< സങ്കീർത്തനങ്ങൾ 94 >

1 യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശം പരത്തണമേ.
אל-נקמות יהוה אל נקמות הופיע
2 ഭൂമിയുടെ ന്യായാധിപതിയേ, എഴുന്നേൽക്കണമേ; അഹങ്കാരികൾക്ക് അവർ അർഹിക്കുന്ന ശിക്ഷനൽകണമേ.
הנשא שפט הארץ השב גמול על-גאים
3 ദുഷ്ടർ ഇനിയും എത്രനാൾ, യഹോവേ, ദുഷ്ടർ എത്രനാൾ തിമിർത്താഹ്ലാദിക്കും?
עד-מתי רשעים יהוה עד-מתי רשעים יעלזו
4 അഹന്തനിറഞ്ഞ വാക്കുകൾ അവർ ഉരുവിടുന്നു; അധർമികൾ എല്ലാവരും വമ്പുപറയുന്നു.
יביעו ידברו עתק יתאמרו כל-פעלי און
5 യഹോവേ, അവിടത്തെ ജനത്തെ അവർ ഞെരിച്ചമർത്തുന്നു; അങ്ങയുടെ അവകാശത്തെ അവർ പീഡിപ്പിക്കുന്നു.
עמך יהוה ידכאו ונחלתך יענו
6 വിധവകളെയും പ്രവാസികളെയും അവർ കൊന്നൊടുക്കുന്നു; അനാഥരെ അവർ വധിക്കുന്നു.
אלמנה וגר יהרגו ויתומים ירצחו
7 അവർ ഇപ്രകാരം പറയുന്നു, “യഹോവ കാണുന്നില്ല; യാക്കോബിന്റെ ദൈവം ഗൗനിക്കുന്നില്ല.”
ויאמרו לא יראה-יה ולא-יבין אלהי יעקב
8 ജനങ്ങൾക്കിടയിലെ വിവേകശൂന്യരായ മനുഷ്യാ, കരുതിയിരിക്കുക; ഭോഷരേ, നിങ്ങൾക്കിനി എന്നാണ് ജ്ഞാനമുദിക്കുക?
בינו בערים בעם וכסילים מתי תשכילו
9 കാതുകൾ വെച്ചുപിടിപ്പിച്ചവൻ കേൾക്കാതിരിക്കുമോ? കണ്ണുകൾ രൂപപ്പെടുത്തിയവൻ കാണാതെവരുമോ?
הנטע אזן הלא ישמע אם-יצר עין הלא יביט
10 രാഷ്ട്രങ്ങളെ വരുതിയിൽ നിറുത്തിയവൻ ശിക്ഷിക്കാതിരിക്കുമോ? മനുഷ്യവംശത്തെ അഭ്യസിപ്പിക്കുന്നവന് പരിജ്ഞാനം കുറവെന്നുവരുമോ?
היסר גוים הלא יוכיח המלמד אדם דעת
11 മനുഷ്യരുടെ വിചാരങ്ങളെല്ലാം യഹോവ അറിയുന്നു; അവ വ്യർഥമെന്ന് അവിടന്ന് അറിയുന്നു.
יהוה--ידע מחשבות אדם כי-המה הבל
12 യഹോവേ, അവിടന്ന് ശിക്ഷിക്കുന്നവർ അനുഗൃഹീതർ, അങ്ങയുടെ ന്യായപ്രമാണത്തിൽനിന്ന് അവിടന്ന് പഠിപ്പിക്കുന്നവർതന്നെ.
אשרי הגבר אשר-תיסרנו יה ומתורתך תלמדנו
13 അവിടന്ന് അവർക്ക് ദുരിതദിനങ്ങളിൽ സ്വസ്ഥത നൽകുന്നു, ദുഷ്ടർക്കുവേണ്ടി ഒരു കുഴി കുഴിക്കപ്പെടുന്നതുവരെ.
להשקיט לו מימי רע-- עד יכרה לרשע שחת
14 കാരണം യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല; അവിടന്ന് തന്റെ അവകാശത്തെ ഉപേക്ഷിക്കുകയുമില്ല.
כי לא-יטש יהוה עמו ונחלתו לא יעזב
15 ന്യായവിധി വീണ്ടും നീതിയിൽ അധിഷ്ഠിതമായിരിക്കും ഹൃദയപരമാർഥികൾ എല്ലാവരും അത് പിൻതുടരും.
כי-עד-צדק ישוב משפט ואחריו כל-ישרי-לב
16 ദുഷ്ടരെ നേരിടുന്നതിനായി ആരാണ് എനിക്കുവേണ്ടി എഴുന്നേൽക്കുന്നത്? ആര് എനിക്കുവേണ്ടി അധർമികളോട് എതിർത്തുനിൽക്കും?
מי-יקום לי עם-מרעים מי-יתיצב לי עם-פעלי און
17 യഹോവ എനിക്ക് സഹായി ആയിരുന്നില്ലെങ്കിൽ, ഞാൻ അതിവേഗത്തിൽ മരണത്തിന്റെ നിശ്ശബ്ദതയിൽ പാർക്കുമായിരുന്നു.
לולי יהוה עזרתה לי-- כמעט שכנה דומה נפשי
18 “എന്റെ കാൽ വഴുതുന്നു,” എന്നു ഞാൻ പറഞ്ഞപ്പോൾ, യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എനിക്ക് തുണയായിരുന്നു.
אם-אמרתי מטה רגלי חסדך יהוה יסעדני
19 എന്റെയുള്ളിൽ ആകുലതകൾ വർധിച്ചപ്പോൾ, അവിടത്തെ സാന്ത്വനം എന്റെ പ്രാണന് ആനന്ദം നൽകി.
ברב שרעפי בקרבי-- תנחומיך ישעשעו נפשי
20 അഴിമതിനിറഞ്ഞ സിംഹാസനവുമായി അങ്ങേക്ക് സഖ്യമുണ്ടാകുമോ— ഉത്തരവുകളിലൂടെ ദുരന്തം വരുത്തുന്ന സിംഹാസനത്തോടുതന്നെ?
היחברך כסא הוות יצר עמל עלי-חק
21 അവർ നീതിനിഷ്ഠർക്കെതിരേ ഒത്തുചേർന്ന് നിരപരാധികളെ മരണത്തിന് വിധിക്കുന്നു.
יגודו על-נפש צדיק ודם נקי ירשיעו
22 എന്നാൽ യഹോവ എന്റെ ഉറപ്പുള്ള കോട്ടയായിത്തീർന്നിരിക്കുന്നു, അവിടന്ന് എന്റെ ദൈവം, ഞാൻ അഭയംതേടുന്ന പാറയും.
ויהי יהוה לי למשגב ואלהי לצור מחסי
23 അവിടന്ന് അവരുടെ പാപങ്ങൾക്കു തക്ക പ്രതികാരംചെയ്യും അവരുടെ ദുഷ്‌പ്രവൃത്തികൾമൂലം അവരെ നശിപ്പിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ തകർത്തുകളയും.
וישב עליהם את אונם-- וברעתם יצמיתם יצמיתם יהוה אלהינו

< സങ്കീർത്തനങ്ങൾ 94 >