< യെഹെസ്കേൽ 12 >
1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
യഹോവയുടെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി:
2 മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്റെ നടുവിൽ പാൎക്കുന്നു; കാണ്മാൻ കണ്ണുണ്ടെങ്കിലു അവർ കാണുന്നില്ല; കേൾപ്പാൻ ചെവിയുണ്ടെങ്കിലും അവർ കേൾക്കുന്നില്ല; അവർ മത്സരഗൃഹമല്ലോ.
“മനുഷ്യപുത്രാ, കണ്ണുണ്ടായിട്ടും കാണാതെയും ചെവിയുണ്ടായിട്ടും കേൾക്കാതെയുമിരിക്കുന്ന മത്സരമുള്ള ജനത്തിന്റെ മധ്യത്തിലാണ് നീ പാർക്കുന്നത്. കാരണം അവർ മത്സരമുള്ള ഒരു ജനതതന്നെ.
3 ആകയാൽ മനുഷ്യപുത്രാ, നീ യാത്രക്കോപ്പു ഒരുക്കി പകൽസമയത്തു അവർ കാൺകെ പുറപ്പെടുക; അവർ കാൺകെ നിന്റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്ര പുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവർ കണ്ടു ഗ്രഹിക്കുമായിരിക്കും.
“അതുകൊണ്ട് മനുഷ്യപുത്രാ, യാത്രയ്ക്കുള്ള ഭാണ്ഡം ഒരുക്കി പ്രവാസത്തിലേക്കു പോകുന്നതിനു തയ്യാറെടുക്കുക; പകൽസമയത്ത് അവർ കാൺകെ നിന്റെ സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പുറപ്പെടുക. മത്സരമുള്ള ഒരു ജനതയെങ്കിലും, ഒരുപക്ഷേ, അവർ കാര്യം മനസ്സിലാക്കിയെന്നുവരാം.
4 യാത്രക്കോപ്പുപോലെ നിന്റെ സാമാനം നീ പകൽസമയത്തു അവർ കാൺകെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്തു അവർ കാൺകെ പ്രവാസത്തിന്നു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.
പകൽസമയത്ത് അവർ കാൺകെ പ്രവാസത്തിലേക്കു പോകുന്നതിനു തയ്യാറാക്കിവെച്ച നിന്റെ ഭാണ്ഡം പുറത്തുകൊണ്ടുവരിക. പിന്നീട് വൈകുന്നേരത്ത് അവർ നോക്കിനിൽക്കുമ്പോൾത്തന്നെ പ്രവാസത്തിലേക്കെന്നപോലെ പുറപ്പെടുക.
5 അവർ കാൺകെ നീ മതിൽ കുത്തിത്തുരന്നു അതിൽകൂടി അതു പുറത്തു കൊണ്ടുപോകേണം.
അവർ കാൺകെ മതിൽ കുത്തിത്തുരന്ന് ഒരു ദ്വാരമുണ്ടാക്കി അതിലൂടെ നിന്റെ ഭാണ്ഡവുമായി പുറപ്പെടുക.
6 അവർ കാൺകെ നീ അതു തോളിൽ ചുമന്നുകൊണ്ടു ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്റെ മുഖം മൂടിക്കൊള്ളേണം; ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു ഒരു അടയാളം ആക്കിയിരിക്കുന്നു.
അവർ കാൺകെ ഭാണ്ഡം നിന്റെ ചുമലിലേറ്റി ഇരുട്ടത്ത് യാത്രപുറപ്പെടുക. നിലം കാണാത്തവിധം നിന്റെ മുഖം മൂടുക. ഞാൻ നിന്നെ ഇസ്രായേൽഗൃഹത്തിന് ഒരു ചിഹ്നമാക്കിയിരിക്കുന്നു.”
7 എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രക്കോപ്പുപോലെ ഞാൻ എന്റെ സാമാനം പകൽസമയത്തു പുറത്തു കൊണ്ടുവന്നു, വൈകുന്നേരത്തു ഞാൻ എന്റെ കൈകൊണ്ടു മതിൽ കുത്തിത്തുരന്നു ഇരുട്ടത്തു അതു പുറത്തു കൊണ്ടുവന്നു, അവർ കാൺകെ തോളിൽ ചുമന്നു.
എന്നോടു കൽപ്പിച്ചതുപോലെ ഞാൻ ചെയ്തു. പകൽസമയത്ത് ഒരു പ്രവാസിയുടെ ഭാണ്ഡമെന്നപോലെ ഞാൻ എന്റെ ഭാണ്ഡം പുറത്തുകൊണ്ടുവന്നു. വൈകുന്നേരത്ത് ഞാൻതന്നെ മതിൽ കുത്തിത്തുരന്നു. ഇരുട്ടത്ത് ഞാൻ പുറപ്പെട്ട് അവർ കാൺകെ എന്റെ ഭാണ്ഡം തോളിൽ ചുമന്നു.
8 എന്നാൽ രാവിലെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
രാവിലെ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
9 മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേൽഗൃഹം നിന്നോടു: നീ എന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ?
“മനുഷ്യപുത്രാ, മത്സരമുള്ള ജനതയായ ഇസ്രായേൽജനം ‘നീ എന്താണു ചെയ്യുന്നത്?’ എന്നു നിന്നോടു ചോദിച്ചില്ലേ?
10 ഈ അരുളപ്പാടു യെരൂശലേമിലെ പ്രഭുക്കന്മാൎക്കും അവരുടെ ചുറ്റും പാൎക്കുന്ന യിസ്രായേൽ ഗൃഹത്തിന്നൊക്കെയും ഉള്ളതു എന്നു യഹോവയായ കൎത്താവു അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക.
“അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: ഈ അരുളപ്പാട് ജെറുശലേമിലെ പ്രഭുക്കന്മാർക്കും അതിലുള്ള ഇസ്രായേൽജനം മുഴുവനും ഉള്ളതാണ്.
11 ഞാൻ നിങ്ങൾക്കു ഒരടയാളമാകുന്നു എന്നു നീ പറക; ഞാൻ ചെയ്തതുപോലെ അവൎക്കു ഭവിക്കും; അവർ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും.
ഞാൻ നിങ്ങൾക്ക് ഒരു ചിഹ്നമാണ്,’ എന്ന് അവരോടു പറയുക. “ഞാൻ ചെയ്തതുപോലെ അവർക്കു സംഭവിക്കും; അവർ പ്രവാസത്തിലേക്ക്, അടിമകളായി പോകേണ്ടിവരും.
12 അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളിൽ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന്നു അവർ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവൻ മുഖം മൂടും.
“അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടിൽ തന്റെ ഭാണ്ഡം ചുമലിലേറ്റി പുറപ്പെടും; അതു പുറത്തുകൊണ്ടുവരാൻ അവൻ മതിൽ കുത്തിത്തുരന്ന് ഒരു ദ്വാരമുണ്ടാക്കും; നിലം സ്വന്തം കണ്ണുകൊണ്ടു കാണാത്തവിധം അയാൾ തന്റെ മുഖം മറയ്ക്കും.
13 ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കണിയിൽ അകപ്പെടും; ഞാൻ അവനെ കല്ദയരുടെ ദേശത്തു ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവൻ അതിനെ കാണാതെ അവിടെവെച്ചു മരിക്കും.
മാത്രമല്ല, ഞാൻ എന്റെ വല അയാളുടെമേൽ വിരിക്കും; എന്റെ കെണിയിൽ അയാൾ പിടിക്കപ്പെടും; ഞാൻ അയാളെ കൽദയരുടെ ദേശമായ ബാബേലിലേക്കു കൊണ്ടുവരും. എങ്കിലും ഇതൊന്നും അയാൾ സ്വന്തം കണ്ണുകളാൽ കാണുകയില്ല. അവിടെവെച്ച് അയാൾ മരിക്കും.
14 അവന്റെ ചുറ്റുമുള്ള സഹായക്കാരെ ഒക്കെയും അവന്റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാൻ നാലു ദിക്കിലേക്കും ചിതറിച്ചുകളയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
അയാൾക്കു ചുറ്റുമുള്ള അയാളുടെ സഹായികളെയും മുഴുവൻ സൈന്യത്തെയും ഞാൻ കാറ്റിൽ ചിതറിക്കും. അവരുടെ പിന്നാലെ ഞാൻ ഊരിപ്പിടിച്ച വാളുമായി പിൻതുടരും.
15 ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ചു ദേശങ്ങളിൽ ചിന്നിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
“ഞാൻ അവരെ ജനതകൾക്കുമധ്യേ ചിതറിച്ച് രാജ്യങ്ങളിലൂടെ ഛിന്നിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
16 എന്നാൽ അവർ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകലമ്ലേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്നു ശേഷിപ്പിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.
എന്നാൽ അവർ പോകുന്ന ദേശങ്ങളിൽ തങ്ങളുടെ എല്ലാ മ്ലേച്ഛതകളും വിളിച്ചറിയിക്കേണ്ടതിന് അവരിൽ ചിലരെ ഞാൻ വാളിൽനിന്നും ക്ഷാമത്തിൽനിന്നും മഹാമാരിയിൽനിന്നും വിടുവിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”
17 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ;
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
18 മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടുംകൂടെ വെള്ളം കുടിക്കയും ചെയ്ക.
“മനുഷ്യപുത്രാ, വിറയലോടെ നിന്റെ അപ്പം തിന്നുകയും നടുക്കത്തോടും ഭീതിയോടുംകൂടെ നിന്റെ വെള്ളം കുടിക്കുകയും ചെയ്യുക.
19 ദേശത്തിലെ ജനത്തോടു നീ പറയേണ്ടതു: യെരൂശലേംനിവാസികളെയും യിസ്രായേൽ ദേശത്തെയും കുറിച്ചു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടുകൂടെ ശൂന്യമായ്പോകുന്നതുകൊണ്ടു അവർ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോടെ വെള്ളം കുടിക്കയും ചെയ്യും.
ദേശത്തെ ജനങ്ങളോട് ഇപ്രകാരം പറയുക: ‘ഇസ്രായേൽദേശത്തുള്ള ജെറുശലേംനിവാസികളെപ്പറ്റി യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിൽ വസിക്കുന്നവരുടെ അതിക്രമം നിമിത്തം അതിലുള്ള ഒരു വസ്തുവും അവശേഷിപ്പിക്കാതെ സകലതും കൊള്ളചെയ്യപ്പെടും. അതുകൊണ്ട് അവർ ഭീതിയോടെ അപ്പം തിന്നുകയും അമ്പരപ്പോടെ വെള്ളം കുടിക്കുകയും ചെയ്യും.
20 ജനപുഷ്ടിയുള്ള പട്ടണങ്ങൾ ശൂന്യവും ദേശം നിൎജ്ജനവും ആയിത്തീരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
നിവാസികളുള്ള പട്ടണങ്ങൾ ശൂന്യമായും ദേശം നിർജനമായും തീരും; അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’”
21 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
യഹോവയുടെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി:
22 മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദൎശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങൾക്കു യിസ്രായേൽ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?
“മനുഷ്യപുത്രാ, ‘ദിവസങ്ങൾ നീണ്ടുപോകുന്നു, ദർശനങ്ങളൊന്നും നിവൃത്തിയാകുന്നതുമില്ല,’ എന്നിങ്ങനെ ഇസ്രായേൽദേശത്തെപ്പറ്റി നിങ്ങൾക്കുള്ള പഴമൊഴിക്ക് ഇനി എന്തു സാംഗത്യം?
23 അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ ഈ പഴഞ്ചൊല്ലു നിൎത്തലാക്കും; അവർ യിസ്രായേലിൽ ഇനി അതു ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകലദൎശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്നു അവരോടു പ്രസ്താവിക്ക.
അവരോട് ഇങ്ങനെ പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിൽ മേലാൽ ഇതൊരു പഴഞ്ചൊല്ലായിത്തീരാതവണ്ണം ഞാൻ ഈ പഴഞ്ചൊല്ലിനെ നിർത്തലാക്കും. എന്നാൽ ദിവസങ്ങൾ അടുത്തുവരുന്നു എന്നും ദർശനങ്ങളെല്ലാം നിറവേറ്റപ്പെടുമെന്നും അവരോടു പറയുക.
24 യിസ്രായേൽഗൃഹത്തിൽ ഇനി മിത്ഥ്യാദൎശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.
കാരണം ഇസ്രായേൽജനത്തിൽ ഇനിയൊരിക്കലും കപടദർശനമോ മുഖസ്തുതി പറയുന്ന ദേവപ്രശ്നമോ ഉണ്ടാകുകയില്ല.
25 യഹോവയായ ഞാൻ പ്രസ്താവിപ്പാൻ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നേ ഞാൻ വചനം പ്രസ്താവിക്കയും നിവൎത്തിക്കയും ചെയ്യും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
യഹോവയായ ഞാൻതന്നെ സംസാരിക്കും; ഞാൻ സംസാരിക്കുന്ന വചനങ്ങൾ എല്ലാം നിറവേറുകയും ചെയ്യും; അതിനു കാലതാമസം ഉണ്ടാക്കുകയില്ല; കാരണം, ഹേ, മത്സരമുള്ള ജനതയേ, നിങ്ങളുടെകാലത്ത് ഞാൻ അരുളിച്ചെയ്യുകയും അതു നിറവേറ്റുകയും ചെയ്യും എന്നു കർത്താവായ യഹോവയുടെ അരുളപ്പാട്.’”
26 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി:
27 മനുഷ്യപുത്രാ, യിസ്രായേൽഗൃഹം: ഇവൻ ദൎശിക്കുന്ന ദൎശനം വളരെനാളത്തേക്കുള്ളതും ഇവൻ പ്രവചിക്കുന്നതു ദീൎഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.
“മനുഷ്യപുത്രാ, ‘അയാൾക്കു ലഭിക്കുന്ന ദർശനം ബഹുകാലത്തിനുശേഷം സംഭവിക്കാനുള്ളതാണ്, അതിവിദൂരഭാവിയിലെ കാര്യമാണ് അയാൾ പ്രവചിക്കുന്നത്’ എന്നിങ്ങനെ ഇസ്രായേൽജനത പറയുന്നു.
28 അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
“അതുകൊണ്ട് അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളൊന്നും ഇനി താമസിക്കുകയില്ല; ഞാൻ അരുളിച്ചെയ്യുന്ന ഏതു വചനവും നിറവേറ്റപ്പെടും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’”