< റോമർ 8 >

1 ഈ വിധത്തിൽ ക്രിസ്തുയേശുവിന്റെ വകയായിത്തീർന്നവർക്ക് ഇനി ഒരു ശിക്ഷാവിധിയും ഇല്ല.
അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല.
2 കാരണം, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചതിനാൽ, ജീവൻ നൽകുന്ന ആത്മാവിന്റെ പ്രമാണം, പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പ്രമാണത്തിൽനിന്ന് നിന്നെ സ്വതന്ത്രരാക്കിയിരിക്കുന്നു.
ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്ക് പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്ന് ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.
3 ദൈവം സ്വന്തം പുത്രനെ പാപപങ്കിലമായ മനുഷ്യശരീരത്തിന്റെ സാദൃശ്യത്തിൽ അയച്ചിട്ട് പുത്രന്റെ ശരീരത്തിന്മേൽ നമ്മുടെ പാപത്തിനു ശിക്ഷ വിധിച്ചു പരിഹാരം വരുത്തി. അങ്ങനെ മനുഷ്യന്റെ പാപപ്രവണത നിമിത്തം ബലഹീനമായിരുന്ന ന്യായപ്രമാണത്തിന് അസാധ്യമായിരുന്ന പാപപരിഹാരം ദൈവം സാധ്യമാക്കി.
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന് കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്റെ സ്വന്തപുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിൽ, പാപത്തിന് ഒരു യാഗമാകേണ്ടതിന് അയച്ചു, പാപത്തിന് ജഡത്തിൽ ശിക്ഷ വിധിച്ചു.
4 പാപപ്രവണതയെ അല്ല, മറിച്ച്, ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്ന നമ്മിൽ ന്യായപ്രമാണം അനുശാസിക്കുന്ന നീതി പൂർത്തീകരിക്കപ്പെടേണ്ടതിനാണ് ഇതു ചെയ്തത്.
ഇതു ജഡത്തെ അനുസരിച്ചല്ലാതെ ആത്മാവിനെ അനുസരിച്ചുനടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന് തന്നെ.
5 പാപപ്രവണതയെ അനുസരിച്ചു ജീവിക്കുന്നവർ പാപകരമായ കാര്യങ്ങളെപ്പറ്റിയും ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ദൈവാത്മഹിതം നിറവേറ്റുന്നതിനെപ്പറ്റിയും ചിന്തിക്കുന്നു.
ജഡത്തെ അനുസരിച്ചു നടക്കുന്നവർ ജഡത്തിനുള്ളതും, ആത്മാവിനെ അനുസരിച്ചു നടക്കുന്നവർ ആത്മാവിനുള്ളതും ചിന്തിക്കുന്നു.
6 ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു.
ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.
7 കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല.
ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അത് ദൈവത്തിന്റെ ന്യായപ്രമാണത്തിന് കീഴ്‌പെടുന്നില്ല, കീഴ്‌പെടുവാൻ അതിന് കഴിയുന്നതുമല്ല.
8 പാപപ്രവണതയാൽ നിയന്ത്രിക്കപ്പെടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല.
ജഡസ്വഭാവമുള്ളവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല.
9 എന്നാൽ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നതുകൊണ്ട് പാപപ്രവണതയാലല്ല, നിങ്ങൾ ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ക്രിസ്തുവിന്റെ ആത്മാവ് വസിക്കാത്ത വ്യക്തി ക്രിസ്തുവിന്റെ വകയല്ല.
നിങ്ങളോ, യഥാർത്ഥമായി ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ. എന്നാൽ ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല.
10 പാപംനിമിത്തം ശരീരം മരണവിധേയമാണെങ്കിലും നിങ്ങളിൽ ക്രിസ്തു നിവസിക്കുന്നതിനാൽ ലഭിച്ചിരിക്കുന്ന നീതിനിമിത്തം നിങ്ങളുടെ ആത്മാവ് ജീവനുള്ളതായിരിക്കുന്നു.
൧൦ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ഒരു വശത്ത് ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും മറുവശത്ത് ആത്മാവ് നീതിനിമിത്തം ജീവനാകുന്നു.
11 യേശുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു. ക്രിസ്തുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവം മരണാധീനമായ നിങ്ങളുടെ ശരീരങ്ങളെയും അതേ ആത്മാവിനാൽ ജീവിപ്പിക്കും.
൧൧യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ട് നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.
12 അതുകൊണ്ട് സഹോദരങ്ങളേ, പാപപ്രവണതയെ അനുസരിച്ചു ജീവിക്കേണ്ടതിന് നമുക്ക് പാപപ്രവണതയോട് ഒരു ബാധ്യതയുമില്ല.
൧൨ആകയാൽ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന് ജഡത്തിനല്ല കടപ്പെട്ടവർ.
13 പാപപ്രവണതകൾ അനുസരിച്ചു ജീവിച്ചാൽ നിങ്ങൾ തീർച്ചയായും മരിക്കും; എന്നാൽ ദൈവത്തിന്റെ ആത്മാവിനാൽ പാപപ്രവണതയുടെ ഫലമായ ദുഷ്‌പ്രവൃത്തികളെ നിഗ്രഹിക്കുകയാണെങ്കിൽ നിങ്ങൾ ജീവിക്കും.
൧൩നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.
14 ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെമക്കൾ.
൧൪ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെട്ടവർ ഏല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
15 തുടർന്നും ഭയത്തോടെ ജീവിക്കുന്ന അടിമകളാക്കി നിങ്ങളെ മാറ്റുന്ന ആത്മാവിനെയല്ല നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്; മറിച്ച്, നിങ്ങൾക്ക് പുത്രത്വം നൽകുന്ന ആത്മാവിനെയാണ്. അതുകൊണ്ട് നാം ദൈവത്തെ “അബ്ബാ, പിതാവേ” എന്നു വിളിക്കുന്നു.
൧൫നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു അടിമത്തത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചത്.
16 ദൈവാത്മാവുതന്നെ നമ്മുടെ ആത്മാവിനോട് സാക്ഷ്യം പറഞ്ഞ് നാം ദൈവത്തിന്റെ മക്കളാണെന്ന് ഉറപ്പു നൽകുന്നു.
൧൬നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
17 ഇപ്രകാരം ദൈവത്തിന്റെമക്കൾ ആയിരിക്കുന്നതുകൊണ്ട് നാം ദൈവിക അനുഗ്രഹങ്ങളുടെ അവകാശികളാണ്; ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളിൽ പങ്കാളികളായിരിക്കുന്ന നാം ക്രിസ്തുവിന്റെ തേജസ്സിന്റെയും പങ്കാളികൾ ആകും.
൧൭നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ഒരു വശത്ത് ദൈവത്തിന്റെ അവകാശികളും, മറുവശത്ത് ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ കഷ്ടമനുഭവിക്കുന്നു എങ്കിൽ; അവനോടുകൂടെ തേജസ്കരിക്കപ്പെടുകയും ചെയ്യും.
18 നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു.
൧൮നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സിനോട്; ഈ കാലത്തിലെ കഷ്ടങ്ങളെ താരതമ്യം ചെയ്യാൻ കഴിയില്ല എന്നു ഞാൻ കരുതുന്നു.
19 ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്.
൧൯സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
20 സ്വേച്ഛയാലല്ല സൃഷ്ടി ശാപഗ്രസ്തമായിത്തീർന്നിരിക്കുന്നത്; ജീർണതയുടെ അടിമത്തത്തിൽനിന്ന് സൃഷ്ടി വിമുക്തമാക്കപ്പെട്ട് ദൈവമക്കളുടെ തേജോമയമായ സ്വാതന്ത്ര്യത്തിലേക്കു നിശ്ചയമായും ഒരിക്കൽ നയിക്കപ്പെടും എന്നുള്ള പ്രത്യാശ നൽകി അവയെ നൈരാശ്യത്തിന് വിധേയമാക്കിയ ദൈവത്തിന്റെ ഇഷ്ടത്താൽത്തന്നെയാണ്.
൨൦സൃഷ്ടി ദ്രവത്വത്തിലേക്കുള്ള ദാസ്യത്തിൽനിന്ന് വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ വ്യർത്ഥതയ്ക്കു് കീഴ്പെട്ടിരിക്കുന്നു;
൨൧മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പന നിമിത്തമത്രേ.
22 സർവസൃഷ്ടിയും ഒന്നുചേർന്ന് ഇന്നുവരെയും പ്രസവവേദനയിലെന്നപോലെ ഞരങ്ങുകയുമാണ് എന്നു നാം അറിയുന്നു.
൨൨സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി പ്രസവവേദനയോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.
23 അതുമാത്രമല്ല, പരിശുദ്ധാത്മാവാകുന്ന ആദ്യഫലം ഉള്ളിൽ വസിക്കുന്ന നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ പുത്രത്വം ലഭിക്കും എന്നുള്ള പ്രതീക്ഷയാൽ, നാമും ഉള്ളിൽ ഞരങ്ങുകയാണ്.
൨൩അതുമാത്രമല്ല, ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന് കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു.
24 ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, പ്രത്യക്ഷമായിരിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യാശയാകട്ടെ, പ്രത്യാശയേയല്ല. കണ്മുമ്പിൽ കാണുന്നതിനുവേണ്ടി ഇനി പ്രത്യാശിക്കുന്നതെന്തിന്?
൨൪പ്രത്യാശയാലല്ലോ നാം രക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുവൻ ഇപ്പോൾ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്?
25 എന്നാൽ, കണ്ടിട്ടില്ലാത്തതിനുവേണ്ടി പ്രത്യാശിക്കുന്നെങ്കിലോ അതിനായി നാം ക്ഷമയോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കും.
൨൫നാം കാണാത്തതിനായി പ്രത്യാശിയ്ക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.
26 അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ നമുക്ക് ബലം നൽകാൻ പരിശുദ്ധാത്മാവു സഹായി ആകുന്നു; എന്താണ് പ്രാർഥിക്കേണ്ടത് എന്ന് നമുക്കറിഞ്ഞുകൂടാ! എന്നാൽ, അവാച്യമായ ഞരക്കങ്ങളാൽ പരിശുദ്ധാത്മാവുതന്നെ നമുക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നു.
൨൬അതുപോലെ തന്നെ ആത്മാവ് നമ്മുടെ ബലഹീനതയിൽ സഹായിക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് നാം അറിയുന്നില്ലല്ലോ. ആത്മാവ് തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു.
27 ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം ആത്മാവിന്റെ ചിന്ത എന്തെന്ന് അറിയുന്നുണ്ട്. കാരണം, ദൈവഹിതാനുസരണമാണ് പരിശുദ്ധാത്മാവു ദൈവജനത്തിനുവേണ്ടി മധ്യസ്ഥത ചെയ്യുന്നത്.
൨൭എന്നാൽ ആത്മാവ് വിശുദ്ധർക്ക് വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്റെ ചിന്ത ഇന്നതെന്ന് ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു.
28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു.
൨൮എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.
29 ദൈവം മുൻകൂട്ടി അറിഞ്ഞവരെ, തന്റെ പുത്രനോടു സദൃശരായിത്തീരാൻ മുൻനിയമിച്ചിരിക്കുന്നു. അത് അവിടത്തെ പുത്രൻ അനേകം സഹോദരങ്ങളിൽ ഒന്നാമനാകേണ്ടതിനാണ്.
൨൯അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
30 അവിടന്ന് മുൻനിയമിച്ചവരെ വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ തേജസ്കരിക്കുകയും ചെയ്തു.
൩൦മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
31 ഇതിനെക്കുറിച്ചു നമുക്ക് എന്തു പറയാൻകഴിയും? ഇത്രമാത്രം! ദൈവം നമുക്ക് അനുകൂലമെങ്കിൽ നമുക്ക് പ്രതികൂലം ആര്?
൩൧ഇതു സംബന്ധിച്ച് നാം എന്ത് പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?
32 സ്വന്തം പുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി മരിക്കാൻ ഏൽപ്പിച്ചുകൊടുത്ത ദൈവം, പുത്രനോടൊപ്പം സകലതും സമൃദ്ധമായി നമുക്കു നൽകാതിരിക്കുമോ?
൩൨സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കുംവേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു ദാനമായി നല്കാതിരിക്കുമോ?
33 ദൈവം തെരഞ്ഞെടുത്ത നമുക്കെതിരേ ആര് കുറ്റമാരോപിക്കും? ദൈവമാണ് നീതീകരിക്കുന്നവൻ; പിന്നെയാരാണ് ശിക്ഷവിധിക്കുന്നത്?
൩൩ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.
34 ക്രിസ്തുയേശു മരിച്ച്, ഉയിർത്തെഴുന്നേറ്റ് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നുകൊണ്ട് നമുക്കുവേണ്ടി മധ്യസ്ഥത ചെയ്തുകൊണ്ടിരിക്കുന്നു.
൩൪ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; അതിനേക്കാളുപരിയായി മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ തന്നെ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കുകയും ചെയ്യുന്നു.
35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?
൩൫ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
36 “അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു: അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,” എന്ന് എഴുതിയിരിക്കുന്നല്ലോ.
൩൬“നിന്റെനിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
37 നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു.
൩൭നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.
38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ
൩൮മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ
39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.
൩൯നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേർപിരിപ്പാൻ കഴിയുകയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു.

< റോമർ 8 >