< രൂത്ത് 4 >
1 ഈ സമയം ബോവസ് പട്ടണകവാടത്തിൽ എത്തി അവിടെയിരുന്നു. ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരൻ അതുവഴി വന്നപ്പോൾ, അദ്ദേഹത്തോട്: “എന്റെ സുഹൃത്തേ, ഇങ്ങോട്ടുവന്ന് ഇവിടെ ഇരുന്നാലും” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം ചെന്ന് അവിടെ ഇരുന്നു.
൧അനന്തരം ബോവസ് പട്ടണവാതില്ക്കൽ ചെന്ന് അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന ബന്ധുവായ വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നത് കണ്ടു: സ്നേഹിതാ, വന്ന് ഇവിടെ ഇരിക്ക എന്നു അവനോട് പറഞ്ഞു. അവൻ ചെന്നു അവിടെ ഇരുന്നു.
2 ബോവസ് പട്ടണത്തലവന്മാരിൽ പത്തുപേരെ ക്ഷണിച്ചുകൊണ്ടുവന്ന്, “ഇവിടെ ഇരുന്നാലും” എന്നു പറഞ്ഞു, അവർ അങ്ങനെ ചെയ്തു.
൨പിന്നെ അവൻ പട്ടണത്തിലെ മൂപ്പന്മാരിൽ പത്തുപേരെ വരുത്തി; ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു; അവരും ഇരുന്നു.
3 അതിനുശേഷം ബോവസ് വീണ്ടെടുപ്പുകാരനോട്: “മോവാബിൽനിന്നും തിരികെവന്ന നവൊമി, നമ്മുടെ സഹോദരനായ എലീമെലെക്കിന്റെ വയൽ വിൽക്കുന്നു.
൩അപ്പോൾ അവൻ ആ ബന്ധുവായ വീണ്ടെടുപ്പുകാരനോട് പറഞ്ഞത്: മോവാബ് ദേശത്തു നിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയൽ വില്ക്കുന്നു. ആകയാൽ നിന്നോട് അത് അറിയിക്കുവാൻ ഞാൻ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അത് വിലെക്കു വാങ്ങുക;
4 ഈ വസ്തുത താങ്കളെ അറിയിക്കണമെന്നു ഞാൻ കരുതി. ഇവിടെ കൂടിവന്നിരിക്കുന്ന ജനത്തെയും എന്റെ ജനത്തിന്റെ നേതാക്കന്മാരെയും സാക്ഷികളാക്കി താങ്കൾ അതുവാങ്ങണം എന്ന നിർദേശമാണുള്ളത്. താങ്കൾക്ക് വീണ്ടെടുക്കാൻ താത്പര്യമെങ്കിൽ അങ്ങനെ ചെയ്യുക, വീണ്ടെടുക്കാൻ താത്പര്യമില്ലെങ്കിൽ അത് എന്നോടു വ്യക്തമാക്കിയാലും. നാം ഇരുവരുമൊഴികെ അതു വീണ്ടെടുക്കാനുള്ള അവകാശം മറ്റാർക്കുമില്ല; ഇതിൽ ആദ്യസ്ഥാനം താങ്കൾക്കും താങ്കൾക്കുശേഷം എനിക്കുമാണല്ലോ” എന്നു പറഞ്ഞു. “ഞാൻ അതു വീണ്ടെടുക്കാം,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
൪നിനക്ക് വീണ്ടെടുപ്പാൻ മനസ്സുണ്ടെങ്കിൽ വീണ്ടെടുക്കുക; ഇല്ലെങ്കിൽ ഞാൻ അറിയേണ്ടതിന്ന് എന്നോട് പറയുക; നീയും നീ കഴിഞ്ഞാൽ ഞാനും അല്ലാതെ വീണ്ടെടുപ്പാൻ മറ്റാരുമില്ല.
5 അപ്പോൾ ബോവസ്: “നവൊമിയിൽനിന്ന് ആ സ്ഥലം വാങ്ങുന്ന ദിവസം, വസ്തുവിന്മേൽ മരിച്ചയാളിന്റെ പേര് നിലനിർത്തേണ്ടതിന്, അദ്ദേഹത്തിന്റെ വിധവയായ രൂത്ത് എന്ന മോവാബ്യസ്ത്രീയെയും വീണ്ടുകൊള്ളണം” എന്നു പറഞ്ഞു.
൫അതിന് അവൻ: ഞാൻ വീണ്ടെടുക്കാം എന്ന് പറഞ്ഞു. അപ്പോൾ ബോവസ്: നീ നൊവൊമിയോടു വയൽ വാങ്ങുമ്പോൾ തന്നെ, മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന് അത് അവന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും വാങ്ങണം എന്നു പറഞ്ഞു.
6 ഉടനെ ആ വീണ്ടെടുപ്പുകാരൻ: “അങ്ങനെയെങ്കിൽ എനിക്കതു വീണ്ടെടുക്കാൻ കഴിയുകയില്ല; അതിലൂടെ എനിക്കെന്റെ സ്വന്തം ഓഹരി നഷ്ടമാക്കേണ്ടിവരും. താങ്കൾതന്നെ അതു വീണ്ടെടുത്തുകൊള്ളുക. എനിക്കതിന് കഴിയുകയില്ല” എന്നു പറഞ്ഞു.
൬അതിന് ആ അടുത്ത വീണ്ടെടുപ്പുകാരൻ: എനിക്ക് അത് വീണ്ടെടുപ്പാൻ കഴിയുകയില്ല; അല്ലെങ്കിൽ എന്റെ സ്വന്ത അവകാശം നഷ്ടപ്പെടുത്തേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടത് നീ വീണ്ടെടുത്തുകൊള്ളുക; എന്തെന്നാൽ എനിക്ക് വീണ്ടെടുക്കുവാൻ കഴിയുകയില്ല എന്നു പറഞ്ഞു.
7 (മുൻകാലങ്ങളിൽ ഇസ്രായേലിൽ, വീണ്ടെടുപ്പും സ്ഥലകൈമാറ്റവും ഉറപ്പിക്കാൻ ഒരാൾ തന്റെ ചെരിപ്പൂരി മറ്റേയാൾക്ക് കൊടുത്തിരുന്നു. ഇങ്ങനെയായിരുന്നു ഇസ്രായേലിൽ കൈമാറ്റങ്ങൾക്ക് നിയമസാധുത വരുത്തിയിരുന്നത്.)
൭എന്നാൽ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യത്തിന്റെ ഉറപ്പിനായി ഒരുവൻ തന്റെ കാലിലെ ചെരിപ്പൂരി മറ്റേയാൾക്ക് കൊടുക്കുന്നത് യിസ്രായേലിലെ പഴയ ആചാരം ആയിരുന്നു; ഇത് ഉറപ്പിനു വേണ്ടി യിസ്രായേലിൽ ചെയ്തിരുന്നു.
8 അങ്ങനെ വീണ്ടെടുപ്പുകാരൻ ബോവസിനോട്, “താങ്കൾതന്നെ അതു വാങ്ങിക്കൊള്ളുക” എന്നു പറഞ്ഞു. അതിനുശേഷം തന്റെ ചെരിപ്പൂരി ബോവസിന് കൊടുത്തു.
൮അങ്ങനെ ആ വീണ്ടെടുപ്പുകാരൻ ബോവസിനോട്: നീ അത് വാങ്ങിക്കൊള്ളുക എന്നു പറഞ്ഞ് തന്റെ ചെരിപ്പൂരിക്കൊടുത്തു.
9 അപ്പോൾ ബോവസ് ഗോത്രത്തലവന്മാരോടും ചുറ്റുംനിന്ന ജനത്തോടും ഇപ്രകാരം പറഞ്ഞു: “എലീമെലെക്കിന്റെയും, കില്യോന്റെയും മഹ്ലോന്റെയും സകലസ്വത്തുക്കളും ഞാൻ നവൊമിയുടെ പക്കൽനിന്നും ഏറ്റുവാങ്ങി എന്നതിനു നിങ്ങൾ ഇന്നു സാക്ഷികളാകുന്നു.
൯അപ്പോൾ ബോവസ് മൂപ്പന്മാരോടും സകലജനത്തോടും പറഞ്ഞത്: എലീമേലെക്കിനും കില്യോന്നും മഹ്ലോനും ഉള്ളതൊക്കെയും ഞാൻ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിന് നിങ്ങൾ ഇന്ന് സാക്ഷികൾ ആകുന്നു.
10 മരിച്ചയാളുടെ പേര് അയാളുടെ അവകാശത്തിന്മേൽ നിലനിർത്താൻ മഹ്ലോന്റെ വിധവയായ രൂത്ത് എന്ന മോവാബ്യസ്ത്രീയെയും ഞാൻ ഭാര്യയായി സ്വീകരിക്കുന്നു, ഇതിനാൽ, അവന്റെ പേര് അവന്റെ കുടുംബത്തിൽനിന്നോ അവന്റെ പട്ടണരേഖകളിൽനിന്നോ മാഞ്ഞുപോകുകയില്ല. നിങ്ങൾ ഇന്ന് അതിനു സാക്ഷികളുമാകുന്നു!”
൧൦അത്രയുമല്ല, മരിച്ചവന്റെ അവകാശം നിലനിർത്തുന്നതിനും അവന്റെ പേർ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്റെ സ്ഥാനം പട്ടണവാതില്ക്കൽനിന്നും മാറ്റപ്പെടാതിരിക്കേണ്ടതിനും മഹ്ലോന്റെ വിധവ മോവാബ്യസ്ത്രീയായ രൂത്തിനെയും ഞാൻ ഭാര്യയായി എടുത്തിരിക്കുന്നു എന്നതിന്നും നിങ്ങൾ ഇന്ന് സാക്ഷികൾ ആകുന്നു.
11 അപ്പോൾ ഗോത്രത്തലവന്മാരും അവിടെ കൂടിയിരുന്ന സകലരും, “ഞങ്ങൾ സാക്ഷികളാകുന്നു. നിന്റെ ഭവനത്തിലേക്കു വരുന്ന സ്ത്രീയെ യഹോവ ഇസ്രായേൽഗൃഹം പണിതവരായ റാഹേലിനെയും ലേയയെയുംപോലെ ആക്കട്ടെ. നീ എഫ്രാത്തയിൽ ആദരണീയനും ബേത്ലഹേമിൽ പ്രസിദ്ധനുമായിരിക്കട്ടെ.
൧൧അതിന് പട്ടണവാതില്ക്കൽ ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞത്: ഞങ്ങൾ സാക്ഷികൾ തന്നേ; നിന്റെ ഭവനത്തിൽ വന്നിരിക്കുന്ന സ്ത്രീയെ യഹോവ യാക്കോബിന് അനവധി മക്കളെ കൊടുക്കുവാന്‍ ഇടയാക്കിയതും യിസ്രയേൽ ഗൃഹം പണിയുവാന്‍ മുഖാന്തിരമാക്കിയതുമായ റാഹേലിനെപ്പോലെയും ലേയയെപ്പോലെയും ആക്കിതീര്‍ക്കട്ടെ; നീ ബേത്ത്-ലേഹേമിൽ, പ്രസിദ്ധനാകയും, എഫ്രാത്തയിൽ അഭിവൃദ്ധിപ്പെടുകയും ചെയ്യട്ടെ
12 യഹോവ ഈ സ്ത്രീയിൽ നിനക്കു നൽകുന്ന സന്തതിയാൽ നിന്റെ കുടുംബം താമാർ യെഹൂദയ്ക്കു പ്രസവിച്ച ഫേരെസിന്റേതുപോലെ ആകട്ടെ” എന്ന് ആശംസിച്ചു.
൧൨ഈ യുവതിയിൽനിന്നു യഹോവ നിനക്ക് നല്കുന്ന സന്തതിയാൽ നിന്റെ ഗൃഹം താമാർ യെഹൂദെക്കു പ്രസവിച്ച പേരെസിന്റെ ഗൃഹം പോലെ ആയിത്തീരട്ടെ.
13 ഇങ്ങനെ ബോവസ് രൂത്തിനെ വിവാഹംകഴിച്ചു. അവൾ അവനു ഭാര്യയായി. അദ്ദേഹം അവളെ അറിഞ്ഞപ്പോൾ, യഹോവ കരുണചെയ്തു. അവൾ ഗർഭവതിയായി, ഒരു മകനെ പ്രസവിച്ചു.
൧൩ഇങ്ങനെ ബോവസ് രൂത്തിനെ ഭാര്യയായി സ്വീകരിച്ചു; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭം നല്കി; അവൾ ഒരു മകനെ പ്രസവിച്ചു.
14 അപ്പോൾ സ്ത്രീകൾ നവൊമിയോട്: “നിനക്ക് ഇന്നൊരു വീണ്ടെടുപ്പുകാരനെ നൽകിയ യഹോവ വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിലൊക്കെയും ഈ പൈതൽ പ്രസിദ്ധനാകട്ടെ!
൧൪അതിന് സ്ത്രീകൾ നൊവൊമിയോട്: ഇന്ന് നിന്നെ ഉപേക്ഷിക്കാതെ നിനക്ക് ഒരു വീണ്ടെടുപ്പുകാരനെ നൽകിയ യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ പ്രസിദ്ധമാകട്ടെ.
15 അവൻ നിനക്കു പുതിയ ജീവൻ നൽകി, നിന്റെ വാർധക്യത്തിൽ നിന്നെ സംരക്ഷിക്കുകയും ചെയ്യട്ടെ. കാരണം ഏഴു പുത്രന്മാരെക്കാൾ ശ്രേഷ്ഠയും നിന്നെ സ്നേഹിക്കുന്നവളുമായ നിന്റെ മരുമകൾ അവനു ജന്മം നൽകിയിരിക്കുന്നു.”
൧൫അവൻ നിനക്ക് ആശ്വാസപ്രദനും നിന്റെ വാർദ്ധക്യത്തിങ്കൽ നിന്നെ പോഷിപ്പിക്കുന്നവനും ആകട്ടെ. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്ക് നല്ലവളുമായ നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചത് എന്ന് പറഞ്ഞു.
16 അതിനുശേഷം നവൊമി പൈതലിനെ എടുത്തു, മടിയിൽ കിടത്തി അവനെ ശുശ്രൂഷിച്ചു.
൧൬അങ്ങനെ നൊവൊമി കുഞ്ഞിനെ എടുത്ത് മടിയിൽ കിടത്തി അവന് ശുശ്രൂഷകയായിത്തീർന്നു.
17 അയൽവാസികളായ സ്ത്രീകൾ: “നവൊമിക്ക് ഒരു മകൻ ജനിച്ചു!” എന്നു പറഞ്ഞു. അവർ അവന് ഓബേദ് എന്നു പേരിട്ടു. അവൻ ദാവീദിന്റെ പിതാവായ യിശ്ശായിയുടെ പിതാവ്.
൧൭അവളുടെ അയല്ക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന് ഓബേദ് എന്നു പേർവിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ.
18 ഇതാണ് ഫേരെസിന്റെ വംശാവലി: ഫേരെസ് ഹെസ്രോന്റെ പിതാവ്,
൧൮പേരെസിന്റെ വംശപാരമ്പര്യം ഇപ്രകാരമാണ്: പേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു.
19 ഹെസ്രോൻ രാമിന്റെ പിതാവ്, രാം അമ്മീനാദാബിന്റെ പിതാവ്,
൧൯രാം അമ്മീനാദാബിനെ ജനിപ്പിച്ചു.
20 അമ്മീനാദാബ് നഹശോന്റെ പിതാവ്, നഹശോൻ സൽമോന്റെ പിതാവ്,
൨൦അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ സല്മോനെ ജനിപ്പിച്ചു.
21 സൽമോൻ ബോവസിന്റെ പിതാവ്, ബോവസ് ഓബേദിന്റെ പിതാവ്,
൨൧സല്മോൻ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു.
22 ഓബേദ് യിശ്ശായിയുടെ പിതാവ്, യിശ്ശായി ദാവീദിന്റെ പിതാവ്.
൨൨ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.