< എസ്രാ 6 >

1 ദാൎയ്യവേശ്‌രാജാവു കല്പന കൊടുത്ത പ്രകാരം അവർ ബാബേലിൽ ഭണ്ഡാരം സംഗ്രഹിച്ചുവെച്ചിരിക്കുന്ന രേഖാശാലയിൽ പരിശോധന കഴിച്ചു.
ദാര്യാവേശ് രാജാവിന്റെ കൽപ്പനപ്രകാരം, ബാബേൽ ഭണ്ഡാരഗൃഹങ്ങളിൽ സൂക്ഷിച്ചിരുന്ന രേഖാശാലകൾ പരിശോധിച്ചു;
2 അവർ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജാധാനിയിൽ ഒരു ചുരുൾ കണ്ടെത്തി; അതിൽ ജ്ഞാപകമായിട്ടു എഴുതിയിരുന്നതെന്തെന്നാൽ:
മേദ്യപ്രവിശ്യയിലെ അഹ്മെഥാ കോട്ടയിൽനിന്ന് ഇപ്രകാരം ഒരു ചുരുൾ കണ്ടെത്തി. അതിൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിവേദനപത്രിക:
3 കോരെശ്‌രാജാവിന്റെ ഒന്നാം ആണ്ടിൽ കോരെശ്‌രാജാവു കല്പന കൊടുത്തതു: യെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം: അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പായിട്ടു ഇടേണം; അതിന്നു അറുപതു മുഴം ഉയരവും അറുപതു മുഴം വീതിയും ഉണ്ടായിരിക്കേണം.
കോരെശ് രാജാവിന്റെ ഒന്നാമാണ്ടിൽ, രാജാവു ജെറുശലേമിലെ ദൈവത്തിന്റെ ആലയത്തെ സംബന്ധിച്ച് ഒരു കൽപ്പന പുറപ്പെടുവിച്ചു: ജെറുശലേമിലെ ദൈവാലയം യാഗങ്ങൾ അർപ്പിക്കപ്പെടുന്ന സ്ഥലമായി പുനർനിർമിക്കപ്പെടട്ടെ. അതിന്റെ അടിസ്ഥാനങ്ങൾ ഇടുകയും അത് അറുപതുമുഴം ഉയരത്തിലും അറുപതുമുഴം വീതിയിലും പണിയുകയും വേണം.
4 വലിയ കല്ലുകൊണ്ടു മൂന്നുവരിയും പുതിയ ഉത്തരങ്ങൾകൊണ്ടു ഒരു വരിയും ഉണ്ടായിരിക്കേണം; ചെലവു രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുക്കേണം.
അതിനു മൂന്നുനിര വലിയ കല്ലുകളും, തടിയുടെ ഒരുനിരയും ഉണ്ടായിരിക്കണം. ഇവയുടെ ചെലവ് രാജഭണ്ഡാരത്തിൽനിന്നാണ് വഹിക്കേണ്ടത്.
5 അതു കൂടാതെ നെബൂഖദ്നേസർ യെരൂശലേമിലെ ദൈവാലയത്തിൽനിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുവന്ന ദൈവാലയംവക പൊന്നും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങൾ മടക്കിക്കൊടുക്കയും അവ യെരൂശലേമിലെ മന്ദിരത്തിൽ അതതിന്റെ സ്ഥലത്തു വരുവാന്തക്കവണ്ണം ദൈവാലയത്തിൽ വെക്കുകയും വേണം.
ഇതിനുപുറമേ, ജെറുശലേമിലെ മന്ദിരത്തിൽനിന്ന് നെബൂഖദ്നേസർ ബാബേലിലേക്കു എടുത്തുകൊണ്ടുവന്ന, ദൈവാലയത്തിലെ സ്വർണം, വെള്ളി, തുടങ്ങിയ ഉപകരണങ്ങൾ ജെറുശലേമിലെ മന്ദിരത്തിലെ അവയുടെ പൂർവസ്ഥാനങ്ങളിൽത്തന്നെ വെക്കാൻ അവ തിരികെ നൽകേണ്ടതുമാണ്.
6 ആകയാൽ നദിക്കു അക്കരെ ദേശാധിപതിയായ തത്നായിയേ, ശെഥർ-ബോസ്നയേ, നിങ്ങളും നദിക്കു അക്കരെയുള്ള അഫൎസ്യരായ നിങ്ങളുടെ കൂട്ടക്കാരും അവിടെനിന്നു അകന്നുനില്ക്കേണം.
ആയതിനാൽ യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ പ്രതിനിധികളായ തത്നായിയും ശെഥർ-ബോസ്നായിയും ആ പ്രവിശ്യയുടെ മറ്റ് അധികാരികളായ നിങ്ങളും അവിടെനിന്ന് അകന്നു നിൽക്കട്ടെ;
7 ഈ ദൈവാലയത്തിന്റെ പണിക്കാൎയ്യത്തിൽ നിങ്ങൾ ഇടപെടരുതു; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തു തന്നേ പണിയട്ടെ.
ഈ ദൈവാലയത്തിന്റെ നിർമാണത്തിൽ നിങ്ങൾ ഇടപെടരുത്. യെഹൂദരുടെ ദേശാധിപതിയും യെഹൂദനേതാക്കന്മാരും ദൈവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ.
8 ഈ ദൈവാലയം പണിയേണ്ടതിന്നു നിങ്ങൾ യെഹൂദന്മാരുടെ മൂപ്പന്മാൎക്കു ചെയ്യേണ്ടതിനെക്കുറിച്ചു ഞാൻ കല്പിക്കുന്നതെന്തെന്നാൽ: നദിക്കു അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലിൽനിന്നു ആ ആളുകൾക്കു കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.
അതുമാത്രമല്ല, ദൈവാലയത്തിന്റെ പണിയിൽ ഏർപ്പെട്ടിരിക്കുന്ന യെഹൂദനേതാക്കന്മാർക്കു നിങ്ങൾ ഇപ്രകാരം ചെയ്തുകൊടുക്കണമെന്നും നാം കൽപ്പിക്കുന്നു: പണിമുടങ്ങാതിരിക്കേണ്ടതിന് യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യ രാജഭണ്ഡാരത്തിലേക്കു നൽകേണ്ടതായ വരുമാനത്തിൽനിന്ന് ഈ ജനത്തിന്റെ ചെലവു പൂർണമായി മുടക്കംകൂടാതെ വഹിക്കേണം.
9 അവർ സ്വൎഗ്ഗത്തിലെ ദൈവത്തിന്നു സൌരഭ്യവാസനയുള്ള യാഗം അൎപ്പിക്കേണ്ടതിന്നും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിന്നുവേണ്ടി പ്രാൎത്ഥിക്കേണ്ടതിന്നും
അവർക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും—സ്വർഗത്തിലെ ദൈവത്തിനു ഹോമയാഗം അർപ്പിക്കേണ്ടതിന് ആവശ്യമായ കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, ആൺകുഞ്ഞാടുകൾ എന്നിവയും ഗോതമ്പ്, ഉപ്പ്, വീഞ്ഞ്, ഒലിവെണ്ണ, എന്നിവയും ജെറുശലേമിലെ പുരോഹിതന്മാരുടെ അഭ്യർഥനപ്രകാരം അവർക്കു മുടക്കംകൂടാതെ ദിവസേന നൽകണം.
10 സ്വൎഗ്ഗത്തിലെ ദൈവത്തിന്നു ഹോമയാഗം കഴിപ്പാൻ അവൎക്കു ആവശ്യമുള്ള കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ, കോതമ്പു, ഉപ്പു, വീഞ്ഞു, എണ്ണ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാർ പറയുംപോലെ ദിവസംപ്രതി കുറവുകൂടാതെ കൊടുക്കേണ്ടതാകുന്നു.
ഇങ്ങനെ അവർ സ്വർഗത്തിലെ ദൈവത്തിനു പ്രസാദകരമായ യാഗങ്ങൾ അർപ്പിക്കുകയും, രാജാവിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുമല്ലോ!
11 ആരെങ്കിലും ഈ കല്പന മാറ്റിയാൽ അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്തു നാട്ടി അതിന്മേൽ അവനെ തൂക്കിക്കളകയും അവന്റെ വിടു അതുനിമിത്തം കുപ്പക്കുന്നു ആക്കിക്കളകയും വേണം എന്നും ഞാൻ കല്പന കൊടുക്കുന്നു.
ഈ കൽപ്പനകളിൽ ആരെങ്കിലും മാറ്റം വരുത്തിയാൽ അവന്റെ വീടിന്റെ ഒരു ഉത്തരം വലിച്ചെടുത്ത് നാട്ടി അതിൽ അവനെ തൂക്കിക്കളയുകയും, അവന്റെ വീട് കൽക്കൂമ്പാരമാക്കുകയും വേണം എന്നുകൂടി നാം കൽപ്പിക്കുന്നു.
12 ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിന്നും ജനത്തിന്നും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിൎമ്മൂലനാശം വരുത്തും. ദാൎയ്യാവേശായ ഞാൻ കല്പന കൊടുക്കുന്നു; ഇതു ജാഗ്രതയോടെ നിവൎത്തിക്കേണ്ടതാകുന്നു.
ഇതിൽ മാറ്റം വരുത്തുന്നതിനോ ജെറുശലേമിലെ ഈ ദൈവാലയം നശിപ്പിക്കാനോ തുനിയുന്ന ഏതു രാജാവിനെയോ ജനത്തെയോ തന്റെ നാമം അവിടെ സ്ഥാപിച്ചിരിക്കുന്ന ദൈവം നശിപ്പിക്കട്ടെ. ദാര്യാവേശ് എന്ന നാം ഉത്തരവാക്കിയിരിക്കുന്നു. ഇവ ജാഗ്രതയോടെ നടപ്പിലാക്കേണ്ടതാണ്.
13 അപ്പോൾ നദിക്കു ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടക്കാരും ദാൎയ്യാവേശ്‌രാജാവു കല്പനയയച്ചതുപോലെ തന്നേ ജാഗ്രതയോടെ ചെയ്തു.
ദാര്യാവേശ് രാജാവ് അയച്ച കൽപ്പന ലഭിച്ചപ്പോൾ നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടാളികളും ചേർന്ന് രാജാവ് കൽപ്പിച്ചതെല്ലാം ജാഗ്രതയോടെ ചെയ്തു.
14 യെഹൂദന്മാരുടെ മൂപ്പന്മാർ പണിതു; ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകനായ സെഖൎയ്യാവും പ്രവചിച്ചതിനാൽ അവൎക്കു സാധിച്ചും വന്നു. അവർ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പനപ്രകാരവും കോരെശിന്റെയും ദാൎയ്യാവേശിന്റെയും പാൎസിരാജാവായ അൎത്ഥഹ്ശഷ്ടാവിന്റെയും കല്പനപ്രകാരവും അതു പണിതുതീൎത്തു.
അങ്ങനെ യെഹൂദനേതാക്കന്മാർ പണി തുടർന്നു. ഹഗ്ഗായി പ്രവാചകന്റെയും ഇദ്ദോവിന്റെ പിൻഗാമിയായ സെഖര്യാവിന്റെയും പ്രവചനങ്ങളാൽ അവർ അഭിവൃദ്ധിപ്പെട്ടും വന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ ആജ്ഞയനുസരിച്ചും പാർസിരാജാക്കന്മാരായ കോരെശ്, ദാര്യാവേശ്, അർഥഹ്ശഷ്ട എന്നിവരുടെ കൽപ്പനപ്രകാരവും അവർ ആലയത്തിന്റെ പണി പൂർത്തിയാക്കി.
15 ദാൎയ്യാവേശ്‌രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടിൽ ആദാർമാസം മൂന്നാം തിയ്യതി ഈ ആലയം പണിതുതീൎന്നു.
ദാര്യാവേശ് രാജാവിന്റെ ഭരണത്തിന്റെ ആറാമാണ്ടിൽ, ആദാർമാസം മൂന്നാംതീയതിയാണ് ഈ ആലയത്തിന്റെ പണി പൂർത്തിയാക്കിയത്.
16 യിസ്രായേൽമക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു.
ഇസ്രായേൽജനവും പുരോഹിതന്മാരും ലേവ്യരും മടങ്ങിവന്ന മറ്റു പ്രവാസികളും ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ സന്തോഷപൂർവം ആഘോഷിച്ചു.
17 ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠെക്കു നൂറുകാളയെയും ഇരുനൂറു ആട്ടുകൊറ്റനെയും നാനൂറു കുഞ്ഞാടിനെയും യിസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം എല്ലായിസ്രായേലിന്നും വേണ്ടി പാപയാഗത്തിന്നായി പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും യാഗം കഴിച്ചു
അവർ നൂറ് കാളയെയും ഇരുനൂറ് ആട്ടുകൊറ്റനെയും നാനൂറ് ആൺകുഞ്ഞാടിനെയും ഇസ്രായേൽ മുഴുവന്റെയും പാപശുദ്ധീകരണയാഗമായി ഇസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിനൊത്തവണ്ണം പന്ത്രണ്ടു മുട്ടാടുകളെയും ഈ ആലയത്തിന്റെ പ്രതിഷ്ഠാവേളയിൽ അർപ്പിച്ചു.
18 മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ അവർ യെരൂശലേമിലുള്ള ദൈവത്തിന്റെ ശുശ്രൂഷെക്കു പുരോഹിതന്മാരെ കൂറുക്കുറായും ലേവ്യരെ തരംതരമായും നിൎത്തി.
മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം അവർ ജെറുശലേമിലെ ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി പുരോഹിതന്മാരെ അവരുടെ ഗണപ്രകാരവും ലേവ്യരെ അവരുടെ ക്രമപ്രകാരവും നിയോഗിച്ചു.
19 ഒന്നാം മാസം പതിന്നാലാം തിയ്യതി പ്രവാസികൾ പെസഹ ആചരിച്ചു.
ഒന്നാംമാസം പതിന്നാലാംതീയതി പ്രവാസികൾ പെസഹാ ആചരിച്ചു.
20 പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ഒരുപോലെ ശുദ്ധീകരിച്ചിരുന്നു; എല്ലാവരും ശുദ്ധിയുള്ളവരായിരുന്നു; അവർ സകലപ്രവാസികൾക്കും തങ്ങളുടെ സഹോദരന്മാരായ പുരോഹിതന്മാൎക്കും തങ്ങൾക്കും വേണ്ടി പെസഹ അറുത്തു.
പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചു; ആചാരപരമായി അവരെല്ലാം ശുദ്ധിയുള്ളവരായിരുന്നു. എല്ലാ പ്രവാസികൾക്കും തങ്ങളുടെ സഹോദരങ്ങളായ പുരോഹിതന്മാർക്കും തങ്ങൾക്കുംവേണ്ടി അവർ പെസഹാക്കുഞ്ഞാടിനെ അറത്തു.
21 അങ്ങനെ പ്രവാസത്തിൽനിന്നു മടങ്ങിവന്ന യിസ്രായേൽമക്കളും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു ദേശത്തെ ജാതികളുടെ അശുദ്ധിയെ വെടിഞ്ഞു വന്നവർ ഒക്കെയും പെസഹ തിന്നു.
പ്രവാസത്തിൽനിന്നു മടങ്ങിയ ഇസ്രായേൽജനവും, ദേശത്തെ യെഹൂദേതരരായവരുടെ അശുദ്ധികളിൽനിന്ന് അകന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന് അവരോടു ചേർന്നവരും ഒരുമിച്ചു പെസഹാ കഴിച്ചു.
22 യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിൻദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ അവരെ സഹായിക്കേണ്ടതിന്നു അശ്ശൂർരാജാവിന്റെ ഹൃദയത്തെ അവൎക്കു അനുകൂലമാക്കുകയും ചെയ്തതുകൊണ്ടു അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.
യഹോവ അവരെ ആഹ്ലാദിപ്പിക്കുകയും ഇസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ ആലയം പണിയാൻ അവരെ സഹായിക്കേണ്ടതിന് അശ്ശൂർരാജാവിന്റെ ഹൃദയം അവർക്ക് അനുകൂലമാക്കുകയും ചെയ്തതിനാൽ അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ഏഴുദിവസം ആനന്ദത്തോടെ ആചരിച്ചു.

< എസ്രാ 6 >