< യോനാ 1 >

1 അമിത്ഥായുടെ മകനായ യോനെക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
അമിത്ഥായുടെ പുത്രനായ യോനായോട് യഹോവ ഇപ്രകാരം അരുളിച്ചെയ്തു:
2 നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.
“നീ വേഗത്തിൽ മഹാനഗരമായ നിനവേയിൽ ചെന്ന്, ഞാൻ നിനക്കു നൽകുന്ന ന്യായവിധിയുടെ സന്ദേശം അവിടെ വിളംബരംചെയ്യുക; അവരുടെ ദുഷ്ടത ഞാൻ അറിയുന്നു.”
3 എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തൎശീശിലേക്കു ഓടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തൎശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്നു അവരോടുകൂടെ തൎശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി.
എന്നാൽ യോനാ യഹോവയുടെ കൽപ്പന അനുസരിക്കാതെ തർശീശിലേക്കു പലായനം ചെയ്യുന്നതിനുവേണ്ടി യോപ്പയിലേക്കു ചെന്നു. അവിടെ തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു. അദ്ദേഹം യഹോവയുടെ സന്നിധിയിൽനിന്ന് തർശീശിലേക്കു പോകേണ്ടതിന് യാത്രക്കൂലി നൽകി, മറ്റുയാത്രക്കാരോടൊപ്പം അതിൽ കയറി.
4 യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പൽ തകൎന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി.
എന്നാൽ യഹോവ കടലിന്മേൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു; വലിയ കാറ്റിൽപ്പെട്ട് കപ്പൽ തകരുമെന്ന സ്ഥിതിയിലായി.
5 കപ്പൽക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവർ അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.
പ്രാണഭയത്തിലായ നാവികർ ഓരോരുത്തരും അവരവരുടെ ദേവന്മാരോടു സഹായത്തിനായി അലമുറയിട്ടു. കപ്പലിന്റെ ഭാരം കുറയ്ക്കാൻ അവർ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞു. യോനായാകട്ടെ, കപ്പലിന്റെ അടിത്തട്ടിൽ ചെന്നു കിടന്നു; അദ്ദേഹം ഗാഢനിദ്രയിലാണ്ടു.
6 കപ്പൽപ്രമാണി അവന്റെ അടുക്കൽ വന്നു അവനോടു: നീ ഉറങ്ങുന്നതു എന്തു? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിന്നു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു.
കപ്പിത്താൻ വന്ന് അദ്ദേഹത്തോട് ആക്രോശിച്ചു: “എന്ത്, നീ ഉറങ്ങുകയോ? എഴുന്നേറ്റ്, നിന്റെ ദേവനെ വിളിക്കുക; നാം നശിച്ചുപോകാതിരിക്കേണ്ടതിന് ആ ദേവൻ ഒരുപക്ഷേ, നമ്മെ രക്ഷിച്ചേക്കാം.”
7 അനന്തരം അവർ: വരുവിൻ; ആരുടെ നിമിത്തം ഈ അനൎത്ഥം നമ്മുടെമേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിന്നു നാം ചീട്ടിടുക എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. അങ്ങനെ അവർ ചീട്ടിട്ടു; ചീട്ടു യോനെക്കു വീണു.
തുടർന്ന് നാവികർ പരസ്പരം കൂടി ആലോചിച്ചു: “വരൂ, ആർ നിമിത്തമാണ് ഈ അത്യാപത്ത് നമ്മുടെമേൽ വന്നതെന്ന് അറിയുന്നതിനായി നമുക്കു നറുക്കിടാം.” അങ്ങനെ അവർ നറുക്കിട്ടു; നറുക്ക് യോനായ്ക്കു വീണു.
8 അവർ അവനോടു: ആരുടെനിമിത്തം ഈ അനൎത്ഥം നമ്മുടെമേൽ വന്നു എന്നു നീ പറഞ്ഞുതരേണം; നിന്റെ തൊഴിൽ എന്തു? നീ എവിടെനിന്നു വരുന്നു? നിന്റെ നാടു ഏതു? നീ ഏതു ജാതിക്കാരൻ? എന്നു ചോദിച്ചു.
അപ്പോൾ അവർ യോനായോട് ആവശ്യപ്പെട്ടു, “പറയൂ, ഈ അത്യാപത്ത് നമ്മുടെമേൽ വന്നതിന് കാരണക്കാരൻ ആരാണ്? നിന്റെ തൊഴിൽ എന്താണ്? നീ എവിടെനിന്നു വരുന്നു? നിന്റെ രാജ്യം ഏതാണ്? ഏതു ജനതയിൽ ഉൾപ്പെട്ടവനാണ് നീ?”
9 അതിന്നു അവൻ അവരോടു: ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വൎഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.
“ഞാൻ ഒരു എബ്രായനാണ്, കടലിനെയും കരയെയും സൃഷ്ടിച്ച സ്വർഗീയനായ ദൈവമായ യഹോവയെ ഞാൻ ആരാധിക്കുന്നു,” അദ്ദേഹം അവരോടു മറുപടി പറഞ്ഞു.
10 ആ പുരുഷന്മാർ അത്യന്തം ഭയപ്പെട്ടു അവനോടു: നീ എന്തിന്നു അങ്ങനെ ചെയ്തു എന്നു പറഞ്ഞു. അവൻ അവരോടു അറിയിച്ചിരുന്നതുകൊണ്ടു അവൻ യഹോവയുടെ സന്നിധിയിൽനിന്നു ഓടിപ്പോകുന്നു എന്നു അവർ അറിഞ്ഞു.
അപ്പോൾ അവർ ഭയവിഹ്വലരായി അദ്ദേഹത്തോട്, “നീ എന്തിനിങ്ങനെ ചെയ്തു?” എന്നു ചോദിച്ചു—യോനാ യഹോവയുടെ സന്നിധിയിൽനിന്ന് ഓടിപ്പോകുകയാണ് എന്ന് അദ്ദേഹം അവരോടു പറഞ്ഞിരുന്നതിനാൽ ഇക്കാര്യം അവർക്ക് അറിയാമായിരുന്നു.
11 എന്നാൽ സമുദ്രം മേല്ക്കുമേൽ അധികം കോപിച്ചതുകൊണ്ടു അവർ അവനോടു: സമുദ്രം അടങ്ങുവാന്തക്കവണ്ണം ഞങ്ങൾ നിന്നോടു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.
കടൽക്ഷോഭം കൂടുതൽ ശക്തമായിക്കൊണ്ടിരുന്നതിനാൽ അവർ അദ്ദേഹത്തോട്: “കടൽ ശാന്തമാകേണ്ടതിന് ഞങ്ങൾ നിന്നെ എന്തു ചെയ്യണം?” എന്നു ചോദിച്ചു.
12 അവൻ അവരോടു: എന്നെ എടുത്തു സമുദ്രത്തിൽ ഇട്ടുകളവിൻ; അപ്പോൾ സമുദ്രം അടങ്ങും; എന്റെനിമിത്തം ഈ വലിയ കോൾ നിങ്ങൾക്കു തട്ടിയിരിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
“എന്നെ എടുത്ത് കടലിലേക്ക് എറിഞ്ഞുകളയുക, അപ്പോൾ കടൽ ശാന്തമാകും,” അദ്ദേഹം മറുപടി പറഞ്ഞു, “ഈ കൊടുങ്കാറ്റ് നിങ്ങളുടെമേൽ ആഞ്ഞടിക്കുന്നത് എന്റെ കുറ്റം നിമിത്തമാണ് എന്ന് എനിക്കറിയാം.”
13 എന്നാൽ അവർ കരെക്കു അടുക്കേണ്ടതിന്നു മുറുകെ തണ്ടുവലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോൾ പെരുകി വന്നതുകൊണ്ടു അവൎക്കു സാധിച്ചില്ല.
അവർ സർവശക്തിയും ഉപയോഗിച്ചു കപ്പൽ കരയ്ക്കടുപ്പിക്കേണ്ടതിന് തുഴഞ്ഞു എങ്കിലും കടൽക്ഷോഭം വർധിച്ചുകൊണ്ടിരുന്നതിനാൽ അവർക്കതിനു സാധിച്ചില്ല.
14 അവർ യഹോവയോടു നിലവിളിച്ചു: അയ്യോ യഹോവേ, ഈ മനുഷ്യന്റെ ജീവൻനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; നിൎദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്കു ഇഷ്ടമായതുപോലെ നീ ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
അപ്പോൾ അവർ യഹോവയോടു നിലവിളിച്ചപേക്ഷിച്ചു: “യഹോവേ, ഈ മനുഷ്യന്റെ കുറ്റംനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; ഒരു നിർദോഷിയെ കൊലചെയ്തു എന്ന പാതകം ഞങ്ങളുടെമേൽ വരുത്തരുതേ!” എന്നപേക്ഷിച്ചു; “യഹോവേ, അങ്ങയുടെ ഇഷ്ടംപോലെ അങ്ങ് ചെയ്തിരിക്കുന്നല്ലോ.”
15 പിന്നെ അവർ യോനയെ എടുത്തു സമുദ്രത്തിൽ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു.
പിന്നെ അവർ യോനായെ എടുത്തു കടലിൽ എറിഞ്ഞു, ഉടൻതന്നെ കടൽ ശാന്തമാകുകയും ചെയ്തു.
16 അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ടു യഹോവെക്കു യാഗം കഴിച്ചു നേൎച്ചകളും നേൎന്നു.
അപ്പോൾ അവർ യഹോവയെ അത്യധികം ഭയപ്പെട്ടു; യഹോവയ്ക്ക് അവർ യാഗം അർപ്പിക്കുകയും നേർച്ചകൾ നേരുകയും ചെയ്തു.
17 യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.
യോനായെ വിഴുങ്ങാൻ ഒരു മഹാമത്സ്യത്തെ യഹോവ നിയോഗിച്ചു. അങ്ങനെ യോനാ മൂന്നുപകലും മൂന്നുരാവും ആ മത്സ്യത്തിന്റെ വയറ്റിൽ ആയിരുന്നു.

< യോനാ 1 >