< വെളിപാട് 14 >

1 ഞാൻ നോക്കി: അപ്പോൾ സീയോൻ മലയിൽ കുഞ്ഞാടും അവിടത്തോടൊപ്പം നെറ്റിയിൽ കുഞ്ഞാടിന്റെയും പിതാവിന്റെയും നാമം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന 1,44,000 പേരും ഇതാ നിൽക്കുന്നു! 2 സ്വർഗത്തിൽനിന്നൊരു ശബ്ദം ഞാൻ കേട്ടു. അത് അലറുന്ന തിരമാലപോലെയും മഹാമേഘഗർജനംപോലെയും ആയിരുന്നു. ആ ശബ്ദം അനേകം വൈണികന്മാർ ഒരുമിച്ചു വീണമീട്ടുന്നതിനു സമാനവുമായിരുന്നു. 3 സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കുംമുമ്പാകെ അവർ പുതിയൊരു ഗീതം ആലപിച്ചു. ഭൂമിയിൽനിന്ന് വീണ്ടെടുക്കപ്പെട്ട 1,44,000 പേർക്കല്ലാതെ ആർക്കും ആ ഗീതം പഠിക്കാൻ കഴിഞ്ഞില്ല. 4 അവർ സ്ത്രീകളുമായി മലിനപ്പെടാതെ സ്വയം കാത്തതിനാൽ, ചാരിത്ര്യം നഷ്ടപ്പെടാത്തവരാണ്. കുഞ്ഞാട് പോകുന്നിടത്തെല്ലാം അവർ അവിടത്തെ അനുഗമിക്കുന്നു. ദൈവത്തിനും കുഞ്ഞാടിനും പ്രഥമഫലമായി സമർപ്പിക്കാൻ അവരെ മനുഷ്യരിൽനിന്ന് വിലയ്ക്കു വാങ്ങിയിരിക്കുന്നു. 5 അവരുടെ അധരങ്ങളിൽ ഒരിക്കലും വ്യാജം ഉണ്ടായിരുന്നില്ല; അവർ നിഷ്കളങ്കരാണ്. 6 മറ്റൊരു ദൂതൻ ആകാശമധ്യത്തിൽ പറക്കുന്നതു ഞാൻ കണ്ടു. ഭൂമിയിലുള്ള സകലരാജ്യങ്ങളോടും ഗോത്രങ്ങളോടും ഭാഷകളോടും ജനവിഭാഗങ്ങളോടും അറിയിക്കാനുള്ള നിത്യസുവിശേഷം അവന്റെ കൈവശമുണ്ടായിരുന്നു. (aiōnios g166) 7 “ദൈവത്തെ ഭയപ്പെട്ട് അവിടത്തേക്കു മഹത്ത്വംകൊടുക്കുക; അവിടത്തെ ന്യായവിധിയുടെ സമയം വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും എല്ലാ നീരുറവകളും സൃഷ്ടിച്ചവനെ ആരാധിക്കുക!” എന്നിങ്ങനെ ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. 8 തുടർന്നു രണ്ടാമത്തെ ദൂതൻ വിളിച്ചുപറഞ്ഞത്: “‘നിലംപതിച്ചിരിക്കുന്നു!’ തന്റെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യം സകലരാജ്യങ്ങളെയും കുടിപ്പിച്ച ‘മഹാനഗരമായ ബാബേൽ ഇതാ നിലംപതിച്ചിരിക്കുന്നു!’” 9 അതിന്റെശേഷം മൂന്നാമത്തെ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: “ആരെങ്കിലും മൃഗത്തെയും അവന്റെ പ്രതിമയെയും ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ അവന്റെ അടയാളം സ്വീകരിക്കുകയോ ചെയ്താൽ 10 ദൈവകോപത്തിന്റെ ചഷകത്തിൽ പൂർണവീര്യത്തോടെ പകർന്നുവെച്ചിരിക്കുന്ന ദൈവക്രോധമെന്ന മദ്യം അയാൾ കുടിക്കേണ്ടിവരും. വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ തീയിലും ഗന്ധകത്തിലും അവർ ദണ്ഡനം അനുഭവിക്കും. 11 അവരുടെ ദണ്ഡനത്തിന്റെ പുക യുഗാനുയുഗം ഉയർന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുകയോ അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുകയോ ചെയ്യുന്നവർക്ക് രാപകൽ സ്വസ്ഥത അന്യമായിരിക്കും.” (aiōn g165) 12 ദൈവകൽപ്പനകൾ അനുസരിക്കുകയും യേശുവിലുള്ള വിശ്വാസം സൂക്ഷിക്കുകയുംചെയ്യുന്ന ദൈവജനത്തിന് സഹിഷ്ണുത ഇവിടെ അത്യാവശ്യമായിരിക്കുന്നു. 13 അപ്പോൾ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടത്, “എഴുതുക; ഇപ്പോൾമുതൽ കർത്താവിൽ മരിക്കുന്നവർ അനുഗൃഹീതർ.” “അതേ,” ദൈവാത്മാവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, “തങ്ങളുടെ അധ്വാനങ്ങളിൽനിന്ന് അവർ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികൾ അവരെ അനുഗമിക്കും.” 14 അതിനുശേഷം ഒരു വെൺമേഘം ഞാൻ കണ്ടു. ഇതാ, ആ മേഘത്തിനുമീതേ മനുഷ്യപുത്രന് തുല്യനായ ഒരുവൻ തലയിൽ തങ്കക്കിരീടമണിഞ്ഞും കൈയിൽ മൂർച്ചയുള്ള അരിവാളേന്തിയും ഇരിക്കുന്നു. 15 അപ്പോൾ മറ്റൊരു ദൂതൻ ദൈവാലയത്തിൽനിന്ന് പുറത്തുവന്നു മേഘത്തിന്മേൽ ഇരിക്കുന്നവനോട് അത്യുച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഭൂമിയിലെ വിളവു കൊയ്ത്തിനു പാകമായിരിക്കുന്നു. കൊയ്ത്തിനുള്ള സമയവും ഇതാ വന്നിരിക്കുന്നു. അതുകൊണ്ട്, ഇപ്പോൾ നിന്റെ അരിവാൾ എടുത്തു കൊയ്ത്ത് ആരംഭിക്കുക.” 16 മേഘത്തിന്മേൽ ഇരിക്കുന്നവൻ തന്റെ അരിവാൾ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു; അങ്ങനെ ഭൂമിയിൽ കൊയ്ത്തു നടന്നു. 17 വേറൊരു ദൂതനും സ്വർഗത്തിലെ ദൈവാലയത്തിൽനിന്ന് വന്നു. അവന്റെ കൈയിൽ മൂർച്ചയുള്ള ഒരു അരിവാൾ ഉണ്ടായിരുന്നു. 18 അഗ്നിയുടെമേൽ അധികാരമുള്ള മറ്റൊരു ദൂതൻ യാഗപീഠത്തിൽനിന്ന് വന്ന് മൂർച്ചയുള്ള അരിവാൾ പിടിച്ചിരുന്നവനോട്, “ഭൂമിയിൽ മുന്തിരിങ്ങ പാകമായിരിക്കുകയാൽ നിന്റെ മൂർച്ചയുള്ള അരിവാൾ എറിഞ്ഞ് മുന്തിരിവള്ളിയിൽനിന്ന് മുന്തിരിക്കുലകൾ മുറിച്ചെടുക്കുക” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. 19 ദൂതൻ അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞ് മുന്തിരിവിളവ് ശേഖരിച്ചു ദൈവക്രോധത്തിന്റെ വലിയ ചക്കിലേക്ക് എറിഞ്ഞു. 20 നഗരത്തിനു പുറത്തുവെച്ച് മുന്തിരിക്കുല ചക്കിൽ ചവിട്ടിമെതിച്ചു. ചക്കിൽനിന്ന് രക്തം പുറപ്പെട്ട് ഒരു കുതിരയുടെ കടിഞ്ഞാണുള്ള ഉയരംവരെ പൊങ്ങി, 300 കിലോമീറ്റർ ദൂരംവരെ ഒഴുകി.

< വെളിപാട് 14 >