< സദൃശവാക്യങ്ങൾ 19 >
1 വികടാധരം ഉള്ള മൂഢനെക്കാൾ പരമാൎത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
വഞ്ചനാപരമായി സംസാരിക്കുന്ന ഭോഷരെക്കാൾ പരമാർഥതയോടെ ജീവിക്കുന്ന ദരിദ്രർ എത്ര നല്ലവർ.
2 പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാൽ വെക്കുന്നവനോ പിഴെച്ചുപോകുന്നു.
പരിജ്ഞാനമില്ലാതെ ആവേശംകാണിക്കുന്നതു നല്ലതല്ല, തിടുക്കത്തോടെ ചുവടുകൾവെക്കുന്നവർക്കു വഴിതെറ്റുന്നു.
3 മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.
ഒരു മനുഷ്യന്റെ മൗഢ്യം അയാളെ നാശത്തിലേക്കു നയിക്കുന്നു, എന്നിട്ടും അയാളുടെ ഹൃദയം യഹോവയ്ക്കെതിരേ രോഷാകുലമാകുന്നു.
4 സമ്പത്തു സ്നേഹിതന്മാരെ വൎദ്ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു.
സമ്പത്ത് ധാരാളം സുഹൃത്തുക്കളെ കൊണ്ടുവരുന്നു, എന്നാൽ ദാരിദ്ര്യം ഉറ്റസുഹൃത്തുക്കളെപ്പോലും അകറ്റുന്നു.
5 കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല.
കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല, വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ രക്ഷപ്പെടുകയുമില്ല.
6 പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതൻ.
ഭരണകർത്താക്കളുടെ പ്രീതിക്കായി ധാരാളമാളുകൾ ശ്രമിക്കുന്നു, എല്ലാവരും ദാനശീലരുടെ സുഹൃത്തുക്കളുമാകുന്നു.
7 ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; അവന്റെ സ്നേഹിതന്മാർ എത്ര അധികം അകന്നുനില്ക്കും? അവൻ വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.
ദരിദ്രരുടെ ബന്ധുക്കളെല്ലാം അവരെ ഒഴിവാക്കുന്നു— അവരുടെ സുഹൃത്തുക്കൾ അവരുമായി അകലംപാലിക്കാൻ എത്രയധികം ശ്രമിക്കും! ദരിദ്രർ അവരോടു കേണപേക്ഷിക്കും എന്നാൽ അവർ പ്രതികരിക്കുകപോലുമില്ല.
8 ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.
ജ്ഞാനം ആർജിക്കുന്നവർ തന്റെ ജീവനെ സ്നേഹിക്കുന്നു; വിവേകത്തെ പരിപോഷിപ്പിക്കുന്നവർ അഭിവൃദ്ധിനേടും.
9 കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ നശിച്ചുപോകും.
കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല, വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ നശിച്ചുപോകും.
10 സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ കൎത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?
ആഡംബരജീവിതം ഭോഷർക്കു യോജിച്ചതല്ല— രാജകുമാരന്മാരെ ഒരടിമ ഭരിക്കുന്നത് അതിലെത്രയോ അനഭികാമ്യം!
11 വിവേകബുദ്ധിയാൽ മനുഷ്യന്നു ദീൎഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.
ഒരാളുടെ ജ്ഞാനം അയാൾക്കു ക്ഷമാശീലം നൽകുന്നു; അതിക്രമത്തെ അവഗണിക്കുന്നതിലൂടെ അയാൾ ആദരവുനേടുന്നു.
12 രാജാവിന്റെ ക്രോധം സിംഹഗൎജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
രാജക്രോധം സിംഹഗർജനംപോലെയാണ്, എന്നാൽ അവിടത്തെ പ്രസാദം പുൽപ്പുറത്തെ തുഷാരബിന്ദുപോലെയും.
13 മൂഢനായ മകൻ അപ്പന്നു നിൎഭാഗ്യം; ഭാൎയ്യയുടെ കലമ്പൽ തീരാത്ത ചോൎച്ച പോലെ.
ഒരു ഭോഷസന്താനം പിതാവിന്റെ നാശം; കലഹപ്രിയയായ ഭാര്യയോ, നിലയ്ക്കാത്ത ചോർച്ചപോലെയും.
14 ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാൎയ്യയോ യഹോവയുടെ ദാനം.
വീടുകളും ധനവും പൈതൃകസ്വത്തായി ലഭിക്കുന്ന ഓഹരി, എന്നാൽ വിവേകമതിയായ ഭാര്യ യഹോവയുടെ ദാനം.
15 മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടണികിടക്കും.
അലസത ഗാഢനിദ്ര വരുത്തുന്നു, മടിയൻ വിശന്നുനടക്കുകയും ചെയ്യുന്നു.
16 കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.
കൽപ്പനകൾ പ്രമാണിക്കുന്നവർ തങ്ങളുടെ ജീവൻ സൂക്ഷിക്കുന്നു, എന്നാൽ അവയെ അവഗണിക്കുന്നവർ മരിക്കും.
17 എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും.
ദരിദ്രരോടു ദയകാണിക്കുന്നവർ യഹോവയ്ക്കു വായ്പകൊടുക്കുന്നു, അവരുടെ പ്രവൃത്തികൾക്ക് അവിടന്ന് പ്രതിഫലംനൽകും.
18 പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുതു.
പ്രതീക്ഷയുള്ളിടത്തോളം നിന്റെ മക്കളെ ശിക്ഷണത്തിൽ വളർത്തുക; അവർ നശിച്ചുപോകട്ടെയെന്ന് ആഗ്രഹിക്കരുത്.
19 മുൻകോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാൽ അതു പിന്നെയും ചെയ്യേണ്ടിവരും.
ക്ഷിപ്രകോപിയായ മനുഷ്യൻ പിഴയൊടുക്കേണ്ടിവരും; ഒരിക്കൽ നിങ്ങൾ അയാളെ സഹായിച്ചാൽ, നിങ്ങൾക്കത് ആവർത്തിക്കേണ്ടതായിവരും.
20 പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്നു ആലോചന കേട്ടു പ്രബോധനം കൈക്കൊൾക.
ഉപദേശം ശ്രദ്ധിക്കുകയും ശിക്ഷണം അംഗീകരിക്കുകയും ചെയ്യുക, അങ്ങനെ ശിഷ്ടകാലം നിങ്ങൾക്കു ജ്ഞാനിയായി ജീവിക്കാൻ കഴിയും.
21 മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
മനുഷ്യന്റെ ഹൃദയത്തിൽ നിരവധി പദ്ധതികളുണ്ട്, എന്നാൽ യഹോവയുടെ തീരുമാനങ്ങൾമാത്രം നടപ്പിലാകുന്നു.
22 മനുഷ്യൻ തന്റെ മനസ്സുപോലെ ദയ കാണിക്കും; ഭോഷ്കു പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ.
ഒരു മനുഷ്യനിൽ അഭികാമ്യമായിട്ടുള്ളത് കരുണയാണ്; നുണപറയുന്നവരായിരിക്കുന്നതിലും, ദരിദ്രരായിരിക്കുന്നതാണ് നല്ലത്.
23 യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനൎത്ഥം അവന്നു നേരിടുകയില്ല.
യഹോവാഭക്തി ജീവനിലേക്കു നയിക്കുന്നു; അപ്പോൾ അവർ വിപത്തൊഴിഞ്ഞ് സംതൃപ്തരായി വിശ്രമിക്കും.
24 മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.
അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുകപോലുമില്ല!
25 പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
ഒരു പരിഹാസിയെ അടിക്കുക, അങ്ങനെ ലളിതമാനസർ വിവേകം അഭ്യസിക്കും; വിവേകിയെ ശാസിക്കുക, അവർ പരിജ്ഞാനം നേടും.
26 അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
സ്വപിതാവിനെ കൊള്ളയടിക്കുകയും മാതാവിനെ അടിച്ചോടിക്കുകയും ചെയ്യുന്നവർ മാനഹാനിക്ക് ഇരയാകും.
27 മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ വിട്ടുമാറേണ്ടതിന്നുള്ള ഉപദേശം കേൾക്കുന്നതു മതിയാക്കുക.
എന്റെ കുഞ്ഞേ, എന്റെ ഉപദേശങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ, പരിജ്ഞാനത്തിന്റെ വാക്കുകളിൽനിന്ന് നീ അലഞ്ഞുതിരിയേണ്ടിവരും.
28 നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
അഴിമതിക്കു കൂട്ടുനിൽക്കുന്ന സാക്ഷി നീതിയെ അവഹേളിക്കുന്നു, ദുഷ്ടരുടെ വായ് അന്യായത്തെ വിഴുങ്ങുന്നു.
29 പരിഹാസികൾക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന്നു തല്ലും ഒരുങ്ങിയിരിക്കുന്നു.
പരിഹാസിക്കു ന്യായവിധിയും ഭോഷരുടെ മുതുകിനു പ്രഹരവും ഒരുക്കിയിരിക്കുന്നു.