< സങ്കീർത്തനങ്ങൾ 63 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം; അദ്ദേഹം യെഹൂദാമരുഭൂമിയിൽ ആയിരുന്നകാലത്തു രചിച്ചത്. ദൈവമേ, അങ്ങാണ് എന്റെ ദൈവം, ആത്മാർഥതയോടെ ഞാൻ അങ്ങയെ അന്വേഷിക്കുന്നു; വെള്ളമില്ലാതെ ഉണങ്ങിവരണ്ട ദേശത്ത്, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു, എന്റെ ശരീരംമുഴുവനും അങ്ങേക്കായി വാഞ്ഛിക്കുന്നു.
ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.
2 വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ ദർശിച്ചിരിക്കുന്നു അവിടത്തെ ശക്തിയും അവിടത്തെ മഹത്ത്വവും ഞാൻ ഉറ്റുനോക്കുന്നു.
അങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു.
3 കാരണം അവിടത്തെ അചഞ്ചലസ്നേഹം ജീവനെക്കാൾ നല്ലതാകുന്നു, എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വപ്പെടുത്തും.
നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.
4 എന്റെ ജീവിതകാലംമുഴുവനും ഞാൻ അങ്ങയെ സ്തുതിക്കും, അവിടത്തെ നാമത്തിൽ ഞാൻ എന്റെ കൈകൾ ഉയർത്തും.
എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലൎത്തും.
5 വിശിഷ്ടഭോജനം ആസ്വദിച്ചതുപോലെ എന്റെ പ്രാണൻ സംതൃപ്തമായിരിക്കുന്നു; എന്റെ അധരങ്ങൾ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.
എന്റെ കിടക്കയിൽ നിന്നെ ഓൎക്കയും ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ
6 എന്റെ കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുന്നു; രാത്രിയാമങ്ങളിൽ ഞാൻ അങ്ങയെക്കുറിച്ച് ധ്യാനിക്കുന്നു.
എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.
7 അവിടന്ന് എന്റെ സഹായകനായതിനാൽ, അങ്ങയുടെ ചിറകിൻനിഴലിൽ ഞാൻ ആനന്ദഗാനമാലപിക്കും.
നീ എനിക്കു സഹായമായിത്തീൎന്നുവല്ലോ; നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
8 ഞാൻ അങ്ങയോട് പറ്റിച്ചേരുന്നു; അങ്ങയുടെ വലങ്കൈ എന്നെ താങ്ങിനിർത്തുന്നു.
എന്റെ ഉള്ളം നിന്നോടുപറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.
9 എന്നെ വധിക്കാൻ പരിശ്രമിക്കുന്നവർ നശിച്ചുപോകും; അവർ ഭൂമിയുടെ അഗാധഗർത്തങ്ങളിലേക്ക് നിപതിക്കും.
എന്നാൽ അവർ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു; അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.
10 അവർ വാളിന് ഇരയാക്കപ്പെടും കുറുനരികൾക്കവർ ഇരയായിത്തീരും.
അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും; കുറുനരികൾക്കു അവർ ഇരയായ്തീരും.
11 എന്നാൽ രാജാവ് ദൈവത്തിൽ ആനന്ദിക്കും; ദൈവനാമത്തിൽ ശപഥംചെയ്യുന്നവർ ദൈവത്തിൽ പുകഴും, എന്നാൽ ഭോഷ്കുപറയുന്ന വായ് നിശ്ശബ്ദമാക്കപ്പെടും.
എന്നാൽ രാജാവു ദൈവത്തിൽ സന്തോഷിക്കും; അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.

< സങ്കീർത്തനങ്ങൾ 63 >