< രൂത്ത് 2 >
1 നവൊമിയുടെ ഭർത്താവായ എലീമെലെക്കിന്റെ കുടുംബത്തിൽ ധനവാനും ആദരണീയനുമായ ഒരു ബന്ധു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ബോവസ് എന്നായിരുന്നു.
൧നൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ബന്ധു ഉണ്ടായിരുന്നു; അവന് ബോവസ് എന്നു പേർ.
2 മോവാബ്യയായ രൂത്ത് നവൊമിയോട്, “എന്നോട് ദയതോന്നി എനിക്ക് അനുവാദം തരുന്ന ആരുടെയെങ്കിലും വയലിൽ കാലാപെറുക്കാൻ ഞാൻ പോകട്ടെ” എന്നു ചോദിച്ചു. നവൊമി അവളോട്, “എന്റെ മോളേ, പോയ്ക്കൊള്ളൂ” എന്നു പറഞ്ഞു.
൨മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോട്: എന്നോട് ദയ കാണിക്കുന്നവന്റെ വയലിൽ ചെന്ന് കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്നു അവൾ അവളോടു പറഞ്ഞു.
3 അങ്ങനെ അവൾ പുറപ്പെട്ട് വയലിൽ കൊയ്ത്തുകാരുടെ പിറകേ നടന്ന് കാലാപെറുക്കി. അവൾ എലീമെലെക്കിന്റെ കുടുംബത്തിലുള്ള ബോവസിന്റെ വയലിൽ ജോലിക്ക് എത്തിച്ചേർന്നു എന്നനിലയിൽ കാര്യങ്ങൾ സംഭവിച്ചു.
൩അങ്ങനെ അവൾ വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ നടന്നു പെറുക്കി; എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്റെ വയലിൽ ആയിരുന്നു അവൾ എത്തിച്ചേരാൻ ഇടയായത്.
4 ആ സമയത്തുതന്നെ ബോവസ് ബേത്ലഹേമിൽനിന്നു വന്നു; അദ്ദേഹം കൊയ്ത്തുകാരെ അഭിവാദ്യംചെയ്ത്, “യഹോവ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ!” എന്നു പറഞ്ഞു. “യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ!” എന്ന് അവരും അദ്ദേഹത്തോടു പറഞ്ഞു.
൪അപ്പോൾ ഇതാ, ബോവസ് ബേത്ത്-ലേഹേമിൽനിന്നു വന്ന് കൊയ്ത്തുകാരോട്: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു.
5 ബോവസ് കൊയ്ത്തുകാരുടെ മേൽനോട്ടക്കാരനായ ഭൃത്യനോട്: “ആ യുവതി ഏതു കുടുംബത്തിലെയാണ്?” എന്നു ചോദിച്ചു.
൫കൊയ്ത്തുകാരുടെ ചുമതലയുള്ള ദാസനോട്: ഈ യുവതി ഏത് എന്നു ബോവസ് ചോദിച്ചു.
6 മേൽനോട്ടക്കാരൻ അദ്ദേഹത്തോട്, “നവൊമിയോടൊപ്പം മോവാബിൽനിന്നു വന്ന മോവാബ്യസ്ത്രീയാണവൾ.
൬അതിന് ആ ദാസൻ: ഇവൾ മോവാബ് ദേശത്തുനിന്ന് നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;
7 ‘കൊയ്ത്തുകാരുടെ പിന്നാലെ കാലാപെറുക്കാൻ ദയവായി എന്നെ അനുവദിച്ചാലും’ എന്ന് അവൾ അപേക്ഷിച്ചു. അങ്ങനെ അവൾ രാവിലെമുതൽ വയലിൽ കാലാപെറുക്കുന്നു. അൽപ്പസമയമേ അവൾ വിശ്രമിച്ചുള്ളൂ” എന്ന് ഉത്തരംനൽകി.
൭ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു; അല്പനേരം വീട്ടിൽ വിശ്രമിക്കുന്നതിന് മുന്‍പ് അവൾ രാവിലെ മുതൽ ഇപ്പോൾ വരെ പെറുക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്നുത്തരം പറഞ്ഞു.
8 അപ്പോൾ ബോവസ് രൂത്തിനോട്: “എന്റെ മോളേ, ശ്രദ്ധിക്കുക. കാലാപെറുക്കാൻ മറ്റൊരു വയലിൽ പോകേണ്ട. ഇവിടം വിട്ടുപോകുകയേ വേണ്ട. ഇവിടെ എന്റെ ജോലിക്കാരൊടൊപ്പം കൂടിക്കൊള്ളൂ.
൮ബോവസ് രൂത്തിനോടു: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക.
9 കൊയ്ത്തുകാരായ പുരുഷന്മാർ കൊയ്യുന്ന സ്ഥലം ശ്രദ്ധിച്ച്, ജോലിക്കാരികളോടൊപ്പം പൊയ്ക്കൊള്ളൂ. നിന്നെ ഉപദ്രവിക്കരുതെന്ന് ജോലിക്കാരായ യുവാക്കളോട് ഞാൻ കൽപ്പിച്ചിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോഴൊക്കെ, അവർ വെള്ളം കോരിനിറച്ച പാത്രങ്ങളിൽനിന്ന് കോരി കുടിച്ചുകൊള്ളൂ” എന്നു പറഞ്ഞു.
൯അവർ കൊയ്യുന്ന നിലത്തിന്മേൽ ശ്രദ്ധവച്ച് അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്ന് ഞാൻ അവരോടു കല്പിച്ചിട്ടുണ്ട് നിനക്ക് ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവച്ചതിൽനിന്ന് കുടിച്ചുകൊൾക എന്ന് പറഞ്ഞു.
10 ഇതു കേട്ടപ്പോൾ അവൾ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് അദ്ദേഹത്തോട്: “ഞാൻ ഒരു അന്യദേശക്കാരിയായിട്ടും എന്നെ ശ്രദ്ധിക്കത്തക്കവണ്ണം അങ്ങേക്ക് എന്നോടു ദയ തോന്നിയത് എന്ത്?” എന്നു ചോദിച്ചു.
൧൦എന്നാറെ അവൾ നിലത്തു കവിണ്ണുവീണു നമസ്കരിച്ചുകൊണ്ട് അവനോട്: അന്യദേശക്കാരത്തി ആയ എന്നെ കരുതിയതും എന്നോട് ദയ കാണിച്ചതും എന്തുകൊണ്ട് എന്നു ചോദിച്ചു.
11 മറുപടിയായി, “നിന്റെ ഭർത്താവിന്റെ മരണശേഷം നീ നിന്റെ അമ്മായിയമ്മയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങളും നീ നിന്റെ മാതാപിതാക്കളെയും നിന്റെ സ്വന്തം ദേശത്തെയും വിട്ടിട്ട് നിനക്ക് അപരിചിതമായ ഒരു ജനത്തിന്റെ മധ്യത്തിൽ പാർക്കുന്നതും ഞാൻ കേട്ടിരിക്കുന്നു.
൧൧ബോവസ് അവളോടു: നിന്റെ ഭർത്താവിന്റെ മരണശേഷം നീ നിന്റെ അമ്മാവിയമ്മെക്കു ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വന്ത ദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ഒരു ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു.
12 നീ ചെയ്തതിനു തക്കവണ്ണം യഹോവ നിനക്കു പ്രതിഫലം തരട്ടെ. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴിൽ നീ ശരണം പ്രാപിച്ചിരിക്കുകയാൽ അവിടന്ന് നിന്നെ അത്യധികമായി അനുഗ്രഹിക്കട്ടെ” എന്നു ബോവസ് പറഞ്ഞു.
൧൨നിന്റെ പ്രവൃത്തിക്കു യഹോവ പകരം നൽകുമാറാകട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴിൽ നീ ആശ്രയിച്ചുവന്നിരിക്കുന്നതു കൊണ്ട് അവിടുന്ന് നിനക്ക് പൂർണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.
13 “യജമാനനേ, എനിക്കു തുടർന്നും അങ്ങയുടെ കണ്ണിൽനിന്നു ദയ ലഭിക്കുമാറാകട്ടെ. ഞാൻ അങ്ങയുടെ ദാസികളുടെ കൂട്ടത്തിൽപ്പെട്ട ഒരാളല്ലെങ്കിൽപോലും അങ്ങ് എന്നോട് കരുണാപൂർവം സംസാരിച്ച് എന്നെ ആശ്വസിപ്പിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
൧൩അതിന് അവൾ: യജമാനനേ, നിന്റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എങ്കിലും നീ എന്നെ ആശ്വസിപ്പിക്കുകയും അടിയനോടു ദയവോടെ സംസാരിക്കുകയും ചെയ്യുവാൻ തക്കവണ്ണം എന്നോട് നിനക്ക് കൃപ തോന്നിയല്ലോ.
14 ഭക്ഷണസമയത്ത് ബോവസ് അവളോട്, “ഇവിടെ വന്ന് ഇരുന്നുകൊള്ളൂ; അപ്പം എടുത്തു പുളിച്ച വീഞ്ഞിൽ മുക്കി കഴിച്ചോളൂ” എന്നു പറഞ്ഞു. അവൾ കൊയ്ത്തുകാരോടൊപ്പം ഇരുന്നപ്പോൾ, ബോവസ് അവൾക്കു മലർ കൊടുത്തു. അവൾക്ക് ആവശ്യമുള്ളടത്തോളം ഭക്ഷിച്ചു, കുറച്ച് അധികം വരികയും ചെയ്തു.
൧൪ഭക്ഷണസമയത്തു ബോവസ് അവളോട്: ഇവിടെ വന്നു ഭക്ഷണംകഴിക്ക; അപ്പക്കഷണം ചാറിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കുകയും ചെയ്തു.
15 അവൾ വീണ്ടും കാലാപെറുക്കാൻ എഴുന്നേറ്റപ്പോൾ ബോവസ് ഭൃത്യന്മാരോട്, “അവൾ കറ്റകൾക്കിടയിൽനിന്ന് പെറുക്കിയാൽപോലും അവളെ ശാസിക്കരുത്.
൧൫അവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ബാല്യക്കാരോടു: അവൾ കറ്റകളുടെ ഇടയിൽതന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ശകാരിക്കരുത്.
16 കറ്റകളിൽനിന്നും അവൾക്കു പെറുക്കാൻവേണ്ടി കതിർക്കുലകൾ മനഃപൂർവം നിലത്തു വലിച്ചിട്ടുകൊടുക്കുക, അവളെ ശകാരിക്കരുത്” എന്നു പറഞ്ഞു.
൧൬കൂടാതെ, പെറുക്കേണ്ടതിന്നു അവൾക്കായിട്ട് കറ്റകളിൽനിന്നു മാറ്റിയിട്ടേക്കണം; അവളെ ശാസിക്കരുത് എന്നും കല്പിച്ചു.
17 അങ്ങനെ സന്ധ്യയാകുംവരെ രൂത്ത് കാലാപെറുക്കി. അതിനുശേഷം അവൾ ശേഖരിച്ച കതിരുമെതിച്ചു, അത് ഒരു ഏഫായോളം യവം ഉണ്ടായിരുന്നു.
൧൭ഇങ്ങനെ അവൾ വൈകുന്നേരംവരെ പെറുക്കി; അത് മെതിച്ചപ്പോൾ ഏകദേശം പന്ത്രണ്ട് കിലോഗ്രാം ഉണ്ടായിരുന്നു.
18 അവൾ അതു പട്ടണത്തിലേക്കു ചുമന്നുകൊണ്ടുപോയി; അവൾ എത്രമാത്രം ശേഖരിച്ചെന്ന് അവളുടെ അമ്മായിയമ്മ മനസ്സിലാക്കി. താൻ ഭക്ഷിച്ചിട്ട് ശേഷിച്ച ധാന്യംകൂടി കൊണ്ടുവന്ന് രൂത്ത് അവൾക്കുകൊടുത്തു.
൧൮അവൾ അത് എടുത്തുകൊണ്ട് പട്ടണത്തിലേക്ക് പോയി; അവൾ പെറുക്കിക്കൊണ്ടുവന്നത് അമ്മാവിയമ്മ കണ്ടു; താൻ തിന്നു ശേഷിപ്പിച്ചിരുന്നതും അവൾ എടുത്തു അവൾക്കു കൊടുത്തു.
19 അവളുടെ അമ്മായിയമ്മ: “ഇന്നു നീ എവിടെയായിരുന്നു കാലാപെറുക്കിയത്? നീ പണിചെയ്തത് എവിടെയാണ്? നിന്നോട് കരുണ കാട്ടിയവൻ അനുഗ്രഹിക്കപ്പെടട്ടെ!” എന്നു പറഞ്ഞു. അപ്പോൾ രൂത്ത് അവൾ അന്നു വേലചെയ്ത സ്ഥലത്തെ യജമാനനെക്കുറിച്ച് അമ്മായിയമ്മയോടു പറഞ്ഞു, “ബോവസ് എന്നയാളുടെ അടുക്കലാണു ഞാൻ ഇന്നു വേലചെയ്തത്” എന്ന് അവൾ പറഞ്ഞു.
൧൯അമ്മാവിയമ്മ അവളോടു: നീ ഇന്ന് എവിടെയായിരുന്നു പെറുക്കിയത്? എവിടെയായിരുന്നു വേല ചെയ്തത്? നിന്നോട് ആദരവ് കാണിച്ചവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്ന് പറഞ്ഞു. താൻ ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഇന്ന് വേല ചെയ്തത് എന്നു അവൾ പറഞ്ഞു.
20 “യഹോവ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ!” നവൊമി തന്റെ മരുമകളോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കരുണ കാണിക്കുന്നത് അവിടന്ന് നിർത്തിയിട്ടില്ല.” അവൾ പിന്നെയും, “അദ്ദേഹം നമ്മുടെ അടുത്ത ബന്ധുവും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുവനുമാണ്” എന്നു പറഞ്ഞു.
൨൦നൊവൊമി മരുമകളോട്: ജീവനുള്ളവരോടും മരിച്ചവരോടും ദയ മാറ്റാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അയാൾ നമ്മുടെ ബന്ധുവും വീണ്ടെടുപ്പുകാരിൽ ഒരുവനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.
21 അപ്പോൾ മോവാബ്യയായ രൂത്ത്: “‘കൊയ്ത്തുകാർ, എന്റെ ധാന്യംമുഴുവനും കൊയ്തുതീരുംവരെ അവരോടൊപ്പം കൂടിക്കൊള്ളൂ’ എന്നും യജമാനൻ അറിയിച്ചു” എന്നു പറഞ്ഞു.
൨൧എന്റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേര്‍ന്നിരിക്കുക എന്നു കൂടെ അവൻ എന്നോട് പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.
22 നവൊമി തന്റെ മരുമകളായ രൂത്തിനോട്: “മോളേ, അദ്ദേഹത്തിന്റെ ജോലിക്കാരികളോടൊപ്പം പണിയെടുക്കുന്നതാണു നിനക്കു നല്ലത്; കാരണം മറ്റൊരാളുടെ വയലിൽ നീ ചിലപ്പോൾ ഉപദ്രവിക്കപ്പെട്ടേക്കാം” എന്നു പറഞ്ഞു.
൨൨നൊവൊമി തന്റെ മരുമകളായ രൂത്തിനോട്: മകളേ, വെറൊരു വയലിൽവച്ച് ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന് നീ അവന്റെ ബാല്യക്കാരത്തികളോടു കൂടെ തന്നെ പോകുന്നത് നല്ലത് എന്നു പറഞ്ഞു.
23 അങ്ങനെ രൂത്ത് ബോവസിന്റെ വേലക്കാരികളോടൊപ്പം യവവും ഗോതമ്പും കൊയ്തുതീരുംവരെ പണിയെടുത്തു. അവൾ അമ്മായിയമ്മയോടൊപ്പം താമസിച്ചു.
൨൩അങ്ങനെ അവൾ യവക്കൊയ്ത്തും ഗോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.