< 1 ശമൂവേൽ 17 >
1 അനന്തരം ഫെലിസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവർ യെഹൂദെക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.
൧അതിനുശേഷം ഫെലിസ്ത്യർ സൈന്യത്തെ യുദ്ധത്തിനായി ഒന്നിച്ചുകൂട്ടി; അവർ യെഹൂദയിലെ സോഖോവിൽ ഒരുമിച്ചുകൂടി. അവർ സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.
2 ശൌലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി;
൨ശൌലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യർക്ക് എതിരായി പടക്ക് അണിനിരന്നു;
3 ഫെലിസ്ത്യർ ഇപ്പുറത്തു ഒരു മലഞ്ചരിവിലും യിസ്രായേല്യർ അപ്പുറത്തു ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.
൩താഴ്വരയുടെ ഒരു വശത്തുള്ള മലയിൽ ഫെലിസ്ത്യരും മറുവശത്തുള്ള മലയിൽ യിസ്രായേല്യരും നിന്നു;
4 അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു.
൪അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് ഗത്യയനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറ് മുഴവും ഒരു ചാണും ഉയരമുള്ളവൻ ആയിരുന്നു.
5 അവന്നു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.
൫അവന് തലയിൽ താമ്രംകൊണ്ടുള്ള തൊപ്പി ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.
6 അവന്നു താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു.
൬അവന് താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ ഒരു കുന്തവും ഉണ്ടായിരുന്നു.
7 അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെൽ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു.
൭അവന്റെ കുന്തത്തിന്റെ തണ്ട് നെയ്ത്തുകാരൻ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക് അറുനൂറ് ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു.
8 അവൻ നിന്നു യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞതു: നിങ്ങൾ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൌലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ.
൮അവൻ യിസ്രായേൽ പടയുടെ നേരെ വിളിച്ചുപറഞ്ഞത്: “നിങ്ങൾ വന്നു യുദ്ധത്തിനു അണിനിരക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൌലിന്റെ പടയാളികളും അല്ലയോ? നിങ്ങൾ ഒരുവനെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ.
9 അവൻ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്കു അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു അടിമകളായി ഞങ്ങളെ സേവിക്കേണം.
൯അവൻ എന്നോട് യുദ്ധം ചെയ്ത് എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ച് കൊന്നാൽ, നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കണം”.
10 ഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽനിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടുതരുവിൻ എന്നു പറഞ്ഞു.
൧൦ഫെലിസ്ത്യൻ പിന്നെയും: “ഞാൻ ഇന്ന് യിസ്രായേൽപടകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ യുദ്ധം ചെയ്യുവാനായി ഒരുവനെ വിട്ടുതരുവിൻ” എന്നു പറഞ്ഞു.
11 ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൌലും എല്ലായിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു.
൧൧ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൌലും എല്ലാ യിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു.
12 എന്നാൽ ദാവീദ് യെഹൂദയിലെ ബേത്ത്ലേഹെമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കൾ ഉണ്ടായിരുന്നു; അവൻ ശൌലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു.
൧൨യെഹൂദയിലെ ബേത്ത്-ലേഹേമിൽ യിശ്ശായി എന്ന എഫ്രാത്യന്റെ എട്ട് മക്കളിൽ ഒരുവനായിരുന്നു ദാവീദ്; യിശ്ശായി അന്ന് വൃദ്ധനായിരുന്നു.
13 യിശ്ശായിയുടെ മൂത്ത മക്കൾ മൂവരും പുറപ്പെട്ടു ശൌലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കൾ ആദ്യജാതൻ ഏലീയാബും അവന്റെ അനുജൻ അബീനാദാബും മൂന്നാമത്തെവൻ ശമ്മയും ആയിരുന്നു.
൧൩യിശ്ശായിയുടെ മൂത്ത മക്കൾ മൂന്ന് പേരും ശൌലിന്റെകൂടെ യുദ്ധത്തിന് ചെന്നിരുന്നു. അവരിൽ ആദ്യത്തെ മകന്റെ പേര് എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മയും ആയിരുന്നു.
14 ദാവീദോ എല്ലാവരിലും ഇളയവൻ; മൂത്തവർ മൂവരും ശൌലിന്റെ കൂടെ പോയിരുന്നു.
൧൪ദാവീദ് എല്ലാവരിലും ഇളയവൻ; മൂത്തവർ മൂന്നുപേരും ശൌലിന്റെകൂടെ പോയിരുന്നു.
15 ദാവിദ് ശൌലിന്റെ അടുക്കൽനിന്നു തന്റെ അപ്പന്റെ ആടുകളെ മേയിപ്പാൻ ബേത്ത്ലേഹെമിൽ പോയിവരിക പതിവായിരുന്നു.
൧൫ദാവീദ് ശൌലിന്റെ അടുക്കൽനിന്ന് തന്റെ അപ്പന്റെ ആടുകളെ മേയിക്കുവാൻ ബേത്ത്-ലേഹേമിൽ പോയിവരുക പതിവായിരുന്നു.
16 ആ ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്നു നിന്നു.
൧൬ആ ഫെലിസ്ത്യൻ നാല്പത് ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്നു.
17 യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതു: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക.
൧൭യിശ്ശായി തന്റെ മകനായ ദാവീദിനോട് പറഞ്ഞത്: “ഈ ഒരു പറ മലരും, പത്ത് അപ്പവും എടുത്ത് പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്ന് കൊടുക്ക.
18 ഈ പാൽക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.
൧൮ഈ പത്ത് പാൽക്കട്ട സഹസ്രാധിപന് കൊടുക്കുക; നിന്റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് മറുപടിയുമായി വരിക.
19 ശൌലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ടു.
൧൯ശൌലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോട് യുദ്ധം ചെയ്യുന്നുണ്ട്.
20 അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവല്ക്കാരന്റെ പക്കൽ വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്നു കൈനിലയിൽ എത്തിയപ്പോൾ സൈന്യം പടെക്കു ആൎത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.
൨൦അങ്ങനെ ദാവീദ് അതികാലത്ത് എഴുന്നേറ്റ് ആടുകളെ കാവല്ക്കാരന്റെ അടുക്കൽ ഏൽപ്പിച്ചിട്ട്, യിശ്ശായി തന്നോട് കല്പിച്ചതൊക്കെയും എടുത്തുകൊണ്ട് ചെന്നു. ദാവീദ് അടുത്ത് എത്തിയപ്പോൾ സൈന്യം യുദ്ധത്തിന് ആർത്തുവിളിച്ചുകൊണ്ട് പുറപ്പെടുകയായിരുന്നു.
21 യിസ്രായേലും ഫെലിസ്ത്യരും നേൎക്കുനേരെ അണിനിരന്നുനിന്നു.
൨൧യിസ്രായേലും ഫെലിസ്ത്യരും യുദ്ധത്തിന് അണിനിരന്നു.
22 ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏല്പിച്ചുംവെച്ചു അണിയിൽ ഓടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.
൨൨ദാവീദ് തന്റെ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ പടക്കോപ്പ് സൂക്ഷിക്കുന്നവന്റെ അടുക്കൽ ഏല്പിച്ചിട്ട് സൈന്യത്തിന്റെ അടുക്കൽ ഓടിച്ചെന്ന് തന്റെ സഹോദരന്മാരോട് കുശലം ചോദിച്ചു.
23 അവൻ അവരോടു സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്നു പുറപ്പെട്ടു വന്നു മുമ്പിലത്തെ വാക്കുകൾതന്നേ പറയുന്നതു ദാവീദ് കേട്ടു.
൨൩അവൻ അവരോട് സംസാരിച്ചുകൊണ്ട് നില്ക്കുമ്പോൾ ഗത്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്ന് വന്ന് മുമ്പിലത്തെ വാക്കുകൾതന്നെ പറയുന്നത് ദാവീദ് കേട്ടു.
24 അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ടു അവന്റെ മുമ്പിൽനിന്നു ഓടി.
൨൪അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ട് അവന്റെ മുമ്പിൽനിന്ന് ഓടി.
25 എന്നാറെ യിസ്രായേല്യർ: വന്നു നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിപ്പാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലിൽ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.
൨൫അപ്പോൾ യിസ്രായേല്യർ: “ഈ നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിക്കുവാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും. തന്റെ മകളെ അവന് വിവാഹം ചെയ്ത് കൊടുക്കുകയും അവന്റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവ് കല്പിച്ചുകൊടുക്കുകയും ചെയ്യും” എന്നു പറഞ്ഞു.
26 അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോടു: ഈ ഫെലിസ്ത്യനെ കൊന്നു യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചൎമ്മിയായ ഫെലിസ്ത്യൻ ആർ എന്നു പറഞ്ഞു.
൨൬അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോട്: “ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്ന് നിന്ദയെ നീക്കിക്കളയുന്നവന് എന്ത് കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിക്കുവാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ” എന്നു പറഞ്ഞു.
27 അതിന്നു ജനം: അവനെ കൊല്ലുവന്നു ഇന്നിന്നതൊക്കെയും കൊടുക്കും എന്നു അവനോടു ഉത്തരം പറഞ്ഞു.
൨൭അതിന് ജനം: “അവനെ കൊല്ലുന്നവന് മുമ്പ് പറഞ്ഞതൊക്കെയും കൊടുക്കും” എന്ന് അവനോട് ഉത്തരം പറഞ്ഞു.
28 അവരോടു അവൻ സംസാരിക്കുന്നതു അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളതു നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു.
൨൮അവരോട് അവൻ സംസാരിക്കുന്നത് അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ട് ദാവീദിനോട് കോപിച്ചു: “നീ ഇവിടെ എന്തിന് വന്നു? മരുഭൂമിയിൽ ഉള്ള ആടുകളെ നീ ആരുടെ അടുക്കൽ ഏൽപ്പിച്ചിട്ട് പോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നത്” എന്നു പറഞ്ഞു.
29 അതിന്നു ദാവീദ്: ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു.
൨൯അതിന് ദാവീദ്: “ഞാൻ ഇപ്പോൾ എന്ത് തെറ്റ് ചെയ്തു? ഒരു ചോദ്യം ചോദിച്ചതല്ലേയുള്ളൂ?” എന്നു പറഞ്ഞു.
30 അവൻ അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപ്പോലെ തന്നേ ഉത്തരം പറഞ്ഞു.
൩൦ദാവീദ് അവനെ വിട്ടുമാറി മറ്റൊരുവനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു.
31 ദാവീദ് പറഞ്ഞ വാക്കുകൾ പരസ്യമായപ്പോൾ ശൌലിന്നും അറിവു കിട്ടി; അവൻ അവനെ വിളിച്ചുവരുത്തി.
൩൧ദാവീദ് പറഞ്ഞവാക്ക് കേട്ടവർ അത് ശൌലിനെ അറിയിച്ചു; അവൻ അവനെ വിളിച്ചുവരുത്തി.
32 ദാവീദ് ശൌലിനോടു: ഇവന്റെ നിമിത്തം ആരും അധൈൎയ്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു.
൩൨ദാവീദ് ശൌലിനോട്: “ഗൊല്യാത്തിന്റെ നിമിത്തം ആരും ഭയപ്പെടേണ്ട; അടിയൻ ചെന്ന് ഈ ഫെലിസ്ത്യനോട് യുദ്ധം ചെയ്യും” എന്നു പറഞ്ഞു.
33 ശൌൽ ദാവീദിനോടു: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാൻ നിനക്കു പ്രാപ്തിയില്ല; നീ ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു.
൩൩ശൌല്‍ ദാവീദിനോട്: “ഈ ഫെലിസ്ത്യനോട് ചെന്ന് യുദ്ധം ചെയ്യുവാൻ നിനക്ക് പ്രാപ്തിയില്ല; നീ ഒരു ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു” എന്നു പറഞ്ഞു.
34 ദാവീദ് ശൌലിനോടു പറഞ്ഞതു: അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽ നിന്നു ആട്ടിൻകുട്ടിയെ പിടിച്ചു.
൩൪ദാവീദ് ശൌലിനോട് പറഞ്ഞത്: “അടിയൻ അപ്പന്റെ ആടുകളെ മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും, കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഒരാട്ടിൻകുട്ടിയെ പിടിച്ചു.
35 ഞാൻ പിന്തുടൎന്നു അതിനെ അടിച്ചു അതിന്റെ വായിൽനിന്നു ആട്ടിൻകുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു.
൩൫ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്റെ കയ്യിൽനിന്ന് ആട്ടിൻകുട്ടിയെ രക്ഷിച്ചു. അത് എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്ക് പിടിച്ച് അടിച്ചുകൊന്നു.
36 ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചൎമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയിൽ ഒന്നിനെപ്പോലെ ആകും.
൩൬ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും”.
37 ദാവീദ് പിന്നെയും: സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൌൽ ദാവീദിനോടു: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു.
൩൭ദാവീദ് പിന്നെയും: “സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ, ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും” എന്നു പറഞ്ഞു. ശൌല്‍ ദാവീദിനോട്: “ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും” എന്നു പറഞ്ഞു.
38 ശൌൽ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്റെ തലയിൽ താമ്രശിരസ്ത്രം വെച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
൩൮ശൌല്‍ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ച് അവന്റെ തലയിൽ താമ്രതൊപ്പി വച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
39 പടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാൻ നോക്കി; എന്നാൽ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൌലിനോടു: ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
൩൯പടയങ്കിയുടെമേൽ അവന്റെ വാളും കെട്ടി ദാവീദ് നടക്കുവാൻ നോക്കി; എന്നാൽ അവന് അത് പരിചയമില്ലായിരുന്നു; ദാവീദ് ശൌലിനോടു: “ഞാൻ പരിചയിച്ചിട്ടില്ല. അതുകൊണ്ട് ഇവ ധരിച്ചുകൊണ്ട് നടപ്പാൻ എനിക്ക് കഴിയുകയില്ല” എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
40 പിന്നെ അവൻ തന്റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കയ്യിൽ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു.
൪൦പിന്നെ അവൻ തന്റെ വടി എടുത്തു. തോട്ടിൽനിന്ന് മിനുസമുള്ള അഞ്ച് കല്ലും തെരഞ്ഞെടുത്ത് തന്റെ സഞ്ചിയിൽ ഇട്ടു. കയ്യിൽ കവിണയുമായി ഫെലിസ്ത്യനോട് അടുത്തു.
41 ഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്റെ മുമ്പെ നടന്നു.
൪൧ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്റെ മുമ്പിൽ നടന്നു.
42 ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.
൪൨ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ പരിഹസിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.
43 ഫെലിസ്ത്യൻ ദാവീദിനോടു: നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
൪൩ഫെലിസ്ത്യൻ ദാവീദിനോട്: “നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായ് ആണോ” എന്നു ചോദിച്ചു. തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
44 ഫെലിസ്ത്യൻ പിന്നെയും ദാവീദിനോടു: ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു.
൪൪ഫെലിസ്ത്യൻ പിന്നെയും ദാവീദിനോട്: “നീ എന്റെ അടുക്കൽ വന്നാൽ ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും” എന്നു പറഞ്ഞു.
45 ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.
൪൫ദാവീദ് ഫെലിസ്ത്യനോട് പറഞ്ഞത്: “നീ വാളും കുന്തവും ശൂലവുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെനേരെ വരുന്നു.
46 യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സൎവ്വഭൂമിയും അറിയും.
൪൬യഹോവ ഇന്ന് നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവ്വഭൂമിയും അറിയും.
47 യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
൪൭യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ ജനമെല്ലാം അറിയുവാൻ ഇടവരും; യുദ്ധം യഹോവക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
48 പിന്നെ ഫെലിസ്ത്യൻ ദാവീദിനോടു എതിൎപ്പാൻ നേരിട്ടടുത്തപ്പോൾ ദാവീദ് ബദ്ധപ്പെട്ടു ഫെലിസ്ത്യനോടു എതിൎപ്പാൻ അണിക്കുനേരെ ഓടി.
൪൮പിന്നെ ഫെലിസ്ത്യൻ ദാവീദിനോട് എതിർപ്പാൻ അടുത്തപ്പോൾ ദാവീദ് വളരെ തിടുക്കത്തിൽ ഫെലിസ്ത്യനോട് എതിർപ്പാൻ സൈന്യത്തിന് നേരെ ഓടി.
49 ദാവീദ് സഞ്ചിയിൽ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയിൽവെച്ചു വീശി ഫെലിസ്ത്യന്റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്റെ നെറ്റിയിൽ കൊണ്ടു പതിഞ്ഞു;
൪൯ദാവീദ് സഞ്ചിയിൽ കയ്യിട്ട് ഒരു കല്ല് എടുത്ത് കവിണയിൽവെച്ച് വീശി ഫെലിസ്ത്യന്റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്റെ നെറ്റിയിൽ പതിച്ചു;
50 അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു മുടിച്ചു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു.
൫൦അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു.
51 ആകയാൽ ദാവീദ് ഓടിച്ചെന്നു ഫെലിസ്ത്യന്റെ പുറത്തു കയറിനിന്നു അവന്റെ വാൾ ഉറയിൽനിന്നു ഊരിയെടുത്തു അവനെ കൊന്നു, അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്നു ഫെലിസ്ത്യർ കണ്ടിട്ടു ഓടിപ്പോയി.
൫൧അതുകൊണ്ട് ദാവീദ് ഓടിച്ചെന്നു. ഫെലിസ്ത്യന്റെ പുറത്ത് കയറിനിന്ന്, അവന്റെ വാൾ ഉറയിൽനിന്ന് ഊരിയെടുത്ത് അവന്റെ തലവെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്ന് ഫെലിസ്ത്യർ കണ്ടിട്ട് ഓടിപ്പോയി.
52 യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആൎത്തുംകൊണ്ടു ഗത്തും എക്രോൻവാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടൎന്നു; ഫെലിസ്ത്യഹതന്മാർ ശയരയീമിന്നുള്ള വഴിയിൽ ഗത്തും എക്രോനുംവരെ വീണുകിടന്നു.
൫൨യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ട് ആർത്തുകൊണ്ട് ഗത്തും എക്രോൻ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; മുറിവേറ്റ ഫെലിസ്ത്യർ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോൻ വാതിലുകളുംവരെ വീണുകിടന്നു.
53 ഇങ്ങനെ യിസ്രായേൽമക്കൾ ഫെലിസ്ത്യരെ ഓടിക്കയും മടങ്ങിവന്നു അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.
൫൩ഇങ്ങനെ യിസ്രായേൽ മക്കൾ ഫെലിസ്ത്യരെ ഓടിക്കുകയും മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.
54 എന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്തു അതിനെ യെരൂശലേമിലേക്കു കൊണ്ടുവന്നു; അവന്റെ ആയുധവൎഗ്ഗമോ തന്റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.
൫൪എന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്ത് അതിനെ യെരൂശലേമിലേക്ക് കൊണ്ടുവന്നു; അവന്റെ ആയുധങ്ങൾ തന്റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.
55 ദാവീദ് ഫെലിസ്ത്യന്റെ നേരെ ചെല്ലുന്നതു ശൌൽ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോടു: അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു ചോദിച്ചതിന്നു അബ്നേർ: രാജാവേ, തിരുമേനിയാണ ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു.
൫൫ദാവീദ് ഫെലിസ്ത്യന്റെ നേരേ ചെല്ലുന്നത് ശൌല്‍ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോട്: “അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ?” എന്ന് ചോദിച്ചതിന് അബ്നേർ: “രാജാവേ, ഞാൻ അറിയുന്നില്ല” എന്നു പറഞ്ഞു.
56 ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു നീ അന്വേഷിക്കേണം എന്നു രാജാവു കല്പിച്ചു.
൫൬“ഈ ബാല്യക്കാരൻ ആരുടെ മകൻ എന്ന് നീ അന്വേഷിക്കണം” എന്ന് രാജാവ് കല്പിച്ചു.
57 ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോൾ അബ്നേർ അവനെ കൂട്ടി ശൌലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യിൽ ഉണ്ടായിരുന്നു.
൫൭ദാവീദ് ഫെലിസ്ത്യനെ സംഹരിച്ച് മടങ്ങിവരുമ്പോൾ അബ്നേർ അവനെ ശൌലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യിൽ ഉണ്ടായിരുന്നു.
58 ശൌൽ അവനോടു: ബാല്യക്കാരാ, നീ ആരുടെ മകൻ എന്നു ചോദിച്ചു; ഞാൻ ബേത്ത്ലേഹെമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ എന്നു ദാവീദ് പറഞ്ഞു.
൫൮ശൌല്‍ അവനോട്: “ബാല്യക്കാരാ, നീ ആരുടെ മകൻ?” എന്നു ചോദിച്ചു; “ഞാൻ ബേത്ത്ലഹേമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ” എന്ന് ദാവീദ് പറഞ്ഞു.