< ഹോശേയ 5 >

1 പുരോഹിതന്മാരേ, കേൾപ്പിൻ; യിസ്രായേൽഗൃഹമേ, ചെവിക്കൊൾവിൻ; രാജഗൃഹമേ, ചെവിതരുവിൻ; നിങ്ങൾ മിസ്പെക്കു ഒരു കണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീൎന്നിരിക്കകൊണ്ടു ന്യായവിധി നിങ്ങൾക്കു വരുന്നു.
“പുരോഹിതന്മാരേ, ഇതു കേൾപ്പിൻ! ഇസ്രായേൽജനമേ, ശ്രദ്ധിക്കുക! രാജഗൃഹമേ, ചെവിചായ്‌ക്കുക! ഈ ന്യായവിധി നിങ്ങൾക്കെതിരേ വരുന്നു: നിങ്ങൾ മിസ്പായിൽ ഒരു കെണിയും താബോറിൽ വിരിച്ച ഒരു വലയും ആയിരുന്നു.
2 മത്സരികൾ വഷളത്വത്തിൽ ആണ്ടുപോയിരിക്കുന്നു; ഞാനോ അവൎക്കു ഏവൎക്കും ഒരു ശാസകൻ ആകുന്നു.
മത്സരികൾ കൊലപാതകത്തിൽ ആണ്ടുപോയിരിക്കുന്നു. ഞാൻ അവരെ എല്ലാവരെയും ശിക്ഷിക്കും.
3 ഞാൻ എഫ്രയീമിനെ അറിയുന്നു; യിസ്രായേൽ എനിക്കു മറഞ്ഞിരിക്കുന്നതുമില്ല; എഫ്രയീമേ, നീ ഇപ്പോൾ പരസംഗം ചെയ്തിരിക്കുന്നു; യിസ്രായേൽ മലിനമായിരിക്കുന്നു.
എഫ്രയീമിനെക്കുറിച്ചു സകലകാര്യങ്ങളും എനിക്കറിയാം; ഇസ്രായേൽ എനിക്കു മറഞ്ഞിരിക്കുന്നതുമില്ല. എഫ്രയീമേ, നീ വ്യഭിചാരത്തിലേക്കു തിരിഞ്ഞിരിക്കുന്നു; ഇസ്രായേൽ മലിനമായിരിക്കുന്നു.
4 അവർ തങ്ങളുടെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരേണ്ടതിന്നു അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ടു; അവർ യഹോവയെ അറിയുന്നതുമില്ല.
“തങ്ങളുടെ ദൈവത്തിലേക്കു മടങ്ങിവരാൻ അവരുടെ പ്രവൃത്തികൾ അവരെ അനുവദിക്കുന്നില്ല. വ്യഭിചാരത്തിന്റെ ആത്മാവ് അവരുടെ ഹൃദയങ്ങളിലുണ്ട്; അവർ യഹോവയെ അംഗീകരിക്കുന്നില്ല.
5 യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദയും അവരോടുകൂടെ ഇടറിവീഴും.
ഇസ്രായേലിന്റെ ധാർഷ്ട്യം അവർക്കെതിരേ സാക്ഷ്യം പറയുന്നു; ഇസ്രായേലും എഫ്രയീമും അവരുടെ പാപങ്ങളിൽ ഇടറുന്നു; യെഹൂദയും അവരോടുകൂടെ വീഴുന്നു.
6 യഹോവയെ അന്വേഷിക്കേണ്ടതിന്നു അവർ ആടുകളെയും കന്നുകാലികളെയും കൊണ്ടുചെല്ലും; എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; അവൻ അവരെ വിട്ടുമാറിയിരിക്കുന്നു.
അവർ തങ്ങളുടെ ആടുമാടുകളോടുകൂടെ യഹോവയെ അന്വേഷിക്കുമ്പോൾ, അവിടത്തെ കണ്ടെത്തുകയില്ല, കാരണം യഹോവ അവരെ വിട്ടുമാറിയിരിക്കുന്നു.
7 അവർ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ടു അവർ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു അമാവാസ്യ അവരെ അവരുടെ ഓഹരികളോടുകൂടെ തിന്നുകളയും.
അവർ യഹോവയോട് അവിശ്വസ്തരായിരിക്കുന്നു; അവർ ജാരസന്തതികളെ പ്രസവിക്കുന്നു. അവരുടെ അമാവാസി ഉത്സവങ്ങൾ അവരെയും അവരുടെ വയലുകളെയും വിഴുങ്ങിക്കളയും.
8 ഗിബെയയിൽ കാഹളവും രാമയിൽ തൂൎയ്യവും ഊതുവിൻ; ബേത്ത്-ആവെനിൽ പോർവിളി കൂട്ടുവിൻ; ബെന്യാമീനേ, നിന്റെ പിറകെ വരുന്നു.
“ഗിബെയയിൽ കാഹളം മുഴക്കുക; രാമായിൽ കൊമ്പ് ഊതുക. ബേത്-ആവെനിൽ യുദ്ധനാദം മുഴക്കുക; ബെന്യാമീനേ, മുന്നോട്ടുപോകുക.
9 ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളതു ഞാൻ യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു.
കണക്കു തീർക്കുന്ന ദിവസം എഫ്രയീം ശൂന്യമാകും. ഇസ്രായേൽഗോത്രങ്ങൾക്കു നടുവിൽ നിശ്ചയമുള്ളതു ഞാൻ പ്രഖ്യാപിക്കുന്നു.
10 യെഹൂദാപ്രഭുക്കന്മാർ അതിർ മാറ്റുന്നവരെപ്പോലെ ആയിത്തീൎന്നു; അതുകൊണ്ടു ഞാൻ എന്റെ ക്രോധം വെള്ളംപോലെ അവരുടെമേൽ പകരും.
യെഹൂദാപ്രഭുക്കന്മാർ അതിർത്തിക്കല്ലു മാറ്റുന്നവരെപ്പോലെയാണ്. ഞാൻ എന്റെ ക്രോധം വെള്ളച്ചാട്ടംപോലെ അവരുടെമേൽ ചൊരിയും.
11 എഫ്രയീമിന്നു മാനുഷകല്പന അനുസരിച്ചുനടപ്പാൻ ഇഷ്ടം തോന്നിയതുകൊണ്ടു അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.
എഫ്രയീം വിഗ്രഹത്തെ ഇഷ്ടപ്പെടുന്നതുകൊണ്ട് അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.
12 അതുകൊണ്ടു ഞാൻ എഫ്രയീമിന്നു പുഴുവും യെഹൂദാഗൃഹത്തിന്നു ദ്രവത്വവുമായിരിക്കും.
അതുകൊണ്ടു ഞാൻ എഫ്രയീമിനു പുഴുവും യെഹൂദയ്ക്കു പഴുപ്പും ആയിരിക്കും.
13 എഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോൾ എഫ്രയീം അശ്ശൂരിൽചെന്നു യുദ്ധതല്പരനായ രാജാവിന്റെ അടുക്കൽ ആളയച്ചു; എങ്കിലും നിങ്ങളെ സൌഖ്യമാക്കുവാനും നിങ്ങളുടെ മുറിവു പൊറുപ്പിപ്പാനും അവന്നു കഴിഞ്ഞില്ല.
“എഫ്രയീം തന്റെ രോഗത്തെയും യെഹൂദാ തന്റെ വ്രണങ്ങളെയും കണ്ടപ്പോൾ, എഫ്രയീം അശ്ശൂരിലേക്കു തിരിഞ്ഞു, മഹാരാജാവിനോടു സഹായം അഭ്യർഥിച്ചു. എന്നാൽ നിന്നെ സുഖപ്പെടുത്താനും നിന്റെ മുറിവുണക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല.
14 ഞാൻ എഫ്രയീമിന്നു ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന്നു ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാൻ തന്നേ കടിച്ചുകീറി പൊയ്ക്കളയും; ഞാൻ പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.
ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദയ്ക്ക് ഒരു സിംഹക്കുട്ടിപോലെയും ആയിരിക്കും. ഞാൻ അവരെ കഷണങ്ങളായി കീറിക്കളയും. ഞാൻ അവരെ പിടിച്ചുകൊണ്ടുപോകും, അവരെ രക്ഷിക്കുന്നതിനായി ആരും ശേഷിക്കുകയില്ല.
15 അവർ കുറ്റം ഏറ്റുപറഞ്ഞു എന്റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്റെ സ്ഥലത്തു ഇരിക്കും; കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.
അവർ തങ്ങളുടെ കുറ്റം സമ്മതിച്ച് എന്റെ മുഖം അന്വേഷിക്കുന്നതുവരെയും ഞാൻ എന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോകും— അവരുടെ ദുരിതത്തിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.”

< ഹോശേയ 5 >