< 1 രാജാക്കന്മാർ 15 >
1 നെബാത്തിന്റെ മകനായ യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബിയാം യെഹൂദയിൽ വാണുതുടങ്ങി.
൧നെബാത്തിന്റെ മകൻ യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബിയാം യെഹൂദയിൽ രാജാവായി.
2 അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേർ; അവൾ അബീശാലോമിന്റെ മകൾ ആയിരുന്നു.
൨അവൻ മൂന്ന് സംവത്സരം യെരൂശലേമിൽ വാണു; അബീശാലോമിന്റെ പൗത്രി ആയ അവന്റെ അമ്മയുടെ പേര് മയഖാ എന്നായിരുന്നു.
3 തന്റെ അപ്പൻ മുമ്പെ ചെയ്തിരുന്ന സകലപാപങ്ങളിലും അവൻ നടന്നു; അവന്റെ ഹൃദയം അവന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അവന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.
൩തന്റെ അപ്പൻ മുമ്പ് ചെയ്തിരുന്ന സകലപാപങ്ങളും അവൻ ചെയ്തു; അവന്റെ ഹൃദയം, തന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല.
4 എങ്കിലും ദാവീദിൻനിമിത്തം അവന്റെ ദൈവമായ യഹോവ അവന്റെ മകനെ അവന്റെ അനന്തരവനായി ഉയൎത്തിയും യെരൂശലേമിനെ നിലനിൎത്തിയുംകൊണ്ടു അവന്നു യെരൂശലേമിൽ ഒരു ദീപം നല്കി.
൪എങ്കിലും ദാവീദിനെ ഓർത്ത് അവന്റെ ദൈവമായ യഹോവ അവന് യെരുശലേമിൽ ഒരു ദീപം നൽകുവാൻ തക്കവണ്ണം ഒരു അനന്തരാവകാശിയെ നൽകുകയും യെരൂശലേമിനെ നിലനിർത്തുകയും ചെയ്തു.
5 ദാവീദ് യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാൎയ്യത്തിൽ മാത്രമല്ലാതെ അവൻ തന്നോടു കല്പിച്ചതിൽ ഒന്നും തന്റെ ആയുഷ്കാലത്തൊരിക്കലും വിട്ടുമാറീട്ടില്ല.
൫ദാവീദ് തന്റെ ആയുഷ്ക്കാലത്തൊക്കെയും യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തിൽ ഒഴികെ യഹോവയുടെ കല്പനകളിൽ ഒന്നുപോലും താൻ പാലിക്കാതിരുന്നിട്ടില്ല.
6 രെഹബെയാമും യൊരോബെയാമും തമ്മിൽ ജീവപൎയ്യന്തം യുദ്ധം ഉണ്ടായിരുന്നു.
൬രെഹബെയാമും യൊരോബെയാമും തമ്മിൽ ഉണ്ടായിരുന്ന യുദ്ധം അബീയാമിന്റെ കാലത്തും തുടർന്നുകൊണ്ടിരുന്നു.
7 അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.
൭അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.
8 അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി.
൮അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകൻ ആസാ അവന് പകരം രാജാവായി.
9 യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി.
൯യിസ്രായേൽ രാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി.
10 അവൻ നാല്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേർ; അവൾ അബിശാലോമിന്റെ മകൾ ആയിരുന്നു.
൧൦അവൻ നാല്പത്തൊന്ന് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ പിതാമഹിക്ക് മയഖാ എന്ന് പേർ; അവൾ അബിശാലോമിന്റെ പൗത്രി ആയിരുന്നു.
11 ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
൧൧ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമായുള്ളത് ചെയ്തു.
12 അവൻ പുരുഷമൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.
൧൨അവൻ പുരുഷവേശ്യകളെ ദേശത്തുനിന്ന് പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.
13 തന്റെ അമ്മയായ മയഖ അശേരെക്കു ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു അവൻ അവളെ രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോൻ തോട്ടിന്നരികെവെച്ചു ചുട്ടുകളഞ്ഞു.
൧൩തന്റെ പിതാമഹിയായ മയഖ അശേരെക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് അവൻ അവളെ രാജ്ഞിസ്ഥാനത്ത് നിന്ന് നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ച് കിദ്രോൻ തോട്ടിന്നരികെവെച്ച് ചുട്ടുകളഞ്ഞു.
14 എന്നാൽ പൂജാഗിരികൾക്കു നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിങ്കൽ ഏകാഗ്രമായിരുന്നു.
൧൪എന്നാൽ പൂജാഗിരികൾക്ക് നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിൽ ഏകാഗ്രമായിരുന്നു.
15 വെള്ളി, പൊന്നു, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻ തന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവൻ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.
൧൫വെള്ളി, പൊന്ന്, മറ്റ് ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻ സ്വയം നിവേദിച്ചതുമായ വസ്തുക്കൾ, അവൻ യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവന്നു.
16 ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപൎയ്യന്തം യുദ്ധം ഉണ്ടായിരുന്നു.
൧൬ആസയും യിസ്രായേൽ രാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
17 യിസ്രായേൽരാജാവായ ബയെശാ യെഹൂദയുടെനേരെ വന്നു, യെഹൂദാരാജാവായ ആസയുടെ അടുക്കൽ പോക്കുവരുത്തിന്നു ആരെയും സമ്മതിക്കാതിരിക്കേണ്ടതിന്നു രാമയെ പണിതു ഉറപ്പിച്ചു.
൧൭യിസ്രായേൽ രാജാവായ ബയെശാ യെഹൂദയുടെനേരെ വന്ന്, രാമയെ പണിത് ഉറപ്പിച്ചു; യെഹൂദാ രാജാവായ ആസയുടെ അടുക്കലേക്കുള്ള പോക്കുവരവ് തടയുകയായിരുന്നു അവന്റെ ലക്ഷ്യം.
18 അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ശേഷിച്ചിരുന്ന എല്ലാവെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്തു തന്റെ ഭൃത്യന്മാരുടെ കയ്യിൽ ഏല്പിച്ചു; ആസാരാജാവു ദമ്മേശെക്കിൽ പാൎത്ത ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിന്നു അവയെ കൊടുത്തയച്ചു:
൧൮അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരത്തിലെ വെള്ളിയും പൊന്നും എടുത്ത് തന്റെ ഭൃത്യന്മാരുടെ കയ്യിൽ ഏല്പിച്ചു; അവൻ ദമാസ്കസിൽ പാർത്തിരുന്ന ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിന് അവയെ കൊടുത്തയച്ചു:
19 എനിക്കും നിനക്കും, എന്റെ അപ്പന്നും നിന്റെ അപ്പന്നും തമ്മിൽ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാൻ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു.
൧൯“എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ ഉണ്ടായിരുന്ന സഖ്യത പോലെ നമുക്ക് തമ്മിലും ഒരു സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്ക് സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽ രാജാവായ ബയെശാ എന്നെവിട്ടു പോകേണ്ടതിന് നീ ചെന്ന് അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം” എന്ന് പറയിച്ചു.
20 ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷകേട്ടു, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്കു നേരെ അയച്ചു ഈയോനും ദാനും ആബേൽ-ബേത്ത്-മയഖയും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.
൨൦ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ കേട്ട്, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്ക് നേരെ അയച്ച് ഈയോനും ദാനും ആബേൽ-ബേത്ത്-മയഖയും കിന്നേരെത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.
21 ബയെശാ അതു കേട്ടപ്പോൾ രാമാ പണിയുന്നതു നിൎത്തി തിൎസ്സയിൽ തന്നേ പാൎത്തു.
൨൧ബയെശാ അത് കേട്ടപ്പോൾ രാമാ പണിയുന്നത് നിർത്തലാക്കി, തിർസ്സയിൽ തന്നേ പാർത്തു.
22 ആസാരാജാവു ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്നു ബയെശാ പണിതു ഉറപ്പിച്ച രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവു അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.
൨൨ആസാ രാജാവ് ഒരു വിളംബരം പ്രസിദ്ധമാക്കി യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്ന് ബയെശാ പണിത് ഉറപ്പിച്ചിരുന്ന രാമയുടെ കല്ലും മരവും എടുത്ത് കൊണ്ടുവന്നു; ആസാ രാജാവ് അവ കൊണ്ട് ബെന്യാമീനിലെ ഗിബയും മിസ്പയും പണിത് ഉറപ്പിച്ചു.
23 ആസയുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും അവൻ പട്ടണങ്ങൾ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാൎദ്ധക്യകാലത്തു അവന്റെ കാലുകൾക്കു ദീനം പിടിച്ചു.
൨൩ആസയുടെ മറ്റുള്ള സകല ചരിത്രങ്ങളും അവന്റെ വീര്യപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും, പട്ടണങ്ങൾ പണിതതും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാർദ്ധക്യകാലത്ത് അവന്റെ കാലുകൾക്ക് രോഗം ബാധിച്ചു.
24 ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി.
൨൪ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവന് പകരം രാജാവായി.
25 യെഹൂദാരാജാവായ ആസയുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ നാദാബ് യിസ്രായേലിൽ രാജാവായി; അവൻ രണ്ടു സംവത്സരം യിസ്രായേലിൽ വാണു.
൨൫യെഹൂദാ രാജാവായ ആസയുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകൻ നാദാബ് യിസ്രായേലിൽ രാജാവായി; അവൻ രണ്ട് സംവത്സരം യിസ്രായേലിൽ വാണു.
26 അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തന്റെ അപ്പന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.
൨൬അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത് തന്റെ അപ്പന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപത്തിലും നടന്നു.
27 എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹിയാവിന്റെ മകനായ ബയെശാ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യൎക്കുള്ള ഗിബ്ബെഥോനിൽവെച്ചു അവനെ കൊന്നു; നാദാബും എല്ലായിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു.
൨൭എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹിയാവിന്റെ മകൻ ബയെശാ അവന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; നാദാബും എല്ലാ യിസ്രായേലും ഫെലിസ്ത്യരുടെ ഗിബ്ബെഥോനെ ഉപരോധിച്ചിരുന്നപ്പോൾ ബയെശാ അവിടെവച്ച് അവനെ കൊന്നു.
28 ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടിൽ കൊന്നു; അവന്നു പകരം രാജാവായി.
൨൮ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടിൽ കൊന്ന് അവന് പകരം രാജാവായി.
29 അവൻ രാജാവായ ഉടനെ യൊരോബെയാംഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; യഹോവ ശിലോന്യനായ അഹിയാവു എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിന്നു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു.
൨൯അവൻ രാജാവായ ഉടൻ തന്നെ യൊരോബെയാം ഗൃഹത്തെ മുഴുവനും കൊന്നൊടുക്കി; യഹോവ ശീലോന്യനായ അഹിയാവ് എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിന്റെ കുടുംബത്തിൽ ജീവനുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ നശിപ്പിച്ചുകളഞ്ഞു.
30 യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങൾനിമിത്തവും അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതുനിമിത്തവും തന്നേ.
൩൦യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ചതുമായ പാപങ്ങൾ നിമിത്തവും അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതു നിമിത്തവും ഇപ്രകാരം സംഭവിച്ചു.
31 നാദാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
൩൧നാദാബിന്റെ മറ്റുള്ള പ്രവൃത്തികളും അവൻ ചെയ്തതൊക്കെയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
32 ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപൎയ്യന്തം യുദ്ധം ഉണ്ടായിരുന്നു.
൩൨ആസയും യിസ്രായേൽ രാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
33 യെഹൂദാരാജാവായ ആസയുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകനായ ബയെശാ എല്ലായിസ്രായേലിന്നും രാജാവായി തിൎസ്സയിൽ ഇരുപത്തുനാലു സംവത്സരം വാണു.
൩൩യെഹൂദാ രാജാവായ ആസയുടെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകൻ ബയെശാ എല്ലാ യിസ്രായേലിനും രാജാവായി തിർസ്സയിൽ ഇരുപത്തിനാല് സംവത്സരം വാണു.
34 അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.
൩൪അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്ത് യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപത്തിലും നടന്നു.