< ആവർത്തനപുസ്തകം 32 >
1 ആകാശമേ, ചെവിതരിക; ഞാൻ സംസാരിക്കും; ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ.
൧ആകാശമേ, ചെവിതരുക; ഞാൻ സംസാരിക്കും; ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ.
2 മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.
൨മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.
3 ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിൻ.
൩ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന് മഹത്വം കൊടുക്കുവിൻ.
4 അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.
൪യഹോവയാകുന്നു പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നെ.
5 അവർ അവനോടു വഷളത്വം കാണിച്ചു: അവർ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ.
൫അവർ അവനോട് വഷളത്തം കാണിച്ചു: അവർ സ്വയം കളങ്കപ്പെടുത്തിയതിനാൽ അവന്റെ മക്കളല്ല; വക്രതയും കോട്ടവുമുള്ള തലമുറ തന്നെ.
6 ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.
൬ഭോഷത്തവും അജ്ഞതയുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പകരം കൊടുക്കുന്നത്? അവനല്ലോ നിന്റെ പിതാവ്, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്തവൻ.
7 പൂൎവ്വദിവസങ്ങളെ ഓൎക്കുക: മുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക; നിന്റെ പിതാവിനോടു ചോദിക്ക, അവൻ അറിയിച്ചുതരും; നിന്റെ വൃദ്ധന്മാരോടു ചോദിക്ക, അവർ പറഞ്ഞുതരും.
൭പൂർവ്വദിവസങ്ങളെ ഓർക്കുക: മുൻ തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്കുക; നിന്റെ പിതാവിനോട് ചോദിക്കുക, അവൻ അറിയിച്ചുതരും; നിന്റെ വൃദ്ധന്മാരോട് ചോദിക്കുക, അവർ പറഞ്ഞുതരും.
8 മഹോന്നതൻ ജാതികൾക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.
൮മഹോന്നതൻ ജാതികൾക്ക് അവകാശം വിഭാഗിക്കുകയും മനുഷ്യപുത്രന്മാരെ വേർപിരിക്കുകയും ചെയ്തപ്പോൾ അവൻ യിസ്രായേൽ മക്കളുടെ എണ്ണത്തിനു തക്കവണ്ണം ജനതകളുടെ അതിർത്തികൾ നിശ്ചയിച്ചു.
9 യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു.
൯യഹോവയുടെ ഓഹരി അവന്റെ ജനവും, യാക്കോബ് അവന്റെ അവകാശവും ആകുന്നു.
10 താൻ അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.
൧൦താൻ അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടെത്തി. അവനെ ചുറ്റി പരിപാലിച്ചു; കണ്മണിപോലെ അവനെ സൂക്ഷിച്ചു.
11 കഴുകൻ തന്റെ കൂടു അനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.
൧൧കഴുകൻ തന്റെ കൂടനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കും പോലെ തൻ ചിറകു വിരിച്ച് അവനെ എടുത്ത് തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.
12 യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.
൧൨യഹോവ തനിയെ അവനെ നടത്തി; അവനോടുകൂടി അന്യദൈവം ഉണ്ടായിരുന്നില്ല.
13 അവൻ ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ടു അവൻ ഉപജീവിച്ചു. അവനെ പാറയിൽനിന്നു തേനും തീക്കല്ലിൽനിന്നു എണ്ണയും കുടിപ്പിച്ചു.
൧൩അവൻ ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ട് അവൻ ഉപജീവിച്ചു. അവനെ പാറയിൽനിന്നുള്ള തേനും തീക്കല്ലിൽനിന്നുള്ള എണ്ണയും കുടിപ്പിച്ചു.
14 പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും ആട്ടിൻകുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കോതമ്പിൻ കാമ്പിനെയും അവന്നു കൊടുത്തു; നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.
൧൪പശുക്കളുടെ വെണ്ണയും ആടുകളുടെ പാലും ആട്ടിൻകുട്ടികളുടെ മേദസ്സും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും ഗോതമ്പിൻ കാമ്പും അവന് കൊടുത്തു; നീ മുന്തിരിയുടെ രക്തമായ വീഞ്ഞു കുടിച്ചു.
15 യെശൂരൂനോ പുഷ്ടിവെച്ചു ഉതെച്ചു; നീ പുഷ്ടിവെച്ചു കനത്തു തടിച്ചിരിക്കുന്നു. തന്നെ ഉണ്ടാക്കിയ ദൈവത്തെ അവൻ ത്യജിച്ചു തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.
൧൫യെശുരൂനോ പുഷ്ടിവച്ചപ്പോൾ മത്സരിച്ചു; നീ പുഷ്ടിവച്ച്, കനത്തു തടിച്ചിരിക്കുന്നു. തന്നെ ഉണ്ടാക്കിയ ദൈവത്തെ അവൻ ത്യജിച്ച്; തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.
16 അവർ അന്യദൈവങ്ങളാൽ അവനെ ക്രുദ്ധിപ്പിച്ചു, മ്ലേച്ഛതകളാൽ അവനെ കോപിപ്പിച്ചു.
൧൬അവർ അന്യദൈവങ്ങളാൽ അവനെ കോപിപ്പിച്ചു, മ്ലേച്ഛതകളാൽ അവനെ പ്രകോപിപ്പിച്ചു.
17 അവർ ദുൎഭൂതങ്ങൾക്കു, ദൈവമല്ലാത്തവെക്കു, തങ്ങൾ അറിയാത്ത ദേവന്മാൎക്കു ബലികഴിച്ചു; അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉത്ഭവിച്ച നവീനമൂൎത്തികൾ അത്രേ.
൧൭അവർ ദുർഭൂതങ്ങൾക്ക്, ദൈവമല്ലാത്തവയ്ക്ക്, തങ്ങൾ അറിയാത്ത ദേവന്മാർക്കു തന്നെ ബലികഴിച്ചു; അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉത്ഭവിച്ച മൂർത്തികൾ അത്രേ.
18 നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.
൧൮നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു; നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നുകളഞ്ഞു.
19 യഹോവ കണ്ടു അവരെ തള്ളിക്കളഞ്ഞു; തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താൽ തന്നേ.
൧൯യഹോവ അത് കണ്ട് അവരെ തള്ളിക്കളഞ്ഞു; തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താൽ തന്നേ.
20 അവൻ അരുളിച്ചെയ്തതു: ഞാൻ എന്റെ മുഖം അവൎക്കു മറെക്കും; അവരുടെ അന്തം എന്തു എന്നു ഞാൻ നോക്കും. അവർ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കൾ.
൨൦അവൻ അരുളിച്ചെയ്തത്: “ഞാൻ എന്റെ മുഖം അവർക്ക് മറയ്ക്കും; അവരുടെ അന്തം എന്തെന്ന് ഞാൻ നോക്കും. അവർ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കൾ.
21 ദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി, മിത്ഥ്യാമൂൎത്തികളാൽ എന്നെ മുഷിപ്പിച്ചു. ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവൎക്കു എരിവുവരുത്തും; മൂഢജാതിയെക്കൊണ്ടു അവരെ മുഷിപ്പിക്കും
൨൧ദൈവമല്ലാത്തതിനെക്കൊണ്ട് എനിക്ക് എരിവുവരുത്തി, മിത്ഥ്യാമൂർത്തികളാൽ എന്നെ മുഷിപ്പിച്ചു. ഞാനും ജനമല്ലാത്തവരെക്കൊണ്ട് അവർക്ക് എരിവുവരുത്തും; മൂഢജനതയെക്കൊണ്ട് അവരെ മുഷിപ്പിക്കും
22 എന്റെ കോപത്താൽ തീ ജ്വലിച്ചു പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു പൎവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും. (Sheol )
൨൨എന്റെ കോപത്താൽ തീ ജ്വലിച്ച് പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു പർവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കത്തിച്ചുകളയും. (Sheol )
23 ഞാൻ അനൎത്ഥങ്ങൾ അവരുടെമേൽ കുന്നിക്കും; എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ ചെലവിടും.
൨൩ഞാൻ അനർത്ഥങ്ങൾ അവരുടെ മേൽ കൂമ്പാരമായി കൂട്ടും. എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ തൊടുക്കും.
24 അവർ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിന്നും വിഷവ്യാധിക്കും ഇരയാകും. മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ വിഷവും ഞാൻ അവരുടെ ഇടയിൽ അയക്കും.
൨൪അവർ വിശപ്പുകൊണ്ട് ക്ഷയിക്കും; ഉഷ്ണരോഗത്തിനും വിഷവ്യാധിക്കും ഇരയാകും. മൃഗങ്ങളുടെ പല്ലും സർപ്പങ്ങളുടെ വിഷവും ഞാൻ അവരുടെ ഇടയിൽ അയക്കും.
25 വീഥികളിൽ വാളും അറകളിൽ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
൨൫വീഥികളിൽ വാളും അറകളിൽ ഭീതിയും, യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
26 ഞങ്ങളുടെ കൈ ജയംകൊണ്ടു; യഹോവയല്ല ഇതൊക്കെയും ചെയ്തതു എന്നു അവരുടെ വൈരികൾ തെറ്റായി വിചാരിക്കയും ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും എന്നു ഞാൻ ശങ്കിച്ചിരുന്നില്ലെങ്കിൽ,
൨൬“ഞങ്ങളുടെ കൈകൊണ്ട് ഞങ്ങൾ ജയിച്ചു; യഹോവയല്ല ഇതൊക്കെയും ചെയ്തത്” എന്ന് അവരുടെ വൈരികൾ തെറ്റായി വിചാരിക്കയും ശത്രു എനിക്ക് ക്രോധം വരുത്തുകയും ചെയ്യും എന്ന് ഞാൻ ശങ്കിച്ചിരുന്നില്ലെങ്കിൽ,
27 ഞാൻ അവരെ ഊതിക്കളഞ്ഞു, മനുഷ്യരിൽനിന്നു അവരുടെ ഓൎമ്മ ഇല്ലാതാക്കുമായിരുന്നു.
൨൭ഞാൻ അവരെ തകർത്തുകളഞ്ഞ്, മനുഷ്യരുടെ ഇടയിൽനിന്ന് അവരുടെ ഓർമ്മ ഇല്ലാതാക്കുമായിരുന്നു.
28 അവർ ആലോചനയില്ലാത്ത ജാതി; അവൎക്കു വിവേകബുദ്ധിയില്ല.
൨൮അവർ ആലോചനയില്ലാത്ത ജനം; അവർക്ക് വിവേകബുദ്ധിയില്ല.
29 ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കിൽ കൊള്ളായിരുന്നു.
൨൯ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ച് തങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിച്ചെങ്കിൽ കൊള്ളാമായിരുന്നു.
30 അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ?
൩൦അവരുടെ പാറ അവരെ വിറ്റുകളയുകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കുകയും ചെയ്തിട്ടല്ലാതെ ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ?
31 അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന്നു നമ്മുടെ ശത്രുക്കൾ തന്നേ സാക്ഷികൾ.
൩൧അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന് നമ്മുടെ ശത്രുക്കൾ തന്നെ സാക്ഷികൾ.
32 അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും ഗൊമോരനിലങ്ങളിൽനിന്നും ഉള്ളതു; അവരുടെ മുന്തിരിപ്പഴം നഞ്ചും മുന്തിരിക്കുല കൈപ്പുമാകുന്നു;
൩൨അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും ഗൊമോരനിലങ്ങളിൽനിന്നും ഉള്ളത്; അവരുടെ മുന്തിരിപ്പഴം നഞ്ചും മുന്തിരിക്കുല കയ്പുമാകുന്നു;
33 അവരുടെ വീഞ്ഞു മഹാസൎപ്പത്തിൻ വിഷവും മൂൎഖന്റെ കാളകൂടവും ആകുന്നു.
൩൩അവരുടെ വീഞ്ഞ് മഹാസർപ്പത്തിൻ വിഷവും മൂർഖന്റെ കാളകൂടവും ആകുന്നു.
34 ഇതു എന്റെ അടുക്കൽ സംഗ്രഹിച്ചും എൻഭണ്ഡാരത്തിൽ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?
൩൪ഇതു എന്റെ അടുക്കൽ സംഗ്രഹിച്ചും എന്റെ ഭണ്ഡാരത്തിൽ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?
35 അവരുടെ കാൽ വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ടു; അവരുടെ അനൎത്ഥദിവസം അടുത്തിരിക്കുന്നു; അവൎക്കു ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.
൩൫അവരുടെ കാൽ വഴുതുന്ന കാലത്തേക്കുള്ള പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ട്; അവരുടെ അനർത്ഥദിവസം അടുത്തിരിക്കുന്നു; അവർക്ക് ഭവിപ്പാക്കുവാനുള്ളത് ബദ്ധപ്പെടുന്നു.
36 യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവൻ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.
൩൬യഹോവ തന്റെ ജനത്തെ ന്യായംവിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; അടിമയോ സ്വതന്ത്രനോ ഇല്ലാതെയായി എന്ന് കണ്ടിട്ട് അവന് തന്റെ ദാസന്മാരോട് സഹതാപം തോന്നും.
37 അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവർ ആശ്രയിച്ച പാറയും എവിടെ?
൩൭അവരുടെ ബലികളുടെ മേദസ്സ് തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കുകയും ചെയ്ത ദേവന്മാരും അവർ ആശ്രയിച്ച പാറയും എവിടെ?
38 അവർ എഴുന്നേറ്റു നിങ്ങളെ സഹായിച്ചു നിങ്ങൾക്കു ശരണമായിരിക്കട്ടെ എന്നു അവൻ അരുളിച്ചെയ്യും.
൩൮‘അവർ എഴുന്നേറ്റ്, നിങ്ങളെ സഹായിച്ച്, നിങ്ങൾക്ക് ശരണമായിരിക്കട്ടെ’ എന്ന് അവൻ അരുളിച്ചെയ്യും.
39 ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകൎക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.
൩൯ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊള്ളുവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്ന് വിടുവിക്കുന്നവൻ ഇല്ല.
40 ഞാൻ ആകാശത്തേക്കു കൈ ഉയൎത്തി സത്യം ചെയ്യുന്നതു: നിത്യനായിരിക്കുന്ന എന്നാണ--
൪൦ഞാൻ ആകാശത്തേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നത്: “നിത്യനായിരിക്കുന്ന എന്നാണ,
41 എന്റെ മിന്നലാം വാൾ ഞാൻ മൂൎച്ചയാക്കി എൻ കൈ ന്യായവിധി തുടങ്ങുമ്പോൾ, ഞാൻ ശത്രുക്കളിൽ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവൎക്കു പകരം വീട്ടും.
൪൧എന്റെ മിന്നലാകുന്ന വാൾ ഞാൻ മൂർച്ചയാക്കി എൻ കൈ ന്യായവിധി തുടങ്ങുമ്പോൾ, ഞാൻ ശത്രുക്കളിൽ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവരോട് പകരംവീട്ടും.
42 ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സിൽനിന്നു ഒലിക്കുന്നതിനാലും ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും എന്റെ വാൾ മാംസം തിന്നുകയും ചെയ്യും.
൪൨ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും ശത്രുനായകന്മാരുടെ ശിരസ്സിൽനിന്ന് ഒലിക്കുന്ന രക്തത്താലും ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരി പിടിപ്പിക്കും; എന്റെ വാൾ മാംസം തിന്നുകയും ചെയ്യും.
43 ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ; അവൻ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോടു അവൻ പകരം വീട്ടും; തന്റെ ദേശത്തിന്നും ജനത്തിന്നും പാപ പരിഹാരം വരുത്തും.
൪൩ജനതകളേ, അവന്റെ ജനത്തോടുകൂടി ഉല്ലസിക്കുവിൻ; അവൻ സ്വദാസന്മാരുടെ രക്തത്തിന് പ്രതികാരംചെയ്യും; തന്റെ ശത്രുക്കളോട് അവൻ പകരംവീട്ടും; തന്റെ ദേശത്തിനും ജനത്തിനും പാപപരിഹാരം വരുത്തും”.
44 അനന്തരം മോശെയും നൂന്റെ മകനായ യോശുവയും വന്നു ഈ പാട്ടിന്റെ വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു.
൪൪അനന്തരം മോശെയും നൂന്റെ മകനായ യോശുവയും ഈ പാട്ടിന്റെ വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു.
45 മോശെ ഈ സകലവചനങ്ങളും എല്ലായിസ്രായേലിനോടും സംസാരിച്ചുതീൎന്നപ്പോൾ അവൻ അവരോടു പറഞ്ഞതു:
൪൫മോശെ വചനങ്ങളെല്ലാം യിസ്രായേൽ ജനത്തോട് സംസാരിച്ചു തീർന്നപ്പോൾ അവൻ അവരോട് പറഞ്ഞത്:
46 ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ.
൪൬ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ സകലവും പ്രമാണിച്ചു നടക്കണം എന്ന് നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിക്കുവാൻ, ഞാൻ ഇന്ന് നിങ്ങളോട് സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ സൂക്ഷിച്ചുകൊള്ളുവിൻ.
47 ഇതു നിങ്ങൾക്കു വ്യൎത്ഥകാൎയ്യമല്ല, നിങ്ങളുടെ ജീവൻതന്നേ ആകുന്നു; നിങ്ങൾ കൈവശമാക്കേണ്ടതിന്നു യോൎദ്ദാൻ കടന്നു ചെല്ലുന്ന ദേശത്തു നിങ്ങൾക്കു ഇതിനാൽ ദീൎഘായുസ്സുണ്ടാകും.
൪൭ഇതു നിങ്ങൾക്ക് വ്യർത്ഥകാര്യമല്ല, നിങ്ങളുടെ ജീവൻതന്നെ ആകുന്നു; നിങ്ങൾ കൈവശമാക്കുവാൻ യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾക്ക് ഇതിനാൽ ദീർഘായുസ്സുണ്ടാകും.
48 അന്നു തന്നേ യഹോവ മോശെയോടു അരുളിച്ചെയ്തതു:
൪൮അന്ന് തന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:
49 നീ യെരീഹോവിന്നെതിരെ മോവാബ്ദേശത്തുള്ള ഈ അബാരീംപൎവ്വതത്തിൽ നെബോമലമുകളിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു അവകാശമായി കൊടുക്കുന്ന കനാൻദേശത്തെ നോക്കി കാൺക.
൪൯നീ യെരിഹോവിനെതിരെ മോവാബ് ദേശത്തുള്ള ഈ അബാരീംപർവ്വതത്തിൽ, നെബോമലമുകളിൽ കയറി, ഞാൻ യിസ്രായേൽ മക്കൾക്ക് അവകാശമായി കൊടുക്കുന്ന കനാൻദേശം നോക്കി കാണുക.
50 നിന്റെ സഹോദരനായ അഹരോൻ ഹോർ പൎവ്വതത്തിൽവെച്ചു മരിച്ചു തന്റെ ജനത്തോടു ചേൎന്നതുപോലെ നീ കയറുന്ന പൎവ്വതത്തിൽവെച്ചു നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.
൫൦നിന്റെ സഹോദരനായ അഹരോൻ ഹോർ പർവ്വതത്തിൽവച്ച് മരിച്ച് തന്റെ ജനത്തോട് ചേർന്നതുപോലെ നീ കയറുന്ന പർവ്വതത്തിൽവച്ച് നീയും മരിച്ച് നിന്റെ ജനത്തോടു ചേരും.
51 നിങ്ങൾ സീൻമരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽമക്കളുടെ മദ്ധ്യേവെച്ചു എന്നോടു അകൃത്യം ചെയ്കകൊണ്ടും യിസ്രായേൽമക്കളുടെ മദ്ധ്യേവെച്ചു എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നേ.
൫൧നിങ്ങൾ സീൻ മരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽ മക്കളുടെ മദ്ധ്യത്തിൽവച്ച് എന്നോട് അകൃത്യം ചെയ്കകൊണ്ടും യിസ്രായേൽ മക്കളുടെ മദ്ധ്യത്തിൽവച്ച് എന്നെ മഹത്വീകരിക്കാതിരുന്നതിനാലും തന്നെ.
52 നീ ദേശത്തെ നിന്റെ മുമ്പിൽ കാണും; എങ്കിലും ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തു നീ കടക്കയില്ല.
൫൨ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശം നീ കാണും. എങ്കിലും നീ അവിടെ കടക്കുകയില്ല.