< സങ്കീർത്തനങ്ങൾ 96 >
1 യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക; സർവഭൂമിയുമേ, യഹോവയ്ക്കു പാടുക.
൧യഹോവയ്ക്ക് ഒരു പുതിയ പാട്ട് പാടുവിൻ; സകലഭൂവാസികളുമേ, യഹോവയ്ക്ക് പാടുവിൻ.
2 യഹോവയ്ക്കു പാടുക, തിരുനാമത്തെ വാഴ്ത്തുക; അനുദിനം അവിടത്തെ രക്ഷയെ പ്രഖ്യാപിക്കുക.
൨യഹോവയ്ക്കു പാടി അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവിടുത്തെ രക്ഷ പ്രസിദ്ധമാക്കുവിൻ.
3 രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക, സകലജനതകൾക്കുമിടയിൽ അവിടത്തെ അത്ഭുതപ്രവൃത്തികളും.
൩ജനതതികളുടെ ഇടയിൽ ദൈവത്തിന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ ദൈവത്തിന്റെ അത്ഭുതങ്ങളും വിളംബരം ചെയ്യുവിൻ.
4 കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്; സകലദേവന്മാരെക്കാളും അവിടത്തെ ഭയപ്പെടേണ്ടതാകുന്നു.
൪യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു; അവിടുന്ന് സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
5 ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ, എന്നാൽ യഹോവ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു!
൫ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
6 പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്; ബലവും മഹത്ത്വവും അവിടത്തെ വിശുദ്ധമന്ദിരത്തിലുമുണ്ട്.
൬ബഹുമാനവും തേജസ്സും അവിടുത്തെ മുമ്പിലും ബലവും ശോഭയും അവിടുത്തെ വിശുദ്ധമന്ദിരത്തിലും ഉണ്ട്.
7 രാഷ്ട്രങ്ങളിലെ എല്ലാ കുലങ്ങളുമേ, യഹോവയ്ക്കു കൊടുക്കുക, മഹത്ത്വവും ശക്തിയും യഹോവയ്ക്കു കൊടുക്കുക.
൭ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ; മഹത്വവും ബലവും യഹോവയ്ക്ക് കൊടുക്കുവിൻ.
8 യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക; തിരുമുൽക്കാഴ്ചയുമായി അവിടത്തെ ആലയാങ്കണത്തിലേക്കു വരിക.
൮യഹോവയ്ക്ക് അവിടുത്തെ നാമത്തിന് തക്കതായ മഹത്വം കൊടുക്കുവിൻ; തിരുമുൽകാഴ്ചയുമായി അവിടുത്തെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
9 യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക. സകലഭൂതലവുമേ, യഹോവയുടെമുമ്പിൽ നടുങ്ങുക.
൯വിശുദ്ധിയുടെ അലങ്കാരത്തോടെ യഹോവയെ നമസ്കരിക്കുവിൻ; സകലഭൂവാസികളുമേ, അവിടുത്തെ മുമ്പിൽ നടുങ്ങുവിൻ.
10 “യഹോവ വാഴുന്നു,” എന്ന് ജനതകൾക്കിടയിൽ ഘോഷിക്കുക. ഇളക്കംതട്ടാത്തവിധം ഭൂലോകം ഉറച്ചുനിൽക്കുന്നു; അവിടന്ന് ജനതകളെ നീതിപൂർവം ന്യായംവിധിക്കും.
൧൦“യഹോവ വാഴുന്നു; ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവിടുന്ന് ജനതകളെ നേരോടെ വിധിക്കും” എന്ന് ജനതകളുടെ ഇടയിൽ പറയുവിൻ.
11 ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ഉല്ലസിക്കട്ടെ; സമുദ്രവും അതിലുള്ള സകലതും മാറ്റൊലികൊള്ളട്ടെ.
൧൧ആകാശം സന്തോഷിക്കുകയും ഭൂമി ആനന്ദിക്കുകയും സമുദ്രവും അതിലുള്ളതും ആർത്തു ഘോഷിക്കുകയും ചെയ്യട്ടെ.
12 വയലേലകളും അതിലുള്ള സമസ്തവും ആഹ്ലാദാരവം മുഴക്കട്ടെ; സകലവനവൃക്ഷങ്ങളും ആനന്ദഗാനം ആലപിക്കട്ടെ.
൧൨വയലും അതിലുള്ള സകലവും ആഹ്ലാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചു ഘോഷിക്കും.
13 യഹോവ എഴുന്നള്ളുന്നു; സകലസൃഷ്ടിയും തിരുമുമ്പിൽ ആനന്ദിക്കട്ടെ. അവിടന്ന് ഭൂമിയെ ന്യായംവിധിക്കുന്നതിനായി വരുന്നു, അവിടന്ന് ലോകത്തെ നീതിയിലും ജനതകളെ തന്റെ വിശ്വസ്തതയിലും ന്യായംവിധിക്കും.
൧൩യഹോവയുടെ സന്നിധിയിൽ തന്നെ; ദൈവം വരുന്നുവല്ലോ; ദൈവം ഭൂമിയെ വിധിക്കുവാൻ വരുന്നു; കർത്താവ് ഭൂലോകത്തെ നീതിയോടും ജനതതികളെ വിശ്വസ്തതയോടും കൂടി വിധിക്കും.