< അപ്പൊ. പ്രവൃത്തികൾ 12 >
1 ആ കാലത്തു ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി.
2 യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു.
3 അതു യെഹൂദന്മാൎക്കു പ്രസാദമായി എന്നു കണ്ടു അവൻ പത്രൊസിനെയും പിടിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയിരുന്നു.
4 അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു.
5 ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാൎത്ഥന കഴിച്ചുപോന്നു.
6 ഹെരോദാവു അവനെ ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചതിന്റെ തലെരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പിൽ കാവല്ക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു.
7 പെട്ടെന്നു കൎത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേല്ക്കു എന്നു പറഞ്ഞു അവനെ ഉണൎത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽ നിന്നു വീണു പോയി.
8 ദൂതൻ അവനോടു: അര കെട്ടി ചെരിപ്പു ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; നിന്റെ വസ്ത്രം പുതെച്ചു എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു.
9 അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദൎശനം കാണുന്നു എന്നു നിരൂപിച്ചു.
10 അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരിമ്പു വാതില്ക്കുൽ എത്തി. അതു അവൎക്കു സ്വതവെ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.
11 പത്രൊസിന്നു സുബോധം വന്നിട്ടു: കൎത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യിൽനിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു എന്നു ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു എന്നു അവൻ പറഞ്ഞു.
12 ഇങ്ങനെ ഗ്രഹിച്ച ശേഷം അവൻ മൎക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചു കൂടി പ്രാൎത്ഥിച്ചുകൊണ്ടിരുന്നു.
13 അവൻ പടിപ്പുരവാതിൽക്കൽ മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേൾപ്പാൻ അടുത്തുവന്നു.
14 പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്കു ഓടി, പത്രൊസ് പടിപ്പുരെക്കൽ നില്ക്കുന്നു എന്നു അറിയിച്ചു.
15 അവർ അവളോടു: നിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോൾ അവന്റെ ദൂതൻ ആകുന്നു എന്നു അവർ പറഞ്ഞു.
16 പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവർ തുറന്നപ്പോൾ അവനെ കണ്ടു വിസ്മയിച്ചു.
17 അവർ മിണ്ടാതിരിപ്പാൻ അവൻ ആംഗ്യം കാട്ടി, കൎത്താവു തന്നെ തടവിൽനിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേൾപ്പിച്ചു; ഇതു യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിൻ എന്നു പറഞ്ഞു; പിന്നെ അവൻ പുറപ്പെട്ടു വേറൊരു സ്ഥലത്തേക്കു പോയി.
18 നേരം വെളുത്തപ്പോൾ പത്രൊസ് എവിടെ പോയി എന്നു പടയാളികൾക്കു അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി
19 ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ അവൻ യെഹൂദ്യ വിട്ടു കൈസൎയ്യയിലേക്കു പോയി അവിടെ പാൎത്തു.
20 അവൻ സോൎയ്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോൾ രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്നു, രാജാവിന്റെ പള്ളിയറക്കാരനായ ബ്ലസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.
21 നിശ്ചയിച്ച ദിവസത്തിൽ ഹെരോദാവു രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തിൽ ഇരുന്നു അവരോടു പ്രസംഗം കഴിച്ചു.
22 ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആൎത്തു.
23 അവൻ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാൽ കൎത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.
24 എന്നാൽ ദൈവ വചനം മേല്ക്കുമേൽ പരന്നുകൊണ്ടിരുന്നു.
25 ബൎന്നാബാസും ശൌലും ശുശ്രൂഷ നിവൎത്തിച്ച ശേഷം മൎക്കൊസ് എന്നു മറു പേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.