< വെളിപാട് 19 >
1 ഇതിനുശേഷം ഞാൻ വലിയൊരു ജനാരവംപോലെ സ്വർഗത്തിൽനിന്ന് പറയുന്നതു കേട്ടു: “ഹല്ലേലുയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റേതുമാത്രം,
2 അവിടത്തെ ന്യായവിധികൾ സത്യവും നീതിയുമുള്ളവതന്നെ. വേശ്യാവൃത്തികൊണ്ടു ഭൂമിയെ മലീമസമാക്കിയ മഹാവേശ്യയുടെ ന്യായവിധി അവിടന്നു നടപ്പാക്കിയിരിക്കുന്നു; ദൈവം തന്റെ ദാസന്മാരുടെ രക്തത്തിന് അവളോടു പ്രതികാരം ചെയ്തിരിക്കുന്നു.”
3 പിന്നെയും അവരുടെ ഘോഷം മുഴങ്ങിയത്: “ഹല്ലേലുയ്യാ! അവളുടെ ന്യായവിധിയുടെ പുക എന്നെന്നേക്കും ഉയർന്നുകൊണ്ടിരിക്കുന്നു.” (aiōn )
4 ഇരുപത്തിനാലു മുഖ്യന്മാരും നാലു ജീവികളും സിംഹാസനസ്ഥനായ ദൈവത്തിനുമുമ്പാകെ വീണു വണങ്ങിക്കൊണ്ട്, “ആമേൻ, ഹല്ലേലുയ്യാ!” എന്ന് ആർത്തു.
5 അപ്പോൾ സിംഹാസനത്തിൽനിന്ന് ഒരു ശബ്ദം കേൾക്കുമാറായി: “വലിയവരും ചെറിയവരുമായി ദൈവഭക്തരായവരേ, സകലസേവകരുമേ, നമ്മുടെ ദൈവത്തെ സ്തുതിക്കുക.”
6 അപ്പോൾ വലിയ ജനാരവംപോലെയും വൻ ജലപ്രവാഹത്തിന്റെ ഇരമ്പൽപോലെയും അതിശക്തമായ ഇടിമുഴക്കംപോലെയുമുള്ള ഒരു ശബ്ദം ഞാൻ കേട്ടത്: “ഹല്ലേലുയ്യാ! സർവശക്തിയുള്ള ദൈവമായ നമ്മുടെ കർത്താവ് വാണരുളുന്നു.
7 നമുക്ക് ആനന്ദത്തോടും ആഹ്ലാദത്തോടും അവിടത്തേക്ക് മഹത്ത്വം നൽകാം; കുഞ്ഞാടിന്റെ വിവാഹം വന്നുചേർന്നല്ലോ; മണവാട്ടിയും അതിനായി സ്വയം ഒരുങ്ങിയിരിക്കുന്നു.
8 ശുദ്ധശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം അവൾക്കു ധരിക്കാൻ നൽകപ്പെട്ടിരിക്കുന്നു.” ആ മൃദുലചണവസ്ത്രം വിശുദ്ധരുടെ നീതിപ്രവൃത്തികളാണ്.
9 പിന്നെ, ദൂതൻ എന്നോടു പറഞ്ഞത്: “ഇങ്ങനെ എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു ക്ഷണം ലഭിച്ചവർ അനുഗൃഹീതർ.” തുടർന്ന് എന്നോട്, “ഇവ ദൈവത്തിന്റെ സത്യവചനങ്ങൾതന്നെ” എന്നും പറഞ്ഞു.
10 ഇതു കേട്ടമാത്രയിൽ ദൂതനെ നമസ്കരിക്കാൻ ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു. എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യംവഹിക്കുന്ന നിന്റെ സഹോദരങ്ങൾക്കുമൊപ്പം ഒരു സഹദാസൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക; യേശുവിന്റെ സാക്ഷ്യംവഹിക്കുകയാണ് പ്രവചനത്തിന്റെ അന്തസ്സത്ത” എന്നു പറഞ്ഞു.
11 പിന്നീട്, സ്വർഗം തുറക്കപ്പെട്ടിരിക്കുന്നതു ഞാൻ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര! അതിന്റെ പുറത്തിരിക്കുന്നയാൾ വിശ്വസ്തൻ എന്നും സത്യവാൻ എന്നും വിളിക്കപ്പെടുന്നു. അദ്ദേഹം ന്യായംവിധിക്കുന്നതും അടരാടുന്നതും നീതിയോടെയായിരിക്കും.
12 അദ്ദേഹത്തിന്റെ കണ്ണുകൾ അഗ്നിജ്വാലയ്ക്കു സമാനമായിരുന്നു. ശിരസ്സിൽ അനേകം കിരീടങ്ങളും ധരിച്ചിരുന്നു; മറ്റാർക്കും അറിയാൻ കഴിയാത്ത എഴുതപ്പെട്ട ഒരു നാമം അദ്ദേഹത്തിനുണ്ട്.
13 രക്തത്തിൽ മുക്കിയെടുത്ത ഒരു വസ്ത്രം അദ്ദേഹം ധരിച്ചിരിക്കുന്നു; ദൈവവചനം എന്നാകുന്നു അദ്ദേഹത്തിന്റെ നാമധേയം.
14 ശുദ്ധവും ശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം ധരിച്ച സ്വർഗീയസൈന്യങ്ങൾ വെള്ളക്കുതിരകളിന്മേൽ അദ്ദേഹത്തെ അനുഗമിച്ചു.
15 ജനതകളെ വെട്ടിവീഴ്ത്താൻവേണ്ടി മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്നു പുറപ്പെടുന്നു. “ഇരുമ്പു ചെങ്കോൽകൊണ്ട് അദ്ദേഹം അവരെ ഭരിക്കും.” സർവശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധം എന്ന മുന്തിരിച്ചക്ക് അദ്ദേഹം ചവിട്ടിമെതിക്കുന്നു.
16 രാജാധിരാജാവ്, കർത്താധികർത്താവ്, എന്ന നാമം അദ്ദേഹത്തിന്റെ വസ്ത്രത്തിന്മേലും തുടയിന്മേലും ആലേഖനംചെയ്തിരിക്കുന്നു.
17 ഒരു ദൂതൻ സൂര്യനിൽ നിൽക്കുന്നതു ഞാൻ കണ്ടു. ആകാശമധ്യേ പറക്കുന്ന സകലപക്ഷികളോടും അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്:
18 “ദൈവം ഒരുക്കുന്ന വലിയ അത്താഴവിരുന്നിൽ രാജാക്കന്മാർ, സൈന്യാധിപന്മാർ, വീരന്മാർ; കുതിരകളും അവയുടെമേൽ സവാരി ചെയ്യുന്നവരും; സ്വതന്ത്രർ, അടിമകൾ, ചെറിയവർ, വലിയവർ എന്നിങ്ങനെയുള്ള സകലരുടെയും മാംസം ഭക്ഷിക്കാൻ വന്നുകൂടുക,” എന്നായിരുന്നു.
19 അപ്പോൾ, കുതിരപ്പുറത്തിരിക്കുന്നയാളിനോടും അദ്ദേഹത്തിന്റെ സൈന്യത്തോടും യുദ്ധംചെയ്യാൻ ഒരുങ്ങി മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ച് അണിനിരന്നിരിക്കുന്നതു ഞാൻ കണ്ടു.
20 അത്ഭുതചിഹ്നങ്ങൾ കാട്ടി മനുഷ്യനെ ഭ്രമിപ്പിച്ച് മൃഗത്തിന്റെ മുദ്ര സ്വീകരിക്കാനും അതിന്റെ പ്രതിമയെ നമസ്കരിക്കാനും ഇടയാക്കിയ വ്യാജപ്രവാചകനെയും ആ മൃഗത്തെയും ബന്ധനസ്ഥരാക്കി എരിയുന്ന ഗന്ധകപ്പൊയ്കയിൽ ജീവനോടെ എറിഞ്ഞുകളഞ്ഞു. (Limnē Pyr )
21 ശേഷിച്ചവരെ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെട്ട വാൾകൊണ്ടു കൊന്നുകളയുകയും സകലപക്ഷികളും അവരുടെ മാംസം തിന്നു തൃപ്തിയടയുകയും ചെയ്തു.