< എഫെസ്യർ 3 >
1 അതുനിമിത്തം പൌലൊസ് എന്ന ഞാൻ ജാതികളായ നിങ്ങൾക്കു വേണ്ടി ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു.
2 നിങ്ങൾക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു
3 ഞാൻ മീതെ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപ്പാടിനാൽ എനിക്കു ഒരു മൎമ്മം അറിയായ്വന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
4 നിങ്ങൾ അതു വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മൎമ്മത്തിൽ എനിക്കുള്ള ബോധം നിങ്ങൾക്കു ഗ്രഹിക്കാം.
5 ആ മൎമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാൎക്കും പ്രവാചകന്മാൎക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂൎവ്വകാലങ്ങളിൽ മനുഷ്യൎക്കു അറിയായ്വന്നിരുന്നില്ല.
6 അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.
7 ആ സുവിശേഷത്തിന്നു ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീൎന്നു.
8 സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും
9 സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മൎമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവൎക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു. (aiōn )
10 അങ്ങനെ ഇപ്പോൾ സ്വൎഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
11 അവൻ നമ്മുടെ കൎത്താവായ യേശുക്രിസ്തുവിൽ നിവൎത്തിച്ച അനാദിനിൎണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്വരുന്നു. (aiōn )
12 അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈൎയ്യവും പ്രവേശനവും ഉണ്ടു.
13 അതുകൊണ്ടു ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ അവനിമിത്തം അധൈൎയ്യപ്പെട്ടുപോകരുതു എന്നു ഞാൻ അപേക്ഷിക്കുന്നു.
14 അതുനിമിത്തം ഞാൻ സ്വൎഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും
15 പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു.
16 അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും
17 ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി
18 വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും
19 പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാൎത്ഥിക്കുന്നു.
20 എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു
21 സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ. (aiōn )