< വെളിപാട് 21 >
1 പിന്നീട് “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല.
2 മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു.
3 അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും.
4 അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!”
5 സിംഹാസനസ്ഥൻ എന്നോടു പറഞ്ഞത്: “ഇതാ, ഞാൻ സകലത്തെയും പുതിയതാക്കുന്നു.” അവിടന്ന് എന്നോടു തുടർന്ന് കൽപ്പിച്ചത്, “ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവുമാകുകയാൽ ഇവ എഴുതുക.”
6 അവിടന്ന് പിന്നെയും എന്നോട് അരുളിച്ചെയ്തത്: “പര്യവസാനിച്ചിരിക്കുന്നു! ഞാൻ ആൽഫയും ഒമേഗയും—ആരംഭവും അവസാനവും—ആകുന്നു. ദാഹമുള്ളയാൾക്ക് ഞാൻ ജീവജലത്തിന്റെ ഉറവിൽനിന്ന് സൗജന്യമായി കുടിക്കാൻ നൽകും.
7 വിജയിക്കുന്നവർ ഇവയ്ക്കെല്ലാം അവകാശിയാകും. ഞാൻ അവർക്ക് ദൈവവും അവർ എനിക്കു പുത്രരും ആയിരിക്കും.
8 എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.” (Limnē Pyr )
9 അന്ത്യബാധകൾ ഏഴും നിറഞ്ഞ ഏഴു കുംഭങ്ങൾ കൈവശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ വന്ന് എന്നോടു പറഞ്ഞത്: “വരിക, കുഞ്ഞാടിന്റെ പത്നിയായിത്തീരേണ്ട മണവാട്ടിയെ ഞാൻ കാണിച്ചുതരാം.”
10 പിന്നെ അയാൾ എന്നെ ആത്മാവിൽ വലുപ്പമേറിയതും ഉന്നതവുമായ ഒരു പർവതത്തിലേക്കു കൂട്ടിക്കൊണ്ടുപോയി; സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതായ ജെറുശലേം എന്ന വിശുദ്ധനഗരം എനിക്കു കാണിച്ചുതന്നു.
11 ദൈവികപ്രഭയിൽ അതു വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു. ആ പ്രഭ ഏറ്റവും വിലയേറിയ രത്നത്തിന്റേതുപോലെ—അച്ഛസ്ഫടികമായ സൂര്യകാന്തത്തിന്റേതുപോലെ ആയിരുന്നു.
12 അതിന് ഉയർന്ന ഒരു വലിയ കോട്ടയും കോട്ടയ്ക്കു പന്ത്രണ്ട് കവാടങ്ങളും കവാടങ്ങളിൽ ഓരോന്നിലും കാവലായി ഓരോ ദൂതന്മാരും ഉണ്ട്. ഓരോ കവാടത്തിലും ഇസ്രായേൽഗോത്രങ്ങളിൽ ഓരോന്നിന്റെയും നാമം രേഖപ്പെടുത്തിയിരിക്കുന്നു.
13 മൂന്നു കവാടങ്ങൾ കിഴക്കും മൂന്നു കവാടങ്ങൾ വടക്കും മൂന്നു കവാടങ്ങൾ തെക്കും മൂന്നു കവാടങ്ങൾ പടിഞ്ഞാറും ആയിരുന്നു.
14 നഗരത്തിന്റെ കോട്ടമതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയിൽ ഓരോന്നിലും കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഓരോരുത്തരുടെ പേരും ഉണ്ട്.
15 എന്നോടു സംസാരിച്ച ദൂതന്റെ കൈവശം നഗരവും അതിന്റെ കവാടങ്ങളും കോട്ടയും അളക്കുന്നതിനു തങ്കംകൊണ്ടുള്ള ഒരു ദണ്ഡ് ഉണ്ടായിരുന്നു.
16 സമചതുരമായിരുന്നു നഗരം; അതിന്റെ നീളവും വീതിയും തുല്യം. ദൂതൻ ദണ്ഡുകൊണ്ടു നഗരത്തെ അളന്നു. അതിന്റെ നീളം ഏകദേശം 2,200 കിലോമീറ്റർ; അതിന്റെ നീളവും വീതിയും ഉയരവും തുല്യമായിരുന്നു.
17 പിന്നെ ദൂതൻ അതിന്റെ കോട്ട അളന്നു. ദൂതൻ അളക്കാൻ ഉപയോഗിച്ച ദണ്ഡ് മാനുഷികമാനദണ്ഡമനുസരിച്ച് അറുപത്തഞ്ച് മീറ്റർ ആയിരുന്നു.
18 കോട്ട നിർമിച്ചിരിക്കുന്നത് സൂര്യകാന്തക്കല്ലുകൊണ്ടും നഗരമാകട്ടെ, അച്ഛസ്ഫടികംപോലെയുള്ള തങ്കംകൊണ്ടുമായിരുന്നു.
19 കോട്ടയുടെ അടിസ്ഥാനശിലകൾ സർവവിധരത്നങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു. ഒന്നാമത്തെ അടിസ്ഥാനശില സൂര്യകാന്തം, രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം,
20 അഞ്ചാമത്തേതു നഖവർണി, ആറാമത്തേതു ചെമപ്പുകല്ല്, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു ഗോമേദകം, ഒൻപതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു ശ്യാമളവൈഢൂര്യം.
21 പന്ത്രണ്ട് കവാടങ്ങളാകട്ടെ, പന്ത്രണ്ട് മുത്തുകളായിരുന്നു; ഓരോ കവാടവും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ അച്ഛസ്ഫടികത്തിനു തുല്യമായ തങ്കവുമായിരുന്നു.
22 നഗരത്തിൽ വിശുദ്ധമന്ദിരം കണ്ടില്ല; സർവശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആയിരുന്നു.
23 നഗരത്തിൽ പ്രകാശിക്കേണ്ടതിനായി സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം, ദൈവതേജസ്സ് അതിനെ പ്രശോഭിതമാക്കിയിരുന്നു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു.
24 ജനതകൾ അതിന്റെ പ്രകാശത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ സർവപ്രതാപത്തോടുംകൂടെ അതിലേക്കു വന്നുചേരും.
25 അതിന്റെ കവാടങ്ങൾ പകൽ ഒരിക്കലും അടയ്ക്കുകയില്ല; രാത്രി അവിടെ ഉണ്ടായിരിക്കുകയുമില്ല.
26 ജനതകൾ അവരുടെ മഹത്ത്വത്തോടെയും ബഹുമാനത്തോടെയും അതിലേക്കു വരും.
27 കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടവരല്ലാതെ അശുദ്ധിയും മ്ലേച്ഛതയും വ്യാജവും പ്രവർത്തിക്കുന്ന ആർക്കും അതിൽ ഒരിക്കലും പ്രവേശനം ലഭിക്കുകയില്ല.