< ഉത്തമഗീതം 2 >
1 ഞാൻ ശാരോനിലെ പനിനീർകുസുമം താഴ്വരകളിലെ ശോശന്നപ്പുഷ്പം.
ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
2 മുള്ളുകൾക്കിടയിലെ ശോശന്നപ്പുഷ്പംപോലെയാണ് യുവതികൾക്കിടയിലെ എന്റെ പ്രിയ.
മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.
3 വനവൃക്ഷങ്ങൾക്കിടയിലുള്ള ഒരു ആപ്പിൾമരം പോലെയാണ് യുവാക്കന്മാർക്കിടയിൽ നിൽക്കുന്ന എന്റെ പ്രിയൻ. അവന്റെ നിഴലിൽ ഇരിക്കുന്നത് എനിക്ക് ആനന്ദമാകുന്നു അവന്റെ ഫലം എന്റെ നാവിനു മധുരമേകുന്നു.
കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൌവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.
4 അവൻ എന്നെ വിരുന്നുശാലയിലേക്ക് ആനയിക്കുന്നു, എന്റെമീതേ പറക്കുന്ന പതാക അവന്റെ സ്നേഹംതന്നെ.
അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
5 മുന്തിരിയട തന്ന് എന്നെ ശക്തയാക്കൂ, ആപ്പിൾകൊണ്ടെന്നെ ഉന്മേഷഭരിതയാക്കൂ, കാരണം ഞാൻ പ്രേമപരവശയായിരിക്കുന്നു.
ഞാൻ പ്രേമപരവശയായിരിക്കയാൽ മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിൻ; നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിൻ.
6 അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു, അവന്റെ വലതുകരം എന്നെ പുണരുന്നു.
അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.
7 ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക: അനുയോജ്യസമയം വരുംവരെ പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.
യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണൎത്തുകയുമരുതു.
8 കേൾക്കൂ! എന്റെ പ്രിയരേ, പർവതങ്ങളിലൂടെ തുള്ളിച്ചാടിയും കുന്നുകളിലൂടെ കുതിച്ചുചാടിയും എന്റെ പ്രിയൻ ഇതാ വരുന്നു.
അതാ, എന്റെ പ്രിയന്റെ സ്വരം! അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു.
9 എന്റെ പ്രിയൻ കലമാനിനെപ്പോലെയോ മാൻകിടാവിനെപ്പോലെയോ ആകുന്നു. ജനാലകളിലൂടെ നോക്കിക്കൊണ്ട്, അഴികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്, ഇതാ, നമ്മുടെ മതിലിനു പുറത്ത് അവൻ നിൽക്കുന്നു.
എന്റെ പ്രിയൻ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു; അവൻ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയിൽകൂടി ഉളിഞ്ഞുനോക്കുന്നു.
10 എന്റെ പ്രിയൻ എന്നോടു മന്ത്രിച്ചു, “എന്റെ പ്രിയേ, എഴുന്നേൽക്കൂ, എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.
എന്റെ പ്രിയൻ എന്നോടു പറഞ്ഞതു: എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
11 നോക്കൂ, ശീതകാലം കഴിഞ്ഞിരിക്കുന്നു മഴക്കാലവും മാറിപ്പോയിരിക്കുന്നു.
ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.
12 മണ്ണിൽ മലരുകൾ വിരിയുന്നു; ഗാനാലാപനകാലവും വന്നുചേർന്നിരിക്കുന്നു, പ്രാവുകളുടെ കുറുകലും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
13 അത്തിമരത്തിൽ കന്നിക്കായ്കൾ പഴുക്കുന്നു; പൂത്തുലഞ്ഞ മുന്തിരിവള്ളികൾ അതിന്റെ സുഗന്ധം പരത്തുന്നു. എന്റെ പ്രിയേ, എഴുന്നേറ്റുവരിക എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.”
അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
14 പാറപ്പിളർപ്പുകളിൽ, അതേ മലയോരത്തെ ഒളിവിടങ്ങളിൽ ഇരിക്കുന്ന എന്റെ പ്രാവേ, നിന്റെ മുഖം ഞാനൊന്നു കാണട്ടെ, നിൻസ്വരം ഞാനൊന്നു കേൾക്കട്ടെ; കാരണം നിന്റെ സ്വരം മധുരതരവും നിന്റെ മുഖം രമണീയവും ആകുന്നു.
പാറയുടെ പിളൎപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൌന്ദൎയ്യമുള്ളതും ആകുന്നു.
15 നമ്മുടെ മുന്തിരിത്തോപ്പുകൾ പൂത്തുലഞ്ഞുനിൽക്കുകയാൽ കുറുക്കന്മാരെ ഞങ്ങൾക്കുവേണ്ടി പിടിക്കുവിൻ മുന്തിരിത്തോപ്പുകൾ നശിപ്പിക്കുന്ന ചെറുകുറുനരികളെത്തന്നെ.
ഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ.
16 എന്റെ പ്രിയൻ എന്റേതും ഞാൻ അവന്റേതുമാകുന്നു; അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.
എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
17 ഉഷസ്സു പൊട്ടിവിടർന്ന് ഇരുളിന്റെ നിഴലുകൾ മായുംവരെ, എന്റെ പ്രിയനേ, എന്നിലേക്കണയുക; ഒരു ചെറു കലമാനിനെപ്പോലെയോ പർവതമേടുകളിലെ മാൻകിടാവിനെപ്പോലെയോതന്നെ.
വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപൎവ്വതങ്ങളിലെ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായിരിക്ക.