< സദൃശവാക്യങ്ങൾ 12 >

1 പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായൻ.
ശിക്ഷണം ഇഷ്ടപ്പെടുന്നവർ പരിജ്ഞാനം ഇഷ്ടപ്പെടുന്നു, എന്നാൽ ശാസന വെറുക്കുന്നവർ മണ്ടന്മാരാണ്.
2 ഉത്തമൻ യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവൻ ശിക്ഷ വിധിക്കുന്നു.
നല്ല മനുഷ്യർക്ക് യഹോവയിൽനിന്നു പ്രീതി ലഭിക്കും, ദുഷ്ടത മെനയുന്നവരെ അവിടന്ന് ശിക്ഷിക്കുന്നു.
3 ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.
ദുഷ്ടതയിലൂടെ ആരുംതന്നെ സ്ഥിരതനേടുന്നില്ല, എന്നാൽ നീതിനിഷ്ഠരെ ഉന്മൂലനംചെയ്യുക സാധ്യമല്ല.
4 സാമൎത്ഥ്യമുള്ള സ്ത്രീ ഭൎത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം.
ചാരുശീലയാം പത്നി തന്റെ പതിക്കൊരു മകുടം, എന്നാൽ മാനംകെട്ടവൾ പതിയുടെ അസ്ഥികളിൽ ബാധിച്ച അർബുദംപോലെയും.
5 നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.
നീതിനിഷ്ഠരുടെ പദ്ധതികൾ ന്യായയുക്തം, എന്നാൽ ദുഷ്ടരുടെ ആലോചന വഞ്ചനാപരം.
6 ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ പറഞ്ഞൊക്കുന്നു; നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു.
ദുഷ്ടരുടെ വാക്കുകൾ നിഷ്കളങ്കരക്തത്തിനായി പതിയിരിക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ വാക്കുകൾ അവരെ സുരക്ഷിതരാക്കുന്നു.
7 ദുഷ്ടന്മാർ മറിഞ്ഞുവീണു ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനമോ നിലനില്ക്കും.
ദുഷ്ടർ പരാജയപ്പെടുകയും ഇല്ലാതാകുകയും ചെയ്യും, എന്നാൽ നീതിനിഷ്ഠരുടെ ഭവനം സുസ്ഥിരമായി നിലനിൽക്കുന്നു.
8 മനുഷ്യൻ തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.
ഒരു മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് ആദരിക്കപ്പെടും, കുടിലബുദ്ധിയുള്ളവർ പുച്ഛിക്കപ്പെടും.
9 മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാൾ ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.
സാധാരണക്കാരനെങ്കിലും ഒരു ദാസനുള്ളയാളാണ് അന്നത്തെ അന്നത്തിനു വകയില്ലെങ്കിലും വമ്പുനടിച്ചു നടക്കുന്നവരെക്കാൾ ശ്രേഷ്ഠർ.
10 നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.
നീതിനിഷ്ഠർ തങ്ങളുടെ മൃഗങ്ങളുടെ ആവശ്യങ്ങളിൽപോലും ശ്രദ്ധാലുക്കളാണ്, എന്നാൽ ദുഷ്ടരുടെ കരുണാർദ്രമായ പ്രവൃത്തികൾപോലും ക്രൂരതനിറഞ്ഞതാണ്.
11 നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ ബുദ്ധിഹീനൻ.
സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു, എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർ ബുദ്ധിഹീനരാണ്.
12 ദുഷ്ടൻ ദോഷികളുടെ കവൎച്ച ആഗ്രഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.
നീചർ ദുഷ്ടരുടെ സുരക്ഷിതസ്ഥാനം ആഗ്രഹിക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ വേര് ഫലംനൽകുന്നു.
13 അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കണിയുണ്ടു; നീതിമാനോ കഷ്ടത്തിൽനിന്നു ഒഴിഞ്ഞുപോരും.
ദുഷ്ടർ തങ്ങളുടെ അധരങ്ങളുടെ ലംഘനത്താൽ കുരുക്കിലകപ്പെടുന്നു, എന്നാൽ നിരപരാധി അനർഥത്തിൽനിന്നു രക്ഷപ്പെടുന്നു.
14 തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.
തങ്ങളുടെ അധരഫലത്താൽ മനുഷ്യർ നന്മകൊണ്ടു തൃപ്തരാകും, അവരുടെ കൈകളുടെ അധ്വാനഫലം അവർക്കു പ്രതിഫലം നൽകുന്നു.
15 ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.
ഭോഷർ തങ്ങളുടെ വഴികൾ ശരിയെന്നു കരുതുന്നു, എന്നാൽ ജ്ഞാനി മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധിക്കുന്നു.
16 ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.
ഭോഷർ തങ്ങളുടെ നീരസം ഉടൻതന്നെ പ്രകടിപ്പിക്കുന്നു, എന്നാൽ വിവേകി അവഹേളനത്തെ അവഗണിക്കുന്നു.
17 സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.
സത്യസന്ധതയുള്ള സാക്ഷി സത്യം പ്രസ്താവിക്കുന്നു, എന്നാൽ കള്ളസാക്ഷി വ്യാജംപറയുന്നു.
18 വാളുകൊണ്ടു കുത്തുംപോലെ മൂൎച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.
വീണ്ടുവിചാരമില്ലാത്തവരുടെ വാക്കുകൾ വാളുകൾപോലെ തുളച്ചുകയറുന്നു, എന്നാൽ ജ്ഞാനിയുടെ നാവു സൗഖ്യദായകമാകുന്നു.
19 സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.
സത്യസന്ധമായ നാവു സദാകാലത്തേക്കും നിലനിൽക്കുന്നു, എന്നാൽ വ്യാജംപറയുന്ന അധരം നൈമിഷികമാണ്.
20 ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവൎക്കോ സന്തോഷം ഉണ്ടു.
ദുഷ്ടത നെയ്തുകൂട്ടുന്നവരുടെ ഹൃദയത്തിൽ കുടിലത ആവസിക്കുന്നു, എന്നാൽ സമാധാനം പ്രചരിപ്പിക്കുന്നവർക്ക് ആനന്ദമുണ്ട്.
21 നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനൎത്ഥംകൊണ്ടു നിറയും.
നീതിനിഷ്ഠർക്കു യാതൊരുവിധ അനർഥവും സംഭവിക്കുകയില്ല, എന്നാൽ ദുഷ്ടർ അനർഥംകൊണ്ടു നിറയും.
22 വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു; സത്യം പ്രവൎത്തിക്കുന്നവരോ അവന്നു പ്രസാദം.
കളവുപറയുന്ന അധരങ്ങൾ യഹോവ വെറുക്കുന്നു, എന്നാൽ സത്യസന്ധരിൽ അവിടന്നു സന്തുഷ്ടനാണ്.
23 വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.
വിവേകി പരിജ്ഞാനം തങ്ങളിൽത്തന്നെ അടക്കിവെക്കുന്നു, എന്നാൽ ഭോഷരുടെ ഹൃദയം അവിവേകം പുലമ്പുന്നു.
24 ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.
സ്ഥിരോത്സാഹിയുടെ കരങ്ങൾ ഭരണം നടത്തുന്നു, എന്നാൽ അലസത അടിമത്തത്തിൽ എത്തിച്ചേരും.
25 മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.
ഉത്കണ്ഠ ഹൃദയഭാരമുണ്ടാക്കുന്നു, എന്നാൽ ഒരു നല്ലവാക്ക് ഉത്സാഹം നൽകുന്നു.
26 നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.
നീതിനിഷ്ഠർ തങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നു, എന്നാൽ ദുഷ്കർമികളുടെ മാർഗം അവരെ വഴിതെറ്റിക്കുന്നു.
27 മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു.
അലസരായവർ വേട്ടമൃഗത്തിന്റെ മാംസം പാകംചെയ്യുന്നില്ല, എന്നാൽ ഉത്സാഹി അവ മതിയാവോളം ആസ്വദിച്ച് ഭക്ഷിക്കുന്നു.
28 നീതിയുടെ മാൎഗ്ഗത്തിൽ ജീവനുണ്ടു; അതിന്റെ പാതയിൽ മരണം ഇല്ല.
നീതിയുടെ മാർഗത്തിൽ ജീവനുണ്ട്, ആ വഴിയിൽ അമർത്യതയുമുണ്ട്.

< സദൃശവാക്യങ്ങൾ 12 >