< സങ്കീർത്തനങ്ങൾ 6 >
1 സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. അഷ്ടമരാഗത്തിൽ. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അങ്ങയുടെ കോപത്തിൽ എന്നെ ശകാരിക്കുകയോ അങ്ങയുടെ ക്രോധത്തിൽ എന്നെ ശിക്ഷിക്കുകയോ അരുതേ.
യഹോവേ, നിന്റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; നിന്റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.
2 യഹോവേ, എന്നോടു കരുണയുണ്ടാകണമേ, ഞാൻ ക്ഷീണിതനായിരിക്കുന്നു; യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്റെ അസ്ഥികൾ കഠിനവ്യഥയിൽ ആയിരിക്കുന്നു.
യഹോവേ, ഞാൻ തളൎന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു; എന്നെ സൌഖ്യമാക്കേണമേ.
3 എന്റെ പ്രാണൻ അത്യധികം അസ്വസ്ഥമായിരിക്കുന്നു. ഇനിയും എത്രനാൾ, യഹോവേ, എത്രനാൾ?
എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?
4 യഹോവേ, തിരികെവന്ന് എന്റെ പ്രാണനെ മോചിപ്പിക്കണമേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ.
യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.
5 മൃതരായവരാരും അങ്ങയെ ഓർക്കുന്നില്ല. പാതാളത്തിൽനിന്ന് ആര് അങ്ങയെ വാഴ്ത്തും? (Sheol )
മരണത്തിൽ നിന്നെക്കുറിച്ചു ഓൎമ്മയില്ലല്ലോ; പാതാളത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും? (Sheol )
6 എന്റെ ഞരക്കത്താൽ ഞാൻ ക്ഷീണിതനായിരിക്കുന്നു. രാത്രിമുഴുവനുമുള്ള വിലാപത്താൽ ഞാൻ എന്റെ കിടക്കയെ കണ്ണീരിൽ നീന്തിത്തുടിക്കുമാറാക്കുന്നു, എന്റെ കട്ടിൽ ഞാൻ കണ്ണീരിനാൽ കുതിർക്കുന്നു.
എന്റെ ഞരക്കംകൊണ്ടു ഞാൻ തകൎന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ടു ഞാൻ എന്റെ കട്ടിലിനെ നനെക്കുന്നു.
7 സങ്കടത്താൽ എന്റെ കണ്ണുകൾ മങ്ങുന്നു; എന്റെ സകലശത്രുക്കൾനിമിത്തം അവ ബലഹീനമാകുന്നു.
ദുഃഖംകൊണ്ടു എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു; എന്റെ സകലവൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.
8 അതിക്രമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകലുക, കാരണം യഹോവ എന്റെ വിലാപം കേട്ടിരിക്കുന്നു.
നീതികേടു പ്രവൎത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിൻ; യഹോവ എന്റെ കരച്ചലിന്റെ ശബ്ദം കേട്ടിരിക്കുന്നു.
9 കരുണയ്ക്കായുള്ള എന്റെ യാചന യഹോവ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാർഥന സ്വീകരിച്ചിരിക്കുന്നു.
യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാൎത്ഥന കൈക്കൊള്ളും.
10 എന്റെ ശത്രുക്കളെല്ലാം ലജ്ജിതരും അസ്വസ്ഥരുമാകും; തൽക്ഷണം അവർ അപമാനിതരായി പുറംതിരിഞ്ഞോടും.
എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചു പോകും.