< യോശുവ 22 >

1 അക്കാലത്തു യോശുവ രൂബേന്യരേയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു.
ഇതിനുശേഷം യോശുവ രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പകുതിഗോത്രം എന്നിവരെ വിളിച്ച് അവരോടു ഇപ്രകാരം പറഞ്ഞു:
2 അവരോടു പറഞ്ഞതു: യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചതൊക്കെയും നിങ്ങൾ പ്രമാണിക്കയും ഞാൻ നിങ്ങളോടു കല്പിച്ച സകലത്തിലും എന്റെ വാക്കു അനുസരിക്കയും ചെയ്തിരിക്കുന്നു.
“യഹോവയുടെ ദാസനായ മോശ നിങ്ങളോടു കൽപ്പിച്ചതൊക്കെയും നിങ്ങൾ ചെയ്യുകയും ഞാൻ കൽപ്പിച്ചതൊക്കെയും അനുസരിക്കുകയും ചെയ്തിരിക്കുന്നു.
3 നിങ്ങൾ ഈ കാലമൊക്കെയും നിങ്ങളുടെ സഹോദരന്മാരെ ഇന്നുവരെ വിട്ടുപിരിയാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന പ്രമാണിച്ചു നടന്നിരിക്കുന്നു.
ഈ കാലമത്രയും—ഇന്നുവരെയും—നിങ്ങൾ നിങ്ങളുടെ സഹയിസ്രായേല്യരെ ഉപേക്ഷിച്ചുകളയാതെ, യഹോവയായ ദൈവം നിങ്ങളെ ഏൽപ്പിച്ച ദൗത്യം നിർവഹിച്ചിരിക്കുന്നു.
4 ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാൎക്കു താൻ വാഗ്ദത്തംചെയ്തതുപോലെ സ്വസ്ഥത നല്കിയിരിക്കുന്നു; ആകയാൽ നിങ്ങൾ ഇപ്പോൾ നിങ്ങളുടെ വീടുകളിലേക്കും യഹോവയുടെ ദാസനായ മോശെ യോൎദ്ദാന്നക്കരെ നിങ്ങൾക്കു തന്നിട്ടുള്ള നിങ്ങളുടെ അവകാശദേശത്തേക്കും മടങ്ങിപ്പൊയ്ക്കൊൾവിൻ.
ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ ശേഷം ഗോത്രങ്ങളിലുള്ള നിങ്ങളുടെ സഹോദരങ്ങളോടു വാഗ്ദാനംചെയ്തതുപോലെ അവർക്കു സ്വസ്ഥത നൽകിയിരിക്കുന്നതിനാൽ, യഹോവയുടെ ദാസനായ മോശ യോർദാനക്കരെ നിങ്ങൾക്കു നൽകിയിട്ടുള്ള സ്വദേശത്തേക്കു നിങ്ങൾ മടങ്ങിപ്പോകുക.
5 എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവന്റെ കല്പനകൾ പ്രമാണിക്കയും അവനോടു പറ്റിച്ചേൎന്നു പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്യേണമെന്നു യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചിട്ടുള്ള കല്പനയും ന്യായപ്രമാണവും ആചരിപ്പാൻ ഏറ്റവും ജാഗ്രതയായിരിപ്പിൻ.
എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുക, അവിടത്തെ എല്ലാ വഴികളിലും നടക്കുക, അവിടത്തെ കൽപ്പനകളെ ആചരിക്കുക, അവിടത്തോടു പറ്റിച്ചേർന്നുനിന്നുകൊണ്ട് പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അവിടത്തെ സേവിക്കുക എന്നിങ്ങനെ യഹോവയുടെ ദാസനായ മോശ നിങ്ങൾക്കുതന്ന കൽപ്പനകളും ന്യായപ്രമാണവും അനുസരിക്കുന്നതിൽ അതീവശ്രദ്ധാലുക്കളായിരിക്കണം.”
6 ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ചു യാത്ര അയച്ചു. അവർ തങ്ങളുടെ വീടുകളിലേക്കു പോകയും ചെയ്തു.
പിന്നീടു യോശുവ അവരെ അനുഗ്രഹിച്ചു യാത്രയയച്ചു, അവർ അവരുടെ വീടുകളിലേക്കു പോകുകയും ചെയ്തു.
7 മനശ്ശെയുടെ പാതിഗോത്രത്തിന്നു മോശെ ബാശാനിൽ അവകാശം കൊടുത്തിരുന്നു; മറ്റെ പാതിഗോത്രത്തിന്നു യോൎദ്ദാന്നിക്കരെ പടിഞ്ഞാറു അവരുടെ സഹോദരന്മാരുടെ ഇടയിൽ യോശുവ കൊടുത്തു; അവരെ അവരുടെ വീടുകളിലേക്കു അയച്ചപ്പോൾ
(മനശ്ശെയുടെ പകുതി ഗോത്രത്തിന് മോശ ബാശാനിൽ സ്ഥലം കൊടുത്തിരുന്നു; മറ്റേ പകുതിഗോത്രത്തിനു യോശുവ യോർദാന്റെ പടിഞ്ഞാറുവശത്ത് അവരുടെ സഹോദരങ്ങളോടുകൂടി സ്ഥലം കൊടുക്കുകയും ചെയ്തിരുന്നു.) യോശുവ അവരെ അനുഗ്രഹിച്ച് വീടുകളിലേക്കയച്ചപ്പോൾ ഇപ്രകാരം പറഞ്ഞു:
8 യോശുവ അവരെ അനുഗ്രഹിച്ചു അവരോടു പറഞ്ഞതു: വളരെ നാല്ക്കാലികൾ, വെള്ളി, പൊന്നു, ചെമ്പു, ഇരിമ്പു, വളരെ വസ്ത്രം എന്നിങ്ങനെ അനവധി സമ്പത്തോടും കൂടെ നിങ്ങൾ നിങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകയും നിങ്ങളുടെ ശത്രുക്കളുടെ പക്കൽനിന്നു കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിട്ടുകൊൾകയും ചെയ്‌വിൻ.
“നിരവധി കന്നുകാലികൾ, വെള്ളി, സ്വർണം, വെങ്കലം, ഇരുമ്പ്, വളരെ വസ്ത്രങ്ങൾ തുടങ്ങി വമ്പിച്ച സമ്പത്തോടുകൂടി നിങ്ങൾ വീടുകളിലേക്കു മടങ്ങുക. നിങ്ങളുടെ ശത്രുക്കളിൽനിന്നു ലഭിച്ച കൊള്ളമുതൽ നിങ്ങളുടെ സഹോദരങ്ങളുമായി പങ്കിടുകയും ചെയ്യണം.”
9 അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ കൈവശമാക്കിയിരുന്ന അവകാശദേശമായ ഗിലെയാദ്‌ദേശത്തേക്കു മടങ്ങിപ്പോകേണ്ടതിന്നു കനാൻദേശത്തിലെ ശീലോവിൽനിന്നു യിസ്രായേൽമക്കളെ വിട്ടു പുറപ്പെട്ടു.
അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവും, മോശയിൽക്കൂടി യഹോവ കൽപ്പിച്ചപ്രകാരം അവർക്ക് അവകാശമായി ലഭിച്ചിരുന്ന അവരുടെ സ്വന്തം ദേശമായ ഗിലെയാദിലേക്ക്, കനാനിലെ ശീലോവിൽനിന്ന് ഇസ്രായേൽമക്കളെ വിട്ടുപുറപ്പെട്ടു.
10 അവർ കനാൻദേശത്തിലെ യോൎദ്ദാന്യപ്രദേശങ്ങളിൽ എത്തിയപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോൎദ്ദാന്നു സമീപത്തു ഒരു യാഗപീഠം, കാഴ്ച്ചെക്കു വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതു.
കനാൻദേശത്ത് യോർദാനു സമീപമുള്ള ഗലീലോത്തിൽ അവർ വന്നപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവുംകൂടി അവിടെ യോർദാനരികിൽ വളരെ വലുപ്പമുള്ള ഒരു യാഗപീഠം പണിതു.
11 രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും കനാൻദേശത്തിന്റെ കിഴക്കുപുറത്തു യോൎദ്ദാന്യപ്രദേശങ്ങളിൽ യിസ്രായേൽമക്കൾക്കു എതിരെ ഇതാ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്നു യിസ്രായേൽമക്കൾ കേട്ടു.
യോർദാനു സമീപം കനാന്റെ അതിർത്തിയിലുള്ള ഗലീലോത്തിൽ ഇസ്രായേൽമക്കളുടെ ഭാഗത്ത് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവുംകൂടി ഒരു യാഗപീഠം പണിതു എന്ന് ഇസ്രായേൽമക്കൾ കേട്ടു.
12 യിസ്രായേൽമക്കൾ അതു കേട്ടപ്പോൾ യിസ്രായേൽമക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിന്നു പുറപ്പെടുവാൻ ശീലോവിൽ ഒന്നിച്ചുകൂടി.
അപ്പോൾ ഇസ്രായേൽമക്കളുടെ സഭമുഴുവനും അവരോടു യുദ്ധംചെയ്യുന്നതിനു പോകാൻ ശീലോവിൽ ഒരുമിച്ചുകൂടി.
13 യിസ്രായേൽമക്കൾ ഗിലെയാദ്‌ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ പുരോഹിതനായ എലെയാസാരിന്റെ മകനായ
ഇസ്രായേൽമക്കൾ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പകുതിഗോത്രത്തിന്റെയും അടുക്കൽ ഗിലെയാദിലേക്ക് അയച്ചു.
14 ഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഓരോ പിതൃഭവനത്തിന്നു ഓരോ പ്രഭുവീതം പത്തു പ്രഭുക്കന്മാരേയും അയച്ചു; അവരിൽ ഓരോരുത്തനും താന്താന്റെ പിതൃഭവനത്തിൽ യിസ്രായേല്യസഹസ്രങ്ങൾക്കു തലവനായിരുന്നു.
അദ്ദേഹത്തോടുകൂടെ ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഒരു കുലത്തിന് ഒരു തലവൻവീതം പത്തു തലവന്മാരെയും അയച്ചു. അവരിൽ ഓരോരുത്തനും ഇസ്രായേല്യകുലങ്ങളിലെ കുടുംബവിഭാഗങ്ങളുടെ മേൽവിചാരകനായിരുന്നു.
15 അവർ ഗിലെയാദ്‌ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ ചെന്നു അവരോടു പറഞ്ഞതെന്തെന്നാൽ:
അവർ ഗിലെയാദിൽ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പകുതിഗോത്രത്തിന്റെയും അടുക്കൽ ചെന്ന് അവരോടു പറഞ്ഞു:
16 യഹോവയുടെ സഭ മുഴുവനും ഇപ്രകാരം പറയുന്നു: നിങ്ങൾ ഇന്നു യഹോവയോടു മത്സരിക്കേണ്ടതിന്നു ഒരു യാഗപീഠം പണിതു ഇന്നു യഹോവയെ വിട്ടുമാറുവാൻ തക്കവണ്ണം നിങ്ങൾ യിസ്രായേലിന്റെ ദൈവത്തോടു ചെയ്തിരിക്കുന്ന ഈ ദ്രോഹം എന്തു?
“യഹോവയുടെ സഭമുഴുവനും ഇപ്രകാരം പറയുന്നു: ഇസ്രായേലിന്റെ ദൈവത്തോടു വിശ്വാസത്യാഗം കാണിക്കത്തക്കവിധം ഇപ്രകാരം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു? യഹോവയെ വിട്ടുമാറി അവിടത്തോടു മത്സരിച്ച് നിങ്ങൾക്കുവേണ്ടി ഒരു യാഗപീഠം പണിതത് എന്തിന്?
17 പെയോർ സംബന്ധിച്ചുണ്ടായ അകൃത്യം നമുക്കു പോരായോ? അതുനിമിത്തം യഹോവയുടെ സഭെക്കു ബാധ ഉണ്ടായിട്ടും നാം ഇന്നുവരെ അതു നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീൎന്നിട്ടില്ലല്ലോ.
പെയോരിൽവെച്ച് നാം ചെയ്ത പാപം പോരായോ? അതുനിമിത്തം ഒരു ബാധ യഹോവയുടെ സമൂഹത്തിന് ബാധിച്ചെങ്കിലും ഇതുവരെ നാം നമ്മെത്തന്നെ ആ പാപത്തിൽനിന്ന് പൂർണമായി ശുദ്ധീകരിച്ചിട്ടില്ലല്ലോ.
18 നിങ്ങൾ ഇന്നു യഹോവയെ വിട്ടുമാറുവാൻ പോകുന്നുവോ? നിങ്ങൾ ഇന്നു യഹോവയോടു മത്സരിക്കുന്നു; നാളെ അവൻ യിസ്രായേലിന്റെ സൎവ്വസഭയോടും കോപിപ്പാൻ സംഗതിയാകും.
നിങ്ങൾ ഇപ്പോൾ യഹോവയെ വിട്ടുമാറാൻ പോകുകയാണോ? “‘ഇന്നു നിങ്ങൾ യഹോവയോടു മത്സരിക്കുന്നെങ്കിൽ നാളെ അവിടന്ന് ഇസ്രായേലിന്റെ സർവസഭയോടും കോപിക്കാൻ ഇടയാകും.
19 നിങ്ങളുടെ അവകാശദേശം അശുദ്ധം എന്നുവരികിൽ യഹോവയുടെ തിരുനിവാസം ഇരിക്കുന്നതായ യഹോവയുടെ അവകാശദേശത്തേക്കു കടന്നുവന്നു ഞങ്ങളുടെ ഇടയിൽ അവകാശം വാങ്ങുവിൻ; എന്നാൽ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠം ഒഴികെ ഒരു യാഗപീഠം പണിതു യഹോവയോടു മത്സരിക്കരുതു; ഞങ്ങളോടും മത്സരിക്കരുതു.
നിങ്ങൾക്കു ലഭിച്ച അവകാശദേശം അശുദ്ധമെങ്കിൽ യഹോവയുടെ സമാഗമകൂടാരം നിൽക്കുന്ന യഹോവയുടെ ദേശത്തേക്കു വരിക. അവിടെ ഞങ്ങളുടെ ഇടയിൽ ഓഹരി തരാം. എന്നാൽ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠമല്ലാതെ നിങ്ങളുടേതായിട്ട് ഒരു യാഗപീഠം പണിതു യഹോവയ്ക്കെതിരായിട്ടോ ഞങ്ങൾക്കെതിരായിട്ടോ മത്സരിക്കരുത്.
20 സേരഹിന്റെ മകനായ ആഖാൻ ശപഥാൎപ്പിതവസ്തു സംബന്ധിച്ചു ഒരു കുറ്റം ചെയ്കയാൽ കോപം യിസ്രായേലിന്റെ സൎവ്വസഭയുടെയും മേൽ വീണില്ലയോ? അവൻ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താൽ നശിച്ചതു.
സേരഹിന്റെ മകനായ ആഖാൻ അർപ്പിതവസ്തുക്കളുടെ കാര്യത്തിൽ വിശ്വാസവഞ്ചന കാണിക്കുകയാൽ കോപം ഇസ്രായേലിന്റെ സർവസഭയുടെമേലുമല്ലേ വീണത്? അവന്റെ പാപംമൂലം അവൻമാത്രമല്ലല്ലോ മരണത്തിനിരയായത്!’”
21 അതിന്നു രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോടു ഉത്തരം പറഞ്ഞതു:
അതിനു രൂബേന്യരും, ഗാദ്യരും, മനശ്ശെയുടെ പകുതിഗോത്രവും ഇസ്രായേലിന്റെ കുലത്തലവന്മാരോടു പറഞ്ഞു:
22 സൎവ്വവല്ലഭനാകുന്ന ദൈവമായ യഹോവ, സൎവ്വവല്ലഭനാകുന്ന ദൈവമായ യഹോവ തന്നേ അറിയുന്നു; യിസ്രായേലും അറിയട്ടെ! ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ--അങ്ങനെയെങ്കിൽ ഇന്നു തന്നേ നിന്റെ രക്ഷ ഞങ്ങൾക്കില്ലാതെ പോകട്ടെ--
“സർവശക്തനായ ദൈവം, യഹോവയായ സർവശക്തൻ, ദൈവമായ യഹോവ, അവിടന്ന് അറിയുന്നു! ഇസ്രായേൽ അറിയട്ടെ! ഇതു യഹോവയോടുള്ള മത്സരമോ അനുസരണക്കേടോ എങ്കിൽ ഇന്നുതന്നെ ഞങ്ങളെ ജീവനോടെ വെച്ചേക്കരുത്!
23 യഹോവയെ വിട്ടുമാറേണ്ടതിന്നു ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അൎപ്പിപ്പാനോ സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവ തന്നേ ചോദിച്ചുകൊള്ളട്ടെ.
യഹോവയെ വിട്ടുമാറി ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനാണു ഞങ്ങൾ ഈ യാഗപീഠം പണിതതെങ്കിൽ, യഹോവ ഞങ്ങളോടുതന്നെ പകരം ചോദിക്കട്ടെ.
24 നാളെ നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളോടു: യിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങൾക്കു എന്തു കാൎയ്യമുള്ളു?
“അങ്ങനെയല്ല, പിൽക്കാലത്ത് നിങ്ങളുടെ പിൻഗാമികൾ ഞങ്ങളുടെ പിൻഗാമികളോട്, ‘ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാൻ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്?
25 ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോൎദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറഞ്ഞു നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്കു യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ശങ്കകൊണ്ടല്ലയോ ഞങ്ങൾ ഇതു ചെയ്തതു?
ഞങ്ങളും നിങ്ങൾ രൂബേന്യരും ഗാദ്യരുംതമ്മിലുള്ള അതിരായി യഹോവ യോർദാൻനദിയെ വെച്ചിരിക്കുന്നു. നിങ്ങൾക്കു യഹോവയിൽ യാതൊന്നും അവകാശപ്പെടാനില്ല’ എന്നു പറഞ്ഞ് നിങ്ങളുടെ പിൻഗാമികൾ ഞങ്ങളുടെ പിൻഗാമികളെ യഹോവയെ ആരാധിക്കുന്നതിൽനിന്നു വിലക്കും എന്ന ഭീതികൊണ്ടാണ് ഞങ്ങൾ ഇതു ചെയ്തത്.
26 അതുകൊണ്ടു നാം ഒരു യാഗപീഠം പണിക എന്നു ഞങ്ങൾ പറഞ്ഞു; ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല.
“അതുകൊണ്ടാണ് ഒരു യാഗപീഠം പണിയാൻ ഞങ്ങൾ തീരുമാനിച്ചത്; അല്ലാതെ ഹോമയാഗങ്ങൾക്കോ മറ്റു യാഗങ്ങൾക്കോ അല്ല.
27 ഞങ്ങൾ യഹോവയുടെ സന്നിധാനത്തിൽ ഞങ്ങളുടെ ഹോമയാഗങ്ങളാലും ഹനനയാഗങ്ങളാലും സമാധാനയാഗങ്ങളാലും അവന്റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കൾ നാളെ ഞങ്ങളുടെ മക്കളോടു: നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറയാതിരിക്കയും ചെയ്യേണ്ടതിന്നും ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികൾക്കും മദ്ധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിന്നുമത്രേ.
നേരേമറിച്ച്, യഹോവയുടെ തിരുനിവാസത്തിൽത്തന്നെ ഞങ്ങൾ ഹോമയാഗങ്ങളും ഹനനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കും എന്നതിന് ഇത് ഞങ്ങൾക്കും നിങ്ങൾക്കും മധ്യേയും ഇനി വരാനുള്ള തലമുറകൾക്കും ഒരു സ്മാരകമായിരിക്കേണ്ടതാണ്. അപ്പോൾ ഭാവിയിൽ നിങ്ങളുടെ പിൻഗാമികൾക്കു ഞങ്ങളുടെ പിൻഗാമികളോട്, ‘നിങ്ങൾക്കു യഹോവയിൽ യാതൊന്നും അവകാശപ്പെടാനില്ല’ എന്നു പറയാൻ കഴിയുകയില്ലല്ലോ.
28 അതുകൊണ്ടു ഞങ്ങൾ പറഞ്ഞതു: നാളെ അവർ നമ്മോടോ നമ്മുടെ സന്തതികളോടോ അങ്ങനെ പറയുമ്പോൾ: ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല ഞങ്ങൾക്കും നിങ്ങൾക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന്നു തന്നേ ഞങ്ങളുടെ പിതാക്കന്മാർ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മിൻ എന്നു മറുപടി പറവാൻ ഇടയാകും.
“കൂടാതെ ഞങ്ങൾ പറഞ്ഞു: ‘ഇങ്ങനെ ഞങ്ങളോടോ ഞങ്ങളുടെ പിൻഗാമികളോടോ എന്നെങ്കിലും അവർ പറഞ്ഞാൽ, ഹോമയാഗങ്ങൾക്കോ മറ്റു യാഗങ്ങൾക്കോ അല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു സ്മാരകമായിരിക്കേണ്ടതിനു ഞങ്ങളുടെ പിതാക്കന്മാർ നിർമിച്ച യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണുക എന്ന് ഉത്തരം പറയും.’
29 ഞങ്ങൾ നമ്മുടെ ദൈവമായ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പാകെയുള്ള അവന്റെ യാഗപീഠം ഒഴികെ ഹോമയാഗത്തിന്നോ ഭോജനയാഗത്തിന്നോ ഹനനയാഗത്തിന്നോ വേറൊരു യാഗപീഠം ഉണ്ടാക്കീട്ടു യഹോവയോടു മത്സരിക്കയും ഇന്നു യഹോവയെ വിട്ടുമാറുകയും ചെയ്‌വാൻ ഞങ്ങൾക്കു സംഗതിവരരുതേ.
“ഞങ്ങൾ നമ്മുടെ ദൈവമായ യഹോവയുടെ സമാഗമകൂടാരത്തിന്റെ മുൻപിലുള്ള യാഗപീഠം ഒഴികെ ഹോമയാഗത്തിനോ ഭോജനയാഗത്തിനോ ഹനനയാഗത്തിനോ വേറൊരു യാഗപീഠം ഉണ്ടാക്കുകവഴി യഹോവയോടു മത്സരിക്കാനോ ഇന്ന് അവിടത്തെ വിട്ടുമാറാനോ ഞങ്ങൾക്ക് ഒരിക്കലും ഇടയാക്കാതിരിക്കട്ടെ.”
30 രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകൾ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ സഭയുടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങൾക്കു തലവന്മാരായവരും കേട്ടപ്പോൾ അവൎക്കു സന്തോഷമായി.
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞവാക്കുകൾ പുരോഹിതനായ ഫീനെഹാസും അദ്ദേഹത്തോടുകൂടെ ഇസ്രായേല്യരുടെ കുലത്തലവന്മാരായ സഭാനേതാക്കന്മാരെല്ലാവരും കേട്ടപ്പോൾ അവർക്കു സന്തോഷമായി.
31 പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് രൂബേന്റെ മക്കളോടും ഗാദിന്റെ മക്കളോടും മനശ്ശെയുടെ മക്കളോടും: നിങ്ങൾ യഹോവയോടു ഈ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ടു യഹോവ നമ്മുടെ മദ്ധ്യേ ഉണ്ടു എന്നു ഞങ്ങൾ ഇന്നു അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങൾ യിസ്രായേൽമക്കളെ യഹോവയുടെ കയ്യിൽനിന്നു രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ മക്കളോടും: “നിങ്ങൾ ഈ കാര്യത്തിൽ യഹോവയോട് അവിശ്വസ്തത കാട്ടാത്തതിനാൽ യഹോവ നമ്മോടുകൂടെയുണ്ട് എന്നു ഞങ്ങൾ ഇന്ന് അറിയുന്നു. നിങ്ങൾ ഇസ്രായേലിനെ യഹോവയുടെ കൈയിൽനിന്നു രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
32 പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും പ്രഭുക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ടു ഗിലെയാദ്‌ദേശത്തു നിന്നു കനാൻദേശത്തേക്കു യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിച്ചെന്നു അവരോടു വസ്തുത അറിയിച്ചു.
പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും സഭാനേതാക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ട് ഗിലെയാദിൽനിന്നു കനാനിൽ ചെന്ന് ഇസ്രായേൽമക്കളോടു വസ്തുതകൾ അറിയിച്ചു.
33 യിസ്രായേൽമക്കൾക്കു ആ കാൎയ്യം സന്തോഷമായി; അവർ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും പാൎത്ത ദേശം നശിപ്പിക്കേണ്ടതിന്നു അവരോടു യുദ്ധത്തിന്നു പുറപ്പെടുന്നതിനെക്കുറിച്ചു പിന്നെ മിണ്ടിയതേയില്ല.
ഇസ്രായേൽമക്കൾ ഇതു കേട്ട് ആനന്ദിച്ചു ദൈവത്തെ സ്തുതിച്ചു. രൂബേന്യരും ഗാദ്യരും താമസിച്ച ദേശം നശിപ്പിക്കേണ്ടതിന് അവരോടു യുദ്ധത്തിനു പോകുന്നതിനെക്കുറിച്ചു പിന്നെ സംസാരിച്ചിട്ടേയില്ല.
34 രൂബേന്യരും ഗാദ്യരും “യഹോവ തന്നേ ദൈവം എന്നതിന്നു ഇതു നമ്മുടെ മദ്ധ്യേ സാക്ഷി” എന്നു പറഞ്ഞു ആ യാഗപീഠത്തിന്നു ഏദ് എന്നു പേരിട്ടു.
രൂബേന്യരും ഗാദ്യരും, “യഹോവ ആകുന്നു ദൈവം എന്നതിന് ഇതു നമ്മുടെ മധ്യേ സാക്ഷി” എന്നു പറഞ്ഞ് ആ യാഗപീഠത്തിനു ഏദ് എന്നു പേരിട്ടു.

< യോശുവ 22 >