< റോമർ 6 >
1 അപ്പോൾ നാം എന്താണ് പറയുക? ദൈവത്തിൽനിന്ന് കൂടുതൽ കൃപ ലഭിക്കാൻവേണ്ടി നാം പാപംചെയ്തുകൊണ്ടിരിക്കുക എന്നാണോ?
൧ആകയാൽ നാം എന്ത് പറയേണ്ടു? കൃപ പെരുകേണ്ടതിന് പാപത്തിൽതന്നെ തുടരുക എന്നോ? ഒരുനാളും അരുത്.
2 അരുത്, ഒരിക്കലുമരുത്! പാപത്തിന് നാം മരിച്ചവരായിരിക്കെ, തുടർന്ന് അതിൽ എങ്ങനെ ജീവിക്കും?
൨പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ?
3 ക്രിസ്തുയേശുവിനോട് ഏകീഭവിക്കാനായി സ്നാനം സ്വീകരിച്ചവർ എല്ലാവരും അദ്ദേഹത്തിന്റെ മരണവുമായുള്ള ഏകീഭാവത്തിലേക്കു സ്നാനം സ്വീകരിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ?
൩അല്ല, ക്രിസ്തുയേശുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
4 ഇങ്ങനെ, മരണവുമായി ഏകീഭവിക്കുന്ന സ്നാനം മുഖാന്തരം നാം അദ്ദേഹത്തോടുകൂടെ സംസ്കരിക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ, ക്രിസ്തു മരിച്ചവരിൽനിന്ന് പിതാവിന്റെ മഹത്ത്വത്താൽ ഉയിർപ്പിക്കപ്പെട്ടതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ്.
൪അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ അടക്കപ്പെട്ടു; ക്രിസ്തു മരിച്ചിട്ട് പിതാവിന്റെ മഹിമയാൽ ഉയിർത്തെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നേ.
5 ഇപ്രകാരം നാം ക്രിസ്തുവിന്റെ മരണത്തിന്റെ സാദൃശ്യത്തോട് ഏകീഭവിച്ചവരായെങ്കിൽ നിശ്ചയമായും അദ്ദേഹത്തിന്റെ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തിലും അദ്ദേഹത്തോട് ഏകീഭവിച്ചിരിക്കും.
൫അവന്റെ മരണത്തിന്റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തോടും ഏകീഭവിക്കും.
6 പാപപ്രകൃതി നിഷ്ക്രിയമാകുന്നതിനു നമ്മുടെ പഴയ വ്യക്തിത്വം ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നും അത് ഇനിമേൽ പാപത്തിന് അടിമകളായി ജീവിക്കാതിരിക്കേണ്ടതിനാണെന്നും നാം അറിയുന്നുണ്ടല്ലോ.
൬നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരം നശിക്കേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
7 കാരണം, മരണത്തോടുകൂടി നാം പാപത്തിന്റെ ശക്തിയിൽനിന്ന് സ്വതന്ത്രരായിത്തീരുന്നു.
൭അങ്ങനെ മരിച്ചവൻ പാപത്തോടുള്ള ബന്ധത്തിൽ നീതിമാനായി പ്രാഖ്യാപിക്കപ്പെട്ടിരിക്കുന്നു.
8 നാം ക്രിസ്തുവിനോടുകൂടെ മരിച്ചതുകൊണ്ട് അദ്ദേഹത്തോടുകൂടെ ജീവിക്കുകയും ചെയ്യും എന്നു നാം വിശ്വസിക്കുന്നു.
൮നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.
9 ക്രിസ്തു മരിച്ചവരിൽനിന്ന് പുനരുത്ഥാനംചെയ്തതിനാൽ വീണ്ടും മരിക്കുകയില്ലെന്ന് നമുക്കറിയാം; മൃത്യുവിന് ക്രിസ്തുവിന്റെമേൽ ഇനി ഒരു ആധിപത്യവുമില്ല.
൯ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന് അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
10 ക്രിസ്തു വരിച്ച മരണം പാപനിവാരണത്തിനുള്ള അദ്വിതീയമരണമായിരുന്നു; എന്നാൽ അവിടന്ന് ഇപ്പോൾ ജീവിക്കുന്നതോ ദൈവത്തിനുവേണ്ടിയാണ്.
൧൦അവൻ മരിച്ചതു പാപസംബന്ധമായി എല്ലാവർക്കുംവേണ്ടി ഒരിക്കലായിട്ട് മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനുവേണ്ടി ജീവിക്കുന്നു.
11 അതുപോലെ, നിങ്ങളും പാപം സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും ക്രിസ്തുയേശുവിലൂടെ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും സ്വയം മനസ്സിലാക്കുക.
൧൧അതുപോലെ തന്നെ നിങ്ങളും; ഒരു വശത്ത് പാപസംബന്ധമായി മരിച്ചവർ എന്നും, മറുവശത്ത് ക്രിസ്തുയേശുവിൽ ദൈവത്തിനായി ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ.
12 അതുകൊണ്ട്, പാപകരമായ അഭിലാഷങ്ങളെ അനുസരിക്കുന്നവിധത്തിൽ പാപം മർത്യശരീരത്തിൽ നിങ്ങളെ നിയന്ത്രിക്കരുത്.
൧൨ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുംവിധം ഇനി വാഴരുത്,
13 നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപംചെയ്യാൻ ഉപയോഗിക്കരുത്. മറിച്ച്, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവർ എന്നതുപോലെ നിങ്ങളുടെ എല്ലാ അവയവങ്ങളെയും നീതിപ്രവൃത്തിയുടെ ഉപകരണങ്ങളാക്കി, നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുക.
൧൩നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന് സമർപ്പിക്കയും അരുത്. നിങ്ങളെത്തന്നേ മരിച്ചിട്ട് ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന് സമർപ്പിച്ചുകൊൾവിൻ.
14 നിങ്ങൾ ന്യായപ്രമാണത്തിനല്ല കൃപയ്ക്കു വിധേയരായിരിക്കുന്നതിനാൽ പാപം നിങ്ങളുടെ യജമാനനായിരിക്കുന്നില്ലല്ലോ.
൧൪നിങ്ങൾ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാൽ പാപം നിങ്ങളുടെമേൽ കർത്തൃത്വം നടത്തുകയില്ല.
15 എങ്കിൽ എന്ത്? നാം ന്യായപ്രമാണത്തിന്റെയല്ല, കൃപയുടെ നിയന്ത്രണത്തിലായിരിക്കുന്നതുകൊണ്ട് നമുക്ക് പാപംചെയ്യാം എന്നാണോ? അല്ലേയല്ല.
൧൫എന്നാൽ എന്ത്? ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രേ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുത്.
16 നിങ്ങൾ അനുസരണയുള്ള ദാസരായി ആർക്കെങ്കിലും സ്വയം വിധേയപ്പെടുത്തിയാൽ നിങ്ങൾ അവരുടെ അടിമകളാകും എന്നറിയാമല്ലോ. നിങ്ങൾ ഒന്നുകിൽ പാപത്തിന്റെ അടിമകളാണ്; അതു മരണത്തിലേക്കു നയിക്കുന്നു, അല്ലെങ്കിൽ അനുസരണത്തിന്റെ അടിമകളാണ്, അത് നീതിയിലേക്കു നയിക്കുന്നു.
൧൬നിങ്ങൾ ദാസന്മാരായി അനുസരിക്കുവാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന് നിങ്ങൾ ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിനായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിയ്ക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ.
17 നിങ്ങൾ പാപത്തിന്റെ അടിമകൾ ആയിരുന്നു. എന്നാൽ നിങ്ങൾ സ്വീകരിച്ച ഉപദേശത്തെ ഹൃദയപൂർവം അനുസരിച്ചതുകൊണ്ട് ദൈവത്തിനു സ്തോത്രം!
൧൭എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ച്,
18 അങ്ങനെ പാപത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടിട്ട് നിങ്ങൾ നീതിയുടെ അടിമകളായിത്തീർന്നിരിക്കുന്നു.
൧൮പാപത്തിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചു നീതിയ്ക്ക് ദാസന്മാരായിത്തീർന്നതുകൊണ്ട് ദൈവത്തിന് നന്ദി.
19 മനുഷ്യസഹജമായ ദൗർബല്യം നിങ്ങൾക്കുണ്ട്. അതിനാൽ മനുഷ്യരുടെ രീതിയിൽ ഞാൻ സംസാരിക്കുകയാണ്. അധർമത്തിലേക്കു നയിക്കുന്നവിധത്തിൽ നിങ്ങളുടെ ശരീരഭാഗങ്ങളെ അശുദ്ധിക്കും അധർമത്തിനും അടിമകളായി ഏൽപ്പിച്ചിരുന്നു. അതുപോലെ ഇപ്പോൾ, വിശുദ്ധീകരണത്തിനായി നിങ്ങളുടെ ശരീരഭാഗങ്ങളെ നീതിക്ക് അടിമകളായി സമർപ്പണം ചെയ്യുക.
൧൯നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിനായി അശുദ്ധിക്കും അധർമ്മത്തിനും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിയ്ക്ക് അടിമകളാക്കി സമർപ്പിപ്പിൻ
20 കാരണം, നിങ്ങൾ പാപത്തിന്റെ അടിമകളായിരുന്നപ്പോൾ നീതിയുടെ സ്വാധീനത്തിൽ ആയിരുന്നില്ല.
൨൦നിങ്ങൾ പാപത്തിന് ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ച് സ്വതന്ത്രരായിരുന്നുവല്ലോ.
21 അതുകൊണ്ട് എന്തു ഫലമാണ് അന്ന് നിങ്ങൾക്ക് ഉണ്ടായിരുന്നത്? ഇന്നു നിങ്ങളെ ലജ്ജിപ്പിക്കുന്ന ആ കാര്യങ്ങളുടെ പരിണതഫലം മൃത്യുവാണ്.
൨൧നിങ്ങൾക്ക് അന്ന് എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അനന്തരഫലം മരണമാകുന്നു.
22 എന്നാൽ, ഇപ്പോഴാകട്ടെ, നിങ്ങളെ പാപത്തിൽനിന്നു വിമോചിതരാക്കിയിട്ട് ദൈവത്തിന്റെ ദാസരാക്കിയിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് വിശുദ്ധീകരണവും തൽഫലമായി നിത്യജീവനും ലഭിക്കുന്നു. (aiōnios )
൨൨എന്നാൽ ഇപ്പോൾ പാപത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അനന്തരഫലം നിത്യജീവനും ആകുന്നു. (aiōnios )
23 പാപം ശമ്പളമായി നൽകുന്നത് മൃത്യുവാണ്; എന്നാൽ, ദൈവം ദാനമായി നൽകുന്നതോ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള നിത്യജീവനാകുന്നു. (aiōnios )
൨൩പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിത്യജീവൻ തന്നെ. (aiōnios )