< സംഖ്യാപുസ്തകം 35 >

1 യഹോവ പിന്നെയും യെരീഹോവിന്നെതിരെ യോൎദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു:
യഹോവ പിന്നെയും യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് മോശെയോട് അരുളിച്ചെയ്തത്:
2 യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്നു ലേവ്യൎക്കു വസിപ്പാൻ പട്ടണങ്ങൾ കൊടുക്കേണമെന്നു അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങൾ ലേവ്യൎക്കു കൊടുക്കേണം.
“യിസ്രായേൽ മക്കൾ അവരുടെ അവകാശത്തിൽനിന്ന് ലേവ്യർക്ക് വസിക്കുവാൻ പട്ടണങ്ങൾ കൊടുക്കണമെന്ന് അവരോട് കല്പിക്കുക; പട്ടണങ്ങളോടുകൂടി അവയുടെ പുല്പുറവും നിങ്ങൾ ലേവ്യർക്ക് കൊടുക്കണം.
3 പട്ടണങ്ങൾ അവൎക്കു പാൎപ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകൾ മുതലായ സകലമൃഗസമ്പത്തിന്നുംവേണ്ടി ആയിരിക്കേണം.
പട്ടണങ്ങൾ അവർക്ക് പാർപ്പിടവും, അവയുടെ പുല്പുറങ്ങൾ ആടുമാടുകൾക്കും സകല മൃഗസമ്പത്തിനും ആയിരിക്കണം.
4 നിങ്ങൾ ലേവ്യൎക്കു കൊടുക്കേണ്ടുന്ന പുല്പുറം. പട്ടണത്തിന്റെ മതിലിങ്കൽതുടങ്ങി പുറത്തോട്ടു ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കേണം.
നിങ്ങൾ ലേവ്യർക്ക് നൽകേണ്ട പുല്പുറങ്ങൾ: പട്ടണത്തിന്റെ മതിലിൽതുടങ്ങി പുറത്തേക്ക് ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കണം.
5 പട്ടണം നടുവാക്കി അതിന്നു പുറമെ കിഴക്കോട്ടു രണ്ടായിരം മുഴവും തെക്കോട്ടു രണ്ടായിരം മുഴവും പടിഞ്ഞാറോട്ടു രണ്ടായിരം മുഴവും വടക്കോട്ടു രണ്ടായിരം മുഴവും അളക്കേണം; ഇതു അവൎക്കു പട്ടണങ്ങളുടെ പുല്പുറം ആയിരിക്കേണം.
പട്ടണം മദ്ധ്യത്തിലാക്കി അതിന് പുറമെ കിഴക്കോട്ട് രണ്ടായിരം മുഴവും തെക്കോട്ട് രണ്ടായിരം മുഴവും പടിഞ്ഞാറോട്ട് രണ്ടായിരം മുഴവും വടക്കോട്ട് രണ്ടായിരം മുഴവും അളക്കണം; ഇത് അവർക്ക് പട്ടണങ്ങളുടെ പുല്പുറം ആയിരിക്കണം.
6 നിങ്ങൾ ലേവ്യൎക്കു കൊടുക്കുന്ന പട്ടണങ്ങളിൽ ആറു സങ്കേതനഗരങ്ങളായിരിക്കേണം; കൊലചെയ്തവൻ അവിടേക്കു ഓടിപ്പോകേണ്ടതിന്നു നിങ്ങൾ അവയെ അവന്നുവേണ്ടി വേറുതിരിക്കേണം; ഇവ കൂടാതെ നിങ്ങൾ വേറെയും നാല്പത്തുരണ്ടു പട്ടണങ്ങളെ കൊടുക്കേണം.
നിങ്ങൾ ലേവ്യർക്ക് കൊടുക്കുന്ന പട്ടണങ്ങളിൽ ആറ് സങ്കേതനഗരങ്ങളായിരിക്കണം; കൊലചെയ്തവൻ അവിടേക്ക് ഓടിപ്പോകേണ്ടതിന് നിങ്ങൾ അവയെ അവനുവേണ്ടി വേർതിരിക്കണം; ഇവ കൂടാതെ നിങ്ങൾ വേറെയും നാല്പത്തിരണ്ട് പട്ടണങ്ങൾ കൊടുക്കണം.
7 അങ്ങനെ നിങ്ങൾ ലേവ്യൎക്കു കൊടുക്കുന്ന പട്ടണങ്ങൾ എല്ലാംകൂടെ നാല്പത്തെട്ടു ആയിരിക്കേണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കേണം.
അങ്ങനെ നിങ്ങൾ ലേവ്യർക്ക് കൊടുക്കുന്ന പട്ടണങ്ങൾ എല്ലാംകൂടി നാല്പത്തിയെട്ട് ആയിരിക്കണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കണം.
8 യിസ്രായേൽമക്കളുടെ അവകാശത്തിൽനിന്നു ജനമേറിയവർ ഏറെയും ജനം കുറഞ്ഞവർ കുറെയും പട്ടണങ്ങൾ കൊടുക്കേണം; ഓരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന്നു ഒത്തവണ്ണം ലേവ്യൎക്കു പട്ടണങ്ങളെ കൊടുക്കേണം.
യിസ്രായേൽ മക്കളുടെ അവകാശത്തിൽനിന്ന് ജനം ഏറെയുള്ളവർക്ക് ഏറെയും ജനം കുറഞ്ഞവർക്ക് കുറവും പട്ടണങ്ങൾ കൊടുക്കണം; ഓരോ ഗോത്രം തനിക്ക് ലഭിക്കുന്ന അവകാശത്തിന് ഒത്തവണ്ണം ലേവ്യർക്ക് പട്ടണങ്ങൾ കൊടുക്കണം”.
9 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
10 നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ യോൎദ്ദാൻ കടന്നു കനാൻദേശത്തു എത്തിയശേഷം
൧൦“നീ യിസ്രായേൽ മക്കളോട് പറയേണ്ടത്: ‘നിങ്ങൾ യോർദ്ദാൻ കടന്ന് കനാൻദേശത്ത് എത്തിയശേഷം
11 ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേറുതിരിക്കേണം; അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ അവിടേക്കു ഓടിപ്പോകേണം.
൧൧ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേർതിരിക്കണം; അബദ്ധവശാൽ ഒരുവനെ കൊന്നുപോയവൻ അവിടേക്ക് ഓടിപ്പോകണം.
12 കൊലചെയ്തവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നില്ക്കുംവരെ അവൻ പ്രതികാരകന്റെ കയ്യാൽ മരിക്കാതിരിക്കേണ്ടതിന്നു അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം.
൧൨കൊലചെയ്തവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന് നില്‍ക്കുംവരെ അവൻ പ്രതികാരകന്റെ കയ്യാൽ മരിക്കാതിരിക്കേണ്ടതിന് അവ സങ്കേതനഗരങ്ങൾ ആയിരിക്കണം.
13 നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരം ആയിരിക്കേണം.
൧൩നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരങ്ങൾ ആയിരിക്കണം.
14 യോൎദ്ദാന്നക്കരെ മൂന്നു പട്ടണവും കനാൻദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം.
൧൪യോർദ്ദാന് അക്കരെ മൂന്ന് പട്ടണവും കനാൻദേശത്ത് മൂന്ന് പട്ടണവും കൊടുക്കണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കണം.
15 അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്കു ഓടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാൎക്കുന്നവന്നും സങ്കേതം ആയിരിക്കേണം.
൧൫അബദ്ധവശാൽ ഒരുവനെ കൊല്ലുന്നവൻ അവിടേക്ക് ഓടിപ്പോകേണ്ടതിന് ഈ ആറ് പട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നു പാർക്കുന്നവനും സങ്കേതം ആയിരിക്കണം.
16 എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണശിക്ഷ അനുഭവിക്കേണം.
൧൬എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ട് ഒരുവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം.
17 മരിപ്പാൻ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണ ശിക്ഷ അനുഭവിക്കേണം.
൧൭മരിക്കുവാൻ തക്കവണ്ണം ആരെങ്കിലും ഒരുവനെ കല്ലെറിഞ്ഞിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം.
18 അല്ലെങ്കിൽ മരിപ്പാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണശിക്ഷ അനുഭവിക്കേണം.
൧൮അല്ലെങ്കിൽ മരിക്കുവാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ട് ഒരുവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം.
19 രക്തപ്രതികാരകൻ തന്നേ കുലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോൾ അവനെ കൊല്ലേണം.
൧൯രക്തപ്രതികാരകൻ തന്നെ കൊലപാതകനെ കൊല്ലണം; അവനെ കണ്ടുമുട്ടുമ്പോൾ അവനെ കൊല്ലണം.
20 ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറികയോ ചെയ്തിട്ടു അവൻ മരിച്ചുപോയാൽ,
൨൦ആരെങ്കിലും വിദ്വേഷം നിമിത്തം ഒരുവനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ,
21 അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ടു അവനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കുലപാതകൻ; രക്തപ്രതികാരകൻ കുലപാതകനെ കണ്ടുകൂടുമ്പോൾ കൊന്നുകളയേണം.
൨൧അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ട് അവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കണം. അവൻ കൊലപാതകൻ; രക്തപ്രതികാരകൻ കൊലപാതകനെ കണ്ടുമുട്ടുമ്പോൾ കൊന്നുകളയണം.
22 എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെമേൽ എറിഞ്ഞുപോകയോ,
൨൨എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്ന് ഒരുവനെ കുത്തുകയോ മനഃപൂർവ്വം അല്ലാതെ വല്ലതും അവന്റെമേൽ എറിയുകയോ,
23 അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവൻ മരിപ്പാൻ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവൻ മരിച്ചു പോയാൽ
൨൩അവന് ശത്രുവായിരിക്കാതെയും അവന് ദോഷം വിചാരിക്കാതെയും അവൻ മരിക്കുവാൻ തക്കവണ്ണം അവനെ കാണാതെ കല്ല് എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ
24 കൊലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.
൨൪കൊലചെയ്തവനും രക്തപ്രതികാരകനും മദ്ധ്യത്തിൽ ഈ ന്യായങ്ങൾ അനുസരിച്ച് സഭ വിധിക്കണം.
25 കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാൎക്കേണം.
൨൫കൊല ചെയ്തവനെ സഭ രക്തപ്രതികാരകന്റെ കൈയിൽനിന്ന് രക്ഷിക്കണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്ക് അവനെ മടക്കി അയയ്ക്കണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കണം.
26 എന്നാൽ കൊലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിർ വിട്ടു പുറത്തു വരികയും
൨൬എന്നാൽ കൊലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിരു വിട്ട് പുറത്തുവരികയും
27 അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകൻ കൊലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന്നു രക്തപാതകം ഇല്ല.
൨൭അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിനു പുറത്തുവച്ച് കണ്ട് രക്തപ്രതികാരകൻ കൊല ചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന് രക്തപാതകം ഇല്ല.
28 അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാൎക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
൨൮അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊല ചെയ്തവന് മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്ക് മടങ്ങിപ്പോകാം.
29 ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം.
൨൯ഇത് നിങ്ങൾക്ക് തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കണം.
30 ആരെങ്കിലും ഒരുത്തനെ കൊന്നാൽ കുലപാതകൻ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാൽ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷെക്കു ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.
൩൦ആരെങ്കിലും ഒരുവനെ കൊന്നാൽ കൊലപാതകൻ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കണം; എന്നാൽ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷയ്ക്ക് ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.
31 മരണയോഗ്യനായ കുലപാതകന്റെ ജീവന്നുവേണ്ടി നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുതു; അവൻ മരണശിക്ഷ തന്നേ അനുഭവിക്കേണം.
൩൧മരണയോഗ്യനായ കൊലപാതകന്റെ ജീവനുവേണ്ടി നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്; അവൻ മരണശിക്ഷ തന്നെ അനുഭവിക്കണം.
32 സങ്കേതനഗരത്തിലേക്കു ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിന്നു മുമ്പെ നാട്ടിൽ മടങ്ങിവന്നു പാൎക്കേണ്ടതിന്നും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുതു.
൩൨സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിനു മുമ്പെ നാട്ടിൽ മടങ്ങിവന്ന് പാർക്കേണ്ടതിനും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്.
33 നിങ്ങൾ പാൎക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തിൽ ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധ്യമല്ല.
൩൩നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുത്; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്ത് ചൊരിഞ്ഞ രക്തത്തിനുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിന് പ്രായശ്ചിത്തം സാദ്ധ്യമല്ല.
34 അതുകൊണ്ടു ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാൎപ്പിടമായ ദേശം അശുദ്ധമാക്കരുതു; യിസ്രായേൽമക്കളുടെ മദ്ധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു.
൩൪അതുകൊണ്ട് ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാക്കരുത്; യിസ്രായേൽ മക്കളുടെ മദ്ധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു”.

< സംഖ്യാപുസ്തകം 35 >