< എസ്ഥേർ 8 >
1 അന്നു അഹശ്വേരോശ്‌രാജാവു യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീടു എസ്ഥേർരാജ്ഞിക്കു കൊടുത്തു; മൊൎദ്ദെഖായിക്കു തന്നോടുള്ള ചാൎച്ച ഇന്നതെന്നു എസ്ഥേർ അറിയിച്ചതുകൊണ്ടു അവൻ രാജസന്നിധിയിൽ പ്രവേശം പ്രാപിച്ചു.
അന്നുതന്നെ അഹശ്വേരോശ് രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വസ്തുവകകൾ എസ്ഥേർ രാജ്ഞിക്കു നൽകി. മൊർദെഖായിയുമായി തനിക്കുള്ള ബന്ധം എസ്ഥേർരാജ്ഞി രാജാവിനെ അറിയിച്ചതിനാൽ അദ്ദേഹത്തിനു രാജസന്നിധിയിൽ പ്രവേശനം ലഭിച്ചു.
2 രാജാവു ഹാമാന്റെ പക്കൽനിന്നു എടുത്ത തന്റെ മോതിരം ഊരി മൊൎദ്ദെഖായിക്കു കൊടുത്തു; എസ്ഥേർ മൊൎദ്ദെഖായിയെ ഹാമാന്റെ വീട്ടിന്നു മേൽവിചാരകനാക്കിവെച്ചു.
രാജാവ് ഹാമാനിൽനിന്ന് തിരികെ വാങ്ങിയ മുദ്രമോതിരം മൊർദെഖായിക്കു സമ്മാനിച്ചു. എസ്ഥേർ അദ്ദേഹത്തെ ഹാമാന്റെ വസ്തുവകകൾക്കെല്ലാം അധികാരിയാക്കി.
3 എസ്ഥേർ പിന്നെയും രാജാവിനോടു സംസാരിച്ചു അവന്റെ കാല്ക്കൽ വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവൻ യെഹൂദന്മാൎക്കു വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞു അപേക്ഷിച്ചു.
എസ്ഥേർ വീണ്ടും രാജാവിന്റെ കാൽക്കൽവീണ് കരഞ്ഞു യാചിച്ചു. ആഗാഗ്യനായ ഹാമാൻ യെഹൂദർക്കെതിരേ ആസൂത്രണംചെയ്ത തന്ത്രം അവസാനിപ്പിക്കണമെന്ന് അവൾ അപേക്ഷിച്ചു.
4 രാജാവു പൊൻചെങ്കോൽ എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേർ എഴുന്നേറ്റു രാജസന്നിധിയിൽനിന്നു പറഞ്ഞതു:
രാജാവ് തന്റെ തങ്കച്ചെങ്കോൽ എസ്ഥേരിനുനേരേ നീട്ടി; അവൾ എഴുന്നേറ്റ് രാജാവിന്റെ മുമ്പിൽനിന്നു.
5 രാജാവിന്നു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിന്നു കാൎയ്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണിൽ ഞാനും പ്രിയയായിരിക്കുന്നുവെങ്കിൽ രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്നു ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ ഉപായലേഖനങ്ങളെ ദുൎബ്ബലപ്പെടുത്തേണ്ടതിന്നു കല്പന അയക്കേണമേ.
എസ്ഥേർ രാജാവിനോടു പറഞ്ഞു: “രാജാവിനു തിരുവുള്ളമുണ്ടായി, ഇക്കാര്യം ശരിയെന്നു ബോധ്യപ്പെടുകയും എന്നോടു പ്രിയംതോന്നുകയും ചെയ്യുന്നെങ്കിൽ, രാജാവിന്റെ പ്രവിശ്യകളിലുള്ള സകല യെഹൂദരെയും സംഹരിക്കാൻ ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ നിയമത്തിനു വിരോധമായി രാജാവ് ഒരു കൽപ്പന പുറപ്പെടുവിച്ചാലും.
6 എന്റെ ജനത്തിന്നു വരുന്ന അനൎത്ഥം ഞാൻ എങ്ങനെ കണ്ടുസഹിക്കും? എന്റെ വംശത്തിന്റെ നാശവും ഞാൻ എങ്ങനെ കണ്ടുസഹിക്കും.
ഒരു ദുരന്തം എന്റെ ജനത്തെ മൂടുന്നത് ഞാൻ എങ്ങനെ കണ്ടു സഹിക്കും? എന്റെ കുടുംബത്തിന്റെ നാശം ഞാൻ എങ്ങനെ കണ്ടു സഹിക്കും?”
7 അപ്പോൾ അഹശ്വേരോശ്‌രാജാവു എസ്ഥേർരാജ്ഞിയോടും യെഹൂദനായ മൊൎദ്ദെഖായിയോടും കല്പിച്ചതു: ഞാൻ ഹാമാന്റെ വീടു എസ്ഥോരിന്നു കൊടുത്തുവല്ലോ; അവൻ യെഹൂദന്മാരെ കയ്യേറ്റം ചെയ്‌വാൻ പോയതുകൊണ്ടു അവനെ കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു.
അഹശ്വേരോശ് രാജാവ് എസ്ഥേർരാജ്ഞിയോടും മൊർദെഖായി എന്ന യെഹൂദനോടും പറഞ്ഞു, “ഹാമാൻ യെഹൂദരെ ആക്രമിച്ചതിനാൽ അവന്റെ വീട് ഞാൻ എസ്ഥേരിനു നൽകി. അവനെ അവൻതന്നെ ഒരുക്കിയ തൂക്കുമരത്തിലേറ്റുകയും ചെയ്തു.
8 നിങ്ങൾക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്റെ നാമത്തിൽ യെഹൂദന്മാൎക്കുവേണ്ടി എഴുതി രാജാവിന്റെ മോതിരംകൊണ്ടു മുദ്രയിടുവിൻ; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുൎബ്ബലപ്പെടുത്തുവാൻ ആൎക്കും പാടില്ലല്ലോ.
ഇനി രാജാവിന്റെ നാമത്തിൽ യെഹൂദർക്ക് അനുകൂലമായി നിങ്ങൾക്ക് ഉത്തമമെന്നു തോന്നുന്ന മറ്റൊരു കൽപ്പന എഴുതിക്കൊള്ളുക. അതിൽ രാജാവിന്റെ മുദ്രമോതിരത്താൽ മുദ്രയിടുക. രാജാവിന്റെ നാമത്തിൽ എഴുതി രാജാവിന്റെ മുദ്രമോതിരത്താൽ മുദ്രയിടപ്പെട്ട ഒരു കൽപ്പനയും റദ്ദാക്കാവുന്നതല്ല.”
9 അങ്ങനെ സീവാൻ മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തിയ്യതി തന്നേ രാജാവിന്റെ രായസക്കാരെ വിളിച്ചു; മെൎദ്ദെഖായി കല്പിച്ചതുപോലെ ഒക്കെയും അവർ യെഹൂദന്മാൎക്കു ഹിന്തുദേശംമുതൽ കൂശ്‌വരെയുള്ള നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികൾക്കും ദേശാധിപതിമാൎക്കും സംസ്ഥാനപ്രഭുക്കന്മാൎക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജാതിക്കു അതതു ഭാഷയിലും യെഹൂദന്മാൎക്കു അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.
മൂന്നാംമാസമായ സീവാൻ മാസം ഇരുപത്തിമൂന്നാംതീയതി രാജാവിന്റെ ലേഖകരെ എല്ലാം വിളിച്ചുവരുത്തി. ഇന്ത്യമുതൽ കൂശ് വരെ വ്യാപിച്ചുകിടക്കുന്ന 127 പ്രവിശ്യകളിലെ സകല യെഹൂദർക്കും രാജപ്രതിനിധികൾക്കും ദേശാധിപതികൾക്കും ജനത്തിന്റെ പ്രഭുക്കന്മാർക്കുംവേണ്ടി മൊർദെഖായി നിർദേശിച്ചതൊക്കെയും അവർ എഴുതി. കൽപ്പനകൾ എല്ലാം ഓരോ സംസ്ഥാനത്തിന്റെ ലിപിയിലും ഓരോ ജനതയുടെ ഭാഷയിലും യെഹൂദർക്ക് അവരുടേതായ ലിപിയിലും ആണ് എഴുതിയത്.
10 അവൻ അഹശ്വേരോശ്‌രാജാവിന്റെ നാമത്തിൽ എഴുതിച്ചു രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്റെ അശ്വഗണത്തിൽ വളൎന്നു രാജകാൎയ്യത്തിന്നു ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തു കയറി ഓടിക്കുന്ന അഞ്ചല്ക്കാരുടെ കൈവശം കൊടുത്തയച്ചു.
അഹശ്വേരോശ് രാജാവിന്റെ നാമത്തിൽ എഴുതിയതും മുദ്രമോതിരത്താൽ മുദ്ര ചെയ്യപ്പെട്ടതുമായ കൽപ്പനകളുമായി രാജാവിനുവേണ്ടി വളർത്തിയിരുന്ന വേഗമുള്ള കുതിരകളുടെ പുറത്ത് സന്ദേശവാഹകരെ അയച്ചു.
11 അവയിൽ രാജാവു അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും ആദാർമാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ,
ഈ കൽപ്പനയാൽ, എല്ലാ പട്ടണങ്ങളിലുമുള്ള യെഹൂദർക്ക് സ്വയസംരക്ഷണയ്ക്കായി ഒത്തുകൂടുന്നതിനും അവരെയും അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കാൻ ഏതു ജനവിഭാഗങ്ങളിൽനിന്നും പ്രവിശ്യയിൽനിന്നും വരുന്ന എല്ലാ സൈന്യത്തെയും കൊന്നു നശിപ്പിച്ച് ഉന്മൂലനംചെയ്യാനും ശത്രുക്കളെ കൊള്ളയടിക്കാനുമുള്ള അനുമതി ലഭിച്ചു.
12 അതതു പട്ടണത്തിലേ യെഹൂദന്മാർ ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കു വേണ്ടി പൊരുതുനില്പാനും തങ്ങളെ ഉപദ്രവിപ്പാൻ വരുന്ന ജാതിയുടെയും സംസ്ഥാനത്തിന്റെയും സകലസൈന്യത്തെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും നശിപ്പിച്ചു കൊന്നുമുടിപ്പാനും അവരുടെ സമ്പത്തു കൊള്ളയിടുവാനും യെഹൂദന്മാൎക്കു അധികാരം കൊടുത്തു.
അഹശ്വേരോശ് രാജാവിന്റെ എല്ലാ പ്രവിശ്യകളിലും പന്ത്രണ്ടാംമാസമായ ആദാർമാസം പതിമ്മൂന്നാംതീയതിയായിരുന്നു യെഹൂദർക്ക് ഇതു ചെയ്യാൻ അനുവാദം.
13 അന്നത്തേക്കു യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളോടു പ്രതിക്രിയ ചെയ്‌വാൻ ഒരുങ്ങിയിരിക്കേണമെന്നു സകലജാതികൾക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീൎപ്പിന്റെ പകൎപ്പു ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
ആ ദിവസം യെഹൂദർ തങ്ങളുടെ ശത്രുക്കളെ നേരിടാൻ തയ്യാറായിരിക്കേണ്ടതിനു കൽപ്പനയുടെ ഒരു പകർപ്പ് ഒരു നിയമമായിത്തന്നെ എല്ലാ പ്രവിശ്യകളിലും എല്ലാ ജനവിഭാഗങ്ങൾക്കിടയിലും പ്രസിദ്ധപ്പെടുത്തി.
14 അങ്ങനെ അഞ്ചല്ക്കാർ രാജകീയതുരഗങ്ങളുടെ പുറത്തു കയറി രാജാവിന്റെ കല്പനയാൽ നിൎബന്ധിതരായി ബദ്ധപ്പെട്ടു ഓടിച്ചുപോയി. ശൂശൻ രാജധാനിയിലും തീൎപ്പു പരസ്യംചെയ്തു.
അങ്ങനെ, സന്ദേശവാഹകർ രാജകൽപ്പനയാൽ നിർബന്ധിതരായി രാജാവിന്റെ കുതിരകളുടെ പുറത്ത് കയറി അതിവേഗം പുറപ്പെട്ടു. കൽപ്പന ശൂശൻ രാജധാനിയിലും പ്രസിദ്ധപ്പെടുത്തി.
15 എന്നാൽ മൊൎദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊൻകിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയിൽനിന്നു പുറപ്പെട്ടു; ശൂശൻപട്ടണം ആൎത്തു സന്തോഷിച്ചു.
മൊർദെഖായി നീലയും വെള്ളയും നിറങ്ങൾ ഉള്ള രാജവസ്ത്രവും വലിയ സ്വർണക്കിരീടവും മൃദുലചണനൂൽകൊണ്ടുള്ള ഊതവർണ നിലയങ്കിയും ധരിച്ച് രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. ശൂശൻ പട്ടണം ആനന്ദത്താൽ ആഘോഷിച്ചാർത്തു.
16 യെഹൂദന്മാൎക്കു പ്രകാശവും സന്തോഷവും ആനന്ദവും ബഹുമാനവും ഉണ്ടായി.
യെഹൂദർക്ക് അത് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും സമയമായിരുന്നു.
17 രാജാവിന്റെ കല്പനയും തീൎപ്പും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാൎക്കു ആനന്ദവും സന്തോഷവും വിരുന്നും ഉത്സവവും ഉണ്ടായി; യെഹൂദന്മാരെയുള്ള പേടി ദേശത്തെ ജാതികളിന്മേൽ വീണിരുന്നതുകൊണ്ടു അവർ പലരും യെഹൂദന്മാരായിത്തീൎന്നു.
എല്ലാ പ്രവിശ്യയിലും എല്ലാ പട്ടണങ്ങളിലും രാജകൽപ്പന ലഭിച്ച എല്ലായിടത്തും യെഹൂദർക്കിടയിൽ സന്തോഷവും ആനന്ദവും ഉണ്ടായി. അവിടെ വിരുന്നും ആഘോഷവും ഉണ്ടായി. യെഹൂദരെക്കുറിച്ചുള്ള ഭയംനിമിത്തം ഇതര ജനവിഭാഗങ്ങളിലുള്ള അനേകരും യെഹൂദരായിത്തീർന്നു.