< 2 ദിനവൃത്താന്തം 12 >
1 എന്നാൽ രെഹബെയാമിന്റെ രാജത്വം ഉറെച്ചു അവൻ ബലം പ്രാപിച്ചശേഷം അവനും അവനോടുകൂടെ എല്ലായിസ്രായേലും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.
൧എന്നാൽ രെഹബെയാമിന്റെ രാജത്വം ഉറച്ച് അവൻ ശക്തനായ ശേഷം അവനും യിസ്രായേൽ ജനവും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.
2 അവർ യഹോവയോടു ദ്രോഹംചെയ്കകൊണ്ടു രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ
൨അവർ യഹോവയോട് ദ്രോഹം ചെയ്കകൊണ്ട് രെഹബെയാം രാജാവിന്റെ വാഴ്ചയുടെ അഞ്ചാം ആണ്ടിൽ
3 മിസ്രയീംരാജാവായ ശീശക്ക് ആയിരത്തിരുനൂറു രഥങ്ങളോടും അറുപതിനായിരം കുതിരച്ചേവകരോടുംകൂടെ യെരൂശലേമിന്റെ നേരെ വന്നു; അവനോടുകൂടെ മിസ്രയീമിൽനിന്നു വന്നിരുന്ന ലൂബ്യർ, സൂക്യർ, കൂശ്യർ, എന്നിങ്ങനെയുള്ള പടജ്ജനം അസംഖ്യമായിരുന്നു.
൩ഈജിപ്റ്റിലെ രാജാവായ ശീശക്ക് ആയിരത്തി ഇരുനൂറ് രഥങ്ങളോടും അറുപതിനായിരം കുതിരപ്പടയാളികളോടുംകൂടെ യെരൂശലേമിന്റെ നേരെ വന്നു; അവനോടുകൂടെ ഈജിപ്റ്റിൽ നിന്ന് ലൂബ്യർ, സൂക്യർ, കൂശ്യർ, എന്നിങ്ങനെ അസംഖ്യം പടയാളികളും വന്നിരുന്നു.
4 അവൻ യെഹൂദയോടു ചേൎന്ന ഉറപ്പുള്ളപട്ടണങ്ങളെ പിടിച്ചു, യെരൂശലേംവരെയും വന്നു.
൪അവൻ യെഹൂദാ ദേശത്തെ ഉറപ്പുള്ള പട്ടണങ്ങൾ പിടിച്ചു, യെരൂശലേംവരെ വന്നു.
5 അപ്പോൾ ശെമയ്യാപ്രവാചകൻ രെഹബെയാമിന്റെയും ശീശക്ക്നിമിത്തം യെരൂശലേമിൽ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കൽ വന്നു അവരോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നെ ഉപേക്ഷിച്ചതുകൊണ്ടു ഞാനും നിങ്ങളെ ശീശക്കിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
൫അപ്പോൾ ശെമയ്യാപ്രവാചകൻ രെഹബെയാമിന്റെയും, ശീശക്ക് നിമിത്തം യെരൂശലേമിൽ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കൽവന്ന് അവരോട്, യഹോവയുടെ അരുളപ്പാടായി പറഞ്ഞത്: “നിങ്ങൾ എന്നെ ഉപേക്ഷിച്ചതുകൊണ്ട് ഞാനും നിങ്ങളെ ശീശക്കിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു”.
6 അതിന്നു യിസ്രായേൽ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നേ താഴ്ത്തി: യഹോവ നീതിമാൻ ആകുന്നു എന്നു പറഞ്ഞു.
൬അപ്പോൾ യിസ്രായേൽ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ താഴ്ത്തി: “യഹോവ നീതിമാൻ ആകുന്നു” എന്ന് പറഞ്ഞു.
7 അവർ തങ്ങളെത്തന്നേ താഴ്ത്തി എന്നു യഹോവ കണ്ടപ്പോൾ യഹോവയുടെ അരുളപ്പാടു ശെമയ്യാവിന്നു ഉണ്ടായതു എന്തെന്നാൽ: അവർ തങ്ങളെത്തന്നേ താഴ്ത്തിയിരിക്കയാൽ ഞാൻ അവരെ നശിപ്പിക്കാതെ അവൎക്കു ഒരുവിധം രക്ഷ നല്കും; എന്റെ കോപം ശീശക്ക് മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല.
൭അവർ തങ്ങളെത്തന്നെ താഴ്ത്തി എന്ന് യഹോവ കണ്ടപ്പോൾ യഹോവയുടെ അരുളപ്പാട് ശെമയ്യാവിന് ഉണ്ടായത് എന്തെന്നാൽ: “അവർ തങ്ങളെത്തന്നെ താഴ്ത്തിയിരിക്കയാൽ ഞാൻ അവരെ നശിപ്പിക്കാതെ അവർക്ക് അല്പം വിടുതൽ നല്കും; എന്റെ കോപം ശീശക്ക് മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല.
8 എങ്കിലും അവർ എന്റെ സേവയും അന്യദേശങ്ങളിലെ രാജത്വത്തിന്റെ സേവയും തിരിച്ചറിയേണ്ടതിന്നു അവർ അവന്നു അധീനന്മാരായ്തീരും.
൮എങ്കിലും അവർ എന്നെ സേവിക്കുന്നതും ഭൂമിയിലെ രാജാക്കന്മാരെ സേവിക്കുന്നതും തമ്മിലുള്ള അന്തരം തിരിച്ചറിയേണ്ടതിന് അവർ അവന് ദാസന്മാരായിത്തീരും”.
9 ഇങ്ങനെ മിസ്രയീംരാജാവായ ശീശക്ക് യെരൂശലേമിന്റെ നേരെ വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ചു ആസകലം എടുത്തു കൊണ്ടുപോയി; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും അവൻ എടുത്തു കൊണ്ടുപോയി.
൯ഇങ്ങനെ ഈജിപ്റ്റിലെ രാജാവായ ശീശക്ക് യെരൂശലേമിന്റെ നേരെ വന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ച് എല്ലാ വസ്തുക്കളും എടുത്തുകൊണ്ടുപോയി; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും അവൻ എടുത്തുകൊണ്ടുപോയി.
10 അവെക്കു പകരം രെഹബെയാംരാജാവു താമ്രംകൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു.
൧൦അവക്കു പകരം രെഹബെയാംരാജാവ് താമ്രംകൊണ്ട് പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു.
11 രാജാവു യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോൾ അകമ്പടികൾ അവയെ കൊണ്ടുവന്നു പിടിക്കയും പിന്നെ അകമ്പടികളുടെ അറയിൽ കൊണ്ടുപോയി വെക്കുകയും ചെയ്യും.
൧൧രാജാവ് യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോൾ കാവൽക്കാർ അവ ധരിച്ചുകൊണ്ട് നിൽക്കയും പിന്നീട് കാവൽപ്പുരയിൽ കൊണ്ടുപോയി വെക്കുകയും ചെയ്യും.
12 അവൻ തന്നേത്താൻ താഴ്ത്തിയപ്പോൾ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദയിൽ ഏതാനും നന്മ ഉണ്ടായിരുന്നു.
൧൨അവൻ തന്നെത്താൻ താഴ്ത്തിയപ്പോൾ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദയിൽ ഏതാനും നന്മ ഉണ്ടായിരുന്നു.
13 ഇങ്ങനെ രെഹബെയാംരാജാവു യെരൂശലേമിൽ തന്നേത്താൻ ബലപ്പെടുത്തി വാണു. വാഴ്ച തുടങ്ങിയപ്പോൾ രെഹബെയാമിന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവൾ അമ്മോന്യസ്ത്രീ ആയിരുന്നു.
൧൩ഇങ്ങനെ രെഹബെയാംരാജാവ് യെരൂശലേമിൽ ശക്തനായി വാണു. വാഴ്ച തുടങ്ങിയപ്പോൾ രെഹബെയാമിന് നാല്പത്തൊന്ന് വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന് യിസ്രായേൽ ഗോത്രങ്ങളിൽനിന്ന് തെരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മയ്ക്കു നയമാ എന്നു പേർ. അവൾ അമ്മോന്യസ്ത്രീ ആയിരുന്നു.
14 യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സു വെക്കാഞ്ഞതിനാൽ അവൻ ദോഷം ചെയ്തു.
൧൪യഹോവയെ അന്വേഷിക്കേണ്ടതിന് മനസ്സു വെക്കാഞ്ഞതിനാൽ അവൻ ദോഷം ചെയ്തു.
15 രെഹബെയാമിന്റെ വൃത്താന്തങ്ങൾ ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദൎശകന്റെയും വൃത്താന്തങ്ങളിൽ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മിൽ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.
൧൫രെഹബെയാമിന്റെ വൃത്താന്തങ്ങൾ ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദർശകന്റെയും വൃത്താന്തങ്ങളിൽ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.
16 രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ അബീയാവു അവന്നു പകരം രാജാവായി.
൧൬രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അബീയാവ് അവന് പകരം രാജാവായി.