< യോശുവ 14 >
1 കനാൻദേശത്തു യിസ്രായേൽമക്കൾക്കു അവകാശമായി ലഭിച്ച ദേശങ്ങൾ ആവിതു: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽഗോത്രപിതാക്കന്മാരിൽ തലവന്മാരും ഇവ അവൎക്കു വിഭാഗിച്ചുകൊടുത്തു.
൧കനാൻദേശത്ത് യിസ്രായേൽ മക്കൾക്ക് അവകാശമായി ലഭിച്ച ഭൂപ്രദേശങ്ങൾ പുരോഹിതനായ എലെയാസാരും നൂനിന്റെ മകനായ യോശുവയും യിസ്രായേൽഗോത്രപിതാക്കന്മാരിൽ തലവന്മാരും അവർക്ക് വിഭാഗിച്ചു കൊടുത്തു.
2 യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങൾക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തതു.
൨യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങൾക്കും ചീട്ടിട്ടായിരുന്നു അവകാശം വിഭാഗിച്ചുകൊടുത്തത്.
3 രണ്ടര ഗോത്രങ്ങൾക്കു മോശെ യോൎദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യൎക്കോ അവരുടെ ഇടയിൽ ഒരു അവകാശവും കൊടുത്തില്ല.
൩രണ്ടര ഗോത്രങ്ങൾക്ക് മോശെ യോർദ്ദാനക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യർക്കോ അവരുടെ ഇടയിൽ ഒരു അവകാശവും കൊടുത്തില്ല.
4 യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യൎക്കു പാൎപ്പാൻ പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തിൽ ഓഹരിയൊന്നും കൊടുത്തില്ല.
൪യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്നീ രണ്ടു ഗോത്രങ്ങൾ ആയിരുന്നു. ലേവ്യർക്കു പാർപ്പാൻ പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തിൽ ഓഹരിയൊന്നും കൊടുത്തില്ല.
5 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേൽമക്കൾ അനുസരിച്ചു ദേശം വിഭാഗിച്ചു.
൫യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ദേശം വിഭാഗിച്ചു.
6 അനന്തരം യെഹൂദാമക്കൾ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബ് അവനോടു പറഞ്ഞതു: യഹോവ എന്നെയും നിന്നെയും കുറിച്ചു ദൈവപുരുഷനായ മോശെയോടു കാദേശ്ബൎന്നേയയിൽവെച്ചു പറഞ്ഞ കാൎയ്യം നീ അറിയുന്നുവല്ലോ.
൬അനന്തരം യെഹൂദാ ഗോത്രക്കാർ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബ് അവനോട് പറഞ്ഞത്: യഹോവ നമ്മെക്കുറിച്ച് ദൈവപുരുഷനായ മോശെയോട് കാദേശ്ബർന്നേയയിൽവെച്ച് പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.
7 യഹോവയുടെ ദാസനായ മോശെ കാദേശ്ബൎന്നേയയിൽനിന്നു ദേശത്തെ ഒറ്റുനോക്കുവാൻ എന്നെ അയച്ചപ്പോൾ എനിക്കു നാല്പതു വയസ്സായിരുന്നു; ഞാൻ വന്നു എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു.
൭യഹോവയുടെ ദാസനായ മോശെ കാദേശ്ബർന്നേയയിൽനിന്ന് ദേശം ഒറ്റുനോക്കുവാൻ അയച്ചപ്പോൾ എനിക്ക് നാല്പതു വയസ്സായിരുന്നു; ഞാൻ മടങ്ങിവന്ന് എന്റെ മനോബോധപ്രകാരം ദേശത്തെപ്പറ്റിയുള്ള വിവരണം നൽകി.
8 എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂൎണ്ണമായി പറ്റിനിന്നു.
൮എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ ജനത്തിന്റെ ഹൃദയം ഭയം കൊണ്ട് ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോട് പൂർണ്ണമായി പറ്റിനിന്നു.
9 നീ എന്റെ ദൈവമായ യഹോവയോടു പൂൎണ്ണമായി പറ്റിനിന്നതുകൊണ്ടു നീ കാൽവെച്ച ദേശം നിനക്കും നിന്റെ മക്കൾക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു.
൯ദൈവമായ യഹോവയോട് പൂർണ്ണമായി പറ്റിനിന്നതുകൊണ്ട് നീ കാൽവെച്ച ദേശം നിനക്കും നിന്റെ മക്കൾക്കും എന്നേക്കും അവകാശമായിരിക്കും എന്ന് മോശെ അന്ന് സത്യംചെയ്ത് പറഞ്ഞിരുന്നു.
10 മരുഭൂമിയിൽ സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു ഈ വാക്കു കല്പിച്ചതു മുതൽ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താൻ അരുളിച്ചെയ്തിരുന്നതു പോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോൾ എനിക്കു എണ്പത്തഞ്ചു വയസ്സായി.
൧൦യിസ്രായേൽ മരുഭൂമിയിൽ സഞ്ചരിച്ച നാല്പത്തഞ്ച് സംവത്സരങ്ങൾ ഇതാ യഹോവ, താൻ അരുളിച്ചെയ്തിരുന്നതുപോലെ എന്നെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോൾ എനിക്ക് എണ്പത്തഞ്ച് വയസ്സായി.
11 മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്‌വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.
൧൧മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്ക് പടവെട്ടുവാനും യാത്ര ചെയ്യാനും ആരോഗ്യം ഉണ്ട്.
12 ആകയാൽ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോൾ എനിക്കു തരിക; അനാക്യർ അവിടെ ഉണ്ടെന്നും പട്ടണങ്ങൾ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും.
൧൨ആകയാൽ യഹോവ അന്ന് എനിക്ക് വാഗ്ദത്തം ചെയ്ത ഈ ഹെബ്രോൻമല എനിക്ക് തരിക; അനാക്യർ അവിടെ ഉണ്ടെന്നും പട്ടണങ്ങൾ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും.
13 അപ്പോൾ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോൻമല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
൧൩അപ്പോൾ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോൻമല യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.
14 അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബിന്നു അവകാശമായിരിക്കുന്നു; അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂൎണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.
൧൪അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബിന് അവകാശമായിരിക്കുന്നു; അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.
15 ഹെബ്രോന്നു പണ്ടു കിൎയ്യത്ത്-അൎബ്ബാ എന്നു പേരായിരുന്നു; അൎബ്ബാ എന്നവൻ അനാക്യരിൽ വെച്ചു അതിമഹാൻ ആയിരുന്നു. അങ്ങനെ യുദ്ധം തീൎന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
൧൫ഹെബ്രോന് പണ്ട് കിര്യത്ത്-അർബ്ബാ എന്ന് പേരായിരുന്നു; അർബ്ബാ എന്നവൻ അനാക്യരിൽ വെച്ചു അതിമഹാൻ ആയിരുന്നു. അങ്ങനെ യുദ്ധം തീർന്നു ദേശത്ത് സമാധാനം വന്നു.