< ഹബക്കൂൿ 2 >
1 ഞാൻ കൊത്തളത്തിൽനിന്നു കാവൽകാത്തുകൊണ്ടു: അവൻ എന്നോടു എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാധിസംബന്ധിച്ചു ഞാൻ എന്തുത്തരം പറയേണ്ടു എന്നും കാണേണ്ടതിന്നു ദൃഷ്ടിവെക്കും.
ഞാൻ എന്റെ കൊത്തളങ്ങളിൽ കാവൽനിൽക്കും, കോട്ടമതിലിനു മുകളിൽത്തന്നെ ഞാൻ നിൽക്കും; അവൻ എന്നോടു സംസാരിക്കുന്നത് എന്തെന്നു ഞാൻ ശ്രദ്ധിക്കും ഈ ആവലാതിക്ക് ഞാൻ എന്തു മറുപടി നൽകും?
2 യഹോവ എന്നോടു ഉത്തരം അരുളിയതു: നീ ദൎശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെക്കുക.
അപ്പോൾ യഹോവ ഇപ്രകാരം മറുപടി നൽകി: “വെളിപ്പാട് എഴുതുക, ഓടിച്ചുവായിക്കാൻ തക്കവണ്ണം അതു ഫലകത്തിൽ വ്യക്തമായി എഴുതുക.
3 ദൎശനത്തിന്നു ഒരു അവധി വെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.
കാരണം, വെളിപ്പാടു നിശ്ചിതസമയത്തിനായി കാത്തിരിക്കുന്നു; അത് അന്ത്യത്തെക്കുറിച്ചു സംസാരിക്കുന്നു, അതു തെറ്റുകയുമില്ല. താമസിച്ചാലും അതിനായി കാത്തിരിക്കുക; അതു നിശ്ചയമായും വരും, താമസിക്കുകയില്ല.
4 അവന്റെ മനസ്സു അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.
“നോക്കൂ, ശത്രു അഹങ്കരിച്ചിരിക്കുന്നു; അവന്റെ ആഗ്രഹങ്ങൾ നേരുള്ളവയല്ല, എന്നാൽ നീതിമാനോ, വിശ്വാസത്താൽ ജീവിക്കും.
5 വീഞ്ഞു വിശ്വാസപാതകനാകുന്നു; അഹമ്മതിയുള്ള പുരുഷൻ നിലനിൽക്കയില്ല; അവൻ പാതാളംപോലെ വിസ്താരമായി വായ് പിളൎക്കുന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവൻ സകലജാതികളെയും തന്റെ അടുക്കൽ കൂട്ടി, സകലവംശങ്ങളെയും തന്റെ അടുക്കൽ ചേൎക്കുന്നു. (Sheol )
വീഞ്ഞ് അവനെ ചതിക്കുന്നു; അവൻ ധിക്കാരി, അവനു സ്വസ്ഥത ലഭിക്കുന്നില്ല. കാരണം അവൻ ശവക്കുഴിപോലെ അത്യാർത്തിയുള്ളവൻ മരണത്തിന് ഒരിക്കലും തൃപ്തിവരാത്തതുപോലെതന്നെ, അവൻ സകലരാജ്യങ്ങളെയും തന്നോടു ചേർക്കുകയും സകലമനുഷ്യരെയും അടിമകളാക്കുകയും ചെയ്യുന്നു. (Sheol )
6 അവർ ഒക്കെയും അവനെക്കുറിച്ചു ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളോരു പഴഞ്ചൊല്ലും ചൊല്ലി; തന്റെതല്ലാത്തതു വൎദ്ധിപ്പിക്കയും--എത്രത്തോളം? --പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം എന്നു പറകയില്ലയോ?
“എല്ലാവരും അവനെ പരിഹസിക്കയും നിന്ദിക്കയും ചെയ്തുകൊണ്ട്, പറയുന്നു, “‘മോഷ്ടിച്ച വസ്തുക്കൾ കുന്നുകൂട്ടുന്നവനും ബലാൽക്കാരത്താൽ ധനികനാകുന്നവനും ഹാ കഷ്ടം! ഇത് എത്രകാലം നിലനിൽക്കും?’
7 നിന്റെ കടക്കാർ പെട്ടെന്നു എഴുന്നേൽക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ഉണരുകയും നീ അവൎക്കു കൊള്ളയായ്തീരുകയും ഇല്ലയോ?
നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയില്ലേ. അവർ ഉണർന്നു നിന്നെ ഭയഭീതനാക്കുകയില്ലേ? അപ്പോൾ നീ അവർക്ക് ഇരയായിത്തീരും.
8 നീ പലജാതികളോടും കവൎച്ചചെയ്തതുകൊണ്ടു ജാതികളിൽ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസംനിമിത്തവും നിന്നോടും കവൎച്ച ചെയ്യും.
നീ അനേകം രാജ്യങ്ങളെ കൊള്ളയടിച്ചതുനിമിത്തം, ശേഷിച്ച ജനം നിന്നെ കൊള്ളയിടും. നീ മനുഷ്യരക്തം ചൊരിഞ്ഞ്, ദേശത്തെയും പട്ടണങ്ങളെയും അവയിലുള്ള സകലരെയും നശിപ്പിക്കയും ചെയ്തതിനാൽത്തന്നെ.
9 അനൎത്ഥത്തിൽനിന്നു വിടുവിക്കപ്പെടുവാൻ തക്കവണ്ണം ഉയരത്തിൽ കൂടുവെക്കേണ്ടതിന്നു തന്റെ വീട്ടിന്നുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന്നു അയ്യോ കഷ്ടം!
“ദുരാദായത്തിലൂടെ തന്റെ വീടുചമച്ച്, അനർഥത്തിൽനിന്നു രക്ഷപ്പെടാൻ തന്റെ കൂട് ഉയരത്തിൽ കെട്ടുന്നവനു ഹാ കഷ്ടം!
10 പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാൽ നീ നിന്റെ വീട്ടിന്നു ലജ്ജ നിരൂപിച്ചു നിന്റെ സ്വന്തപ്രാണനോടു പാപം ചെയ്തിരിക്കുന്നു.
അനേകം ജനതകളുടെ നാശത്തിനു നീ പദ്ധതിയിട്ടു; എന്നാൽ സ്വന്തം ഭവനത്തെ നീ ലജ്ജിപ്പിച്ചു; സ്വന്തജീവനെ നഷ്ടമാക്കി.
11 ചുവരിൽനിന്നു കല്ലു നിലവിളിക്കയും മരപ്പണിയിൽനിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ.
ഭിത്തിയിലെ കല്ലുകൾ നിലവിളിക്കും മേൽക്കൂരയിലെ തുലാങ്ങളിൽ അതു പ്രതിധ്വനിക്കും.
12 രക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ടു നഗരം സ്ഥാപിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
“രക്തംചിന്തി പട്ടണം പണിയുന്നവനും അതിക്രമത്താൽ നഗരം സ്ഥാപിക്കുന്നവനും ഹാ കഷ്ടം!
13 ജാതികൾ തീക്കു ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും വംശങ്ങൾ വെറുതെ തളൎന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ?
ജനത്തിന്റെ അധ്വാനഫലം അഗ്നിക്കു ഇന്ധനമാകുന്നു എന്നും ജനം ഫലമില്ലാതെ അധ്വാനിക്കുന്നു എന്നും സൈന്യങ്ങളുടെ യഹോവ തീരുമാനിച്ചിട്ടില്ലയോ?
14 വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂൎണ്ണമാകും.
സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ, ഭൂമി യഹോവയുടെ മഹത്ത്വത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും.
15 കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവൎക്കു കുടിപ്പാൻ കൊടുക്കയും നഞ്ചു കൂട്ടിക്കലൎത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
“അയൽവാസിയുടെ നഗ്നത കാണേണ്ടതിന് അവരെ മദ്യം കുടിപ്പിക്കയും അവർക്കു മത്തുപിടിക്കുവോളം വീണ്ടും പകർന്നുകൊടുക്കയും ചെയ്യുന്നവർക്കു ഹാ കഷ്ടം!
16 നിനക്കു മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ടുതന്നേ പൂൎത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചൎമ്മം അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന്നു പകരം നിനക്കു അവമാനം ഭവിക്കും.
തേജസ്സിനു പകരം ലജ്ജ നിന്നെ മൂടും. ഇതാ, നിന്റെ ഊഴം വന്നിരിക്കുന്നു, കുടിച്ചുമത്തനായി നിന്റെ നഗ്നത അനാവൃതമാക്കുക! യഹോവയുടെ വലങ്കൈയിൽനിന്നുള്ള പാനപാത്രം നിന്റെ നേർക്കു വരുന്നു, ലജ്ജ നിന്റെ തേജസ്സിനെ മൂടും.
17 മനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും.
നീ ലെബാനോൻ വനത്തോടു ചെയ്ത അതിക്രമം നിനക്കുമീതേ കവിഞ്ഞൊഴുകും, നീ നടത്തിയ വന്യമൃഗസംഹാരം നിന്നെ ഭയപ്പെടുത്തും. നീ മനുഷ്യരക്തം ചൊരിഞ്ഞ്, ദേശത്തെയും പട്ടണങ്ങളെയും അവയിലുള്ള ഏവരെയും നശിപ്പിച്ചതുകൊണ്ടുതന്നെ.
18 പണിക്കാരൻ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാൻ അതിനാലോ, പണിക്കാരൻ വ്യാജം ഉപദേശിക്കുന്ന വാൎപ്പുവിഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂൎത്തികളെ ഉണ്ടാക്കുവാൻ അതിനാലോ എന്തു പ്രയോജനം ഉള്ളു?
“ഒരു മനുഷ്യൻ കൊത്തുപണിചെയ്തുണ്ടാക്കിയ വിഗ്രഹത്തിനും വ്യാജം പഠിപ്പിക്കുന്ന രൂപത്തിനും എന്തുവില? അതിനെ ഉണ്ടാക്കുന്നവർ സ്വന്തം കൈപ്പണിയിൽ ആശ്രയിക്കുകയും സംസാരിക്കാൻ കഴിയാത്ത വിഗ്രഹങ്ങളെ ഉണ്ടാക്കുകയും ചെയ്യുമല്ലോ.
19 മരത്തോടു: ഉണരുക എന്നും ഊമക്കല്ലിനോടു: എഴുന്നേൽക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.
മരത്തോട്, ‘ജീവിക്കുക’ എന്നും ജീവനില്ലാത്ത ശിലയോട്, ‘ഉണരുക’ എന്നും പറയുന്നവനു ഹാ കഷ്ടം! മാർഗദർശനം നൽകാൻ അതിനു കഴിയുമോ? സ്വർണവും വെള്ളിയുംകൊണ്ട് അതിനെ പൊതിഞ്ഞിരിക്കുന്നു; അതിനുള്ളിൽ ശ്വാസമില്ല.”
20 എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; സൎവ്വഭൂമിയും അവന്റെ സന്നിധിയിൽ മൌനമായിരിക്കട്ടെ.
എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; സർവഭൂമിയും അവിടത്തെ സന്നിധിയിൽ മൗനമായിരിക്കട്ടെ.