< ഇയ്യോബ് 36 >
1 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:
൧എലീഹൂ പിന്നെയും പറഞ്ഞത്:
2 അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.
൨“അല്പം ക്ഷമിക്കുക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന് വേണ്ടി ഇനിയും ചില വാക്കുകൾ പറയുവാനുണ്ട്.
3 ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.
൩ഞാൻ ദൂരത്തുനിന്ന് അറിവ് കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്റെ നീതിയെ അറിയിക്കും.
4 എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
൪എന്റെ വാക്ക് കള്ളമല്ല നിശ്ചയം; അറിവ് തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
5 ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നേ.
൫ദൈവം ബലവാനാണെങ്കിലും ആരെയും നിരസിക്കുന്നില്ല; അവിടുന്ന് വിവേകശക്തിയിലും ബലവാൻ തന്നെ.
6 അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാൎക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു.
൬അവിടുന്ന് ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാർക്ക് അവിടുന്ന് ന്യായം നടത്തിക്കൊടുക്കുന്നു.
7 അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയൎന്നിരിക്കുന്നു.
൭അവിടുന്ന് നീതിമാന്മാരിൽനിന്ന് തന്റെ നോട്ടം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടി അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയർന്നിരിക്കുന്നു.
8 അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ
൮അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ
9 അവൻ അവൎക്കു അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.
൯അവിടുന്ന് അവർക്ക് അവരുടെ പ്രവൃത്തിയും അഹങ്കാരത്താൽ പ്രവർത്തിച്ച ലംഘനങ്ങളും കാണിച്ചുകൊടുക്കും.
10 അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു.
൧൦അവിടുന്ന് അവരുടെ ചെവി പ്രബോധനത്തിന് തുറക്കുന്നു; അവർ നീതികേട് വിട്ടുതിരിയുവാൻ കല്പിക്കുന്നു.
11 അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
൧൧അവർ കേട്ടനുസരിച്ച് അവിടുത്തെ സേവിച്ചാൽ അവരുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
12 കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.
൧൨കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.
13 ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല.
൧൩ദൈവത്തെ ഹൃദയംകൊണ്ട് വിശ്വസിക്കാത്തവര്‍ കോപം സംഗ്രഹിച്ചു വയ്ക്കുന്നു; അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷക്കായി നിലവിളിക്കുന്നില്ല.
14 അവർ യൌവനത്തിൽ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവൻ ദുൎന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.
൧൪അവർ യൗവനത്തിൽ തന്നെ മരിച്ചു പോകുന്നു; അവരുടെ ജീവൻ അപമാനത്താൽ നശിക്കുന്നു.
15 അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയിൽ തന്നേ അവരുടെ ചെവി തുറക്കുന്നു.
൧൫അവിടുന്ന് പീഡിതനെ അവന്റെ പീഡയാൽ വിടുവിക്കുന്നു; അനർഥങ്ങൾകൊണ്ടുതന്നെ അവരുടെ ചെവി തുറക്കുന്നു.
16 നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു.
൧൬നിന്നെയും അവിടുന്ന് കഷ്ടതയുടെ വാളിൽനിന്ന് ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു.
17 നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.
൧൭നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.
18 കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഓൎത്തു നീ തെറ്റിപ്പോകയുമരുതു.
൧൮കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്; മോചനദ്രവ്യത്തിന്റെ വലിപ്പം ഓർത്ത് നീ തെറ്റിപ്പോകുകയുമരുത്.
19 കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങൾ ഒക്കെയും മതിയാകുമോ?
൧൯കഷ്ടത്തിൽ അകപ്പെടാതിരിക്കുവാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങളും മതിയാകുമോ?
20 ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.
൨൦ജനതകൾ തങ്ങളുടെ സ്ഥലത്തുവച്ച് മുടിഞ്ഞുപോകുന്ന രാത്രിയെ നീ ആഗ്രഹിക്കരുത്.
21 സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു.
൨൧സൂക്ഷിച്ചുകൊള്ളുക; നീതികേടിലേക്ക് തിരിയരുത്; കഷ്ടതയാൽ പരീക്ഷിക്കപ്പെടുന്നതുകൊണ്ട് നീ പാപത്തിൽനിന്ന് ഒഴിഞ്ഞിരിക്കുക.
22 ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവൎത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?
൨൨ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവിടുത്തോട് തുല്യനായ ഉപദേശകൻ ആരുള്ളു?
23 അവനോടു അവന്റെ വഴിയെ കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്നു അവനോടു ആൎക്കു പറയാം?
൨൩ദൈവത്തോട് അവിടുത്തെ വഴിയെ കല്പിച്ചതാര്? അവിടുന്ന് നീതികേട് ചെയ്തു എന്ന് അവിടുത്തോട് ആർക്ക് പറയാം?
24 അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓൎത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു.
൨൪അവിടുത്തെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊള്ളുക; അതിനെക്കുറിച്ചല്ലയോ മനുഷ്യർ പാടിയിരിക്കുന്നത്.
25 മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മൎത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
൨൫മനുഷ്യരെല്ലാം അതുകണ്ട് രസിക്കുന്നു; ദൂരത്തുനിന്ന് മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
26 നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
൨൬നമുക്ക് അറിഞ്ഞുകൂടാത്തവിധം ദൈവം അത്യുന്നതൻ; അവിടുത്തെ ആണ്ടുകളുടെ സംഖ്യ എണ്ണമറ്റത്.
27 അവൻ നീൎത്തുള്ളികളെ ആകൎഷിക്കുന്നു; അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു.
൨൭അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു; അവിടുത്തെ ആവിയാൽ അവ മഴയായി പെയ്യുന്നു.
28 മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.
൨൮മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.
29 ആൎക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
൨൯ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവിടുത്തെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
30 അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു.
൩൦ദൈവം തന്റെ ചുറ്റും പ്രകാശം വിതറുന്നു; സമുദ്രത്തെ ഇരുട്ടുകൊണ്ട് മൂടുന്നു.
31 ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.
൩൧ഇങ്ങനെ അവിടുന്ന് ജനതകളെ പോറ്റുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.
32 അവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
൩൨അവിടുന്ന് മിന്നൽകൊണ്ട് തൃക്കൈ നിറയ്ക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
33 അതിന്റെ മുഴക്കം അവനെയും കന്നുകാലികൾ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.
൩൩അതിന്റെ മുഴക്കം അവിടുത്തെയും കന്നുകാലികൾ എഴുന്നെള്ളുന്നവനെക്കുറിച്ച് അറിവു തരുന്നു.