< സങ്കീർത്തനങ്ങൾ 67 >

1 സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം നമ്മോട് കൃപാലുവായിരിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ, തിരുമുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുകയും ചെയ്യട്ടെ— (സേലാ)
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ; കർത്താവ് തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. (സേലാ)
2 അങ്ങനെ അവിടത്തെ മാർഗം ഭൂതലത്തിലെങ്ങും അറിയപ്പെടട്ടെ, അവിടത്തെ രക്ഷ സകലരാഷ്ട്രങ്ങളിലും.
അങ്ങയുടെ വഴി ഭൂമിയിലും അവിടുത്തെ രക്ഷ സകലജനതകളുടെ ഇടയിലും അറിയേണ്ടതിന് തന്നെ.
3 ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ; സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ.
ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കും; സകലജനതകളും അങ്ങയെ സ്തുതിക്കും.
4 രാഷ്ട്രങ്ങൾ ആഹ്ലാദത്തോടെ ആനന്ദഗീതം ആലപിക്കട്ടെ, കാരണം അങ്ങ് ജനതകളെ നീതിപൂർവം ഭരിക്കുകയും ഭൂമിയിലെ രാഷ്ട്രങ്ങളെ നയിക്കുകയും ചെയ്യുന്നു. (സേലാ)
ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; അവിടുന്ന് വംശങ്ങളെ നേരോടെ വിധിച്ച് ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. (സേലാ)
5 ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ; സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ.
ദൈവമേ ജനതകൾ അങ്ങയെ സ്തുതിക്കും; സകലജനതകളും അങ്ങയെ സ്തുതിക്കും.
6 അപ്പോൾ ഭൂമി അതിന്റെ വിളവ് നൽകുന്നു; ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിക്കും.
ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.
7 അതേ, ദൈവം നമ്മെ അനുഗ്രഹിക്കും, അങ്ങനെ ഭൂമിയിലെ സകലജനതകളും അവിടത്തെ ഭയപ്പെടും.
ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികൾ എല്ലാം കർത്താവിനെ ഭയപ്പെടും.

< സങ്കീർത്തനങ്ങൾ 67 >