< സെഫന്യാവു 1 >

1 ആമോന്റെ മകൻ യോശിയാവ് യെഹൂദാരാജാവായിരുന്നകാലത്ത്, കൂശിയുടെ മകൻ സെഫന്യാവിന് യഹോവയുടെ അരുളപ്പാട് ലഭിച്ചു. കൂശി ഗെദല്യാവിന്റെ മകനും ഗെദല്യാവ് അമര്യാവിന്റെ മകനും അമര്യാവ് ഹിസ്കിയാവിന്റെ മകനും ആയിരുന്നു.
യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, ഹിസ്കീയാവിന്റെ മകനായ അമര്യാവിന്റെ മകനായ ഗെദല്യാവിന്റെ മകനായ കൂശിയുടെ മകനായ സെഫന്യാവിന്നുണ്ടായ യഹോവയുടെ അരുളപ്പാടു.
2 “ഞാൻ ഭൂമുഖത്തുനിന്ന് സകലത്തെയും നശിപ്പിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
ഞാൻ ഭൂതലത്തിൽനിന്നു സകലത്തെയും സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
3 “ഞാൻ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനംചെയ്യും. ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും— ദുഷ്ടരുടെ കാലിടറിക്കുന്ന വിഗ്രഹങ്ങളെയും തൂത്തെറിയും.” “ഞാൻ ഭൂമുഖത്തുനിന്ന് സകലമനുഷ്യരെയും ഉന്മൂലനംചെയ്യുമ്പോൾ, ഞാൻ, യെഹൂദയ്ക്കുനേരേയും
ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാൻ ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടർച്ചകളെയും സംഹരിക്കും; ഞാൻ ഭൂതലത്തിൽ നിന്നു മനുഷ്യനെ ഛേദിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
4 ജെറുശലേമിൽ പാർക്കുന്ന സകലമനുഷ്യർക്കുനേരേയും എന്റെ കരം നീട്ടും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ ഈ ദേശത്തുനിന്നു ബാലിന്റെ ആരാധനയുടെ സകലശേഷിപ്പിനെയും വിഗ്രഹാരാധകരായ പുരോഹിതന്മാരുടെ പേരുകളെയും നീക്കിക്കളയും.
ഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാൻ ഈ സ്ഥലത്തുനിന്നു ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടെ പൂജാരികളുടെ പേരിനെയും
5 പുരമുകളിൽ, നക്ഷത്രസമൂഹത്തെ സേവിച്ചുവണങ്ങുന്നവരെയും യഹോവയുടെ നാമത്തിൽ വണങ്ങുന്നവരെയും ശപഥംചെയ്യുന്നവരെയും മോലെക്കിന്റെ നാമത്തിൽ ശപഥംചെയ്യുന്നവരെയും
മേൽപുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മൽക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു നമസ്കരിക്കുന്നവരെയും യഹോവയെ വിട്ടു പിന്മാറിയവരെയും
6 യഹോവയെ അനുഗമിക്കുന്നതിൽനിന്നു പിന്മാറുന്നവരെയും യഹോവയെ അന്വേഷിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്തവരെയുംതന്നെ.”
യഹോവയെ അന്വേഷിക്കയോ അവനെക്കുറിച്ചു ചോദിക്കയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും.
7 കർത്താവായ യഹോവയുടെമുമ്പിൽ മൗനമായിരിക്കുക, യഹോവയുടെ ദിവസം സമീപമായിരിക്കുന്നു. യഹോവ ഒരു യാഗം ഒരുക്കിയിരിക്കുന്നു; താൻ ക്ഷണിച്ചവരെ അവിടന്ന് ശുദ്ധീകരിച്ചിരിക്കുന്നു.
യഹോവയായ കർത്താവിന്റെ സന്നിധിയിൽ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.
8 “യഹോവയുടെ യാഗദിവസത്തിൽ ഞാൻ അധികാരങ്ങളെയും രാജാവിന്റെ പുത്രന്മാരെയും വൈദേശികവസ്ത്രം ധരിച്ചിട്ടുള്ള എല്ലാവരെയും ശിക്ഷിക്കും.
എന്നാൽ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ ഞാൻ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന ഏവരെയും സന്ദർശിക്കും.
9 ആ ദിവസത്തിൽ ഉമ്മറപ്പടി ചാടിക്കടക്കുന്നവരെയും തങ്ങളുടെ ദേവന്മാരുടെ ക്ഷേത്രങ്ങളെ അതിക്രമംകൊണ്ടും വഞ്ചനകൊണ്ടും നിറയ്ക്കുന്നവരെയും ഞാൻ ശിക്ഷിക്കും.”
അന്നാളിൽ ഞാൻ ഉമ്മരപ്പടി ചാടിക്കടക്കുന്ന ഏവരെയും സാഹസവും വഞ്ചനയുംകൊണ്ടു തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറെക്കുന്നവരെയും സന്ദർശിക്കും.
10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ ദിവസം മീൻകവാടത്തിൽനിന്ന് നിലവിളി ഉയരും; പട്ടണത്തിന്റെ പുതിയഭാഗത്തുനിന്ന് വിലാപവും കുന്നുകളിൽനിന്ന് ഝടഝടനാദവും ഉയരും.
അന്നാളിൽ മത്സ്യഗോപുരത്തിൽനിന്നു ഉറക്കെയുള്ളോരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തിൽനിന്നു ഒരു മുറവിളിയും കുന്നുകളിൽനിന്നു ഒരു ഝടഝടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു.
11 മക്തേശ് നിവാസികളേ, വിലപിക്കുക, നിങ്ങളുടെ എല്ലാ കച്ചവടക്കാരും ഉന്മൂലനംചെയ്യപ്പെടും എല്ലാ വെള്ളിവ്യാപാരികളും നശിച്ചുപോകും.
മക്തേശ് നിവാസികളെ, മുറയിടുവിൻ; വ്യാപാരിജനം ഒക്കെയും നശിച്ചുപോയല്ലോ; സകലദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു.
12 ആ കാലത്ത് ഞാൻ ജെറുശലേമിൽ വിളക്കുകൾകൊളുത്തി അന്വേഷിക്കും. നിർവികാരികളെയും ഉന്മത്തരായി കിടന്നുകൊണ്ട്, ‘യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല’ എന്നു പറയുന്നവരെയും ഞാൻ ശിക്ഷിക്കും.
ആ കാലത്തു ഞാൻ യെരൂശലേമിനെ വിളക്കു കത്തിച്ചു ശോധന കഴിക്കയും മട്ടിന്മേൽ ഉറെച്ചുകിടന്നു: യഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തിൽ പറയുന്ന പുരുഷന്മാരെ സന്ദർശിക്കയും ചെയ്യും.
13 അവരുടെ സമ്പത്ത് കൊള്ളചെയ്യപ്പെടും അവരുടെ വീടുകൾ ശൂന്യമാക്കപ്പെടും. അവർ വീടുപണിയും എന്നാൽ അവർ അവിടെ പാർക്കുകയില്ല; അവർ മുന്തിരിത്തോട്ടം നട്ടുണ്ടാക്കും എന്നാൽ വീഞ്ഞ് കുടിക്കുകയില്ല.”
അങ്ങനെ അവരുടെ സമ്പത്തു കവർച്ചയും അവരുടെ വീടുകൾ ശൂന്യവും ആയ്തീരും; അവർ വീടു പണിയും, പാർക്കയില്ലതാനും; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും.
14 യഹോവയുടെ മഹാദിവസം സമീപമായിരിക്കുന്നു— സമീപമായി, അതിവേഗം വരുന്നു. യഹോവയുടെ ദിവസത്തിൽ നിലവിളി ഭയങ്കരമായിരിക്കും; യുദ്ധവീരന്റെ അട്ടഹാസവും അവിടെയുണ്ട്.
യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു.
15 ആ ദിവസം ക്രോധത്തിന്റെ ദിവസം— കഷ്ടത്തിന്റെയും സങ്കടത്തിന്റെയും ദിവസം, ശൂന്യതയുടെയും നാശത്തിന്റെയും ദിവസം, അന്ധകാരത്തിന്റെയും മ്ലാനതയുടെയും ദിവസം, മേഘങ്ങളുടെയും ഇരുട്ടിന്റെയും ദിവസം—
ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം,
16 കോട്ടയുള്ള നഗരങ്ങൾക്കും ചത്വരങ്ങളിലെ ഗോപുരങ്ങൾക്കും എതിരേ കാഹളത്തിന്റെയും യുദ്ധാരവത്തിന്റെയും ദിവസം.
ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ.
17 “ഞാൻ ജനത്തിന്റെമേൽ ദുരിതംവരുത്തും; അവർ അന്ധരെപ്പോലെ തപ്പിത്തടഞ്ഞുനടക്കും. അവർ യഹോവയ്ക്കു വിരോധമായി പാപംചെയ്തിരിക്കുകയാൽ അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം ചാണകംപോലെയും ചൊരിയപ്പെടും.
മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാൻ അവർക്കു കഷ്ടത വരുത്തും; അവർ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ടംപോലെയും ചൊരിയും.
18 യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിയോ സ്വർണമോ അവരെ രക്ഷിക്കാൻ പര്യാപ്തമാകുകയില്ല.” അവിടത്തെ തീക്ഷ്ണാഗ്നിയിൽ സർവലോകവും ദഹിച്ചുപോകും. സകലഭൂവാസികളുടെയുംമേൽ അവിടന്ന് ശീഘ്രസംഹാരം വരുത്തും.
യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകലഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.

< സെഫന്യാവു 1 >