< സങ്കീർത്തനങ്ങൾ 51 >

1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. ദാവീദ് ബേത്ത്-ശേബയുമായി സംഗമിച്ച് പാപംചെയ്തതിനെത്തുടർന്ന് നാഥാൻ പ്രവാചകൻ അദ്ദേഹത്തെ സന്ദർശിച്ചതിനുശേഷം രചിച്ചത്. ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുയോജ്യമായവിധത്തിൽ, അടിയനോടു കരുണയുണ്ടാകണമേ; അങ്ങയുടെ മഹാകാരുണ്യംനിമിത്തം എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.
למנצח מזמור לדוד ב בבוא-אליו נתן הנביא-- כאשר-בא אל-בת-שבע ג חנני אלהים כחסדך כרב רחמיך מחה פשעי
2 എന്റെ എല്ലാവിധ അകൃത്യങ്ങളും കഴുകിക്കളഞ്ഞ് എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ.
הרבה (הרב) כבסני מעוני ומחטאתי טהרני
3 എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
כי-פשעי אני אדע וחטאתי נגדי תמיד
4 അവിടത്തേക്കെതിരായി, അവിടത്തോടുമാത്രം ഞാൻ പാപംചെയ്തിരിക്കുന്നു അവിടത്തെ ദൃഷ്ടിയിൽ ഞാൻ തിന്മ പ്രവർത്തിച്ചിരിക്കുന്നു; ആകയാൽ അവിടത്തെ ന്യായത്തീർപ്പുകൾ നീതിയുക്തവും അവിടത്തെ വിധിന്യായം ന്യായയുക്തവുമാകുന്നു.
לך לבדך חטאתי והרע בעיניך עשיתי למען תצדק בדברך-- תזכה בשפטך
5 ഇതാ ഞാൻ പിറന്നത് പാപിയായിട്ടാണ്, എന്റെ അമ്മ എന്നെ ഗർഭംധരിച്ചപ്പോൾത്തന്നെ ഞാൻ പാപിയാണ്.
הן-בעוון חוללתי ובחטא יחמתני אמי
6 അന്തരാത്മാവിലെ സത്യമാണല്ലോ അവിടന്ന് അഭിലഷിക്കുന്നത്; ഹൃദയാന്തർഭാഗത്തിലും എന്നെ ജ്ഞാനം അഭ്യസിപ്പിച്ചു.
הן-אמת חפצת בטחות ובסתם חכמה תודיעני
7 ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ, അപ്പോൾ ഞാൻ നിർമലനാകും; എന്നെ കഴുകണമേ, അപ്പോൾ ഞാൻ ഹിമത്തെക്കാൾ വെണ്മയുള്ളവനാകും.
תחטאני באזוב ואטהר תכבסני ומשלג אלבין
8 ആനന്ദവും ആഹ്ലാദവും എന്നെ കേൾപ്പിക്കണമേ; അവിടന്ന് തകർത്ത അസ്ഥികൾ ഉല്ലസിക്കട്ടെ.
תשמיעני ששון ושמחה תגלנה עצמות דכית
9 എന്റെ പാപങ്ങളിൽനിന്നും തിരുമുഖം മറയ്ക്കണമേ എന്റെ അകൃത്യങ്ങളെല്ലാം മായിച്ചുകളയണമേ.
הסתר פניך מחטאי וכל-עונתי מחה
10 ദൈവമേ, നിർമലമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ, അചഞ്ചലമായ ഒരാത്മാവിനെ എന്നിൽ പുതുക്കണമേ.
לב טהור ברא-לי אלהים ורוח נכון חדש בקרבי
11 അവിടത്തെ സന്നിധാനത്തിൽനിന്ന് എന്നെ പുറന്തള്ളുകയോ അവിടത്തെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയുകയോ അരുതേ.
אל-תשליכני מלפניך ורוח קדשך אל-תקח ממני
12 അവിടത്തെ രക്ഷയുടെ സന്തോഷത്തിലേക്ക് എന്നെ മടക്കിവരുത്തണമേ, അനുസരിക്കാൻ ഒരുക്കമുള്ള ഒരു ആത്മാവിനെ അനുവദിച്ചുനൽകി എന്നെ താങ്ങിനിർത്തണമേ.
השיבה לי ששון ישעך ורוח נדיבה תסמכני
13 അപ്പോൾ ഞാൻ അതിക്രമികൾക്ക് അവിടത്തെ വഴികൾ അഭ്യസിപ്പിച്ചുകൊടുക്കും, അങ്ങനെ പാപികൾ തിരുസന്നിധിയിലേക്ക് മടങ്ങിവരികയും ചെയ്യും.
אלמדה פשעים דרכיך וחטאים אליך ישובו
14 ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ, രക്തംചൊരിഞ്ഞ കുറ്റത്തിൽനിന്ന് എന്നെ വിടുവിക്കണമേ, അപ്പോൾ എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി പാടും.
הצילני מדמים אלהים-- אלהי תשועתי תרנן לשוני צדקתך
15 കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ; എന്റെ നാവ് അവിടത്തെ സ്തുതിഗാനമാലപിക്കട്ടെ.
אדני שפתי תפתח ופי יגיד תהלתך
16 അവിടന്ന് യാഗം അഭിലഷിക്കുന്നില്ലല്ലോ, അങ്ങനെയായിരുന്നെങ്കിൽ ഞാനത് അർപ്പിക്കുമായിരുന്നു. ദഹനയാഗങ്ങളിൽ അവിടന്ന് പ്രസാദിക്കുന്നതുമില്ല.
כי לא-תחפץ זבח ואתנה עולה לא תרצה
17 ദൈവത്തിന് ഹിതകരമായ യാഗം തകർന്ന മനസ്സല്ലോ; പശ്ചാത്താപത്താൽ തകർന്ന ഹൃദയത്തെ ദൈവമേ, അവിടന്നൊരിക്കലും നിരസിക്കുകയില്ലല്ലോ.
זבחי אלהים רוח נשברה לב-נשבר ונדכה-- אלהים לא תבזה
18 അവിടത്തെ പ്രസാദംമൂലം സീയോനെ അഭിവൃദ്ധിപ്പെടുത്തണമേ, ജെറുശലേമിന്റെ മതിലുകളെ പണിയണമേ.
היטיבה ברצונך את-ציון תבנה חומות ירושלם
19 അപ്പോൾ നീതിമാന്റെ അർപ്പണങ്ങൾ; ദഹനയാഗങ്ങൾ, അവിടത്തേക്ക് പ്രസാദകരമായ സമ്പൂർണദഹനയാഗങ്ങൾതന്നെ അർപ്പിക്കപ്പെടും; അപ്പോൾ അവിടത്തെ യാഗപീഠത്തിൽ കാളകൾ അർപ്പിക്കപ്പെടും.
אז תחפץ זבחי-צדק עולה וכליל אז יעלו על-מזבחך פרים

< സങ്കീർത്തനങ്ങൾ 51 >