< 1 രാജാക്കന്മാർ 6 >

1 യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ നാനൂറ്റെണ്പതാം സംവത്സരത്തിൽ യിസ്രായേലിൽ ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസമായ സീവ് മാസത്തിൽ അവൻ യഹോവയുടെ ആലയം പണിവാൻ തുടങ്ങി.
ഇസ്രായേൽജനം ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ടുവന്നതിന്റെ നാനൂറ്റി എൺപതാംവർഷം—ശലോമോൻ ഇസ്രായേലിൽ ഭരണമേറ്റതിന്റെ നാലാംവർഷം—രണ്ടാംമാസമായ സീവുമാസത്തിൽ അദ്ദേഹം യഹോവയ്ക്ക് ഒരു ആലയം നിർമിക്കാൻ ആരംഭിച്ചു.
2 ശലോമോൻരാജാവു യഹോവെക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു
ശലോമോൻരാജാവ് യഹോവയ്ക്കു നിർമിച്ച ദൈവാലയം അറുപതുമുഴം നീളവും ഇരുപതുമുഴം വീതിയും മുപ്പതുമുഴം ഉയരവും ഉള്ളതായിരുന്നു.
3 ആലയമായ മന്ദിരത്തിന്റെ മുഖമണ്ഡപം ആലയവീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും ആലയത്തിന്റെ മുൻവശത്തു പത്തു മുഴം വീതിയും ഉള്ളതായിരുന്നു.
ആലയത്തിന്റെ വിശാലമായ മുറിക്കു മുമ്പിലുള്ള മണ്ഡപത്തിന്, ആലയത്തിന്റെ വീതിക്കൊത്തവണ്ണം, ഇരുപതുമുഴം നീളവും മുൻവശത്തേക്കു പത്തുമുഴം വീതിയിൽ തള്ളിനിൽക്കുന്നതുമായിരുന്നു.
4 അവൻ ആലയത്തിന്നു ജാലം ഇണക്കിയ കിളിവാതിലുകളെയും ഉണ്ടാക്കി.
ദൈവാലയഭിത്തിക്കിണങ്ങിയ ജനാലകളും അദ്ദേഹം പണിയിച്ചു.
5 മന്ദിരവും അന്തൎമ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേൎത്തു ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിതു അവയിൽ ചുറ്റും അറകളും ഉണ്ടാക്കി.
ദൈവാലയത്തിന്റെ വിശാലമായ മുറിയുടെയും അന്തർമന്ദിരത്തിന്റെയും ഇടയ്ക്ക് ആലയത്തിന്റെ ഭിത്തിയോടുചേർത്ത് ചുറ്റും മൂന്നു നിലകളിലായി അനേകം മുറികൾ നിർമിച്ചു.
6 താഴത്തെ പുറവാരം അഞ്ചു മുഴവും നടുവിലത്തേതു ആറു മുഴവും മൂന്നാമത്തേതു ഏഴു മുഴവും വീതിയുള്ളതായിരുന്നു; തുലാങ്ങൾ ആലയഭിത്തികളിൽ അകത്തു ചെല്ലാതിരിപ്പാൻ അവൻ ആലയത്തിന്റെ ചുറ്റും പുറമെ ഗളം പണിതു.
പുറമേയുള്ള ഭിത്തിയുടെ ഒന്നാംനില അഞ്ചുമുഴവും രണ്ടാംനില ആറുമുഴവും മൂന്നാംനില ഏഴുമുഴവും വീതിയുള്ളതായിരുന്നു. ദൈവാലയഭിത്തിക്കുള്ളിലേക്ക് തുലാങ്ങൾ തുളച്ചുകടക്കാതിരിക്കുന്നതിനായി ചുറ്റും ഗളങ്ങൾ നിർമിച്ച് അവ അതിൽ ഘടിപ്പിച്ചു.
7 വെട്ടുകുഴിയിൽവെച്ചു തന്നേ കുറവുതീൎത്ത കല്ലുകൊണ്ടു ആലയം പണിതതിനാൽ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധത്തിന്റെയും ഒച്ച ആലയത്തിങ്കൽ കേൾപ്പാനില്ലായിരുന്നു.
ദൈവാലയനിർമാണത്തിന് പാറമടയിൽവെച്ചുതന്നെ ചെത്തിയൊരുക്കിയ കല്ലുകൾമാത്രമാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട്, പണിസ്ഥലത്ത് ചുറ്റികയുടെയോ മഴുവിന്റെയോ മറ്റ് യാതൊരു ഇരുമ്പായുധങ്ങളുടെയോ ശബ്ദവും കേൾക്കാനുണ്ടായിരുന്നില്ല.
8 താഴത്തെ പുറവാരത്തിന്റെ വാതിൽ ആലയത്തിന്റെ വലത്തുഭാഗത്തു ആയിരുന്നു; ചുഴൽകോവണിയിൽകൂടെ നടുവിലെ പുറവാരത്തിലേക്കും നടുവിലത്തേതിൽനിന്നു മൂന്നാമത്തെ പുറവാരത്തിലേക്കും കയറാം.
താഴത്തെ നിലയിലേക്കുള്ള പ്രവേശനം ദൈവാലയത്തിന്റെ തെക്കുവശത്തായിരുന്നു. അവിടെനിന്ന് ഗോവണിവഴി രണ്ടാംനിലയിലേക്കും അവിടെനിന്ന് മൂന്നാംനിലയിലേക്കും പ്രവേശിക്കാമായിരുന്നു.
9 അങ്ങനെ അവൻ ആലയം പണിതുതീൎത്തു; ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയുംകൊണ്ടു ആലയത്തിന്നു മച്ചിട്ടു.
ഇവ്വിധത്തിൽ അദ്ദേഹം ആലയനിർമാണം പൂർത്തീകരിക്കുകയും ദേവദാരുത്തുലാങ്ങളും പലകകളുംകൊണ്ട് മച്ചിടുകയും ചെയ്തു.
10 ആലയത്തിന്റെ ചുറ്റുമുള്ള തട്ടുകൾ അയ്യഞ്ചു മുഴം ഉയരത്തിൽ അവൻ പണിതു ദേവദാരുത്തുലാങ്ങൾകൊണ്ടു ആലയത്തോടു ഇണെച്ചു.
ആലയത്തിനുചുറ്റും അദ്ദേഹം നിർമിച്ച വശത്തോടുചേർന്ന അറകൾ ഓരോന്നിന്റെയും ഉയരം അഞ്ചുമുഴംവീതമായിരുന്നു. ദേവദാരുത്തുലാങ്ങൾകൊണ്ട് അവ ആലയത്തോടു പരസ്പരം ബന്ധിച്ചിരുന്നു.
11 ശലോമോന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
ഈ സമയത്ത് ശലോമോന് യഹോവയുടെ അരുളപ്പാടുണ്ടായി:
12 നീ പണിയുന്ന ഈ ആലയം ഉണ്ടല്ലോ; നീ എന്റെ ചട്ടങ്ങളെ ആചരിച്ചു എന്റെ വിധികളെ അനുസരിച്ചു എന്റെ കല്പനകളൊക്കെയും പ്രമാണിച്ചുനടന്നാൽ ഞാൻ നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്ത വചനം നിന്നിൽ നിവൎത്തിക്കും.
“നീ നിർമിക്കുന്ന ഈ ദൈവാലയത്തെ സംബന്ധിച്ചിടത്തോളം നീ എന്റെ ഉത്തരവുകൾ പിൻതുടരുകയും എന്റെ നിയമങ്ങൾ പ്രമാണിക്കുകയും എന്റെ കൽപ്പനകളെല്ലാം പാലിച്ച് അവ അനുസരിക്കുകയും ചെയ്യുമെങ്കിൽ, ഞാൻ നിന്റെ പിതാവായ ദാവീദിനോടു ചെയ്ത വാഗ്ദാനം ഞാൻ നിന്നിലൂടെ നിവർത്തിക്കും.
13 ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കും; എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല.
ഞാൻ ഇസ്രായേലിന്റെ മധ്യേ വസിക്കും; എന്റെ ജനമായ ഇസ്രായേലിനെ ഞാൻ ഉപേക്ഷിക്കുകയുമില്ല.”
14 അങ്ങനെ ശലോമോൻ ആലയം പണിതുതീൎത്തു.
അങ്ങനെ ശലോമോൻ ദൈവാലയനിർമാണം പൂർത്തിയാക്കി.
15 അവൻ ആലയത്തിന്റെ ചുവർ അകത്തെവശം ദേവദാരുപ്പലകകൊണ്ടു പണിതു; ഇങ്ങനെ അവർ ആലയത്തിന്റെ നിലംമുതൽ മച്ചുവരെ അകത്തെ വശം മരംകൊണ്ടു നിറെച്ചു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ടു തളമിട്ടു.
ദൈവാലയഭിത്തിയുടെ ഉൾവശം, തറമുതൽ മച്ചുവരെ, അദ്ദേഹം ദേവദാരുപ്പലകകൾകൊണ്ട് പാകിമറച്ചു; തറമുഴുവനും സരളമരപ്പലകകൾകൊണ്ട് പാകിയുറപ്പിച്ചു.
16 ആലയത്തിന്റെ പിൻവശം ഇരുപതു മുഴം നീളത്തിൽ നിലം മുതൽ ഉത്തരം വരെ ദേവദാരുപ്പലകകൊണ്ടു പണിതു: ഇങ്ങനെയാകുന്നു അന്തൎമ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉൾവശം പണിതതു.
ദൈവാലയത്തിനുള്ളിലായി ഒരു അന്തർമന്ദിരം—അതിവിശുദ്ധസ്ഥലം—നിർമിക്കുന്നതിനായി ആലയത്തിന്റെ പിൻഭാഗത്ത് ഇരുപതുമുഴം നീളത്തിലുള്ള സ്ഥലം തറമുതൽ മച്ചുവരെ ദേവദാരുപ്പലകകൾകൊണ്ട് അദ്ദേഹം വേർതിരിച്ചു.
17 അന്തൎമ്മന്ദിരത്തിന്റെ മുൻഭാഗത്തുള്ള മന്ദിരമായ ആലയത്തിന്നു നാല്പതു മുഴം നിളമുണ്ടായിരുന്നു.
അന്തർമന്ദിരത്തിന്റെ മുൻഭാഗത്തുള്ള ആലയത്തിന്റെ വിശാലമായ മുറിക്ക് നാൽപ്പതുമുഴം അവശേഷിച്ചിരുന്നു.
18 ആലയത്തിന്റെ അകത്തെ ചുവരിന്മേൽ ദേവദാരുകൊണ്ടുള്ള കുമിഴുകളും വിടൎന്ന പുഷ്പങ്ങളും കൊത്തുപണിയായിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ലു അശേഷം കാണ്മാനുണ്ടായിരുന്നില്ല.
ദൈവാലയത്തിന്റെ ഉൾഭാഗം ദേവദാരുപ്പലകകൾകൊണ്ട് പൊതിഞ്ഞിരുന്നു. അവയിൽ കായ്കളുടെയും വിടർന്ന പുഷ്പങ്ങളുടെയും രൂപങ്ങൾ കൊത്തിവെച്ചിരുന്നു. സകലതും ദേവദാരുകൊണ്ടായിരുന്നു; കല്ല് അശേഷം ദൃശ്യമായിരുന്നില്ല.
19 ആലയത്തിന്റെ അകത്തു യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിന്നു അവൻ ഒരു അന്തൎമ്മന്ദിരം ചമെച്ചു.
യഹോവയുടെ ഉടമ്പടിയുടെ പേടകം സ്ഥാപിക്കുന്നതിനായി അദ്ദേഹം ദൈവാലയത്തിനുള്ളിൽ അന്തർമന്ദിരം ഒരുക്കി.
20 അന്തൎമ്മന്ദിരത്തിന്റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവൻ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരംകൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.
അതിന് ഇരുപതുമുഴം നീളവും ഇരുപതുമുഴം വീതിയും ഇരുപതുമുഴം ഉയരവും ഉണ്ടായിരുന്നു. അതിന്റെ ഉൾഭാഗം സ്വർണംകൊണ്ടു പൊതിഞ്ഞു. ദേവദാരുനിർമിതമായ ധൂപപീഠവും സ്വർണംകൊണ്ടു പൊതിഞ്ഞു.
21 ആലയത്തിന്റെ അകം ശലോമോൻ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തൎമ്മന്ദിരത്തിന്റെ മുൻവശത്തു വിലങ്ങത്തിൽ പൊൻചങ്ങല കൊളുത്തി അന്തൎമ്മന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു.
ദൈവാലയത്തിന്റെ അന്തർഭാഗം ശലോമോൻ സ്വർണംകൊണ്ടു പൊതിഞ്ഞു. അന്തർമന്ദിരത്തിനുമുമ്പിൽ കുറുകെ അദ്ദേഹം സ്വർണച്ചങ്ങല കൊളുത്തിയിട്ടു.
22 അങ്ങനെ അവൻ ആലയം ആസകലം പൊന്നുകൊണ്ടു പൊതിഞ്ഞു; അന്തൎമ്മന്ദിരത്തിന്നുള്ള പീഠവും മുഴുവനും പൊന്നുകൊണ്ടു പൊതിഞ്ഞു.
അങ്ങനെ, ദൈവാലയത്തിന്റെ ഉൾഭാഗംമുഴുവൻ സ്വർണംകൊണ്ടു പൊതിഞ്ഞു. അന്തർമന്ദിരത്തിലെ യാഗപീഠവും സ്വർണംകൊണ്ടു പൊതിഞ്ഞു.
23 അന്തൎമ്മന്ദിരത്തിൽ അവൻ ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെയും ഉണ്ടാക്കി.
അന്തർമന്ദിരത്തിനുള്ളിൽ, ഓരോന്നിനും പത്തുമുഴംവീതം ഉയരമുള്ള, രണ്ടു കെരൂബുകളെ ശലോമോൻ ഒലിവുമരംകൊണ്ടു നിർമിച്ച് ഉറപ്പിച്ചുനിർത്തി.
24 ഒരു കെരൂബിന്റെ ഒരു ചിറകു അഞ്ചു മുഴം, കെരൂബിന്റെ മറ്റെ ചിറകു അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റം മുതൽ മറ്റെ ചിറകിന്റെ അറ്റംവരെ പത്തു മുഴം.
കെരൂബിന്റെ ഒരു ചിറകിന് അഞ്ചുമുഴം നീളം, മറ്റേ ചിറകിനും അഞ്ചുമുഴം നീളം; ചിറകിന്റെ ഒരു അഗ്രംമുതൽ മറ്റേ ചിറകിന്റെ അഗ്രംവരെ പത്തുമുഴം നീളം.
25 മറ്റെ കെരൂബിന്നും പത്തു മുഴം; കെരൂബ് രണ്ടിന്നും അളവും ആകൃതിയും ഒന്നു തന്നേ.
രണ്ടാമത്തെ കെരൂബിന്റെ അളവും പത്തുമുഴംതന്നെ ആയിരുന്നു. കാരണം ആകൃതിയിലും അളവിലും രണ്ടു കെരൂബുകളും ഒരുപോലെതന്നെ ആയിരുന്നു.
26 ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റെ കെരൂബിന്നും അങ്ങനെ തന്നേ.
ഓരോ കെരൂബിന്റെയും ഉയരവും പത്തുമുഴംതന്നെ ആയിരുന്നു.
27 അവൻ കെരൂബുകളെ അന്തരാലയത്തിന്റെ നടുവിൽ നിൎത്തി; കെരൂബുകളുടെ ചിറകു വിടൎന്നിരുന്നു; ഒന്നിന്റെ ചിറകു ഒരു ചുവരോടും മറ്റേതിന്റെ ചിറകു മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവിൽ അവയുടെ ചിറകു ഒന്നോടൊന്നു തൊട്ടിരുന്നു.
ദൈവാലയത്തിന്റെ അന്തർമന്ദിരത്തിനുള്ളിൽ അദ്ദേഹം അവ സ്ഥാപിച്ചു; കെരൂബുകളുടെ ചിറകുകൾ വിടർന്നിരുന്നു. ഒരു കെരൂബിന്റെ ഒരു ചിറക് ഒരു ഭിത്തിയിൽ തൊട്ടിരുന്നു; മറ്റേ കെരൂബിന്റെ മറ്റേ ചിറക് മറ്റേ ഭിത്തിയിലും. അന്തർമന്ദിരത്തിന്റെ ഒത്തമധ്യത്തിൽ ഇരുകെരൂബുകളുടെയും ചിറകുകൾതമ്മിൽ തൊട്ടിരുന്നു.
28 കെരൂബുകളെയും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു.
അദ്ദേഹം കെരൂബുകളെ സ്വർണം പൊതിഞ്ഞു.
29 അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ ചുവരുകളിലെല്ലാം ചുറ്റും കെരൂബ്, ഈന്തപ്പന, വിടൎന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.
ആലയത്തിന്റെ ചുറ്റോടുചുറ്റുമുള്ള ഭിത്തികളിലെല്ലാം—അകത്തെ മുറികളുടെയും പുറത്തെ മുറികളുടെയും ഭിത്തികളിലെല്ലാം—കെരൂബുകൾ, ഈന്തപ്പന, വിടർന്ന പൂക്കൾ ഇവയുടെ രൂപങ്ങൾ അദ്ദേഹം കൊത്തിച്ചു.
30 അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ തളവും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു.
ആലയത്തിന്റെ അകത്തും പുറത്തുമുള്ള മുറികളുടെയെല്ലാം തറയും അദ്ദേഹം സ്വർണംകൊണ്ടു പൊതിഞ്ഞു.
31 അവൻ അന്തൎമ്മന്ദിരത്തിന്റെ വാതിലിന്നു ഒലിവുമരംകൊണ്ടു കതകു ഉണ്ടാക്കി; കുറമ്പടിയും കട്ടളക്കാലും ചുവരിന്റെ അഞ്ചിൽ ഒരു അംശമായിരുന്നു.
അന്തർമന്ദിരത്തിലേക്കു പ്രവേശിക്കുന്നതിന് അദ്ദേഹം ഒലിവുമരംകൊണ്ടു വാതിലുകൾ നിർമിച്ചു. കട്ടിളകൾക്ക് പഞ്ചഭുജാകൃതിയാണ് ഉണ്ടായിരുന്നത്.
32 ഒലിവ് മരംകൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടൎന്നപുഷ്പം എന്നിവയുടെ രൂപങ്ങൾ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്നു പൊതിഞ്ഞു
ഒലിവുപലകകൾകൊണ്ടുതന്നെയുള്ള ഇരുകതകുകളിലും അദ്ദേഹം കെരൂബുകളുടെയും ഈന്തപ്പനകളുടെയും വിടർന്ന പൂക്കളുടെയും രൂപങ്ങൾ കൊത്തിച്ചു. കെരൂബുകളെയും ഈന്തപ്പനകളെയും കാച്ചിത്തെളിച്ച സ്വർണംകൊണ്ടു പൊതിഞ്ഞു.
33 അവ്വണ്ണം തന്നേ അവൻ മന്ദിരത്തിന്റെ വാതിലിന്നും ഒലിവുമരംകൊണ്ടു കട്ടള ഉണ്ടാക്കി; അതു ചുവരിന്റെ നാലിൽ ഒരംശമായിരുന്നു.
ഈ വിധത്തിൽത്തന്നെ വിശാലമായ മുറിയിലേക്കുള്ള പ്രവേശനത്തിന് ചതുർഭുജാകൃതിയിലുള്ളതും ഒലിവുമരത്തിൽ തീർത്തതുമായ കട്ടിളക്കാലുകൾ അദ്ദേഹം നിർമിച്ചു.
34 അതിന്റെ കതകു രണ്ടും സരളമരംകൊണ്ടായിരുന്നു. ഒരു കതകിന്നു രണ്ടു മടക്കുപാളിയും മറ്റെ കതകിന്നു രണ്ടു മടക്കുപാളിയും ഉണ്ടായിരുന്നു.
അതിന് അദ്ദേഹം സരളമരപ്പലകകൾകൊണ്ടു കതകു നിർമിച്ചു. കതകിന്റെ രണ്ടു പാളികൾക്കും ഈരണ്ടു മടക്കുപാളി ഉണ്ടായിരുന്നു.
35 അവൻ അവയിൽ കെരൂബ്, ഈന്തപ്പന, വിടൎന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി രൂപങ്ങളുടെമേൽ പൊന്നു പൊതിഞ്ഞു.
അവയുടെമേലും അദ്ദേഹം കെരൂബുകളുടെയും ഈന്തപ്പനകളുടെയും വിടർന്ന പൂക്കളുടെയും രൂപങ്ങൾ കൊത്തിച്ചു. ആ കൊത്തുപണികളുടെമേലും ഒരുപോലെ സ്വർണം അടിച്ചുപതിച്ച് അവയെല്ലാം സ്വർണംകൊണ്ടു പൊതിഞ്ഞു.
36 അവൻ അകത്തെ പ്രാകാരം ചെത്തിയ കല്ലുകൊണ്ടു മൂന്നു വരിയും ദേവദാരുകൊണ്ടു ഒരു വരിയുമായിട്ടു പണിതു.
ചെത്തിയൊരുക്കിയ മൂന്നുവരി കല്ലും മിനുക്കിയ ഒരുവരി ദേവദാരുത്തുലാനുംകൊണ്ട് അദ്ദേഹം അകത്തെ അങ്കണം പണിയിച്ചു.
37 നാലാം ആണ്ടു സീവ് മാസത്തിൽ യഹോവയുടെ ആലയത്തിന്നു അടിസ്ഥാനം ഇടുകയും
നാലാമാണ്ടിൽ സീവുമാസത്തിൽ യഹോവയുടെ ആലയത്തിന് അടിസ്ഥാനം ഇട്ടിരുന്നു.
38 പതിനൊന്നാം ആണ്ടു എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം അതിന്റെ സകലഭാഗങ്ങളുമായി അതിന്റെ മാതൃകപ്രകാരമൊക്കെയും പണിതുതീൎക്കുകയും ചെയ്തു. അങ്ങനെ അവൻ ഏഴാണ്ടുകൊണ്ടു അതു പണിതുതീൎത്തു.
പതിനൊന്നാമാണ്ടിൽ എട്ടാംമാസമായ ബൂൽമാസത്തിൽ ദൈവാലയം, അതിന്റെ സകലഭാഗങ്ങളുമായി, അതിന്റെ മാതൃക അനുസരിച്ചുതന്നെ, പണിതുതീർത്തു. അങ്ങനെ ആലയം പണിയുന്നതിന് അദ്ദേഹത്തിന് ഏഴുവർഷം വേണ്ടിവന്നു.

< 1 രാജാക്കന്മാർ 6 >