< വെളിപാട് 6 >

1 കുഞ്ഞാട് ഏഴു മുദ്രയിൽ ഒന്നു തുറന്നു. അപ്പോൾ നാലു ജീവികളിൽ ഒന്ന് “വരിക!” എന്നു മേഘഗർജനംപോലെയുള്ള ശബ്ദത്തിൽ പറയുന്നതു ഞാൻ കേട്ടു.
കുഞ്ഞാട് ഏഴ് മുദ്രകളിൽ ഒന്ന് പൊട്ടിച്ചപ്പോൾ ഞാൻ കണ്ടത്: “വരിക!” എന്നു നാല് ജീവികളിൽ ഒന്ന് ഇടിമുഴക്കത്തിനൊത്ത ശബ്ബത്തിൽ പറയുന്നതായിരുന്നു. ഞാൻ അത് കേൾക്കുകയും ചെയ്തു.
2 തുടർന്നു ഞാൻ നോക്കിയപ്പോൾ ഒരു വെള്ളക്കുതിരയെ കണ്ടു. കുതിരപ്പുറത്തിരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ട്. അവന് ഒരു കിരീടം നൽകപ്പെട്ടു. അയാൾ വിജയംകൊയ്യാൻ ഉത്സാഹിക്കുന്ന ജയവീരനെപ്പോലെ മുന്നോട്ട് കുതിച്ചു.
ഞാൻ നോക്കിയപ്പോൾ ഇതാ ഒരു വെള്ളക്കുതിര; അതിന്റെ പുറത്ത് ഇരിക്കുന്നവൻ ഒരു വില്ല് പിടിച്ചിരിക്കുന്നു; അവന് ഒരു കിരീടവും കൊടുത്തു; അവൻ ജയിക്കുന്നവനായും ജയാളിയായും പുറപ്പെട്ടു.
3 കുഞ്ഞാട് രണ്ടാംമുദ്ര തുറന്നപ്പോൾ “വരിക!” എന്നു രണ്ടാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു.
അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: “വരിക!” എന്നു രണ്ടാം ജീവി പറയുന്നത് ഞാൻ കേട്ട്.
4 അപ്പോൾ ചെമപ്പുനിറമുള്ള തീജ്വാലയ്ക്കു സമമായ മറ്റൊരു കുതിര പുറപ്പെട്ടു. അതിന്മേലിരിക്കുന്നവന് ഒരു വലിയ വാളും നൽകപ്പെട്ടു. മനുഷ്യർ പരസ്പരം കൊല്ലുന്ന നിലയിൽ ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയാൻ അവന് അധികാരവും ലഭിച്ചു.
അപ്പോൾ തീപോലെ ചുവപ്പു നിറമുള്ള മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്ത് ഇരിക്കുന്നവന് മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയേണ്ടതിന് അധികാരം കൊടുത്തു; ഒരു വലിയ വാളും അവന് കൊടുത്തു.
5 കുഞ്ഞാട് മൂന്നാംമുദ്ര തുറന്നപ്പോൾ “വരിക!” എന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. ഉടനെതന്നെ ഒരു കറുത്ത കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവന്റെ കൈയിൽ ഒരു തുലാസുണ്ടായിരുന്നു.
അവൻ മൂന്നാം മുദ്ര പൊട്ടിച്ചപ്പോൾ: “വരിക!” എന്നു മൂന്നാം ജീവി പറയുന്നത് ഞാൻ കേട്ട്. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ട്; അതിന്റെ പുറത്ത് ഇരിക്കുന്നവൻ ഒരു ത്രാസ് കയ്യിൽ പിടിച്ചിരുന്നു.
6 “ഒരു ദിവസത്തെ കൂലിക്ക് ഒരു കിലോ ഗോതമ്പ്, ഒരു ദിവസത്തെ കൂലിക്ക് മൂന്നുകിലോ യവം; എണ്ണയ്ക്കും വീഞ്ഞിനും കേടുവരുത്തരുത്,” എന്നു പറയുന്നോരു ശബ്ദം നാലു ജീവികളുടെയും മധ്യത്തിൽനിന്ന് ഞാൻ കേട്ടു.
ഒരു ദിവസക്കൂലിയായ ഒരു പണത്തിന് ഒരിടങ്ങഴി ഗോതമ്പു; ഒരു ദിവസക്കൂലിയായ ഒരു പണത്തിന് മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണയ്ക്കും വീഞ്ഞിനും കേട് വരുത്തരുത് എന്നു നാല് ജീവികളുടെയും ഇടയിൽനിന്നും ഒരു ശബ്ദവും ഞാൻ കേട്ട്.
7 കുഞ്ഞാട് നാലാം മുദ്ര തുറന്നപ്പോൾ “വരിക” എന്നു നാലാമത്തെ ജീവി പറയുന്ന ശബ്ദം ഞാൻ കേട്ടു.
അവൻ നാലാം മുദ്ര പൊട്ടിച്ചപ്പോൾ: “വരിക!” എന്നു നാലാം ജീവി പറയുന്ന ശബ്ദം ഞാൻ കേട്ട്.
8 അപ്പോൾത്തന്നെ ഇളംപച്ചനിറമുള്ള ഒരു കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവനു മരണം എന്ന് പേര്. പാതാളം അവനെ അനുഗമിച്ചു. വാൾ, ക്ഷാമം, വിവിധ ബാധകൾ, ഭൂമിയിലെ വന്യമൃഗങ്ങൾ എന്നിവയാൽ ഭൂമിയുടെ നാലിൽ ഒന്നിന്മേൽ സംഹാരം നടത്താൻ ഇവർക്ക് അധികാരം ലഭിച്ചു. (Hadēs g86)
അപ്പോൾ ഞാൻ ചാരനിറമുള്ള ഒരു കുതിരയെ കണ്ട്; അതിന്മേൽ ഇരിക്കുന്നവന് മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്ക് വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളയുവാൻ ഭൂമിയുടെ നാലിലൊന്നിന്മേൽ അധികാരം നൽകപ്പെട്ടു. (Hadēs g86)
9 കുഞ്ഞാട് അഞ്ചാംമുദ്ര തുറന്നപ്പോൾ, തങ്ങൾ ദൈവവചനത്തോടു നിലനിർത്തിയ വിശ്വസ്തസാക്ഷ്യം നിമിത്തം വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിനു കീഴിൽ കണ്ടു.
അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ ഉറപ്പോടെ കാത്തുകൊണ്ട സാക്ഷ്യം നിമിത്തവും കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിന്റെ കീഴിൽ കണ്ട്;
10 അവർ ഉച്ചത്തിൽ, “പരിശുദ്ധനും സത്യവാനുമായ സർവോന്നതനാഥാ, എത്രവരെ അവിടന്നു ഭൂവാസികളെ ന്യായംവിധിക്കാതെയും ഞങ്ങളുടെ രക്തത്തിനു പ്രതികാരംചെയ്യാതെയും ഇരിക്കും?” എന്നു നിലവിളിച്ചു.
൧൦വിശുദ്ധനും സത്യവാനുമായ കർത്താവേ, ഭൂമിയിൽ ജീവിക്കുന്നവരോട് ന്യായവിധിയും ഞങ്ങളുടെ രക്തത്തിനുള്ള പ്രതികാരവും നീ എത്രത്തോളം നടത്താതെയിരിക്കും എന്നു അവർ ഉറക്കെ നിലവിളിച്ചു.
11 ഉടനെ അവർക്ക് ഓരോരുത്തർക്കും പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം നൽകപ്പെടുകയും അവരെപ്പോലെതന്നെ വധിക്കപ്പെടാനുള്ള സഹഭൃത്യരായ സഹോദരങ്ങളുടെ സംഖ്യ പൂർത്തിയാകുന്നതുവരെ, അൽപ്പകാലംകൂടെ വിശ്രമിക്കണമെന്ന് അവർക്കു മറുപടി നൽകപ്പെടുകയും ചെയ്തു.
൧൧അപ്പോൾ അവരിൽ ഓരോരുത്തർക്കും വെള്ളയങ്കി നൽകപ്പെട്ടു; അവർ കൊല്ലപ്പെട്ടതുപോലെ അവരുടെ സഹശുശ്രുഷകന്മാരും ക്രിസ്തീയ സഹോദരന്മാരും കൊല്ലപ്പെടുന്നതുവരെ അല്പകാലം കൂടെ അവർ കാത്തിരിക്കണം എന്നു അവർക്ക് അരുളപ്പാടുണ്ടായി.
12 കുഞ്ഞാട് ആറാംമുദ്ര തുറന്നപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു. സൂര്യൻ കറുകറാകറുത്ത ആട്ടിൻരോമംകൊണ്ടു നിർമിച്ച വസ്ത്രംപോലെ കറുത്തതായിത്തീർന്നു. ചന്ദ്രൻ പൂർണമായും രക്തവർണമായിത്തീർന്നു.
൧൨അവൻ ആറാം മുദ്ര പൊട്ടിച്ചപ്പോൾ; ഞാൻ നോക്കുകയിൽ ഒരു വലിയ ഭൂമികുലുക്കം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ രക്തതുല്യമായിത്തീർന്നു.
13 കൊടുങ്കാറ്റിനാൽ ഉലയുന്ന അത്തിവൃക്ഷത്തിൽനിന്ന്, ഇളംകായ്കൾ ഉതിർന്നുവീഴുംപോലെ ആകാശത്തിൽനിന്ന് ഉൽക്കകൾ ഭൂമിയിൽ നിപതിച്ചു.
൧൩അത്തിവൃക്ഷം കൊടുങ്കാറ്റുകൊണ്ട് കുലുങ്ങിയിട്ട് തണുപ്പുകാലത്ത് കായ് ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു.
14 ആകാശം പുസ്തകച്ചുരുൾപോലെ ചുരുട്ടിമാറ്റപ്പെട്ടു; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി.
൧൪ചുരുൾ മുകളിലേക്കു ചുരുട്ടുംപോലെ ആകാശം ഇല്ലാതായി; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് നീങ്ങിപ്പോയി.
15 അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും പ്രഭുക്കന്മാരും സൈന്യാധിപന്മാരും സമ്പന്നരും ശക്തരും എല്ലാ അടിമകളും സ്വതന്ത്രരും ഗുഹകളിലും മലകളിലെ പാറകൾക്കിടയിലും പോയി ഒളിച്ചു.
൧൫അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും പ്രധാനികളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും അടിമകളും സ്വതന്ത്രരും ഗുഹകളിലും മലകളിലെ പാറകളുടെ ഇടയിലും ഒളിച്ചുകൊണ്ട് മലകളോടും പാറകളോടും;
16 അവർ മലകളോടും പാറകളോടും: “ഞങ്ങളുടെമേൽ വീണ് സിംഹാസനസ്ഥന്റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിന്റെ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്ക്കുക;
൧൬“ഞങ്ങളുടെമേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിന്റെ കോപത്തിൽ നിന്നും ഞങ്ങളെ മറയ്ക്കുവിൻ.
17 അവരുടെ ക്രോധത്തിന്റെ മഹാദിവസം വന്നിരിക്കുന്നു. അതിനെതിരേ നിൽക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞു.
൧൭അവന്റെ മഹാകോപദിവസം വന്നിരിക്കുന്നു; ആർക്ക് നില്ക്കുവാൻ കഴിയും?” എന്നു പറഞ്ഞു.

< വെളിപാട് 6 >