< യോശുവ 6 >
1 എന്നാൽ യെരീഹോവിനെ യിസ്രായേൽമക്കളുടെ നിമിത്തം അടെച്ചു ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.
൧എന്നാൽ യിസ്രായേൽ മക്കൾ പ്രവേശിക്കാതിരിക്കുവാൻ യെരിഹോ പട്ടണത്തിലേക്കുള്ള വാതിലുകൾ അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്ത് കയറിയതുമില്ല.
2 യഹോവ യോശുവയോടു കല്പിച്ചതു: ഞാൻ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.
൨യഹോവ യോശുവയോട് കല്പിച്ചത്: “ഞാൻ യെരിഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.
3 നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം.
൩നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ദിവസം ഒരുവട്ടം വീതം ആറ് ദിവസം പട്ടണത്തെ ചുറ്റിനടക്കേണം;
4 ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം.
൪ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം.
5 അവർ ആട്ടിൻ കൊമ്പു നീട്ടിയൂതുകയും നിങ്ങൾ കാഹളനാദം കേൾക്കയും ചെയ്യുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആൎപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; ജനം ഓരോരുത്തൻ നേരെ കയറുകയും വേണം.
൫പുരോഹിതന്മാർ നീട്ടിയൂതുന്ന കാഹളനാദം കേൾക്കുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; പടയാളികൾ ഓരോരുത്തൻ നേരെ കയറി ആക്രമിക്കുകയുംവേണം.
6 നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചു അവരോടു: നിയമപെട്ടകം എടുപ്പിൻ; ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്നു മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നടക്കേണം എന്നു പറഞ്ഞു.
൬നൂനിന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്: “നിയമപെട്ടകം എടുപ്പിൻ; ഏഴ് പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന് മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് നടക്കേണം” എന്ന് പറഞ്ഞു.
7 ജനത്തോടു അവൻ: നിങ്ങൾ ചെന്നു പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം എന്നു പറഞ്ഞു.
൭ജനത്തോട് അവൻ: “നിങ്ങൾ ചെന്ന് പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം” എന്ന് പറഞ്ഞു.
8 യോശുവ ജനത്തോടു പറഞ്ഞുതീൎന്നപ്പോൾ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു ഏഴു പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.
൮യോശുവ ജനത്തോട് പറഞ്ഞതിൻ പ്രകാരം ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴ് പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.
9 ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു.
൯ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു.
10 യോശുവ ജനത്തോടു: ആൎപ്പിടുവിൻ എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന നാൾവരെ നിങ്ങൾ ആൎപ്പിടരുതു; ഒച്ചകേൾപ്പിക്കരുതു; വായിൽനിന്നു ഒരു വാക്കും പുറപ്പെടുകയും അരുതു; അതിന്റെശേഷം ആൎപ്പിടാം എന്നു കല്പിച്ചു.
൧൦യോശുവ ജനത്തോട്: “ആർപ്പിടുവിൻ എന്ന് ഞാൻ നിങ്ങളോട് കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുത്; വായിൽനിന്ന് ഒരു വാക്കും പുറപ്പെടുകയും അരുത്” എന്ന് കല്പിച്ചു.
11 അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവർ പാളയത്തിലേക്കു വന്നു പാളയത്തിൽ പാൎത്തു.
൧൧അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവർ പാളയത്തിലേക്ക് വന്ന് രാപാർത്തു.
12 യോശുവ അതികാലത്തേ എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.
൧൨യോശുവ അതികാലത്ത് എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.
13 ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചു കാഹളം ഊതിക്കൊണ്ടു നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു.
൧൩ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു.
14 രണ്ടാം ദിവസവും അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റീട്ടു പാളയത്തിലേക്കു മടങ്ങിപ്പോന്നു. ഇങ്ങനെ അവർ ആറു ദിവസം ചെയ്തു;
൧൪രണ്ടാം ദിവസവും അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റി പാളയത്തിലേക്ക് മടങ്ങിപ്പോന്നു. ഇങ്ങനെ അവർ ആറ് ദിവസം ചെയ്തു;
15 ഏഴാം ദിവസമോ അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു പട്ടണത്തെ ആ വിധത്തിൽ തന്നേ ഏഴുപ്രാവശ്യംചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.
൧൫ഏഴാം ദിവസമോ അവർ അതികാലത്ത് എഴുന്നേറ്റ് പട്ടണത്തെ ആ വിധത്തിൽ തന്നേ ഏഴു പ്രാവശ്യം ചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.
16 ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാൽ: ആൎപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്കു തന്നിരിക്കുന്നു.
൧൬ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോട് പറഞ്ഞതെന്തെന്നാൽ: “ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്ക് തന്നിരിക്കുന്നു.
17 ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവെക്കു ശപഥാൎപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.
൧൭ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവയ്ക്ക് ശപഥാർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.
18 എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാൎപ്പിതത്തിൽ വല്ലതും എടുത്തിട്ടു യിസ്രായേൽപാളയത്തിന്നു ശാപവും അനൎത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാൎപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
൧൮എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽപാളയത്തിന്നു ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.
19 വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരിമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവെക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിൽ ചേരേണം.
൧൯വെള്ളിയും പൊന്നും ചെമ്പും ഇരിമ്പും കൊണ്ടുള്ള പാത്രങ്ങളും യഹോവയ്ക്ക് വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിലേക്ക് കൊണ്ടുവരേണം.
20 അനന്തരം ജനം ആൎപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തിൽ ആൎപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു.
൨൦അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദം കേട്ട് അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ട് കടന്ന് പട്ടണം പിടിച്ചു.
21 പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.
൨൧പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആട്, മാട്, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.
22 എന്നാൽ രാജ്യത്തെ ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവ: വേശ്യയുടെ വീട്ടിൽ ചെന്നു അവിടെ നിന്നു ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോടു സത്യംചെയ്തതുപോലെ പുറത്തുകൊണ്ടുവരുവിൻ എന്നു പറഞ്ഞു.
൨൨എന്നാൽ രാജ്യം ഒറ്റുനോക്കിയ രണ്ട് പുരുഷന്മാരോട് യോശുവ: “വേശ്യയുടെ വീട്ടിൽചെന്ന് അവിടെനിന്ന് ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോട് സത്യം ചെയ്തതുപോലെ പുറത്തുകൊണ്ടുവരുവീൻ” എന്ന് പറഞ്ഞു.
23 അങ്ങനെ ഒറ്റുകാരായിരുന്ന യൌവനക്കാർ ചെന്നു രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തു കൊണ്ടുവന്നു; അവളുടെ എല്ലാചാൎച്ചക്കാരെയും പുറത്തു കൊണ്ടുവന്നു യിസ്രായേൽപാളയത്തിന്നു പുറത്തു പാൎപ്പിച്ചു.
൨൩അങ്ങനെ ഒറ്റുകാരായിരുന്ന യൗവനക്കാർ ചെന്ന് രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്ത് കൊണ്ടുവന്ന് യിസ്രായേൽപാളയത്തിന് പുറത്ത് പാർപ്പിച്ചു.
24 പിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീവെച്ചു ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വെച്ചു.
൨൪പിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീവെച്ച് ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വെച്ചു.
25 യെരീഹോവിനെ ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ടു യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാൎക്കുന്നു.
൨൫യെരിഹോ പട്ടണം ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ട് യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു.
26 അക്കാലത്തു യോശുവ ശപഥം ചെയ്തു: ഈ യെരീഹോപട്ടണത്തെ പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോൾ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.
൨൬അക്കാലത്ത് യോശുവ ശപഥം ചെയ്തു: “ഈ യെരിഹോ പട്ടണം പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കവാടങ്ങൾ ഉറപ്പിക്കുമ്പോൾ ഇളയ മകനും നഷ്ടമാകും” എന്ന് പറഞ്ഞു. 27 യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്ത് എല്ലാടവും പരന്നു.
27 അങ്ങനെ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീൎത്തി ദേശത്തു എല്ലാടവും പരന്നു.
൨൭യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്തു എല്ലാടവും പരന്നു.