< വെളിപാട് 19 >
1 ഇതിനുശേഷം ഞാൻ വലിയൊരു ജനാരവംപോലെ സ്വർഗത്തിൽനിന്ന് പറയുന്നതു കേട്ടു: “ഹല്ലേലുയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റേതുമാത്രം,
൧ഈ സംഭവങ്ങൾക്ക് ശേഷം സ്വർഗ്ഗത്തിൽ വലിയൊരു പുരുഷാരത്തിന്റെ മഹാഘോഷം ഞാൻ കേട്ട്: “ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ബഹുമാനവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്.
2 അവിടത്തെ ന്യായവിധികൾ സത്യവും നീതിയുമുള്ളവതന്നെ. വേശ്യാവൃത്തികൊണ്ടു ഭൂമിയെ മലീമസമാക്കിയ മഹാവേശ്യയുടെ ന്യായവിധി അവിടന്നു നടപ്പാക്കിയിരിക്കുന്നു; ദൈവം തന്റെ ദാസന്മാരുടെ രക്തത്തിന് അവളോടു പ്രതികാരം ചെയ്തിരിക്കുന്നു.”
൨തന്റെ വേശ്യാവൃത്തികൊണ്ട് ഭൂമിയെ വഷളാക്കിയ മഹാവേശ്യയെ അവൻ ന്യായം വിധിച്ചതുകൊണ്ട് അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ. അവൾ ചൊരിഞ്ഞ അവന്റെ ദാസന്മാരുടെ രക്തത്തിന് അവൻ പ്രതികാരം ചെയ്തു.”
3 പിന്നെയും അവരുടെ ഘോഷം മുഴങ്ങിയത്: “ഹല്ലേലുയ്യാ! അവളുടെ ന്യായവിധിയുടെ പുക എന്നെന്നേക്കും ഉയർന്നുകൊണ്ടിരിക്കുന്നു.” (aiōn )
൩അവർ രണ്ടാം പ്രാവശ്യം, ഹല്ലെലൂയ്യാ! എന്ന് പാടി. അവളിൽ നിന്നും പുക എന്നെന്നേക്കും പൊങ്ങിക്കൊണ്ടിരുന്നു. (aiōn )
4 ഇരുപത്തിനാലു മുഖ്യന്മാരും നാലു ജീവികളും സിംഹാസനസ്ഥനായ ദൈവത്തിനുമുമ്പാകെ വീണു വണങ്ങിക്കൊണ്ട്, “ആമേൻ, ഹല്ലേലുയ്യാ!” എന്ന് ആർത്തു.
൪ഇരുപത്തിനാല് മൂപ്പന്മാരും നാല് ജീവികളും, ‘ആമേൻ, ഹല്ലെലൂയ്യാ!’ എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.
5 അപ്പോൾ സിംഹാസനത്തിൽനിന്ന് ഒരു ശബ്ദം കേൾക്കുമാറായി: “വലിയവരും ചെറിയവരുമായി ദൈവഭക്തരായവരേ, സകലസേവകരുമേ, നമ്മുടെ ദൈവത്തെ സ്തുതിക്കുക.”
൫അവന്റെ ദൈവത്തിന്റെ സകലദാസന്മാരും അവനെ ഭയപ്പെടുന്നവരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നൊരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.
6 അപ്പോൾ വലിയ ജനാരവംപോലെയും വൻ ജലപ്രവാഹത്തിന്റെ ഇരമ്പൽപോലെയും അതിശക്തമായ ഇടിമുഴക്കംപോലെയുമുള്ള ഒരു ശബ്ദം ഞാൻ കേട്ടത്: “ഹല്ലേലുയ്യാ! സർവശക്തിയുള്ള ദൈവമായ നമ്മുടെ കർത്താവ് വാണരുളുന്നു.
൬അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും പറയുന്നത് ഞാൻ കേട്ട്; ഹല്ലെലൂയ്യാ! പരിപൂർണ്ണാധികാരി ആയ ദൈവമായ കർത്താവ് വാഴുന്നു.
7 നമുക്ക് ആനന്ദത്തോടും ആഹ്ലാദത്തോടും അവിടത്തേക്ക് മഹത്ത്വം നൽകാം; കുഞ്ഞാടിന്റെ വിവാഹം വന്നുചേർന്നല്ലോ; മണവാട്ടിയും അതിനായി സ്വയം ഒരുങ്ങിയിരിക്കുന്നു.
൭നമുക്ക് സന്തോഷിക്കാം, ആനന്ദിക്കാം അവന് ബഹുമാനം കൊടുക്കാം. കുഞ്ഞാടിന്റെ കല്യാണം വന്നിരിക്കുന്നു. അവന്റെ മണവാട്ടിയും തന്നെത്താൻ ഒരുങ്ങിയിരിക്കുന്നു.
8 ശുദ്ധശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം അവൾക്കു ധരിക്കാൻ നൽകപ്പെട്ടിരിക്കുന്നു.” ആ മൃദുലചണവസ്ത്രം വിശുദ്ധരുടെ നീതിപ്രവൃത്തികളാണ്.
൮അവളെ ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം കൊണ്ട് അലങ്കരിക്കുവാൻ അനുവാദം ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ.
9 പിന്നെ, ദൂതൻ എന്നോടു പറഞ്ഞത്: “ഇങ്ങനെ എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു ക്ഷണം ലഭിച്ചവർ അനുഗൃഹീതർ.” തുടർന്ന് എന്നോട്, “ഇവ ദൈവത്തിന്റെ സത്യവചനങ്ങൾതന്നെ” എന്നും പറഞ്ഞു.
൯അവൻ എന്നോട് പറഞ്ഞത്: ഇതു എഴുതുക, കുഞ്ഞാടിന്റെ കല്യാണസദ്യയ്ക്ക് ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ; “ഇതു ദൈവത്തിന്റെ സത്യവചനങ്ങൾ ആകുന്നു.” എന്നും അവൻ എന്നോട് പറഞ്ഞു.
10 ഇതു കേട്ടമാത്രയിൽ ദൂതനെ നമസ്കരിക്കാൻ ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു. എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യംവഹിക്കുന്ന നിന്റെ സഹോദരങ്ങൾക്കുമൊപ്പം ഒരു സഹദാസൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക; യേശുവിന്റെ സാക്ഷ്യംവഹിക്കുകയാണ് പ്രവചനത്തിന്റെ അന്തസ്സത്ത” എന്നു പറഞ്ഞു.
൧൦ഞാൻ അവനെ നമസ്കരിക്കേണ്ടതിന് അവന്റെ കാല്ക്കൽ വീണു; എന്നാൽ അവൻ എന്നോട് പറഞ്ഞത്: “നീ അത് ചെയ്യരുത്; ഞാൻ നിനക്കും യേശുവിനെകുറിച്ചു സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാർക്കും കൂട്ടുദാസനത്രേ; ദൈവത്തെ ആരാധിക്ക; പ്രവചനത്തിന്റെ ആത്മാവ് എന്നത് യേശുവിനെകുറിച്ചുള്ള സാക്ഷ്യം തന്നേ”.
11 പിന്നീട്, സ്വർഗം തുറക്കപ്പെട്ടിരിക്കുന്നതു ഞാൻ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര! അതിന്റെ പുറത്തിരിക്കുന്നയാൾ വിശ്വസ്തൻ എന്നും സത്യവാൻ എന്നും വിളിക്കപ്പെടുന്നു. അദ്ദേഹം ന്യായംവിധിക്കുന്നതും അടരാടുന്നതും നീതിയോടെയായിരിക്കും.
൧൧പിന്നെ സ്വർഗ്ഗം തുറന്നിരിക്കുന്നത് ഞാൻ കണ്ട്; ഞാൻ നോക്കിയപ്പോൾ ഒരു വെള്ളക്കുതിര; അതിന്മേൽ ഇരിക്കുന്നവന് വിശ്വസ്തനും സത്യവാനും എന്നു പേർ, അവൻ നീതിയോടെ ന്യായം വിധിക്കുകയും പോരാടുകയും ചെയ്യുന്നു.
12 അദ്ദേഹത്തിന്റെ കണ്ണുകൾ അഗ്നിജ്വാലയ്ക്കു സമാനമായിരുന്നു. ശിരസ്സിൽ അനേകം കിരീടങ്ങളും ധരിച്ചിരുന്നു; മറ്റാർക്കും അറിയാൻ കഴിയാത്ത എഴുതപ്പെട്ട ഒരു നാമം അദ്ദേഹത്തിനുണ്ട്.
൧൨അവന്റെ കണ്ണ് അഗ്നിജ്വാലപോലെ; അവന്റെ തലയിൽ അനേകം കിരീടങ്ങൾ; അവനല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടാതെ എഴുതപ്പെട്ടിട്ടുള്ള ഒരു നാമവും അവനുണ്ട്.
13 രക്തത്തിൽ മുക്കിയെടുത്ത ഒരു വസ്ത്രം അദ്ദേഹം ധരിച്ചിരിക്കുന്നു; ദൈവവചനം എന്നാകുന്നു അദ്ദേഹത്തിന്റെ നാമധേയം.
൧൩രക്തത്തിൽ മുക്കിയിരിക്കുന്ന ഒരു അങ്കിയും അവൻ ധരിച്ചിരിക്കുന്നു; ദൈവവചനം എന്നു അവന് പേർ പറയുന്നു.
14 ശുദ്ധവും ശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം ധരിച്ച സ്വർഗീയസൈന്യങ്ങൾ വെള്ളക്കുതിരകളിന്മേൽ അദ്ദേഹത്തെ അനുഗമിച്ചു.
൧൪സ്വർഗ്ഗത്തിലെ സൈന്യം ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ച് വെള്ളക്കുതിരകളുടെ പുറത്തു അവനെ അനുഗമിച്ചു.
15 ജനതകളെ വെട്ടിവീഴ്ത്താൻവേണ്ടി മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്നു പുറപ്പെടുന്നു. “ഇരുമ്പു ചെങ്കോൽകൊണ്ട് അദ്ദേഹം അവരെ ഭരിക്കും.” സർവശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധം എന്ന മുന്തിരിച്ചക്ക് അദ്ദേഹം ചവിട്ടിമെതിക്കുന്നു.
൧൫ജാതികളെ വെട്ടേണ്ടതിന് അവന്റെ വായിൽനിന്നു മൂർച്ചയുള്ള ഒരു പുറപ്പെടുന്നു. ഇരുമ്പുകോൽ കൊണ്ട് അവൻ അവരെ ഭരിക്കും; സർവ്വശക്തനായ ദൈവത്തിന്റെ ക്രോധവും കോപാഗ്നിയുമായ മുന്തിരിച്ചക്ക് അവൻ മെതിക്കുന്നു.
16 രാജാധിരാജാവ്, കർത്താധികർത്താവ്, എന്ന നാമം അദ്ദേഹത്തിന്റെ വസ്ത്രത്തിന്മേലും തുടയിന്മേലും ആലേഖനംചെയ്തിരിക്കുന്നു.
൧൬രാജാധിരാജാവും കർത്താധികർത്താവും എന്നൊരു നാമം അവന്റെ അങ്കിമേലും തുടമേലും എഴുതിയിരിക്കുന്നു.
17 ഒരു ദൂതൻ സൂര്യനിൽ നിൽക്കുന്നതു ഞാൻ കണ്ടു. ആകാശമധ്യേ പറക്കുന്ന സകലപക്ഷികളോടും അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്:
൧൭ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ട്; അവൻ ആകാശത്തുകൂടി പറക്കുന്ന സകല പക്ഷികളോടും: “ദൈവത്തിന്റെ വലിയ അത്താഴത്തിന് വന്നുകൂടുവിൻ,
18 “ദൈവം ഒരുക്കുന്ന വലിയ അത്താഴവിരുന്നിൽ രാജാക്കന്മാർ, സൈന്യാധിപന്മാർ, വീരന്മാർ; കുതിരകളും അവയുടെമേൽ സവാരി ചെയ്യുന്നവരും; സ്വതന്ത്രർ, അടിമകൾ, ചെറിയവർ, വലിയവർ എന്നിങ്ങനെയുള്ള സകലരുടെയും മാംസം ഭക്ഷിക്കാൻ വന്നുകൂടുക,” എന്നായിരുന്നു.
൧൮രാജാക്കന്മാരുടെ മാംസവും സേനാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും അതിന്റെ പുറത്തു ഇരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും അടിമകളും ചെറിയവരും വലിയവരുമായ സകലമനുഷ്യരുടെയും മാംസവും ഭക്ഷിക്കുവിൻ” എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
19 അപ്പോൾ, കുതിരപ്പുറത്തിരിക്കുന്നയാളിനോടും അദ്ദേഹത്തിന്റെ സൈന്യത്തോടും യുദ്ധംചെയ്യാൻ ഒരുങ്ങി മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ച് അണിനിരന്നിരിക്കുന്നതു ഞാൻ കണ്ടു.
൧൯കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‌വാൻ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ച് കൂടിയത് ഞാൻ കണ്ട്.
20 അത്ഭുതചിഹ്നങ്ങൾ കാട്ടി മനുഷ്യനെ ഭ്രമിപ്പിച്ച് മൃഗത്തിന്റെ മുദ്ര സ്വീകരിക്കാനും അതിന്റെ പ്രതിമയെ നമസ്കരിക്കാനും ഇടയാക്കിയ വ്യാജപ്രവാചകനെയും ആ മൃഗത്തെയും ബന്ധനസ്ഥരാക്കി എരിയുന്ന ഗന്ധകപ്പൊയ്കയിൽ ജീവനോടെ എറിഞ്ഞുകളഞ്ഞു. (Limnē Pyr )
൨൦മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ച് മൃഗത്തിന്റെ മുദ്ര ഏല്പിക്കുകയും അതിന്റെ പ്രതിമയെ ആരാധിപ്പിക്കുകയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ച് കെട്ടി. അവർ ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു. (Limnē Pyr )
21 ശേഷിച്ചവരെ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെട്ട വാൾകൊണ്ടു കൊന്നുകളയുകയും സകലപക്ഷികളും അവരുടെ മാംസം തിന്നു തൃപ്തിയടയുകയും ചെയ്തു.
൨൧ശേഷിച്ചവർ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെട്ട വാളിനാൽ കൊല്ലപ്പെട്ടു, അവരുടെ മാംസം സകല പക്ഷികളും തിന്ന് തൃപ്തരായി.