< റോമർ 13 >

1 ഓരോ വ്യക്തിയും ഭരണാധികാരികൾക്കു വിധേയരാകുക. കാരണം, ദൈവത്താൽ നിയോഗിക്കപ്പെടാത്ത അധികാരി ഒരാൾപോലുമില്ല. ഇപ്പോഴുള്ള ഭരണാധികാരികളും ദൈവത്താൽ നിയമിക്കപ്പെട്ടവരാണ്.
ഏത് മനുഷ്യനും മേലാധികാരികളെ അനുസരിക്കട്ടെ, ദൈവത്തിൽ നിന്നല്ലാതെ ഒരധികാരവുമില്ലല്ലോ; നിലവിലുള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.
2 അതുകൊണ്ട്, അധികാരത്തെ എതിർക്കുന്നവൻ ദൈവം ഏർപ്പെടുത്തിയ സംവിധാനത്തെയാണ് എതിർക്കുന്നത്. അങ്ങനെചെയ്യുന്നവർ സ്വയം ശിക്ഷായോഗ്യരായിത്തീരും.
ആകയാൽ ആ അധികാരത്തെ എതിർക്കുന്നവൻ ദൈവകൽപ്പനയെ ധിക്കരിക്കുന്നു; ധിക്കരിക്കുന്നവർ തങ്ങളുടെമേൽ ശിക്ഷാവിധി പ്രാപിക്കും.
3 ഭരണാധികാരികളെ ഭയപ്പെടേണ്ടത് നന്മ പ്രവർത്തിക്കുന്നവരല്ല; മറിച്ച്, തിന്മ പ്രവർത്തിക്കുന്നവരാണ്. അധികാരികളെ ഭയപ്പെടാതെ ജീവിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? എങ്കിൽ നന്മ ചെയ്യുക. അപ്പോൾ അധികാരികളിൽനിന്ന് നിനക്ക് അഭിനന്ദനം ലഭിക്കും.
ഭരണാധികാരികൾ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. നിങ്ങൾ അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അതിൽ നിന്നു പുകഴ്ച ലഭിക്കും.
4 നിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദൈവസേവകനാണ് അദ്ദേഹം. എന്നാൽ, നീ തിന്മ പ്രവർത്തിക്കുന്നു എങ്കിൽ ഭയപ്പെടുകതന്നെ വേണം. ശിക്ഷിക്കാൻ അയാൾക്ക് അധികാരം നൽകപ്പെട്ടിരിക്കുന്നത് വെറുതേയല്ലല്ലോ! തിന്മ പ്രവർത്തിക്കുന്നവർക്കെതിരേ ജ്വലിക്കുന്ന ദൈവക്രോധം ശിക്ഷയിലൂടെ നടപ്പാക്കാൻ ദൈവം നിയോഗിച്ച ഭൃത്യനാണയാൾ.
നിന്റെ നന്മയ്ക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരൻ ആയിരിക്കുന്നത്. നീ തിന്മ ചെയ്തു എങ്കിലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ.
5 ശിക്ഷ ലഭിക്കുമെന്ന ഭയംകൊണ്ടുമാത്രമല്ല, ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കേണ്ടതിനുംകൂടിയാണ് അധികാരികളോട് വിധേയത്വം പുലർത്തേണ്ടത്.
അതുകൊണ്ട് ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.
6 ഇതുകൊണ്ടുതന്നെയാണ് നിങ്ങൾ നികുതി കൊടുക്കുന്നതും. അധികാരികൾ ഭരണകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധിക്കുന്ന ദൈവസേവകരാണ്.
അധികാരികൾ ദൈവശുശ്രൂഷകന്മാരും ആ കാര്യം നിരന്തരമായി നോക്കുന്നവരുമാകുന്നതുകൊണ്ടു തന്നെ നിങ്ങൾ നികുതിയും കൊടുക്കുന്നു.
7 ഓരോരുത്തർക്കും നിങ്ങൾ കടപ്പെട്ടിരിക്കുന്നതു കൊടുക്കുക: കരം കൊടുക്കേണ്ടവർക്ക് കരം, നികുതി കൊടുക്കേണ്ടവർക്ക് നികുതി; ഭയപ്പെടേണ്ടവരെ ഭയപ്പെടുക, ആദരിക്കേണ്ടവരെ ആദരിക്കുകയും ചെയ്യുക.
എല്ലാവർക്കും കടമായുള്ളത് കൊടുക്കുവിൻ; നികുതി കൊടുക്കണ്ടവന് നികുതി; ചുങ്കം കൊടുക്കണ്ടവന് ചുങ്കം; ഭയം കാണിക്കേണ്ടവന് ഭയം; ബഹുമാനം കാണിക്കേണ്ടവന് ബഹുമാനം.
8 പരസ്പരം സ്നേഹിക്കുക എന്ന ബാധ്യതയല്ലാതെ നിങ്ങൾക്ക് ആരോടും യാതൊരു ബാധ്യതയും ഉണ്ടായിരിക്കരുത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുന്നത് ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്.
അന്യോന്യം സ്നേഹിക്കുന്നത് അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്; അയൽക്കാരനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.
9 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന കൽപ്പനയിൽ, “വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്” എന്നിവയും അതുപോലുള്ള മറ്റു കൽപ്പനകളും സംക്ഷിപ്തമായിരിക്കുന്നു.
വ്യഭിചാരം ചെയ്യരുത്, കൊല ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്, എന്നുള്ളതും മറ്റു ഏത് കല്പനയും “നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്ക” എന്ന വാക്യത്തിൽ സംക്ഷേപിച്ചിരിക്കുന്നു.
10 സ്നേഹം അയൽവാസിക്കു ദോഷം ഒന്നും പ്രവർത്തിക്കുന്നില്ല. അങ്ങനെ, സ്നേഹത്തിലൂടെ ന്യായപ്രമാണം നിവർത്തിക്കപ്പെടുന്നു.
൧൦സ്നേഹം അയൽക്കാരന് ദോഷം പ്രവർത്തിക്കുന്നില്ല; അതുകൊണ്ട് സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.
11 ഈ കാലഘട്ടത്തിന്റെ സവിശേഷത തിരിച്ചറിഞ്ഞുവേണം നാം ഇതു ചെയ്യേണ്ടത്: നാം ആദ്യമായി കർത്താവിൽ വിശ്വാസമർപ്പിച്ച സമയത്തെക്കാൾ നമ്മുടെ രക്ഷ ഇപ്പോൾ ഏറ്റവും അടുത്തിരിക്കുന്നതുകൊണ്ട് ആലസ്യംവിട്ടുണരേണ്ട സമയമാണിത്.
൧൧ഇതു ചെയ്യേണ്ടത്, ഉറക്കത്തിൽനിന്ന് ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറിയുകയാൽ തന്നേ; നാം ആദ്യം വിശ്വസിച്ച സമയത്തേക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.
12 രാത്രി കഴിയാറായി; രക്ഷയുടെ പകൽ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട്, നാം അന്ധകാരത്തിന്റെ പ്രവൃത്തികൾ ഉപേക്ഷിക്കുകയും പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കുകയുംചെയ്യുക.
൧൨രാത്രി കഴിയാറായി, പകൽ അടുത്തിരിക്കുന്നു; അതുകൊണ്ട് നമുക്ക് ഇരുട്ടിന്റെ പ്രവൃത്തികളെ മാറ്റിവെച്ച്, വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിക്കാം.
13 പകൽസമയത്തെന്നപോലെ നമ്മുടെ ജീവിതരീതി മാന്യമായിരിക്കട്ടെ. കാമോന്മാദത്തിലും മദ്യോന്മത്തതയിലുമല്ല, ഭോഗാസക്തിയിലും കുത്തഴിഞ്ഞ ജീവിതത്തിലുമല്ല, ലഹളയിലും അസൂയയിലുമല്ല,
൧൩പകൽ സമയത്ത് എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.
14 മറിച്ച്, കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചവരായി നിങ്ങൾ ജീവിക്കുക. ശാരീരികാഭിലാഷങ്ങളിൽ ചിന്താമഗ്നരാകരുത്.
൧൪കർത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊൾവിൻ. ജഡത്തിനോ, അതിന്റെ മോഹങ്ങൾക്ക് അവസരം കൊടുക്കരുത്.

< റോമർ 13 >