട്ടിയടയ്ക്കുന്നവരുടെ പ്രാർഥനകൾപോലും അറപ്പുളവാക്കുന്നതാണ്.
10 നേരുള്ളവരെ ദുൎമ്മാൎഗ്ഗത്തിലേക്കു തെറ്റിക്കുന്നവൻ താൻ കുഴിച്ച കുഴിയിൽ തന്നേ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.
നീതിനിഷ്ഠരെ ദുർമാർഗത്തിലേക്കു നയിക്കുന്നവർ അവർ ഒരുക്കിവെച്ചിരിക്കുന്ന കെണിയിൽത്തന്നെ വീഴും എന്നാൽ നിഷ്കളങ്കർക്കു നല്ല പൈതൃകസമ്പത്തു ലഭിക്കും.
11 ധനവാൻ തനിക്കുതന്നേ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.
താനൊരു ജ്ഞാനിയാണെന്ന് സമ്പന്നർ സ്വയം കരുതുന്നു; സമ്പന്നർ എത്ര മിഥ്യാബോധത്തിലാണെന്ന് വിവേകിയായ ദരിദ്രർ കണ്ടെത്തുന്നു.
12 നീതിമാന്മാർ ജയഘോഷം കഴിക്കുമ്പോൾ മഹോത്സവം; ദുഷ്ടന്മാർ ഉയൎന്നുവരുമ്പോഴോ ആളുകൾ ഒളിച്ചുകൊള്ളുന്നു.
നീതിനിഷ്ഠർ വിജയംകൊയ്യുമ്പോൾ മഹോത്സവം; എന്നാൽ നീചർ അധികാരത്തിലേറുമ്പോൾ ജനം ഓടിയൊളിക്കുന്നു.
13 തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണ ലഭിക്കും.
തങ്ങളുടെ പാപങ്ങൾ മറച്ചുവെക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല, എന്നാൽ അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവർക്ക് കരുണ ലഭിക്കും.
14 എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനൎത്ഥത്തിൽ അകപ്പെടും.
എപ്പോഴും ഭയഭക്തിയോടെ കഴിയുന്ന മനുഷ്യർ അനുഗൃഹീതർ, എന്നാൽ ഹൃദയം കഠിനമാക്കുന്നവർ ആപത്തിലകപ്പെടും.
15 അഗതികളിൽ കൎത്തൃത്വം നടത്തുന്ന ദുഷ്ടൻ ഗൎജ്ജിക്കുന്ന സിംഹത്തിന്നും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ.
നിസ്സഹായരായവരുടെമേൽ ആധിപത്യം പുലർത്തുന്ന ദുഷ്ടർ അലറുന്ന സിംഹത്തെപ്പോലെയും ആക്രമണത്തിനു മുതിരുന്ന കരടിയെപ്പോലെയും.
16 ബുദ്ധിഹീനനായ പ്രഭു മഹാ പീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീൎഘായുസ്സോടെ ഇരിക്കും.
സ്വേച്ഛാധിപതിയായ ഭരണാധികാരി ജനങ്ങളുടെമേൽ അധികഭാരം ചുമത്തുന്നു, എന്നാൽ അനധികൃത ധനസമ്പാദനം വെറുക്കുന്നവർ ദീർഘകാലം ഭരണം നടത്തുന്നു.
17 രക്തപാതകഭാരം ചുമക്കുന്നവൻ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുതു.
കൊലപാതകംചെയ്തതിന്റെ മനോവ്യഥയാൽ പീഡിപ്പിക്കപ്പെടുന്നവർ പാതാളത്തിൽ അഭയംതേടും; ആരും അയാളെ പിന്തിരിപ്പിക്കാതിരിക്കട്ടെ.
18 നിഷ്കളങ്കനായി നടക്കുന്നവൻ രക്ഷിക്കപ്പെടും; നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും.
നിഷ്കളങ്കരായി ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും, എന്നാൽ, വഴിപിഴച്ച ജീവിതം നയിക്കുന്നവർ പെട്ടെന്നുതന്നെ നാശത്തിൽ അകപ്പെടും.
19 നിലം കൃഷിചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ൎയ്യം അനുഭവിക്കും.
സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു, എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർക്കു ദാരിദ്ര്യം കുമിഞ്ഞുകൂടും.
20 വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂൎണ്ണൻ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല.
വിശ്വസ്തമനുഷ്യർ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും, എന്നാൽ സമ്പന്നരാകാൻ തിടുക്കം കാട്ടുന്നവർ ശിക്ഷിക്കപ്പെടാതെ പോകുകയില്ല.
21 മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിന്നായും മനുഷ്യൻ അന്യായം ചെയ്യും.
പക്ഷഭേദം കാണിക്കുന്നത് ഉചിതമല്ല— എന്നാൽ ഒരു കഷണം അപ്പത്തിനുവേണ്ടിപ്പോലും മനുഷ്യർ അനുചിതമായതു ചെയ്യും.
22 കണ്ണുകടിയുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്നു അവൻ അറിയുന്നതുമില്ല.
ലുബ്ധർ ധനികരാകാൻ വ്യഗ്രതകാണിക്കുന്നു അവരുടെ മുന്നേറ്റം ദാരിദ്ര്യത്തിലേക്കെന്ന് അറിയുന്നുപോലുമില്ല.
23 ചക്കരവാക്കു പറയുന്നവനെക്കാൾ ശാസിക്കുന്നവന്നു പിന്നീടു പ്രീതി ലഭിക്കും.
മുഖസ്തുതി പറയുന്നവരെക്കാൾ ശാസിക്കുന്നവർക്ക് അവസാനം പ്രീതി ലഭിക്കുന്നു.
24 അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ടു അതു അക്രമമല്ല എന്നു പറയുന്നവൻ നാശകന്റെ സഖി.
മാതാപിതാക്കളെ കൊള്ളയടിച്ചിട്ട് “അതിലൊരു തെറ്റുമില്ല,” എന്നു പറയുന്നയാൾ നാശത്തിന്റെ പങ്കാളിയാണ്.
25 അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.
അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു, എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും.
26 സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.
സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നവർ ഭോഷരാകുന്നു, എന്നാൽ ജ്ഞാനത്തോടെ ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും.
27 ദരിദ്രന്നു കൊടുക്കുന്നവന്നു കുറെച്ചൽ ഉണ്ടാകയില്ല; കണ്ണു അടെച്ചുകളയുന്നവന്നോ ഏറിയൊരു ശാപം ഉണ്ടാകും.
ദരിദ്രർക്കു ദാനം നൽകുന്നവർക്കു യാതൊരുവിധ ദൗർലഭ്യവും ഉണ്ടാകുന്നില്ല, എന്നാൽ അവർക്കുനേരേ കണ്ണടയ്ക്കുന്നവർക്ക് ശാപവർഷം അനവധിയായി ഉണ്ടാകും.
28 ദുഷ്ടന്മാർ ഉയൎന്നുവരുമ്പോൾ ആളുകൾ ഒളിച്ചുകൊള്ളുന്നു; അവർ നശിക്കുമ്പോഴോ നീതിമാന്മാർ വൎദ്ധിക്കുന്നു.
നീചർ അധികാരത്തിലേറുമ്പോൾ ജനം ഓടിയൊളിക്കുന്നു; അവരുടെ നാശത്തിൽ നീതിനിഷ്ഠർ പെരുകുന്നു.