< സങ്കീർത്തനങ്ങൾ 79 >

1 ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവമേ, ഇതര ജനതകൾ അവിടത്തെ ഓഹരി പിടിച്ചടക്കിയിരിക്കുന്നു; അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയിരിക്കുന്നു ജെറുശലേമിനെ അവർ ഒരു കൽക്കൂമ്പാരമായി മാറ്റിയിരിക്കുന്നു.
ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവമേ, ജാതികൾ നിന്റെ അവകാശത്തിലേക്കു കടന്നിരിക്കുന്നു; അവർ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
2 അങ്ങയുടെ സേവകരുടെ ശവശരീരങ്ങൾ ആകാശത്തിലെ പക്ഷികൾക്ക് ഇരയായി നൽകിയിരിക്കുന്നു, അവിടത്തെ വിശുദ്ധജനത്തിന്റെ മാംസം ഭൂമിയിലെ വന്യമൃഗങ്ങൾക്കും.
അവർ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഇരയായി കൊടുത്തിരിക്കുന്നു.
3 ജെറുശലേമിനുചുറ്റും അവർ വെള്ളംപോലെ രക്തപ്പുഴ ഒഴുക്കി, മരിച്ചവരെ സംസ്കരിക്കാൻ ആരും അവശേഷിക്കുന്നില്ല.
അവരുടെ രക്തത്തെ വെള്ളംപോലെ അവർ യെരൂശലേമിന്നു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നതുമില്ല.
4 ഞങ്ങളുടെ അയൽവാസികൾക്ക് ഞങ്ങൾ അധിക്ഷേപത്തിന്റെ ഇരയായി, ചുറ്റുപാടുമുള്ളവർക്ക് ഞങ്ങൾ അവജ്ഞയും അപഹാസവും ആയിരിക്കുന്നു.
ഞങ്ങൾ ഞങ്ങളുടെ അയല്ക്കാർക്കു അപമാനവും ചുറ്റുമുള്ളവർക്കു നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു.
5 ഇനിയും എത്രനാൾ, യഹോവേ? അങ്ങ് എന്നേക്കും ക്രോധാകുലനായിരിക്കുമോ? അങ്ങയുടെ അസഹിഷ്ണുത അഗ്നിപോലെ ഞങ്ങൾക്കെതിരായി എത്രകാലം ജ്വലിക്കും?
യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
6 അവിടത്തെ അംഗീകരിക്കാത്ത ജനതകളുടെമേലും അവിടത്തെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും അവിടത്തെ ക്രോധം ചൊരിയണമേ;
നിന്നെ അറിയാത്ത ജാതികളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്റെ ക്രോധത്തെ പകരേണമേ.
7 കാരണം അവർ യാക്കോബിനെ വിഴുങ്ങുകയും അവന്റെ സ്വദേശത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.
അവർ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ.
8 ഞങ്ങളുടെ പൂർവികരുടെ പാപം ഞങ്ങൾക്കെതിരേ കണക്കാക്കരുതേ; അവിടത്തെ കരുണ അതിവേഗം ഞങ്ങളെ സന്ദർശിക്കണമേ, ഞങ്ങൾ അതിതീക്ഷ്ണമായ ആവശ്യത്തിൽ ആയിരിക്കുന്നു.
ഞങ്ങളുടെ പൂർവ്വന്മാരുടെ അകൃത്യങ്ങളെ ഞങ്ങൾക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
9 ഞങ്ങളുടെ രക്ഷയായ ദൈവമേ, അവിടത്തെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കണമേ; അവിടത്തെ നാമംനിമിത്തം ഞങ്ങളെ വിടുവിക്കുകയും ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്വത്തിന്നായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ചു, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.
10 രാഷ്ട്രങ്ങളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,” എന്നു ചോദിപ്പിക്കുന്നതെന്തിന്? അവിടത്തെ സേവകരുടെ രക്തംചൊരിഞ്ഞതിനുള്ള പ്രതികാരം ഞങ്ങളുടെ കണ്ണുകൾക്കു മുമ്പിൽവെച്ചുതന്നെ രാഷ്ട്രങ്ങൾക്കിടയിൽ അവിടന്ന് നടപ്പിലാക്കണമേ.
അവരുടെ ദൈവം എവിടെ എന്നു ജാതികൾ പറയുന്നതു എന്തിന്നു? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങൾ കാൺകെ ജാതികളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ.
11 ബന്ധിതരുടെ ഞരക്കം തിരുമുമ്പിൽ വരുമാറാകട്ടെ; മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ അവിടത്തെ കൈകളുടെ ശക്തിയാൽ സ്വതന്ത്രരാക്കണമേ.
ബദ്ധന്മാരുടെ ദീർഘശ്വാസം നിന്റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന്നു വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാൽ രക്ഷിക്കേണമേ.
12 കർത്താവേ, ഞങ്ങളുടെ അയൽവാസികൾ അങ്ങേക്കെതിരായി നടത്തിയ അധിക്ഷേപങ്ങൾക്കുള്ള ശിക്ഷ ഏഴിരട്ടിയായി അവരുടെ മാർവിടത്തിലേക്കുതന്നെ നൽകണമേ.
കർത്താവേ, ഞങ്ങളുടെ അയല്ക്കാർ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്കു പകരം കൊടുക്കേണമേ.
13 അപ്പോൾ അവിടത്തെ ജനമായ ഞങ്ങൾ—അങ്ങയുടെ മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റം— അങ്ങയെ നിത്യം സ്തുതിക്കും; ഞങ്ങൾ അവിടത്തെ സ്തുതി തലമുറതലമുറകളോളം പ്രസ്താവിക്കും.
എന്നാൽ നിന്റെ ജനവും നിന്റെ മേച്ചല്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ നിന്റെ സ്തുതിയെ പ്രസ്താവിക്കും.

< സങ്കീർത്തനങ്ങൾ 79 >