< യിരെമ്യാവു 18 >
1 യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
൧യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:
2 നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവെച്ചു ഞാൻ നിന്നെ എന്റെ വചനങ്ങളെ കേൾപ്പിക്കും.
൨“നീ എഴുന്നേറ്റ് കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവച്ച് ഞാൻ നിന്നെ എന്റെ വചനങ്ങൾ കേൾപ്പിക്കും”.
3 അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു.
൩അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു.
4 കുശവൻ കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പാത്രം അവന്റെ കയ്യിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീൎത്തു.
൪കുശവൻ കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ പാത്രം അവന്റെ കയ്യിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു യുക്തമെന്നു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു.
5 അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
൫അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
6 യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‌വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു.
൬“യിസ്രായേൽ ഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്ക് നിങ്ങളോടു ചെയ്യുവാൻ കഴിയുകയില്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്; “യിസ്രായേൽ ഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു.
7 ഞാൻ ഒരു ജാതിയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പിച്ചുകളയും എന്നു അരുളിച്ചെയ്തിട്ടു
൭ഞാൻ ഒരു ജനതയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ ‘അതിനെ ഉന്മൂലനം ചെയ്ത് എറിഞ്ഞ് നശിപ്പിച്ചുകളയും’ എന്നരുളിച്ചെയ്തശേഷം,
8 ഞാൻ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടുതിരിയുന്നുവെങ്കിൽ അതിനോടു ചെയ്‌വാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും.
൮ഞാൻ അങ്ങനെ അരുളിച്ചെയ്ത ജനത അതിന്റെ ദുഷ്ടത വിട്ടുതിരിയുന്നുവെങ്കിൽ അതിനോട് ചെയ്യുവാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും.
9 ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാൻ അതിനെ പണികയും നടുകയും ചെയ്യും എന്നു അരുളിച്ചെയ്തിട്ടു
൯ഒരു ജനതയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ‘ഞാൻ അതിനെ പണിയുകയും നടുകയും ചെയ്യും’ എന്നരുളിച്ചെയ്തിട്ട്
10 അതു എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്കു അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ അവൎക്കു വരുത്തും എന്നു അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും.
൧൦അത് എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്ക് അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ ‘അവർക്ക് വരുത്തും’ എന്നരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും.
11 ആകയാൽ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങൾക്കു ഒരനൎത്ഥം നിൎമ്മിച്ചു, നിങ്ങൾക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങൾ ഓരോരുത്തനും താന്താന്റെ ദുർമ്മാൎഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ.
൧൧അതിനാൽ നീ ചെന്ന് യെഹൂദാപുരുഷന്മാരോടും യെരൂശലേം നിവാസികളോടും പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങൾക്ക് ഒരനർത്ഥം ചിന്തിച്ച്, നിങ്ങൾക്ക് വിരോധമായി ഒരു പദ്ധതി നിനച്ചിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞ് നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ”.
12 അതിന്നു അവർ: ഇതു വെറുതെ; ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവൎത്തിക്കും എന്നു പറഞ്ഞു.
൧൨അതിന് അവർ: “ഇതു വെറുതെ; ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും അവനവന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും” എന്ന് പറഞ്ഞു.
13 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.
൧൩അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജനതകളുടെ ഇടയിൽ ചെന്ന് അന്വേഷിക്കുവിൻ; ഇങ്ങനെയുള്ളത് ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.
14 ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്നു ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമേ?
൧൪ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്ന് ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമോ?
15 എന്റെ ജനമോ എന്നെ മറന്നു മിത്ഥ്യാമൂൎത്തികൾക്കു, ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽ തന്നേ, അവർ അവരെ ഇടറി വീഴുമാറാക്കി; അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;
൧൫എന്റെ ജനമോ, എന്നെ മറന്ന് മിഥ്യാമൂർത്തികൾക്കു ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽ തന്നെ, അവർ അവരെ ഇടറി വീഴുമാറാക്കി; അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;
16 അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽകൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.
൧൬അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽകൂടി കടന്നുപോകുന്ന ഏതൊരുവനും സ്തംഭിച്ചു തലകുലുക്കും.
17 കിഴക്കൻ കാറ്റുകൊണ്ടെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനൎത്ഥദിവസത്തിൽ ഞാൻ അവൎക്കു എന്റെ മുഖമല്ല, പുറമത്രേ കാണിക്കും.
൧൭കിഴക്കൻ കാറ്റിലെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനർത്ഥദിവസത്തിൽ ഞാൻ അവർക്ക് എന്റെ മുഖമല്ല, പുറമത്രേ കാണിക്കുന്നത്”.
18 എന്നാൽ അവർ: വരുവിൻ, നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിൻ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്റെ വാക്കു ഒന്നും നാം ശ്രദ്ധിക്കരുതു എന്നു പറഞ്ഞു.
൧൮എന്നാൽ അവർ: “വരുവിൻ, നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങൾ ചിന്തിക്കാം; പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെവരുകയില്ല; വരുവിൻ നമുക്ക് അവനെ നാവുകൊണ്ട് തകർക്കാം; അവന്റെ വാക്ക് ഒന്നും നാം ശ്രദ്ധിക്കരുത്” എന്നു പറഞ്ഞു.
19 യഹോവേ, എനിക്കു ചെവിതന്നു എന്റെ പ്രതിയോഗികളുടെ വാക്കു കേൾക്കേണമേ.
൧൯“യഹോവേ, എനിക്ക് ചെവിതന്ന് എന്റെ പ്രതിയോഗികളുടെ വാക്കു കേൾക്കണമേ.
20 നന്മെക്കു പകരം തിന്മ ചെയ്യാമോ? അവർ എന്റെ പ്രാണഹാനിക്കായിട്ടു ഒരു കുഴി കുഴിച്ചിരിക്കുന്നു; നിന്റെ കോപം അവരെ വിട്ടുമാറേണ്ടതിന്നു ഞാൻ അവൎക്കുവേണ്ടി നന്മ സംസാരിപ്പാൻ തിരുമുമ്പിൽ നിന്നതു ഓൎക്കേണമേ.
൨൦നന്മയ്ക്കു പകരം തിന്മ ചെയ്യാമോ? അവർ എന്റെ പ്രാണഹാനിക്കായി ഒരു കുഴി കുഴിച്ചിരിക്കുന്നു; അവിടുത്തെ കോപം അവരെ വിട്ടുമാറേണ്ടതിന് ഞാൻ അവർക്കുവേണ്ടി നന്മ സംസാരിക്കുവാൻ തിരുമുമ്പിൽ നിന്നത് ഓർക്കണമേ.
21 അവരുടെ മക്കളെ ക്ഷാമത്തിന്നു ഏല്പിച്ചു, വാളിന്നു ഇരയാക്കേണമേ; അവരുടെ ഭാൎയ്യമാർ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ; അവരുടെ പുരുഷന്മാർ മരണത്തിന്നു ഇരയാകട്ടെ; അവരുടെ യൌവനക്കാർ യുദ്ധത്തിൽ വാളിനാൽ പട്ടുപോകട്ടെ.
൨൧അവരുടെ മക്കളെ ക്ഷാമത്തിന് ഏല്പിച്ച്, വാളിനിരയാക്കണമേ; അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ; അവരുടെ പുരുഷന്മാർ മരണത്തിന് ഇരയാകട്ടെ; അവരുടെ യൗവനക്കാർ യുദ്ധത്തിൽ വാളിനാൽ വധിക്കപ്പെടട്ടെ.
22 നീ പെട്ടെന്നു ഒരു പടക്കൂട്ടത്തെ അവരുടെ മേൽ വരുത്തീട്ടു അവരുടെ വീടുകളിൽനിന്നു നിലവിളി കേൾക്കുമാറാകട്ടെ; അവർ എന്നെ പിടിപ്പാൻ ഒരു കുഴി കുഴിച്ചു, എന്റെ കാലിന്നു കണി മറെച്ചുവെച്ചിരിക്കുന്നുവല്ലോ.
൨൨അങ്ങ് പെട്ടെന്ന് ഒരു പടക്കൂട്ടത്തെ അവരുടെ മേൽ വരുത്തിയിട്ട്, അവരുടെ വീടുകളിൽനിന്ന് നിലവിളി കേൾക്കുമാറാകട്ടെ; അവർ എന്നെ പിടിക്കുവാൻ ഒരു കുഴി കുഴിച്ചു; എന്റെ കാലിന് കെണി മറച്ചുവച്ചിരിക്കുന്നുവല്ലോ.
23 യഹോവേ, എന്റെ മരണത്തിന്നായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽനിന്നു മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തു തന്നേ അവരോടു പ്രവൎത്തിക്കേണമേ.
൨൩യഹോവേ, എന്റെ മരണത്തിനുവേണ്ടിയുള്ള അവരുടെ ആലോചനയെല്ലാം അങ്ങ് അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം തിരുമുമ്പിൽനിന്ന് മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; അവിടുത്തെ കോപത്തിന്റെ കാലത്ത് തന്നെ അവരോടു പ്രവർത്തിക്കണമേ”.