< ആവർത്തനപുസ്തകം 13 >
1 ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിൻ; അതിനോടു കൂട്ടരുതു; അതിൽനിന്നു കുറെക്കയും അരുതു.
2 നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു:
3 നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താൽ
4 ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.
5 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേൎന്നിരിക്കയും വേണം.
6 ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിപ്പാൻ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം.
7 നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവെച്ചു
8 നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാൎവ്വിടത്തിലുള്ള ഭാൎയ്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ
9 അവനോടു യോജിക്കയോ അവന്റെ വാക്കു കേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.
10 അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സൎവ്വജനത്തിന്റെ കയ്യും അവന്റെ മേൽ ചെല്ലേണം.
11 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റിക്കളവാൻ അവൻ അന്വേഷിച്ചതുകൊണ്ടു അവനെ കല്ലെറിഞ്ഞു കൊല്ലേണം.
12 ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാൎയ്യം നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.
13 നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു
14 നിന്റെ ദൈവമായ യഹോവ നിനക്കു പാൎപ്പാൻ തന്നിട്ടുള്ള നിന്റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽ
15 നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ലേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാൎയ്യം വാസ്തവവും നിശ്ചയവും എങ്കിൽ
16 നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാൎപ്പിതമായി സംഹരിക്കേണം.
17 അതിലെ കൊള്ളയൊക്കെയും വീഥിയുടെ നടുവിൽ കൂട്ടി ആ പട്ടണവും അതിലെ കൊള്ളയൊക്കെയും അശേഷം നിന്റെ ദൈവമായ യഹോവെക്കായി തീയിട്ടു ചുട്ടുകളയേണം; അതു എന്നും പാഴ്കുന്നായിരിക്കേണം; അതിനെ പിന്നെ പണികയുമരുതു.
18 നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നിന്റെ ദൈവമായ യഹോവെക്കു ഹിതമായുള്ളതു ചെയ്തിട്ടു യഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്നോടു കരുണയും കനിവും കാണിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ നിന്നെ വൎദ്ധിപ്പിക്കേണ്ടതിന്നും ശപഥാൎപ്പിതമായ യാതൊന്നും നിന്റെ കയ്യിൽ പറ്റിയിരിക്കരുതു.