< സങ്കീർത്തനങ്ങൾ 85 >
1 സംഗീതസംവിധായകന്. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. യഹോവേ, അവിടന്ന് അങ്ങയുടെ ദേശത്തോട് കരുണകാണിച്ചിരിക്കുന്നു; യാക്കോബിന്റെ സൗഭാഗ്യങ്ങൾ പുനഃസ്ഥാപിച്ചിരിക്കുന്നു.
൧സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. യഹോവേ, അങ്ങ് അങ്ങയുടെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ മടക്കി വരുത്തിയിരിക്കുന്നു.
2 അവിടന്ന് അങ്ങയുടെ ജനത്തിന്റെ അകൃത്യം ക്ഷമിക്കുകയും അവരുടെ പാപങ്ങൾ മറയ്ക്കുകയും ചെയ്തിരിക്കുന്നു. (സേലാ)
൨അങ്ങയുടെ ജനത്തിന്റെ അകൃത്യം അവിടുന്ന് മോചിച്ചു; അവരുടെ പാപം സകലവും അവിടുന്ന് മൂടിക്കളഞ്ഞു. (സേലാ)
3 അങ്ങയുടെ ക്രോധമെല്ലാം അങ്ങ് പിൻവലിക്കുകയും ഉഗ്രകോപത്തിൽനിന്ന് പിന്തിരിയുകയും ചെയ്തുവല്ലോ.
൩അങ്ങയുടെ ക്രോധത്തിന്റെ ഭയാനകതയിൽ നിന്ന് അവിടുന്ന് പിന്മാറിയിരിക്കുന്നു.
4 ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ, ഞങ്ങളോടുള്ള അങ്ങയുടെ അതൃപ്തി നീക്കിക്കളയണമേ.
൪ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങളോടുള്ള അങ്ങയുടെ നീരസം മതിയാക്കണമേ.
5 അങ്ങ് ഞങ്ങളോട് എപ്പോഴും കോപിക്കുമോ? അങ്ങയുടെ കോപം തലമുറകളിലേക്ക് നീണ്ടുനിൽക്കുമോ?
൫അവിടുന്ന് സദാകാലവും ഞങ്ങളോട് കോപിക്കുമോ? തലമുറതലമുറയോളം അങ്ങയുടെ കോപം നിലനില്‍ക്കുമോ?
6 അവിടത്തെ ജനം അങ്ങയിൽ ആനന്ദിക്കേണ്ടതിന് അവിടന്ന് ഞങ്ങളെ പുനരുജ്ജീവിപ്പിക്കുകയില്ലേ?
൬അങ്ങയുടെ ജനം അങ്ങയിൽ ആനന്ദിക്കേണ്ടതിന് അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ?
7 യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം ഞങ്ങളിൽ ചൊരിയണമേ, അവിടത്തെ രക്ഷ ഞങ്ങൾക്ക് അനുവദിച്ചുനൽകണമേ.
൭യഹോവേ, ഞങ്ങളോട് ദയ കാണിക്കണമേ; അവിടുത്തെ രക്ഷ ഞങ്ങൾക്ക് നല്കണമേ.
8 യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ ശ്രദ്ധിക്കും; തന്റെ വിശ്വസ്തസേവകരായ തന്റെ ജനത്തിന് അവിടന്ന് സമാധാനം അരുളും— അങ്ങനെ അവർ അവരുടെ ഭോഷത്തത്തിലേക്കു മടങ്ങാതിരിക്കട്ടെ.
൮യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കും; ദൈവം തന്റെ ജനത്തിനും തന്റെ ഭക്തന്മാർക്കും സമാധാനം അരുളും. അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കട്ടെ.
9 ദൈവമഹത്ത്വം നമ്മുടെ ദേശത്ത് വസിക്കേണ്ടതിന്, അവിടത്തെ രക്ഷ തന്നെ ഭയപ്പെടുന്നവർക്ക് സമീപസ്ഥമായിരിക്കുന്നു.
൯തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് ദൈവത്തിന്റെ രക്ഷ തന്റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം.
10 വിശ്വസ്തതയും അചഞ്ചലസ്നേഹവുംതമ്മിൽ എതിരേറ്റിരിക്കുന്നു; നീതിയും സമാധാനവുംതമ്മിൽ ചുംബിക്കുന്നു.
൧൦ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.
11 വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു, നീതി സ്വർഗത്തിൽനിന്ന് താഴേക്കു നോക്കുന്നു.
൧൧വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു; നീതി സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു.
12 യഹോവ നമുക്ക് നന്മയായതുമാത്രം നൽകുന്നു നമ്മുടെ ദേശം അതിന്റെ വിളവുനൽകുകയുംചെയ്യുന്നു.
൧൨യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിളവ് തരുകയും ചെയ്യും.
13 നീതി അവിടത്തേക്കു മുമ്പായി നടക്കുകയും അങ്ങയുടെ കാൽച്ചുവടുകൾക്കു വഴിയൊരുക്കുകയും ചെയ്യുന്നു.
൧൩നീതി ദൈവത്തിന് മുമ്പായി നടക്കുകയും അവിടുത്തെ കാൽചുവടുകൾ നമുക്ക് പാതയാകുകയും ചെയ്യും.