< ഇയ്യോബ് 7 >

1 മൎത്യന്നു ഭൂമിയിൽ യുദ്ധസേവയില്ലയോ? അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നേ.
“മനുഷ്യനു ഭൂമിയിൽ വിധിച്ചിട്ടുള്ളത് കഠിനാധ്വാനമല്ലേ? അവരുടെ ദിവസങ്ങൾ കൂലിക്കാരുടെ ദിവസങ്ങൾപോലെയല്ലേ?
2 വേലക്കാരൻ നിഴൽ വാഞ്ഛിക്കുന്നതുപോലെയും കൂലിക്കാരൻ കൂലിക്കു കാത്തിരിക്കുന്നതുപോലെയും
ഒരു അടിമ അന്തിവെയിൽ ആഗ്രഹിക്കുന്നതുപോലെയും തൊഴിലാളികൾ തങ്ങളുടെ കൂലിക്കായി കാത്തിരിക്കുന്നതുപോലെയും
3 വ്യൎത്ഥമാസങ്ങൾ എനിക്കു അവകാശമായ്‌വന്നു, കഷ്ടരാത്രികൾ എനിക്കു ഓഹരിയായ്തീൎന്നു.
വ്യർഥമാസങ്ങൾ എനിക്ക് ഓഹരിയായി ലഭിച്ചിരിക്കുന്നു; കഷ്ടതയുടെ രാത്രികൾ എനിക്കു നിയമിക്കപ്പെട്ടിരിക്കുന്നു.
4 കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്ക്കും എന്നു പറയുന്നു; രാത്രിയോ ദീൎഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നേ പണി.
കിടക്കുമ്പോൾ, ‘എനിക്ക് ഉണരാൻ എത്ര നേരമുണ്ട്?’ എന്നതാണ് എന്റെ ചിന്ത. എന്നാൽ രാത്രി നിരങ്ങിനീങ്ങുന്നു, അരുണോദയംവരെയും ഞാൻ കിടന്നുരുളുന്നു.
5 എന്റെ ദേഹം പുഴുവും മൺകട്ടയും ഉടുത്തിരിക്കുന്നു. എന്റെ ത്വക്കിൽ പുൺവായ്കൾ അടഞ്ഞു വീണ്ടും പഴുത്തുപൊട്ടുന്നു.
എന്റെ ശരീരം പുഴുവും പൊറ്റനും പൊതിഞ്ഞിരിക്കുന്നു; എന്റെ ത്വക്കു വരണ്ടുപൊട്ടുകയും പഴുത്തൊലിക്കുകയും ചെയ്യുന്നു.
6 എന്റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളതു; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.
“എന്റെ ദിവസങ്ങൾ നെയ്ത്തുകാരന്റെ ഓടത്തെക്കാൾ വേഗമുള്ളത്; പ്രതീക്ഷയ്ക്കു വകയില്ലാതെ അവ നിലയ്ക്കുന്നു.
7 എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോൎക്കേണമേ; എന്റെ കണ്ണു ഇനി നന്മയെ കാണുകയില്ല.
ദൈവമേ, എന്റെ ജീവൻ ഒരു ശ്വാസംമാത്രമെന്ന് ഓർക്കണമേ; എന്റെ കണ്ണുകൾ ഇനിയൊരിക്കലും ആനന്ദം കാണുകയില്ല.
8 എന്നെ കാണുന്നവന്റെ കണ്ണു ഇനി എന്നെ കാണുകയില്ല; നിന്റെ കണ്ണു എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.
എന്നെ ഇപ്പോൾ കാണുന്നവരുടെ കണ്ണുകൾ മേലിൽ എന്നെ കാണുകയില്ല; നിങ്ങൾ എന്നെ അന്വേഷിക്കും; എന്നാൽ ഞാൻ ഉണ്ടായിരിക്കുകയില്ല.
9 മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല. (Sheol h7585)
ഒരു മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ ശവക്കുഴിയിലേക്കിറങ്ങുന്നവനും തിരികെ വരുന്നില്ല. (Sheol h7585)
10 അവൻ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്റെ ഇടം ഇനി അവനെ അറികയുമില്ല.
അവർ തങ്ങളുടെ വസതികളിലേക്കു തിരിച്ചെത്തുന്നില്ല; അവരുടെ സ്ഥലം ഇനിമേൽ അവരെ അറിയുകയുമില്ല.
11 ആകയാൽ ഞാൻ എന്റെ വായടെക്കയില്ല; എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.
“അതിനാൽ ഞാനിനി നിശ്ശബ്ദനായിരിക്കുകയില്ല; ആത്മവ്യഥയോടുകൂടിത്തന്നെ ഞാൻ സംസാരിക്കും, മനോവേദനയാൽ ഞാൻ ആവലാതിപ്പെടും.
12 നീ എനിക്കു കാവലാക്കേണ്ടതിന്നു ഞാൻ കടലോ കടലാനയോ ആകുന്നുവോ?
അവിടന്ന് എനിക്കൊരു കാവൽ നിർത്താൻ ഞാൻ കടലോ കടലിലെ ഭീകരസത്വമോ?
13 എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാൻ പറഞ്ഞാൽ
എന്റെ കിടക്ക എന്നെ ആശ്വസിപ്പിക്കും; എന്റെ കട്ടിൽ എന്റെ ആവലാതികൾക്കു പരിഹാരം നൽകും എന്നു ഞാൻ പറഞ്ഞാൽ,
14 നീ സ്വപ്നംകൊണ്ടു എന്നെ അരട്ടുന്നു; ദൎശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.
അവിടന്ന് സ്വപ്നങ്ങളാൽ എന്നെ ഭയപ്പെടുത്തുകയും ദർശനങ്ങളാൽ എന്നെ സംഭ്രാന്തിയിലാഴ്ത്തുകയും ചെയ്യുന്നു.
15 ആകയാൽ ഞാൻ ഞെക്കിക്കുലയും ഈ അസ്ഥിക്കൂടത്തെക്കാൾ മരണവും തിരഞ്ഞെടുക്കുന്നു.
എന്നെ കഴുത്തുഞെരിച്ചു കൊല്ലുന്നത് എനിക്ക് അധികം ആശ്വാസകരം; ജീവിതത്തെക്കാൾ മരണം എനിക്ക് അഭികാമ്യം.
16 ഞാൻ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.
എന്റെ ജീവിതത്തെ ഞാൻ വെറുക്കുന്നു; ഞാൻ എന്നേക്കും ജീവിച്ചിരിക്കുകയില്ലല്ലോ. എന്നെ വെറുതേവിടുക; എന്റെ ദിവസങ്ങൾ ഒരർഥവും ഇല്ലാത്തതാണല്ലോ.
17 മൎത്യനെ നീ ഗണ്യമാക്കേണ്ടതിന്നും അവന്റെമേൽ ദൃഷ്ടിവെക്കേണ്ടതിന്നും
“അവിടത്തെ ആദരവു ലഭിക്കാൻ മനുഷ്യർക്ക് എന്തു യോഗ്യത? അവരുടെമേൽ അതീവ ശ്രദ്ധചെലുത്തുന്നതിനും.
18 അവനെ രാവിലെതോറും സന്ദൎശിച്ചു മാത്രതോറും പരീക്ഷിക്കേണ്ടതിന്നും അവൻ എന്തുള്ളു?
പ്രഭാതംതോറും അവരെ പരിശോധിക്കുന്നതിനും നിമിഷംതോറും പരീക്ഷിക്കുന്നതിനും അവർ എന്തുള്ളൂ?
19 നീ എത്രത്തോളം നിന്റെ നോട്ടം എങ്കൽ നിന്നു മാറ്റാതിരിക്കും? ഞാൻ ഉമിനീർ ഇറക്കുവോളം എന്നെ വിടാതെയുമിരിക്കും?
അവിടത്തെ നോട്ടം എന്നിൽനിന്ന് ഒരിക്കലും പിൻവലിക്കുകയില്ലേ? ഞാൻ ഉമിനീർ ഇറക്കുന്ന സമയംവരെപ്പോലും എന്നെ വെറുതേ വിടുകയില്ലേ?
20 ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ നിനക്കെന്തു ചെയ്യുന്നു? ഞാൻ എനിക്കു തന്നേ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്കു ലക്ഷ്യമായി വെച്ചിരിക്കുന്നതെന്തു?
മനുഷ്യരുടെ കാവൽക്കാരാ, ഞാൻ പാപം ചെയ്തുവോ? എന്ത് അവിഹിതമാണ് ഞാൻ അങ്ങേക്കെതിരേ ചെയ്തത്? അങ്ങ് എന്നെ ലക്ഷ്യം വെക്കുന്നതെന്തിന്? ഞാൻ അങ്ങേക്ക് ഒരു ഭാരമായിമാറിയിട്ടുണ്ടോ?
21 എന്റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്തു? ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും; നീ എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും.
അങ്ങനെയെങ്കിൽ എന്തുകൊണ്ട് എന്റെ ലംഘനം പൊറുക്കുകയും എന്റെ പാപം ക്ഷമിക്കുകയും ചെയ്യുന്നില്ല? ഞാൻ ഇപ്പോൾത്തന്നെ പൊടിയിൽ കിടക്കും; അങ്ങ് എന്നെ അന്വേഷിക്കും, എന്നാൽ ഞാൻ ജീവനോടെ ഉണ്ടായിരിക്കുകയില്ല.”

< ഇയ്യോബ് 7 >