< ഇയ്യോബ് 20 >
1 അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:
അപ്പോൾ നാമാത്യനായ സോഫർ ഇങ്ങനെ പറഞ്ഞു:
2 ഉത്തരം പറവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ തത്രപ്പാടു ഹേതുവായിട്ടു തന്നേ.
“എന്റെ അസ്വസ്ഥചിന്തകൾ ഉത്തരം പറയാൻ എന്നെ പ്രേരിപ്പിക്കുന്നു കാരണം ഞാൻ അത്രമാത്രം അസ്വസ്ഥനായിരിക്കുന്നു.
3 എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു; എന്നാൽ ആത്മാവു എന്റെ വിവേകത്തിൽ നിന്നു ഉത്തരം പറയുന്നു.
എന്നെ നിന്ദിക്കുന്ന ശാസനകൾ ഞാൻ കേട്ടു; എന്റെ വിവേകപൂർവമായ ആത്മാവ് എന്നെക്കൊണ്ടു മറുപടി പറയിക്കുന്നു.
4 മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ?
“പുരാതനകാലംമുതലേ നടപ്പുള്ള കാര്യം നീ അറിയുന്നില്ലേ, ഭൂമുഖത്ത് മനുഷ്യജാതിയെ ആക്കിയ കാലംമുതലുള്ളവതന്നെ,
5 ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.
ദുഷ്ടരുടെ വിജയഭേരി ഹ്രസ്വകാലത്തേക്കേയുള്ളൂ; അഭക്തരുടെ സന്തോഷം ക്ഷണികവുമാണ്.
6 അവന്റെ മഹിമ ആകാശത്തോളം ഉയൎന്നാലും അവന്റെ തല മേഘങ്ങളോളം എത്തിയാലും
അഭക്തരുടെ അഹന്ത ആകാശംവരെ എത്തിയാലും അവരുടെ ശിരസ്സു മേഘങ്ങളെ തൊട്ടുരുമ്മിനിന്നാലും,
7 അവൻ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും.
തങ്ങളുടെ വിസർജ്യംപോലെ അവർ എന്നേക്കുമായി നാശമടയും; അവരുടെ മുൻപരിചയക്കാർ, ‘അവർ എവിടെ?’ എന്നു ചോദിക്കും.
8 അവൻ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവൻ രാത്രിദൎശനംപോലെ പാറിപ്പോകും.
ഒരു സ്വപ്നംപോലെ അവർ പാറിപ്പോകും; പിന്നീടൊരിക്കലും കാണാൻപറ്റാത്ത വിധത്തിൽത്തന്നെ, ഒരു നിശാദർശനംപോലെ അവർ തുടച്ചുനീക്കപ്പെടുന്നു.
9 അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല; അവന്റെ ഇടം ഇനി അവനെ ദൎശിക്കയുമില്ല.
അവരെ കണ്ടിട്ടുള്ള കണ്ണുകൾ അവരെ പിന്നീടു കാണുകയില്ല; അവർ ആയിരുന്ന ഇടം പിന്നെ അവരെ തിരിച്ചറിയുകയുമില്ല.
10 അവന്റെ മക്കൾ ദരിദ്രന്മാരോടു കൃപ യാചിക്കും; അവന്റെ കൈ തന്നേ അവന്റെ സമ്പത്തു മടക്കിക്കൊടുക്കും.
അവരുടെ മക്കൾ ദരിദ്രരോട് സഹായം അഭ്യർഥിക്കും; അവരുടെ കൈകൊണ്ടുതന്നെ തങ്ങളുടെ ധനം മടക്കിക്കൊടുക്കേണ്ടിവരും.
11 അവന്റെ അസ്ഥികളിൽ യൌവനം നിറഞ്ഞിരിക്കുന്നു; അവ അവനോടുകൂടെ പൊടിയിൽ കിടക്കും.
അവരുടെ അസ്ഥികളിൽ യൗവനതേജസ്സു നിറഞ്ഞിരിക്കുന്നു; എങ്കിലും അത് അവരോടൊപ്പം മണ്ണടിയും.
12 ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും അവൻ അതു നാവിൻ കീഴെ മറെച്ചുവെച്ചാലും
“അധർമം അവരുടെ വായ്ക്കു രുചികരമായിരിക്കുകയും തങ്ങളുടെ നാവിൻകീഴേ അവർ അത് ഒളിച്ചുവെക്കുകയും,
13 അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും
അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ വായ്ക്കുള്ളിൽത്തന്നെ സൂക്ഷിച്ചുവെക്കുകയും ചെയ്താലും,
14 അവന്റെ ആഹാരം അവന്റെ കുടലിൽ പരിണമിച്ചു അവന്റെ ഉള്ളിൽ സൎപ്പവിഷമായിത്തീരും.
അവരുടെ ഉദരത്തിൽ അതു പുളിച്ചുപോകും സർപ്പവിഷമായി അതു പരിണമിക്കും.
15 അവൻ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛൎദ്ദിക്കേണ്ടിവരും; ദൈവം അതു അവന്റെ വയറ്റിൽനിന്നു പുറത്താക്കിക്കളയും.
അവർ വിഴുങ്ങിയ എല്ലാ സമ്പത്തും അവർക്കു ഛർദിക്കേണ്ടിവരും; ദൈവം അവരുടെ കുടലിൽനിന്ന് അതെല്ലാം പുറത്തേക്കു വമിപ്പിക്കും.
16 അവൻ സൎപ്പവിഷം നുകരും; അണലിയുടെ നാവു അവനെ കൊല്ലും.
അവർ സർപ്പവിഷം നുണയും; അണലിയുടെ കടിയേറ്റു മരണമടയും.
17 തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവൻ കണ്ടു രസിക്കയില്ല.
തേനും വെണ്ണയും ഒഴുകുന്ന നദികളും അരുവികളും അവർക്ക് ആസ്വാദ്യമാകുകയില്ല.
18 തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താൻ നേടിയ വസ്തുവകെക്കു ഒത്തവണ്ണം സന്തോഷിക്കയുമില്ല.
അവർ സമ്പാദിച്ചത് അനുഭവിക്കാതെ മടക്കിക്കൊടുക്കേണ്ടിവരുന്നു; തങ്ങളുടെ വ്യാപാരത്തിൽനിന്നുള്ള സമ്പാദ്യം അവർ ആസ്വദിക്കുകയുമില്ല.
19 അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു; താൻ പണിയാത്ത വീടു അപഹരിച്ചു.
കാരണം, അവർ ദരിദ്രരെ പീഡിപ്പിക്കുകയും അനാഥരെ ഉപേക്ഷിച്ചുകളയുകയും ചെയ്തു; തങ്ങൾ പണിയാത്ത വീട് അവൻ പിടിച്ചെടുത്തു.
20 അവന്റെ കൊതിക്കു പതംവരായ്കയാൽ അവൻ തന്റെ മനോഹരധനത്തോടുകൂടെ രക്ഷപ്പെടുകയില്ല.
“അവരുടെ അത്യാഗ്രഹത്തിന് അവസാനം വരികയില്ല; തങ്ങളുടെ നിക്ഷേപങ്ങൾക്ക് അവരെ സംരക്ഷിക്കാൻ കഴിയുകയില്ല.
21 അവൻ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല; അതുകൊണ്ടു അവന്റെ അഭിവൃദ്ധി നിലനില്ക്കയില്ല.
അവർക്കു വെട്ടിവിഴുങ്ങുന്നതിനായി ഒന്നുംതന്നെ ശേഷിക്കുകയില്ല; അവരുടെ ഐശ്വര്യം നിലനിൽക്കുകയില്ല.
22 അവന്റെ സമൃദ്ധിയുടെ പൂൎണ്ണതയിൽ അവന്നു ഞെരുക്കം ഉണ്ടാകും; അരിഷ്ടന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും.
അവരുടെ സമൃദ്ധിയുടെ നിറവിൽ, ദുരിതം അവരെ കീഴ്പ്പെടുത്തും; അതിവ്യഥ പൂർണശക്തിയോടെ അവരുടെമേൽ വീഴും.
23 അവൻ വയറു നിറെക്കുമ്പോൾ തന്നേ ദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയക്കും; അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വൎഷിപ്പിക്കും.
അവർ തങ്ങളുടെ വയറുനിറയ്ക്കുമ്പോൾ, ദൈവം തന്റെ ക്രോധാഗ്നി അവരിലേക്കു തുറന്നുവിടും അവിടത്തെ പ്രഹരം ഒരു മഴപോലെ അവരുടെമേൽ വർഷിക്കും.
24 അവൻ ഇരിമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനിൽ അസ്ത്രം തറെപ്പിക്കും.
ഇരുമ്പായുധത്തിൽനിന്ന് അവർ വഴുതി രക്ഷപ്പെട്ടേക്കാം, അപ്പോൾ വെള്ളോട്ടിൻ അസ്ത്രം അവരുടെമേൽ തുളച്ചുകയറും.
25 അവൻ പറിച്ചിട്ടു അതു അവന്റെ ദേഹത്തിൽനിന്നു പുറത്തുവരുന്നു; മിന്നുന്ന മുന അവന്റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു; ഘോരത്വങ്ങൾ അവന്റെമേൽ ഇരിക്കുന്നു.
അത് അവരുടെ ശരീരത്തിന്റെ പിൻഭാഗത്തുകൂടി വലിച്ചൂരപ്പെടും, അതിന്റെ വെട്ടിത്തിളങ്ങുന്ന മുന അവരുടെ കരൾ ഭേദിക്കും. മരണഭീതി അവർക്കുമേൽ വന്നുവീഴും;
26 അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്കു അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;
അവരുടെ നിക്ഷേപങ്ങൾക്കായി ഘോരാന്ധകാരം പതിയിരിക്കുന്നു. വീശിക്കത്തിക്കാത്ത അഗ്നി അവരെ ദഹിപ്പിക്കും, അവരുടെ കൂടാരങ്ങളിൽ അവശേഷിച്ചവയെ അതു വിഴുങ്ങിക്കളയും.
27 ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവനോടു എതിൎത്തുനില്ക്കും.
ആകാശം അവരുടെ അനീതി വെളിപ്പെടുത്തും; ഭൂമി അവർക്കെതിരേ എഴുന്നേൽക്കും.
28 അവന്റെ വീട്ടിലെ വരവു പോയ്പോകും; അവന്റെ കോപത്തിന്റെ ദിവസത്തിൽ അതു ഒഴുകിപ്പോകും.
പെരുവെള്ളപ്പാച്ചിൽ അവരുടെ ഭവനം ഒഴുക്കിക്കൊണ്ടുപോകും, ദൈവക്രോധദിവസത്തിലെ ആ മഹാപ്രവാഹംതന്നെ.
29 ഇതു ദുഷ്ടന്നു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവന്നു നിയമിച്ച അവകാശവും ആകുന്നു.
ഇതു ദുഷ്ടർക്കു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവർക്കായി നിയമിച്ചിട്ടുള്ള ഭാഗധേയവുമാണ്.”