< ഇയ്യോബ് 12 >
1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
അപ്പോൾ ഇയ്യോബ് ഉത്തരം പറഞ്ഞു:
2 ഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം! നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും.
“നിങ്ങൾമാത്രമാണ് ജ്ഞാനികൾ; നിങ്ങളോടൊപ്പംതന്നെ ജ്ഞാനവും മരിക്കും.
3 നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ടു; നിങ്ങളെക്കാൾ ഞാൻ അധമനല്ല; ആൎക്കാകുന്നു ഈവക അറിഞ്ഞുകൂടാത്തതു?
എന്നാൽ നിങ്ങളെപ്പോലെതന്നെ എനിക്കും ബുദ്ധിയുണ്ട്; ഞാൻ നിങ്ങളെക്കാൾ ഒട്ടും മോശവുമല്ല. ഈ കാര്യങ്ങൾ ആർക്കാണ് അറിഞ്ഞുകൂടാത്തത്?
4 ദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാൻ എന്റെ സഖിക്കു പരിഹാസവിഷയമായിത്തീൎന്നു; നീതിമാനും നഷ്കളങ്കനുമായവൻ തന്നേ പരിഹാസവിഷയമായിത്തീൎന്നു.
“ഞാൻ ദൈവത്തെ വിളിച്ചു, അവിടന്ന് ഉത്തരമരുളുകയും ചെയ്തു, എന്നാൽ ഞാൻ എന്റെ സ്നേഹിതന്മാർക്ക് ഒരു പരിഹാസപാത്രമാണ്; നീതിനിഷ്ഠനും നിഷ്കളങ്കനുമെങ്കിലും ഒരു പരിഹാസവിഷയംതന്നെ!
5 വിപത്തു നിന്ദ്യം എന്നു സുഖിയന്റെ വിചാരം; കാൽ ഇടറുന്നവൎക്കു അതു ഒരുങ്ങിയിരിക്കുന്നു.
സുഖലോലുപൻ ആപത്തു വെറുക്കുന്നു; കാലിടറുന്നവരെയാണ് വിനാശം കാത്തിരിക്കുന്നത്.
6 പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ ശുഭമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവർ നിൎഭയമായ്‌വസിക്കുന്നു; അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.
കവർച്ചക്കാരുടെ കൂടാരങ്ങൾ സ്വസ്ഥമായിരിക്കുന്നു, ദൈവത്തെ പ്രകോപിപ്പിക്കുന്നവർ സുരക്ഷിതരായും ഇരിക്കുന്നു— അവരുടെ കരങ്ങളിലാണ് ദൈവം എന്ന് അവർ ചിന്തിക്കുന്നു!
7 മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും;
“എന്നാൽ മൃഗങ്ങളോടു ചോദിക്കുക, അവ നിന്നെ പഠിപ്പിക്കും അല്ലെങ്കിൽ ആകാശത്തിലെ പക്ഷികളോടു ചോദിക്കുക, അവ നിന്നോടു സംസാരിക്കും;
8 അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.
നീ ഭൂമിയോടു സംസാരിക്കുക, അതു നിനക്ക് ആലോചന പറഞ്ഞുതരും അതുമല്ലെങ്കിൽ സമുദ്രത്തിലെ മത്സ്യങ്ങൾ നിനക്ക് അറിവു തരട്ടെ.
9 യഹോവയുടെ കൈ ഇതു പ്രൎത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാർ?
യഹോവയുടെ കൈ ഇതു ചെയ്തുവെന്ന് ഇവയിൽ ഏതിനാണ് അറിവില്ലാത്തത്?
10 സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവൎഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യിൽ ഇരിക്കുന്നു.
എല്ലാ ജീവജാലങ്ങളുടെയും ജീവൻ നിലനിൽക്കുന്നത് അവിടത്തെ കരങ്ങളിൽ ആണല്ലോ, സകലമനുഷ്യരുടെയും ശ്വാസം നിയന്ത്രിക്കുന്നതും അവിടന്നാണ്.
11 ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാക്കു ഭക്ഷണം രുചിനോക്കുന്നില്ലയോ?
നാവ് ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിയുന്നതുപോലെ, ചെവി വാക്കുകൾ വിവേചിക്കുന്നില്ലേ?
12 വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ടു.
വയോധികരിൽ ജ്ഞാനം കാണാതിരിക്കുമോ? ആയുർദൈർഘ്യത്തോടൊപ്പം വിവേകം ആർജിക്കാതിരിക്കുമോ?
13 ജ്ഞാനവും ശക്തിയും അവന്റെ പക്കൽ, ആലോചനയും വിവേകവും അവന്നുള്ളതു.
“ജ്ഞാനവും ശക്തിയും ദൈവത്തിനുള്ളത്; ആലോചനയും വിവേകവും അവിടത്തേക്കുള്ളത്.
14 അവൻ ഇടിച്ചുകളഞ്ഞാൽ ആൎക്കും പണിതുകൂടാ; അവൻ മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല.
അവിടന്ന് തകർക്കുന്നതിനെ പുനരുദ്ധരിക്കാൻ സാധ്യമല്ല; അവിടന്ന് തടവിലാക്കുന്നവരെ മോചിപ്പിക്കുക അസാധ്യം.
15 അവൻ വെള്ളം തടുത്തുകളഞ്ഞാൽ അതു വറ്റിപ്പോകുന്നു; അവൻ വിട്ടയച്ചാൽ അതു ഭൂമിയെ മറിച്ചുകളയുന്നു.
അവിടന്നു മഴ മുടക്കിയാൽ, വരൾച്ചയുണ്ടാകുന്നു; അവിടന്ന് അതിനെ തുറന്നുവിട്ടാൽ അതു ഭൂമിയെ മുക്കിക്കളയുന്നു.
16 അവന്റെ പക്കൽ ശക്തിയും സാഫല്യവും ഉണ്ടു; വഞ്ചിതനും വഞ്ചകനും അവന്നുള്ളവർ.
ശക്തിയും ജ്ഞാനവും അവിടത്തേക്കുള്ളത്; വഞ്ചിതരും വഞ്ചകരും അവിടത്തേക്കുള്ളവർതന്നെ.
17 അവൻ മന്ത്രിമാരെ കവൎച്ചയായി കൊണ്ടു പോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.
അവിടന്ന് ഭരണാധിപരെ നഗ്നരാക്കി കൊണ്ടുപോകുന്നു, ന്യായാധിപരെ വിഡ്ഢിവേഷംകെട്ടിക്കുന്നു.
18 രാജാക്കന്മാർ ബന്ധിച്ചതിനെ അഴിക്കുന്നു; അവരുടെ അരെക്കു കയറു കെട്ടുന്നു.
രാജാക്കന്മാർ ബന്ധിച്ച വിലങ്ങുകൾ അവിടന്ന് അഴിക്കുന്നു; അവിടന്നു രാജാക്കന്മാരെ കൗപീനധാരികളാക്കുന്നു.
19 അവൻ പുരോഹിതന്മാരെ കവൎച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടുകളയുന്നു.
അവിടന്നു പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; നാളുകളായി അജയ്യരായിരുന്ന ഭരണാധിപരെ അവിടന്ന് അട്ടിമറിക്കുന്നു.
20 അവൻ വിശ്വസ്തന്മാൎക്കു വാക്കു മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.
അവിടന്നു വിശ്വസ്ത ഉപദേശകരെ മൂകരാക്കുകയും വയോധികരുടെ വിവേകം എടുത്തുകളയുകയും ചെയ്യുന്നു.
21 അവൻ പ്രഭുക്കന്മാരുടെമേൽ ധിക്കാരം പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.
അവിടന്നു പ്രഭുക്കന്മാരെ നിന്ദ്യരാക്കുന്നു; ബലശാലികളുടെ അരക്കച്ച അഴിച്ചുകളയുന്നു.
22 അവൻ അഗാധകാൎയ്യങ്ങളെ അന്ധകാരത്തിൽ നിന്നു വെളിച്ചത്താക്കുന്നു; അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു.
അവിടന്ന് അന്ധകാരത്തിന്റെ അഗാധത വെളിപ്പെടുത്തുന്നു; കൂരിരുട്ടിനെ പ്രകാശമായി മാറ്റുന്നു.
23 അവൻ ജാതികളെ വൎദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു; അവൻ ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു.
അവിടന്നു രാഷ്ട്രങ്ങളെ പണിതുയർത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു; അവിടന്നു രാഷ്ട്രങ്ങളെ വിസ്തൃതമാക്കുകയും ചിതറിക്കുകയും ചെയ്യുന്നു.
24 അവൻ ഭൂവാസികളിൽ തലവന്മാരെ ധൈൎയ്യം കെടുക്കുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുന്നു;
അവിടന്നു ഭൂമിയിലെ നേതാക്കന്മാരുടെ വിവേകം ക്ഷയിപ്പിക്കുന്നു; വഴിയില്ലാത്ത ഊഷരഭൂമിയിൽ അവരെ ഉഴലുമാറാക്കുന്നു.
25 അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു; അവൻ മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.
അവർ വെളിച്ചമില്ലാതെ ഇരുളിൽ തപ്പിത്തടയുന്നു; അവിടന്ന് അവരെ മദോന്മത്തരെപ്പോലെ ചാഞ്ചാടി നടക്കുമാറാക്കുന്നു.