< സെഖര്യാവ് 10 >
1 വസന്തകാലത്ത് മഴയ്ക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക; യഹോവയാണല്ലോ മിന്നൽപ്പിണർ അയയ്ക്കുന്നത്. അവിടന്ന് സകലജനത്തിനും മഴ വർഷിപ്പിക്കുന്നു എല്ലാവർക്കും വയലിലെ സസ്യങ്ങളും നൽകുന്നു.
൧പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിക്കുവിൻ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവർക്ക് വയലിലെ ഏതു സസ്യത്തിനുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.
2 വിഗ്രഹങ്ങൾ വഞ്ചന സംസാരിക്കുന്നു, ദേവപ്രശ്നംവെക്കുന്നവർ വ്യാജം ദർശിക്കുന്നു; അവർ വ്യാജസ്വപ്നങ്ങൾ പറയുന്നു, അവർ വൃഥാ ആശ്വസിപ്പിക്കുന്നു. അതിനാൽ ജനം ആടുകളെപ്പോലെ അലയുന്നു. ഇടയൻ ഇല്ലാത്തതിനാൽ അവർ പീഡിപ്പിക്കപ്പെടുന്നു.
൨ഗൃഹബിംബങ്ങൾ മിഥ്യാത്വം സംസാരിക്കുകയും ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു വ്യർത്ഥസ്വപ്നം പ്രസ്താവിച്ച് വൃഥാ ആശ്വസിപ്പിക്കുകയും ചെയ്യുന്നു; അതുകൊണ്ട് അവർ ആടുകളെപ്പോലെ പുറപ്പെട്ട് ഇടയൻ ഇല്ലാത്തതുകൊണ്ട് വലഞ്ഞിരിക്കുന്നു.
3 “എന്റെ കോപം ഇടയന്മാർക്കുനേരേ ജ്വലിക്കുന്നു, ഞാൻ നായകന്മാരെ ശിക്ഷിക്കും; സൈന്യങ്ങളുടെ യഹോവ തന്റെ ആട്ടിൻകൂട്ടമായ യെഹൂദയ്ക്കുവേണ്ടി കരുതും, അവിടന്ന് അവരെ യുദ്ധത്തിൽ ഗർവിഷ്ഠനായ കുതിരയാക്കും.
൩“എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; ഞാൻ നായകന്മാരെ ശിക്ഷിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിൻകൂട്ടത്തെ സന്ദർശിച്ച് അവരെ യുദ്ധത്തിൽ തന്റെ രാജകീയകുതിരകളെ പോലെയാക്കും.
4 യെഹൂദയിൽനിന്ന് മൂലക്കല്ലും അവനിൽനിന്ന് കൂടാരത്തിന്റെ ആണിയും അവനിൽനിന്ന് യുദ്ധത്തിനുള്ള വില്ലും അവനിൽനിന്ന് ഓരോ അധിപതിയും വരും.
൪അവന്റെ പക്കൽനിന്ന് മൂലക്കല്ലും അവന്റെ പക്കൽനിന്ന് ആണിയും അവന്റെ പക്കൽനിന്ന് പടവില്ലും അവന്റെ പക്കൽനിന്ന് ഏതു അധിപതിയും വരും.
5 അവർ യുദ്ധത്തിൽ ശത്രുക്കളെ ചെളിനിറഞ്ഞ വീഥികളിൽ ഇട്ടു മെതിക്കുന്ന വീരയോദ്ധാക്കളെപ്പോലെ ആയിരിക്കും. യഹോവ അവരോടുകൂടെ ഉള്ളതുകൊണ്ട്, അവർ ശത്രുക്കളുടെ കുതിരച്ചേവകരെ യുദ്ധത്തിൽ തോൽപ്പിക്കും.
൫അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; യഹോവ അവരോടുകൂടിയുള്ളതുകൊണ്ട് അവർ കുതിരപ്പടയാളികൾ ലജ്ജിച്ചുപോകുവാൻ തക്കവണ്ണം പൊരുതും.
6 “ഞാൻ യെഹൂദാഗൃഹത്തെ ശക്തിപ്പെടുത്തും യോസേഫുഗൃഹത്തെ രക്ഷിക്കും. എനിക്ക് അവരോടു മനസ്സലിവുള്ളതുകൊണ്ട് ഞാൻ അവരെ യഥാസ്ഥാനപ്പെടുത്തും. ഞാൻ ഒരിക്കലും നിരസിക്കാത്തവരെപ്പോലെ അവർ ആയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ, ഞാൻ അവർക്ക് ഉത്തരമരുളും.
൬ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കുകയും എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവർക്ക് ഉത്തരമരുളും.
7 എഫ്രയീമ്യർ വീരയോദ്ധാക്കളെപ്പോലെ ആകും അവരുടെ ഹൃദയത്തിൽ വീഞ്ഞിനാലെന്നപോലെ സന്തോഷമായിരിക്കും. അവരുടെ കുഞ്ഞുങ്ങൾ അതുകണ്ട് സന്തോഷിക്കും അവരുടെ ഹൃദയം യഹോവയിൽ സന്തോഷിക്കും.
൭എഫ്രയീമ്യർ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; അവരുടെ പുത്രന്മാർ അത് കണ്ട് സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും.
8 ഞാൻ അവർക്കു ചിഹ്നം കാണിച്ച് അവരെ അകത്തുവരുത്തും. കാരണം ഞാൻ അവരെ വീണ്ടെടുത്തിരിക്കുന്നു. അവർ പണ്ടത്തെപ്പോലെതന്നെ അസംഖ്യമായിരിക്കും.
൮ഞാൻ അവരെ വീണ്ടെടുത്തിരിക്കുകയാൽ അവരെ ചൂളമടിച്ചു ശേഖരിക്കും; അവർ പെരുകിയിരുന്നതുപോലെ പെരുകും.
9 ഞാൻ അവരെ ജനതകൾക്കിടയിൽ ചിതറിച്ചുകളയുമെങ്കിലും വിദൂരദേശങ്ങളിൽ അവർ എന്നെ ഓർക്കും. അവരും അവരുടെ കുഞ്ഞുങ്ങളും ജീവിച്ചിരിക്കും, അവർ ഇസ്രായേലിലേക്കു മടങ്ങിവരും.
൯ഞാൻ അവരെ ജനതകളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽവച്ച് അവർ എന്നെ ഓർക്കും; അവർ മക്കളോടുകൂടി ജീവിച്ചു മടങ്ങിവരും.
10 ഞാൻ അവരെ ഈജിപ്റ്റിൽനിന്നു മടക്കിവരുത്തും അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും. ഞാൻ അവരെ ഗിലെയാദിലേക്കും ലെബാനോനിലേക്കും കൊണ്ടുപോകും, അവിടെ അവർക്കു സ്ഥലം മതിയാകുകയില്ല.
൧൦ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും; ഗിലെയാദ്‌ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവർക്ക് ഇടം പോരാതെവരും.
11 അവർ കഷ്ടതയുടെ സമുദ്രത്തിലൂടെ കടക്കും; ഇളകിമറിയുന്ന സമുദ്രം ശാന്തമാകും. നൈലിന്റെ അഗാധതകൾ വരണ്ടുപോകും; അശ്ശൂരിന്റെ അഹങ്കാരം തകർക്കപ്പെടും ഈജിപ്റ്റിന്റെ ചെങ്കോൽ അവസാനിക്കും.
൧൧അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഓളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളെല്ലാം വറ്റിപ്പോകുകയും അശ്ശൂരിന്റെ അഹങ്കാരം താഴുകയും മിസ്രയീമിന്റെ ചെങ്കോൽ നീങ്ങിപ്പോകുകയും ചെയ്യും.
12 ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും അവിടത്തെ നാമത്തിൽ അവർ സുരക്ഷിതരായി ജീവിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
൧൨ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും; അവർ അവന്റെ നാമത്തിൽ സഞ്ചരിക്കും” എന്നു യഹോവയുടെ അരുളപ്പാട്.