< സെഫന്യാവു 3 >
1 പീഡകരുടെയും മത്സരികളുടെയും അശുദ്ധരുടെയും പട്ടണത്തിന് ഹാ കഷ്ടം!
൧മത്സരവും മലിനതയും നിറഞ്ഞതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന് അയ്യോ കഷ്ടം!
2 അവൾ ആരെയും അനുസരിക്കുന്നില്ല, അവൾക്കു പ്രബോധനം സ്വീകാര്യമല്ല. അവൾ യഹോവയിൽ ആശ്രയിക്കുന്നില്ല, അവൾ തന്റെ ദൈവത്തോട് അടുത്തുവരുന്നതുമില്ല.
൨അവൾ യഹോവയുടെ വാക്ക് കേട്ടനുസരിച്ചിട്ടില്ല; പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയിൽ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോട് അടുത്തുവന്നിട്ടുമില്ല.
3 അവളുടെ ഉദ്യോഗസ്ഥർ അലറുന്ന സിംഹങ്ങൾ; അവളുടെ അധിപന്മാർ പ്രഭാതത്തിനായി ഒന്നും ശേഷിപ്പിക്കാത്ത സന്ധ്യാസമയത്ത് അലയുന്ന ചെന്നായ്ക്കൾ.
൩അതിനകത്ത് അതിന്റെ പ്രഭുക്കന്മാർ ഗർജ്ജിക്കുന്ന സിംഹങ്ങൾ; അതിന്റെ ന്യായാധിപതിമാർ വൈകുന്നേരത്തെ ചെന്നായ്ക്കൾ; അവർ പ്രഭാതകാലത്തേക്ക് ഒന്നും ശേഷിപ്പിക്കുന്നില്ല.
4 അവളുടെ പ്രവാചകന്മാർ താന്തോന്നികൾ, അവർ വഞ്ചകന്മാർതന്നെ. അവളുടെ പുരോഹിതന്മാർ മന്ദിരത്തെ അശുദ്ധമാക്കുന്നു, അവർ ന്യായപ്രമാണത്തോട് അതിക്രമംചെയ്യുന്നു.
൪അതിന്റെ പ്രവാചകന്മാർ അല്പബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്റെ പുരോഹിതന്മാർ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, ന്യായപ്രമാണം ലംഘിക്കുന്നു.
5 നീതിമാനായ യഹോവ അവളിൽ വസിക്കുന്നു; അവിടന്ന് അനീതി ചെയ്യുന്നില്ല. പ്രഭാതംതോറും അവിടന്ന് നീതി നടപ്പാക്കുന്നു, ഓരോ പുതിയ ദിവസവും അവിടന്ന് അതിനു മുടക്കം വരുത്തുന്നില്ല, എങ്കിലും നീതികെട്ടവർക്കു നാണമില്ല.
൫യഹോവ അതിന്റെ മദ്ധ്യത്തിൽ നീതിമാനാകുന്നു; അവൻ നീതികേട് ചെയ്യുന്നില്ല; രാവിലേതോറും അവൻ തന്റെ ന്യായത്തെ തെറ്റാതെ വെളിപ്പെടുത്തുന്നു; നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ.
6 “ഞാൻ രാജ്യങ്ങളെ ഛേദിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ സുരക്ഷിതകേന്ദ്രങ്ങൾ തകർത്തിരിക്കുന്നു. ഞാൻ അവരുടെ തെരുവുകൾ ശൂന്യമാക്കി, ആരും അവിടെ വഴിനടക്കുന്നില്ല. അവരുടെ പട്ടണങ്ങൾ നശിച്ചിരിക്കുന്നു; ആരും, ഒരുത്തൻപോലും ശേഷിക്കുകയില്ല.
൬ഞാൻ ജനതകളെ ഛേദിച്ചുകളഞ്ഞു; അവരുടെ കോട്ടകൾ ശൂന്യമാക്കിയിരിക്കുന്നു; ഞാൻ അവരുടെ വീഥികളെ ആരും കടന്നുപോകാത്തവിധം ശൂന്യമാക്കി, അവരുടെ പട്ടണങ്ങൾ ഒരു മനുഷ്യനും നിവാസിയും ഇല്ലാതെ നശിച്ചിരിക്കുന്നു.
7 ‘നിശ്ചയമായും നീ എന്നെ ഭയപ്പെട്ട് എന്റെ പ്രബോധനം അംഗീകരിക്കും,’ എന്നു ഞാൻ അവരെക്കുറിച്ചു ചിന്തിച്ചു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അവരുടെ വാസസ്ഥലം ശൂന്യമാകുകയില്ലായിരുന്നു, എന്റെ യാതൊരു ശിക്ഷയും അവളുടെമേൽ വരികയുമില്ലായിരുന്നു. എന്നിട്ടും അവരുടെ സകലദുഷ്പ്രവൃത്തിയിലും അവർ ജാഗ്രതയുള്ളവരായിരുന്നു.
൭“നീ എന്നെ ഭയപ്പെട്ട് പ്രബോധനം സ്വീകരിക്കുക” എന്ന് ഞാൻ കല്പിച്ചു; എന്നാൽ ഞാൻ തീരുമാനിച്ചതുപോലെ അവളുടെ ഭവനത്തിൽ നിന്ന് ഛേദിക്കപ്പെടുകയില്ലായിരുന്നു; പക്ഷേ അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികൾ ചെയ്തുപോന്നു.
8 അതിനാൽ, എനിക്കായി കാത്തിരിക്കുക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ സാക്ഷ്യത്തിന് എഴുന്നേൽക്കുന്ന ദിവസത്തിനായിത്തന്നെ. രാഷ്ട്രങ്ങളെയും രാജ്യങ്ങളെയും കൂട്ടിവരുത്താനും എന്റെ ക്രോധത്തെയും എന്റെ ഭയങ്കരകോപമെല്ലാം അവരുടെമേൽ വർഷിക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു. എന്റെ തീക്ഷ്ണകോപത്തിന്റെ അഗ്നിയിൽ സർവലോകവും ദഹിച്ചുപോകും.
൮അതുകൊണ്ട് “ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിക്കുക” എന്ന് യഹോവയുടെ അരുളപ്പാട്. എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന് ജനതകളെ ചേർക്കുവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാൻ തീരുമാനിച്ചിരിക്കുന്നു; സർവ്വഭൂമിയും എന്റെ തീക്ഷ്ണതാഗ്നിക്ക് ഇരയായിത്തീരും.
9 “അപ്പോൾ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിനും ഏകമനസ്സോടെ യഹോവയെ സേവിക്കുന്നതിനും ഞാൻ ജനതകളുടെ അധരങ്ങൾ ശുദ്ധീകരിക്കും.
൯അപ്പോൾ സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ച് ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന് ഞാൻ അവർക്ക് നിർമ്മലമായുള്ള അധരങ്ങൾ നൽകും.
10 എന്റെ ആരാധകരും ചിതറിപ്പോയ എന്റെ ജനവും കൂശിലെ നദിക്കപ്പുറത്തുനിന്ന് എനിക്കു നേർച്ചകൾ കൊണ്ടുവരും.
൧൦കൂശ് നദികളുടെ അക്കരെനിന്ന് എന്റെ നമസ്കാരികൾ, എന്റെ ചിതറിപ്പോയവരുടെ സഭ തന്നെ, എനിക്ക് വഴിപാട് കൊണ്ടുവരും.
11 നിങ്ങൾ എന്നോടു ചെയ്തിട്ടുള്ള സകല അതിക്രമങ്ങളും നിമിത്തം ആ ദിവസത്തിൽ നിങ്ങൾ ലജ്ജിക്കേണ്ടിവരികയില്ല. തങ്ങളുടെ അഹങ്കാരത്തിൽ സന്തോഷിക്കുന്നവരെ ഞാൻ നിങ്ങളിൽനിന്നു നീക്കിക്കളയും. എന്റെ വിശുദ്ധപർവതത്തിൽ നിങ്ങൾ ഇനിയൊരിക്കലും ധാർഷ്ട്യക്കാരായിരിക്കുകയില്ല.
൧൧അന്ന് ഞാൻ അവരുടെ മദ്ധ്യത്തില് നിന്ന് അഹങ്കരിച്ച് ഉല്ലസിക്കുന്നവരെ നീക്കിക്കളയും. നീ എന്റെ വിശുദ്ധപർവ്വതത്തിൽ ഇനി അഹങ്കരിക്കാതിരിക്കുന്നതുകൊണ്ട് നീ എന്നോട് അതിക്രമമായി ചെയ്തിരിക്കുന്ന സകലപ്രവൃത്തികളുംനിമിത്തം അന്ന് ലജ്ജിക്കേണ്ടിവരുകയില്ല.
12 താഴ്മയും സൗമ്യതയും ഉള്ളവരായി, യഹോവയുടെ നാമത്തിൽ ആശ്രയിക്കുന്ന ഇസ്രായേലിന്റെ ഒരു ശേഷിപ്പിനെ ഞാൻ നിന്റെ നടുവിൽ ശേഷിപ്പിക്കും.
൧൨ഞാൻ നിന്റെ നടുവിൽ താഴ്മയും ദാരിദ്ര്യവും ഉള്ള ജനത്തെ ശേഷിപ്പിക്കും; അവർ യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കും.
13 അവർ അതിക്രമം ചെയ്യുകയില്ല; അവർ വ്യാജം പറയുകയുമില്ല. അവരുടെ നാവുകളിൽ വഞ്ചനയും ഉണ്ടായിരിക്കുകയില്ല. അവർ ഭക്ഷിച്ചു കിടന്നുറങ്ങും ആരും അവരെ ഭയപ്പെടുത്തുകയില്ല.”
൧൩യിസ്രായേലിൽ അവശേഷിച്ചവർ നീതികേട് പ്രവർത്തിക്കുകയില്ല; ഭോഷ്കുപറയുകയുമില്ല; ചതിവുള്ള നാവ് അവരുടെ വായിൽ ഉണ്ടാകുകയില്ല; അവർ ആടുമാടുകളെ മേയുകയും സുഖമായി വിശ്രമിക്കുകയും ചെയ്യും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
14 സീയോൻപുത്രീ, പാടുക, ഇസ്രായേലേ, ഉച്ചത്തിൽ ആർത്തുവിളിക്കുക! ജെറുശലേംപുത്രീ, പൂർണഹൃദയത്തോടെ സന്തോഷിച്ച് ആനന്ദിക്കുക!
൧൪സീയോൻപുത്രിയേ, ഘോഷിച്ചാനന്ദിക്കുക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക.
15 യഹോവ നിന്റെ ശിക്ഷ നീക്കിക്കളഞ്ഞിരിക്കുന്നു, അവിടന്ന് നിന്റെ ശത്രുവിനെ പിന്തിരിപ്പിച്ചിരിക്കുന്നു. ഇസ്രായേലിന്റെ രാജാവായ യഹോവ നിന്നോടുകൂടെയുണ്ട്; നീ ഇനി ഒരാപത്തും ഭയപ്പെടേണ്ടതില്ല.
൧൫യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യത്തിൽ ഇരിക്കുന്നു; ഇനി നീ അനർത്ഥം കാണുകയില്ല.
16 ആ ദിവസത്തിൽ അവർ ജെറുശലേമിനോടു പറയും: “സീയോനേ, ഭയപ്പെടേണ്ട, നിന്റെ കരങ്ങൾ നിശ്ചലമാകേണ്ടതില്ല.
൧൬അന്ന് അവർ യെരൂശലേമിനോട്: “ഭയപ്പെടരുത്” എന്നും സീയോനോട്: “അധൈര്യപ്പെടരുത്” എന്നും പറയും.
17 നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെയുണ്ട്, അവിടന്ന് രക്ഷിക്കാൻ ശക്തൻ. അവിടന്ന് നിന്നിൽ അധികം സന്തോഷിക്കും; യഹോവ തന്റെ സ്നേഹത്തിൽ ഇനിയൊരിക്കലും നിന്നെ ശാസിക്കുകയില്ല, എന്നാൽ സംഗീതത്തോടെ അവിടന്ന് നിന്നിൽ ആനന്ദിക്കും.”
൧൭നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്താൽ അവൻ പുതുതാക്കുന്നു; ഉത്സവദിനത്തിലെപ്പോലെ അവൻ നിന്നിൽ ആനന്ദിക്കും.
18 “നിർദിഷ്ട പെരുന്നാളുകൾ നഷ്ടമായത് നിങ്ങൾക്കൊരു ഭാരവും ലജ്ജയും ആണല്ലോ അതേക്കുറിച്ച് വിലപിക്കുന്നവർ ഇനി നിങ്ങളിൽ ഉണ്ടായിരിക്കുകയില്ല.
൧൮ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാൻ ചേർത്തുകൊള്ളും.
19 നിന്നെ പീഡിപ്പിച്ച സകലരോടും ആ കാലത്ത് ഞാൻ ഇടപെടും. ഞാൻ മുടന്തനെ വിടുവിക്കും; ചിതറിപ്പോയവരെ കൂട്ടിച്ചേർക്കും. അവരെ ലജ്ജിതരാക്കിയ എല്ലാ ദേശങ്ങളിലും ഞാൻ അവർക്കു മഹത്ത്വവും പുകഴ്ചയും നൽകും.
൧൯നിന്നെ ക്ലേശിപ്പിക്കുന്നവരോട് ഞാൻ ആ കാലത്ത് ഇടപെടും; ഞാൻ മുടന്തരെ രക്ഷിക്കുകയും ചിതറിപ്പോയതിനെ ശേഖരിക്കുകയും സർവ്വഭൂമിയിലും ലജ്ജ നേരിട്ടവരെ പ്രശംസയും കീർത്തിയുമാക്കി തീർക്കുകയും ചെയ്യും.
20 ആ കാലത്ത് ഞാൻ നിങ്ങളെ ശേഖരിക്കും; ആ കാലത്ത് ഞാൻ നിങ്ങളെ ഭവനങ്ങളിൽ കൂട്ടിച്ചേർക്കും. നിങ്ങളുടെ സ്വന്തം ദൃഷ്ടികൾക്കുമുമ്പിൽ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ, ഭൂമിയിലെ സകലജനങ്ങളുടെയും മധ്യത്തിൽ ഞാൻ നിങ്ങൾക്കു മഹത്ത്വവും പുകഴ്ചയും നൽകും,” ഇത് യഹോവയുടെ അരുളപ്പാട്.
൨൦ആ കാലത്ത് ഞാൻ നിങ്ങളെ വരുത്തുകയും, ഞാൻ നിങ്ങളെ ശേഖരിക്കുകയും ചെയ്യും; നിങ്ങളുടെ കൺമുൻപിൽ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ ഞാൻ നിങ്ങളെ ഭൂമിയിലെ സകലജനതകളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്ന് യഹോവ അരുളിച്ചെയ്യുന്നു.