< ഉത്തമഗീതം 3 >
1 രാത്രിമുഴുവനും എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അതിയായി ആഗ്രഹിച്ചു; ഞാൻ അതിയായി ആഗ്രഹിച്ചു, എന്നാൽ അവൻ വന്നുചേർന്നില്ല.
രാത്രിസമയത്തു എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
2 ഞാൻ ഇപ്പോൾ എഴുന്നേറ്റ് നഗരത്തിലേക്കുപോകും, അതിന്റെ വീഥികളിലും ചത്വരങ്ങളിലും ചുറ്റിനടന്ന്, ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിക്കും. അങ്ങനെ ഞാൻ അവനെ അന്വേഷിച്ചു, എന്നാൽ കണ്ടെത്തിയില്ലാതാനും.
ഞാൻ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാൻ പറഞ്ഞു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.
3 നഗരവീഥികളിൽ റോന്തുചുറ്റുന്ന കാവൽഭടന്മാർ എന്നെ കണ്ടുമുട്ടി. “എന്റെ പ്രാണപ്രിയനെ നിങ്ങൾ കണ്ടുവോ?” എന്നു ഞാൻ അവരോട് അന്വേഷിച്ചു.
നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാൻ അവരോടു ചോദിച്ചു.
4 ഞാൻ അവരെ കടന്നുപോയതേയുള്ളൂ ഉടനെതന്നെ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടെത്തി. ഞാൻ അവനെ പോകാൻ അനുവദിക്കാതെ മുറുകെപ്പിടിച്ചു അങ്ങനെ ഞാൻ അവനെ എന്റെ മാതൃഭവനത്തിലേക്കു കൊണ്ടുവന്നു, എന്നെ ഉദരത്തിൽ വഹിച്ച അമ്മയുടെ ശയനമുറിയിലേക്കുതന്നെ.
അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
5 ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക: അനുയോജ്യസമയം വരുംവരെ പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.
യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണൎത്തുകയുമരുതു.
6 മീറയും കുന്തിരിക്കവും വ്യാപാരിയുടെ സകലവിധ സുഗന്ധദ്രവ്യങ്ങളുംകൊണ്ട്, പരിമളം പരത്തുന്ന പുകത്തൂണുപോലെ മരുഭൂമിയിൽനിന്നും കയറിവരുന്നോരിവനാരാണ്?
മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂൎണ്ണങ്ങൾകൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ?
7 നോക്കൂ, അത് ശലോമോന്റെ പല്ലക്കുതന്നെ, ഇസ്രായേലിന്റെ സൈനികവീരന്മാരായിരിക്കുന്ന അറുപതു ശ്രേഷ്ഠർ അതിന് അകമ്പടിസേവിക്കുന്നു.
ശലോമോന്റെ പല്ലക്കു തന്നേ; യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാർ അതിന്റെ ചുറ്റും ഉണ്ടു.
8 അവരെല്ലാവരും വാളേന്തിയവരാണ്, എല്ലാവരും യുദ്ധത്തിൽ സമർഥരുമാണ്, ഓരോരുത്തരും രാത്രിയിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് തങ്ങളുടെ വശങ്ങളിൽ വാൾ ധരിച്ചിരിക്കുന്നു.
അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരെക്കു വാൾ കെട്ടിയിരിക്കുന്നു.
9 ശലോമോൻരാജാവ് തനിക്കായിത്തന്നെ നിർമിച്ച പല്ലക്ക്; ലെബാനോനിൽനിന്ന് ഇറക്കുമതിചെയ്ത മരംകൊണ്ടുതന്നെ അതു നിർമിച്ചു.
ശലോമോൻരാജാവു ലെബാനോനിലെ മരംകൊണ്ടു തനിക്കു ഒരു പല്ലക്കു ഉണ്ടാക്കി.
10 അതിന്റെ തൂണുകൾ വെള്ളികൊണ്ടും നടുവിരിപ്പ് തങ്കംകൊണ്ടും പണിതിരിക്കുന്നു. അതിന്റെ ഇരിപ്പിടം ഊതവർണവുംകൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു, അതിന്റെ ഉള്ളറകൾ ജെറുശലേം പുത്രിമാർ തങ്ങളുടെ പ്രേമം ചേർത്തിണക്കി അലങ്കരിച്ചിരിക്കുന്നു.
അതിന്റെ മേക്കട്ടിക്കാൽ അവൻ വെള്ളി കൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്റെ അന്തൎഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ടു വിചിത്രഖചിതമായിരിക്കുന്നു.
11 സീയോൻ പുത്രിമാരേ, പുറത്തുവന്നു കാണുക. കിരീടമണിഞ്ഞ ശലോമോൻ രാജാവിനെ കാണുക, അദ്ദേഹത്തിന്റെ വിവാഹനാളിൽ, തന്റെ ഹൃദയം ആനന്ദത്തിലായ സുദിനത്തിൽ, തന്റെ അമ്മ അണിയിച്ച കിരീടത്തോടൊപ്പം കാണുക.
സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്നു ശലോമോൻരാജാവിനെ അവന്റെ കല്യാണ ദിവസത്തിൽ, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നേ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിൻ.