< സെഖര്യാവ് 12 >

1 ഒരു പ്രവചനം: ഇസ്രായേലിനെക്കുറിച്ച് യഹോവയുടെ അരുളപ്പാട്. ആകാശത്തെ വിരിക്കുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും മനുഷ്യരുടെ ആത്മാക്കളെ അവരുടെ ഉള്ളിൽ രൂപപ്പെടുത്തുകയുംചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
പ്രവാചകം. യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാട്; ആകാശം വിരിക്കുകയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കുകയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാട്.
2 “ഞാൻ ജെറുശലേമിനെ അതിനുചുറ്റുമുള്ള സകലജനങ്ങളെയും ചാഞ്ചാടിക്കുന്ന ഒരു പാനപാത്രമാക്കും; യെഹൂദയും ജെറുശലേമും ഉപരോധിക്കപ്പെടും.
“ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജനതകൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ ഉപരോധത്തിങ്കൽ അത് യെഹൂദയ്ക്കും എതിരായിരിക്കും.
3 ഭൂമിയിലെ സകലരാജ്യങ്ങളും അവൾക്കെതിരേ കൂടിവരുന്ന ആ ദിവസത്തിൽ, ഞാൻ ജെറുശലേമിനെ, സകലരാഷ്ട്രങ്ങൾക്കും ചലിപ്പിക്കാൻ കഴിയാത്ത ഒരു പാറയാക്കിമാറ്റും. അതിനെ ചലിപ്പിക്കാൻ ശ്രമിക്കുന്നവർ സ്വയം മുറിവേൽപ്പിക്കും.
ആ നാളിൽ ഞാൻ യെരൂശലേമിനെ സകലജനതകൾക്കും ഭാരമുള്ള കല്ലാക്കി വയ്ക്കും; അതിനെ ചുമക്കുന്നവരെല്ലാം കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജനതകളും അതിന് വിരോധമായി കൂടിവരും.
4 ആ ദിവസത്തിൽ, ഞാൻ സകലകുതിരകൾക്കും പരിഭ്രമംവരുത്തും; കുതിരച്ചേവകരെ ഭ്രാന്തുപിടിപ്പിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ യെഹൂദാഗൃഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കും; ഇതര രാഷ്ട്രങ്ങളുടെ കുതിരകൾക്കു ഞാൻ അന്ധത വരുത്തും.
അന്നാളിൽ ഞാൻ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണ് തുറക്കുകയും ജനതകളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കുകയും ചെയ്യും” എന്നു യഹോവയുടെ അരുളപ്പാട്.
5 അപ്പോൾ യെഹൂദാഗോത്രത്തലവന്മാർ: ‘സൈന്യങ്ങളുടെ യഹോവ തങ്ങളുടെ ദൈവം ആയിരിക്കുന്നതുകൊണ്ട് ജെറുശലേംനിവാസികൾ ശക്തരായിരിക്കുന്നു,’ എന്നു ഹൃദയത്തിൽ പറയും.
“അപ്പോൾ യെഹൂദാമേധാവികൾ: ‘യെരൂശലേം നിവാസികൾ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്ക് ബലമായിരിക്കുന്നു’ എന്നു ഹൃദയത്തിൽ പറയും.
6 “ആ ദിവസത്തിൽ ഞാൻ യെഹൂദാഗോത്രത്തലവന്മാരെ വിറകിനിടയിൽ തീച്ചട്ടിപോലെയും, കറ്റകൾക്കിടയിൽ കത്തുന്ന പന്തംപോലെയും ആക്കും. അവർ വലത്തും ഇടത്തുമായി ചുറ്റുമുള്ള സകലജനത്തെയും നിശ്ശേഷം ഭസ്മീകരിക്കും. എന്നാൽ ജെറുശലേം സ്വസ്ഥാനത്ത് അതിലെ നിവാസികളുമായി സുരക്ഷിതരായിരിക്കും.
ആ നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജനതകളെയും തിന്നുകളയും; യെരൂശലേമിനു സ്വസ്ഥാനത്ത്, യെരൂശലേമിൽ തന്നെ, വീണ്ടും നിവാസികൾ ഉണ്ടാകും.
7 “ദാവീദുഗൃഹത്തിന്റെയും ജെറുശലേംനിവാസികളുടെയും അഭിമാനം യെഹൂദയുടെ അഭിമാനത്തെക്കാൾ ഉന്നതമാകാതിരിക്കേണ്ടിതിന് യഹോവ യെഹൂദാനിവാസികളെ ആദ്യം രക്ഷിക്കും.
ദാവീദുഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദയുടെ നേരേ ഏറിപ്പോകാതിരിക്കേണ്ടതിനു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.
8 ആ ദിവസത്തിൽ യഹോവ ജെറുശലേംനിവാസികളെ സംരക്ഷിക്കും. അവരിൽ ഏറ്റവും ബലഹീനൻ ദാവീദിനെപ്പോലെയും ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെമുമ്പിൽ നടക്കുന്ന യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.
ആ നാളിൽ യഹോവ യെരൂശലേം നിവാസികളെ പരിചകൊണ്ട് മറയ്ക്കും; അവരുടെ ഇടയിൽ ഇടറിനടക്കുന്നവൻ അന്നാളിൽ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.
9 ആ ദിവസത്തിൽ ജെറുശലേമിനെ ആക്രമിക്കുന്ന സകലരാജ്യങ്ങളെയും ഞാൻ നശിപ്പിക്കാൻ ആരംഭിക്കും.
ആ നാളിൽ ഞാൻ യെരൂശലേമിന്റെ നേരെ വരുന്ന സകലജനതകളെയും നശിപ്പിക്കുവാൻ നോക്കും.
10 “ഞാൻ, ദാവീദുഗൃഹത്തിന്മേലും ജെറുശലേംനിവാസികളിന്മേലും കൃപയുടെയും അഭയയാചനകളുടെയും ആത്മാവിനെ പകരും. അവർ എങ്കലേക്കു നോക്കും, അവർ കുത്തിയവങ്കലേക്കുതന്നെ. ഏകജാതനെക്കുറിച്ച് വിലപിക്കുന്നതുപോലെ അവനെക്കുറിച്ച് അവർ വിലപിക്കും, ആദ്യജാതനെക്കുറിച്ച് ദുഃഖിക്കുന്നതുപോലെ അവർ കയ്‌പോടെ ദുഃഖിക്കും.
൧൦ഞാൻ ദാവീദുഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തിയിട്ടുള്ളവനിലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വ്യസനിക്കും.
11 ആ ദിവസത്തിൽ, മെഗിദ്ദോസമതലത്തിലെ ഹദദ്-രിമ്മോനിലെ വിലാപംപോലെ, ജെറുശലേമിൽ മഹാവിലാപം ഉണ്ടാകും.
൧൧ആ നാളിൽ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമിൽ ഒരു മഹാവിലാപം ഉണ്ടാകും.
12 ദേശം വിലപിക്കും; അവർ കുലംകുലമായി വിലപിക്കും, അവരുടെ ഭാര്യമാരും വിലപിക്കും: ദാവീദുഗൃഹത്തിലെ കുലങ്ങളും അവരുടെ ഭാര്യമാരും നാഥാൻഗൃഹത്തിലെ കുലവും അവരുടെ ഭാര്യമാരും വിലപിക്കും.
൧൨ദേശം കുലംകുലമായി വെവ്വേറെ വിലപിക്കും; ദാവീദുഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; നാഥാൻഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും;
13 ലേവിഗൃഹത്തിന്റെ കുലവും അവരുടെ ഭാര്യമാരും ശിമെയിഗൃഹത്തിന്റെ കുലവും അവരുടെ ഭാര്യമാരും
൧൩ലേവിഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; ശിമെയി കുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും;
14 ശേഷിച്ച എല്ലാ കുലങ്ങളും അവരുടെ ഭാര്യമാരും വിലപിക്കും.
൧൪ശേഷിച്ചിരിക്കുന്ന കുലങ്ങളെല്ലാം അതത് കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും വിലപിക്കും”.

< സെഖര്യാവ് 12 >